അയൽ രാജാവ്
“ഗ്രാമ വൈദ്യൻ രാജാവിനെത്തന്നെ തുറിച്ചു നോക്കി. ‘എന്താണ് പറഞ്ഞത്. കുമ്പാളയെന്നോ. കുമ്പാള… അങ്ങയെ കാണുമ്പോൾ മരിച്ചു പോയ കുമ്പാള രാജനെ ഓർമ്മ വരുന്നല്ലോ. അതേ മുഖച്ഛായ. കുമ്പാള രാജനുമായി അങ്ങയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ. ഈ രൂപസാദൃശ്യം കണ്ട് ചോദിച്ചു പോയതാണ്.”
രാജാവ് ഒന്നും മിണ്ടിയില്ല. ഉറക്കത്തിൽ നിന്നും ഉണർന്ന കുമാരനും പിതാവിനെ നോക്കി.
‘ഹോ. എന്തൊരു വിധിയായിപ്പോയി കുമ്പാള രാജന്റെത്. കാട്ടിൽ വെച്ച് സിംഹം കടിച്ചുകീറി എന്നാണ് കേട്ടത്. കാരുണ്യവാനായിരുന്നു. പ്രജാക്ഷേമതൽപ്പരനായിരുന്നു. അയൽ രാജ്യങ്ങളോടു പോലും എന്നും മാന്യമായും സ്നേഹത്തോടും കൂടിയെ പെരുമാറിയിട്ടുള്ളൂ. എന്നിട്ടും കുമ്പാള രാജന്റെ ഒരു വിധി. മരണ വാർത്തയറിഞ്ഞ് നമ്മുടെ രാജ്യവും ഒരാഴ്ചക്കാലം ദുഃഖാചരണത്തിലായിരുന്നു,” ഗ്രാമവൈദ്യൻ പറഞ്ഞു നിർത്തി.
രാജാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഗ്രാമവൈദ്യൻ അത് കാണുകയും ചെയ്തു. ‘എന്തിനാണങ്ങ് ഇങ്ങനെ കരയുന്നത്. കുമ്പാള രാജന്റെ വിയോഗം ഓർത്താണോ/ അതോ കുമ്പാള ദേശത്തിനു വന്നു ചേർന്ന ദുർവിധി അറിഞ്ഞാണോ?’
‘ദുർവിധിയോ അതെന്ത്,’ രാജാവു ചോദിച്ചു.
“അതറിഞ്ഞില്ലേ… ഒരു കാലത്ത് സ്വർഗ്ഗമായിരുന്നു കുമ്പാള. ഇന്നത് ആ മന്ത്രിയും സേനാപതിയും ചേർന്നു ഭരിച്ച് ഒരു നരകമാക്കി തീർത്തിരിക്കുന്നു. കഷ്ടം.”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
രാജാവ് വിശ്വസിക്കാനാവത്തതുപോലെ ഗ്രാമ വൈദ്യന്റെ കൈയിൽ മുറുകെ പിടിച്ചു. ഗ്രാമ വൈദ്യനാവട്ടെ രാജാവിന്റെ കൈയിലേക്കു തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. രാജാവ് വിരലിലണിഞ്ഞിരുന്ന ഒരു നവരത്ന മോതിരം ഗ്രാമ വൈദ്യനെ മുട്ടിയുരുമ്മിക്കൊണ്ടിരുന്നു. പെട്ടെന്ന് ഗ്രാമവൈദ്യൻ തന്റെ കൈകൾ പിൻവലിച്ചു രണ്ടടി പിറക്കോട്ടു മാറി നിന്ന് രാജാവിനെ ആകമാനം നോക്കി. രാജകുമാരനെയും നോക്കി. ഗ്രാമ വൈദ്യന്റെ ഉടലിലാകെ ഒരു വിറയൽ ഇരച്ചു കയറി.
“അങ്ങ്… അങ്ങ് കുമ്പാള രാജനല്ലേ…” ഗ്രാമ വൈദ്യൻ ചോദിച്ചു.
അതേയെന്ന് ദയാലുരാജാവ് തലയിളക്കി.
കഥ തുടരുന്നു.
കുശ്മാണ്ടകന് വേദന കൂടിക്കൂടി വന്നു. ദയാനന്ദൻ എണ്ണത്തോണിയിലിട്ട് കുശ്മാണ്ഡകനെ ചവിട്ടിത്തിരുമ്മി. വേദന സഹിക്കാൻ വയ്യാത്തപ്പോഴൊക്കെ അയാൾ നിലവിളിച്ചു. “ഞാനൊന്നു എഴുന്നേറ്റു നിന്നോട്ടെ വൈദ്യരെ… താങ്കളെ ഞാൻ വെട്ടിക്കൊല്ലും.”
ദയാനന്ദൻ ചിരിച്ചു. എണ്ണയിൽ മുക്കിയ കിഴി വാരിയെല്ലിൽ അമർത്തിപ്പിടിച്ചു കൊണ്ട് ദയാനന്ദൻ പറഞ്ഞു: “അങ്ങയുടെ മുറിവുകൾ ഉണങ്ങി വരുന്നു. പാപരക്തങ്ങളുടെ ഒഴുക്ക് കുറഞ്ഞു വരുന്നു. വൈകാതെ അങ്ങ് എഴുന്നേറ്റ് നിൽക്കും. നടക്കുകയും ചെയ്യും. പക്ഷേ അങ്ങേക്കിനി ആരെയും ശിക്ഷിക്കാനാവില്ല. രാജ്യം ഭരിക്കാനുമാവില്ല. കുമ്പാളയുടെ യഥാർത്ഥ രാജാവ് തിരിച്ചു വരുന്നു. പ്രജകൾ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ദയാലു രാജാവ് അയൽരാജാവിന്റെ സഹായത്തോടെ പടകൂട്ടി വൈകാതെ കുമ്പാളയുടെ അതിർത്തി കടന്നെത്തും. അതിനായി കാത്തിരിക്കുക.”
