കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 2

ആദ്യമാദ്യം വന്നവരൊക്കെ തറയിലെ എണ്ണയിൽ ചവിട്ടി വഴുക്കി വീണവർക്കു മേൽ വീണു കൊണ്ടിരുന്നു. വീണവർ വീണവർ രാജാവിനെ ചവിട്ടിമെതിച്ച് ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു.

k t baburaj , childrens novel, iemalayalam

പല്ലക്ക്

“ഹോയ് ഹോയ് ,ഹോയ് ഹോയ്…” എന്ന് ഈണത്തിൽ പാടിക്കൊണ്ട് ഭടന്മാർ രാജാവിനേയും വഹിച്ച പല്ലക്കുമേന്തി പതുക്കെ നടന്നു. ഊരിപ്പിടിച്ച വാളുമായി ഏറ്റവും മുന്നിൽ സേനാപതി. അതിനു പിറകിൽ കുന്തം പിടിച്ച രണ്ട് ഭടൻമാർ. അതിനും പിറകിലായി രാജാവിനെ വഹിച്ച പല്ലക്ക്. ഏറ്റവും പിന്നിലായാണ് മന്ത്രി മുഖ്യൻ കുബുദ്ധി നടന്നത്. എന്തോ ആലോചനയിലായിരുന്നു മന്ത്രി.

“ഓ… ഒടുക്കത്തെ ഭാരം,” രാജാവിന്റെ പല്ലക്കു ചുമന്ന ഭടൻമാർ ഉള്ളിൽ പറഞ്ഞു. ഈ ഭീമൻ രാജാവ് ചത്തുപോയെങ്കിലെന്ന് അവർ ഉള്ളിൽ വിചാരിച്ചു. നടക്കുമ്പോൾ അവരുടെ കാലു വിറച്ചു. അപ്പോൾ പല്ലക്കനങ്ങി. പല്ലക്കിനകത്തിരുന്ന രാജാവൊന്നു കുലുങ്ങി. ആ കുലുക്കത്തിൽ രാജാവുറക്കെ വീണ്ടും നിലവിളിച്ചു. നിലവിളിക്കിടയിലും രാജാവു വിളിച്ചുപറഞ്ഞു “എനിക്കു വേദനിച്ചാൽ ഒറ്റയൊന്നിനെയും നാം ബാക്കി വെച്ചേക്കില്ല. വിഡ്ഡി കുശ്മാണ്ടങ്ങൾ. അതോർത്തു നടന്നോളൂ…”

ഒരു കൈ കൊണ്ട് വായ പൊത്തിപ്പിടിച്ച് ചുമലിൽ രാജാവിനേയും പേറി ഭടൻമാർ വേഗത്തിൽ നടന്നു. അവരുടെ ഒച്ച രാജധാനിയിൽ നിന്നും അന്തപുരത്തിലേക്ക് കടന്നു.

“ഹോയ് ഹോയ് ഹോയ് ഹോയ്…”

അന്ത:പുരത്തിലെ പെണ്ണുങ്ങൾ പാത്തും പതുങ്ങിയും വന്ന് എത്തി നോക്കി. വിവരം രാജപത്നിയുടെ ചെവിയിലുമെത്തി. രാജാവ് അന്തപ്പുരത്തിലേക്ക് എഴുന്നള്ളുന്നു. തിരുമനസ്സിന് എന്തോ സംഭവിച്ചിട്ടുണ്ട്.k t baburaj , childrens novel, iemalayalam
അന്തപ്പുരത്തിലേക്കുള്ള പടവുകളിറങ്ങിയതും മുന്നിൽ നടന്നിരുന്ന സേനാപതി വാളടക്കം വഴുതി ഒരു വീഴ്ച്ച. സേനാപതിയുടെ വീഴ്ച കണ്ട് അമ്പരന്ന ഭടൻമാർ കാലുകൾ തറയിലുറപ്പിക്കാൻ ഒരു ശ്രമം നടത്തി. തറയിൽ ആരോ എണ്ണ ഒഴിച്ചിരിക്കുന്നു. നല്ല വഴുവഴുപ്പുള്ള എണ്ണ. എത്രയുറപ്പിച്ചിട്ടും അവരുടെ കാലുകൾ ഉറച്ചു നിന്നില്ല. വഴുവഴുത്ത തറയിലൂടെ ഭടന്മാരും പല്ലക്കും രാജാവും ശരം വിട്ടപോലെ മുന്നോട്ടു കുതിച്ചു.

വീണു കിടന്ന സേനാപതിയുടെ ഉടലിൽ തടഞ്ഞ് ഭടൻമാരും രാജാവിന്റെ പല്ലക്കും ഉരുണ്ടു  വീണു. രാജാവിനു മേൽ ഭടൻമാരും ചെന്നു വീണു. ഭടൻമാർക്കു മേൽ മറ്റകമ്പടിക്കാരും വീണു. എല്ലാവരുടെയും നിലവിളികൾക്കുമേൽ ഏറ്റവും ഉച്ചത്തിൽ രാജാവിന്റെ നിലവിളി ഉയർന്നു കേട്ടു.

മന്ത്രി മുഖ്യൻ കുബുദ്ധി മാത്രം വീണില്ല. ചുറ്റും നോക്കി മന്ത്രി മുഖ്യൻ ആർത്തലറി ആജ്ഞാപിച്ചു. “ആരവിടെ…”

അപ്പോഴേക്കും സൈന്യം പാഞ്ഞടുത്തു. ആദ്യമാദ്യം വന്നവരൊക്കെ തറയിലെ എണ്ണയിൽ ചവിട്ടി വഴുക്കി വീണവർക്കു മേൽ വീണു കൊണ്ടിരുന്നു. വീണവർ വീണവർ രാജാവിനെ ചവിട്ടിമെതിച്ച് ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു.

ആ എഴുന്നേൽക്കലിനിടയിൽ വീണ്ടും വഴുതി രാജാവിനും സേനാപതിക്കും മേൽ വീണു കൊണ്ടിരുന്നു. രാജാവിന്റെ നാല് വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ട് പല്ലുകളും പോയി. ആ വേദനക്കിടയിലും രാജാവ് ആജ്ഞാപിച്ചു “ആരവിടെ…”

പക്ഷേ അതാരും കേട്ടില്ല.

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel kumbalayile visheshangal chapter 2

Next Story
കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 1k t baburaj , childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com