scorecardresearch

Latest News

കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 3

കുശ്മാണ്ടകൻ രാജാവിനെ പ്രജകൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. മുന്നേ കുമ്പാള ഭരിച്ചിരുന്ന ദയാലു മഹാരാജനെയായിരുന്നു അവർക്കിഷ്ടം. ദയാലുവിന്റെ ഭരണകാലത്ത് കുമ്പാള രാജ്യം ഒരു സ്വർഗ്ഗം തന്നെയായിരുന്നു

ദയാലു

വളരെ പെട്ടെന്നാണ് വാർത്ത കാട്ടുതീ പോലെ പരന്നത്. നാലു ദിക്കിലും പേരുകേട്ട പെരു വയറനും പൊങ്ങച്ചക്കാരനുമായ അശ്ലീല ശിരോമണി കുശ്മാണ്ടകൻ രാജാവിന് ഉറുമ്പുകടിയേറ്റെന്ന്.

എന്തൽഭുതം. രാജാവിനെ ഉറുമ്പ് കടിക്കുകയോ. ഇത് കേട്ടുകേൾവിയുള്ള കാര്യമാണോ. ലോകത്തെവിടെയെങ്കിലും ഒരു രാജാവിനെ ഉറുമ്പുകടിച്ചിട്ടുണ്ടോ. ഓ… കലികാലം. എങ്ങനെ ധൈര്യം വന്നു ആ ഉറു മ്പിന് രാജാവിനെ കടിക്കാൻ. ചിലപ്പോൾ ആളറിയാതെ കടിച്ചതാണോ.

രാജാവിനെ ഉറുമ്പുകടിച്ചതിൽ തങ്ങൾ ദു:ഖിതരാണെന്ന് പ്രജകൾ ഓരോരുത്തരും ഭാവിച്ചു. പക്ഷേ ഉള്ളിലവർ തലതല്ലിയാർത്ത് ചിരിച്ചു. രാജാവിനെ ഉറുമ്പല്ല നല്ല കരിമൂർഖനാണ് കടിക്കേണ്ടതെന്ന് അവർ മനസ്സിൽ പറഞ്ഞു. ദുഷ്ടൻ, നീചൻ, ജനങ്ങളോട് ഒട്ടും അലിവില്ലാത്തവൻ. പ്രജകൾക്കു വേണ്ടിയുള്ള ധാന്യം കൂടി അവൻ ഒറ്റക്ക് തിന്നു തീർക്കുകയല്ലേ. അവന്റെ പെരുവയറു മാത്രം വലുതായി വലുതായി വരുന്നു. പാവം ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു.

വീഴ്ചയിൽ രാജാവിന്റെ നടുവൊടിഞ്ഞതിലും അവർ ഉള്ളാലെ സന്തോഷിച്ചു. മെത്തയിൽ നിന്നും ഇനി രാജാവിന് എഴുന്നേൽക്കാൻ കഴിയരുതേയെന്ന് അവർ അവരുടെ ദൈവങ്ങളോട്  പ്രാർത്ഥിച്ചു.

കുശ്മാണ്ടകൻ രാജാവിനെ പ്രജകൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. മുന്നേ കുമ്പാള ഭരിച്ചിരുന്ന ദയാലു മഹാരാജനെയായിരുന്നു അവർക്കിഷ്ടം. ദയാലുവിന്റെ ഭരണകാലത്ത് കുമ്പാള രാജ്യം ഒരു സ്വർഗ്ഗം തന്നെയായിരുന്നു. ഒരോ പ്രജയുടെയും ക്ഷേമത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു രാജാവ്. പ്രജകൾ ദു:ഖിക്കുമ്പോൾ രാജാവിന്റെ കണ്ണു നനയും. പ്രജകൾ ചിരിക്കുമ്പോൾ രാജാവ് സന്തോഷിക്കും. എല്ലാവർക്കും ജോലിയുണ്ടായിരുന്നു. കൂലിയുണ്ടായിരുന്നു. അവർക്ക് വീടുണ്ടായിരുന്നു. ആട്ടവും പാട്ടുമുണ്ടായിരുന്നു. രാജ്യത്ത് സമാധാനവുമുണ്ടായിരുന്നു. kt baburaj , childrens novel, iemalayalamഅങ്ങനെയിരിക്കെയാണ് ഒരു ദിവസം നായാട്ടിനു പോയ രാജാവ് തിരിച്ചു വന്നില്ല. രാജാവിനെ നരി പിടിച്ചു എന്നാണ് ഒപ്പം പോയ മന്ത്രി കുശ്മാണ്ടകനും സേനാപതിയും പ്രജകളെ ഉണർത്തിച്ചത്. രാജാവിന്റെ മുടിയും നഖവും വരെ നരി ബാക്കി വച്ചില്ലത്രേ. ഉരുണ്ടുരുണ്ട് വന്ന രാജാവിൻ്റെ കിരീടവും കൊണ്ടാണ് മന്ത്രിയും സേനാനായകനും ഓടി രക്ഷപ്പെട്ടതത്രേ.

പ്രജകൾ ഒന്നടങ്കം കരഞ്ഞു. അവർ സങ്കടം സഹിക്കവയ്യാതെ നിലത്തു വീണുരുണ്ടു. ഊണും ജലപാനവുമില്ലാത്തെ ദിവസങ്ങൾ കഴിച്ചുകൂട്ടി. ആരും കൃഷിഭൂമിയിലേക്കിറങ്ങാതായി. വയലുകൾ വരണ്ടുണങ്ങി. വിളവുകൾ ഇല്ലാതായി. രാജ്യത്ത് പട്ടിണി പെരുകി. ആരും ഖജനാവിലേക്ക് നികുതി കെട്ടാതായി.

അങ്ങനെയിരിക്കെ ഒരു ദിവസം അന്നത്തെ മന്ത്രി മുഖ്യനായിരുന്ന കുശ്മാണ്ടകന്റെ വക ഒരു വിളംബരമുണ്ടായി.

“ദയാലുമഹാരാജന്റെ വിയോഗത്തെത്തുടർന്ന് രാജ്യം അനാഥമായിപ്പോവാതിരിക്കാൻ രാജാധികാരം, പ്രജാതാൽപ്പര്യാർത്ഥം കുശ്മാണ്ടകൻ എന്ന ഈ ഞാൻ കൈയേൽക്കുന്നു.”

അങ്ങനെ കുശ്മാണ്ടകൻ കുമ്പാള രാജ്യത്തിന്റെ പുതിയ രാജാവായി. അയാളുടെ ശിങ്കിടി കുബുദ്ധി മന്ത്രിമുഖ്യനുമായി. സേനാപതിക്ക് അതേ പണി തന്നെ കിട്ടി. സിംഹാസനത്തിലിരുന്ന് നാഴികയ്ക്ക് നാല്പതു വട്ടം കുശ്മാണ്ടകൻ അലറി വിളിച്ചു, “ആരവിടെ…”

അതോടെ രാജ്യത്തിന്റെ കാര്യം കഷ്ടത്തിലായി. പ്രജകളുടെയും.

തുടരും…

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kt baburaj novel kumbalayile visheshangal chapter 3