കുശ്മാണ്ടകൻ്റെ കണ്ണുകളിൽ പേടിനിറഞ്ഞു. അയാൾ ഭയപ്പാടോടെ ദയാനന്ദനെ നോക്കി. അതിലൊരു യാചനയുടെ ഭാവമുണ്ടായിരുന്നു.
”പ്രജകൾ ആകെ ഇളകിമറിഞ്ഞിരിക്കുകയാണ്. അവർ കൈയിൽ കിട്ടിയ ആയുധങ്ങളുമായി രാജകൊട്ടാരത്തിനു നേരെ നീങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങയുടെ മന്ത്രിയും സേനാപതിയും ശിങ്കിടികളും ഒളിവിൽ പോയിക്കഴിഞ്ഞു. ജനങ്ങൾ അവരെ പിന്തുടരുകയാണ്. പിടികൂടിയെന്നും ഇല്ലെന്നും കേൾക്കുന്നു,” ദയാനന്ദൻ പറഞ്ഞു നിർത്തി.
കുശ്മാണ്ടകൻ പിന്നെയൊന്നും മിണ്ടിയില്ല. മരിച്ചതു പോലെ ഒച്ചയില്ലാതെ കിടന്നു. എപ്പോഴോ ഒന്ന് കണ്ണുതുറന്നപ്പോൾ സ്പടികഭരണി കണ്ടു. അതിൽ തലങ്ങും വിലങ്ങും ഓടിനടക്കുന്ന കട്ടുറുമ്പിനെ കണ്ടു. കട്ടുറുമ്പ് ഓട്ടം നിർത്തി കുശ്മാണ്ടകനെ തുറച്ചു നോക്കി. നോക്കിക്കൊണ്ടിരിക്കെ കട്ടുറുമ്പിന്റെ സ്ഥാനത്ത് ദയാലു രാജാവ്. രാജാവ് കുശ്മാണ്ടകനെ നോക്കി ഉറക്കെ ഉറക്കെ ചിരിക്കുന്നു.
കുശ്മാണ്ടകൻ ഉറക്കത്തിൽ നിലവിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റു. കാലടിയിൽ ഒരു കട്ടുറുമ്പ്. കുശ്മാണ്ടകൻ കാല് പിന്നോട്ട് വലിച്ചു. അപ്പോഴുണ്ട് ചുമലിൽ ഒരു കട്ടുറുമ്പ്. കഴുത്തിൽ തോളിൽ മുഖത്ത് കുടവയറിൽ എവിടെയും ഉറുമ്പുകൾ. എത്ര തൂത്തിട്ടും ഉറുമ്പുകൾ പോവുന്നില്ല. അവ കണ്ണിലും മുക്കിലുമൊക്കെ പാഞ്ഞുകയറുകയാണ്. അയ്യോ… ഈ ഉറുമ്പുകളെല്ലാം ചേർന്ന് നമ്മെ കടിച്ചു കൊല്ലും. രക്ഷിക്കണേ… രക്ഷിക്കണേ… കുശ്മാണ്ടകൻ നിലവിളിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് ചികിത്സാ മുറിയുടെ വാതിൽ തുറന്നു ആരോ അകത്തു കയറി. ഒപ്പം വെളിച്ചവും അകത്തു വന്നു. അത് ദയാനന്ദനായിരുന്നു. ദയാനന്ദൻ നോക്കുമ്പോൾ മുറിയുടെ ഒരു മൂലയിൽ കുശ്മാണ്ടകൻ പേടിച്ചു വിറച്ചിരിക്കുന്നു.
“വൈദ്യരെ നമ്മെ രക്ഷിക്കൂ… ഈ ഉറുമ്പുകൾ എന്നെ കൊല്ലും.”
ദയാനന്ദൻ പേടിച്ചു വിറച്ച കുശ്മാണ്ടകനു നേരെ തന്റെ കൈ നീട്ടി. എന്നിട്ടു പറഞ്ഞു. “ഇതിൽ പിടിച്ച് എഴുന്നേറ്റോളൂ… ”
കുശ്മാണ്ടകൻ വൈദ്യരുടെ കൈ പിടിച്ചു. പതുക്കെ എഴുനേറ്റു. ആ കൈവിടാതെ പതുക്കെ നടന്നു. നടത്തത്തിനിടയിൽ കുശ്മാണ്ടകൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. എവിടെ ഉറുമ്പുകൾ… ഒന്നിനേയും കാണുന്നില്ലല്ലോ.
“വേദനയുണ്ടോ, ” ദയാനന്ദൻ ചോദിച്ചു
ഇല്ലെന്ന് കുശ്മാണ്ടകൻ തലയിളക്കി.
ഒറ്റയ്ക്ക് നടന്ന് കുശ്മാണ്ടകൻ മുറിയുടെ മൂലയിൽ വെച്ച സ്പടികഭരണിയുടെ അരികിലെത്തി. കട്ടുറുമ്പ് പേടിച്ചെന്ന പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. കുശ്മാണ്ടകൻ പതുക്കെ സ്പടികഭരണിയുടെ അടപ്പ് തുറന്നു.പുറത്തേക്കു വന്ന കട്ടുറുമ്പിനു മുന്നിൽ കുശ്മാണ്ടകൻ തൊഴുതു നിന്നു.
“മാപ്പ്…”
തുടരും….