വിചാരണ
കുശ്മാണ്ടകൻ നീട്ടിയ വിരൽത്തുമ്പിലൂടെ കട്ടുറുമ്പ് പതുക്കെ ഇഴഞ്ഞ് നിലത്തിറങ്ങി. അത് ദയാനന്ദന്റെ പാദങ്ങളിൽ തൊട്ടു. പിന്നെ വേഗത്തിലെങ്ങോ ഇഴഞ്ഞു പോയി. കട്ടുറുമ്പ് അപ്രത്യക്ഷമാവുന്നതു വരെ ദയാനന്ദൻ അതിനെ നോക്കി നിന്നു.
പുറത്ത് ബഹളങ്ങൾ കേട്ടു. പ്രജകളുടെ ആരവമാണ്. ദയാലു രാജാവും രാജകുമാരനും തിരിച്ചെത്തിയതിന്റെ ആഹ്ലാദം എങ്ങും അലയടിക്കുകയാണ്. കുമ്പാള ആഹ്ലാദ തിമിർപ്പിലാണ്.
കുശ്മാണ്ടകൻ മുഖമുയർത്താതെ നിന്നു. മുഖമുയർത്താതെ തന്നെ അയാൾ ദയാനന്ദനോട് ചോദിച്ചു: “വൈദ്യരെ ഇനിയെന്താവും നമ്മുടെ വിധി?”
ഭാണ്ഡത്തിൽ തന്റെ ചികിത്സാ സാധനങ്ങൾ എടുത്തുവെക്കുന്നതിനിടയിൽ ദയാനന്ദൻ പറഞ്ഞു: “അത് തീരുമാനിക്കേണ്ടത് മഹാരാജാവാണ്. പിന്നേ ഈശ്വരനും.”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
“നമ്മേ ചികിത്സിച്ചു സുഖപ്പെടുത്തിയതിന് വൈദ്യർക്കു നന്ദി. താങ്കൾക്കു തരാൻ എന്റെ കൈയിൽ ഒന്നുമില്ല.”
ദയാനന്ദൻ ചിരിച്ചു. ഭാണ്ഡമെടുത്ത് തോളിലിട്ടു.
“എന്റെ ഇവിടുത്തെ കർമ്മം പൂർത്തിയായി. ഇനി പോവുകയാണ്. യാത്ര ചോദിക്കുന്നില്ല. വീണ്ടും കാണാനാവട്ടെ എന്നാശംസിക്കുന്നുമില്ല. എല്ലാം വിധിപോലെ നടക്കട്ടെയെന്നു മാത്രം.”
വൈദ്യൻ പോവാനൊരുങ്ങി. ഒരിക്കൽ കൂടി കുശ്മാണ്ടകൻ ദയാനന്ദന്റെ കയ്യിൽ പിടിച്ചു: “ഒരു കാര്യം കൂടി പറഞ്ഞിട്ടു പോകൂ. താങ്കളെ ആരാണിങ്ങോട്ടയച്ചത്. ശരിക്കും താങ്ക ളാരാണ്?”
”എന്റെ പിതാവ്. നേരത്തേ പറഞ്ഞ കഥയിലെ ഗ്രാമവൈദ്യന്റെ മകനാണ് ഞാൻ. അദ്ദേഹമാണ് എന്നെ ഇങ്ങോട്ടയച്ചത്.”
ദയാനന്ദൻ വാതിൽ കടന്ന് പുറത്തിറങ്ങി. പെട്ടെന്ന് നടന്നു നടന്ന പ്രത്യക്ഷനായി.
എന്തു ചെയ്യേണ്ടു എന്നറിയിയാതെ കുറേ നേരം കൂടി കുശ്മാണ്ടകൻ അവിടെ തന്നെ നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തള്ളിത്തുറന്ന് ഏതാനും ഭടൻമാർ അകത്തേക്കു ചാടിക്കയറി വന്നു. അവർ കുശ്മാണ്ടകനെ വളഞ്ഞു.
“അങ്ങിപ്പോൾ തടവിലാണ്,” ഒരു ഭടൻ പറഞ്ഞു. വലിയൊരു ചങ്ങലകൊണ്ട് രണ്ടു ഭടൻമാർ ചേർന്ന് കുശ്മാണ്ടകനെ ബന്ധിച്ചു. കുന്തമുന കൊണ്ട് ചുമലിൽ കുത്തി ഒരാൾ കല്പിച്ചു “ങ്ങും! നടന്നോളൂ.”
രാജകൊട്ടാരത്തിനു പുറത്തെ വിചാരണ തളത്തിനു ചുറ്റും ജനാവലികൾ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. അവർക്കിടയിലൂടെ കുന്തമുനയിൽ കോർക്കപ്പെട്ട ഒരിരയെപ്പോലെ കുശ്മാണ്ടകൻ നടന്നു. തല ഉയർത്തി ആൾക്കൂട്ടത്തെയോ സിംഹാസനത്തിലിരിക്കുന്ന ദയാലു രാജാവിനെയോ നോക്കാൻ കുശ്മാണ്ടകൻ ഭയന്നു.
കുറ്റവാളികളെ കൊളുത്തിയിടാനുള്ള മുക്കാലികൾ നിരത്തിയിട്ടിരുന്നു. അതിലൊന്നിൽ ചാട്ടവാറടിയേറ്റു പുളയുന്ന കുബുദ്ധിയെ കണ്ടു. തൊട്ടടുത്ത് സേനാപതിയേയും. കുശ്മാണ്ടകനേയും ഒരു മുക്കാലിയിൽ ബന്ധിച്ചു.
ജനങ്ങളുടെ ആരവങ്ങളെ പെട്ടെന്ന് നിശ്ശബ്ദമാക്കിക്കൊണ്ട് ദയാലു രാജാവിന്റെ ഘനഗംഭീരമായ ശബ്ദമുയർന്നു.
തുടരും….