ഗുഹയ്ക്കകത്തു നടന്ന കാര്യങ്ങൾ
“ഗുഹയിലകപ്പെട്ട രാജാവിന്റെയും രാജകുമാരന്റെയും സിംഹത്തിന്റെയും കഥ കേൾക്കണ്ടേ… അവർക്കെന്തു സംഭവിച്ചു എന്നറിയേണ്ടേ,” ദയാനന്ദൻ ചോദിച്ചു.
“അതെന്തു കേൾക്കാൻ. എല്ലും തോലും മുടിയും പോലും ബാക്കി വെച്ചിട്ടുണ്ടാവില്ല ആ സിംഹം. മതി എനിക്ക് ബാക്കി കഥ കേൾക്കണ്ട.”
ദയാനന്ദൻ മധുരമായി ചിരിച്ചു കൊണ്ട് പറഞ്ഞു “അങ്ങനെയല്ല. കഥ മുഴുവനായും കേൾക്കണം. ഈശ്വരൻ ഇടപെട്ട് ചില കഥകളൊക്കെ മാറ്റിയെഴുതും. ഈശ്വരനാണല്ലോ ഏറ്റവും വലിയ കഥാകാരൻ.”
കുശ്മാണ്ടകൻ ഒന്നു മൂളി. ഒന്നു ഞരങ്ങി.
ദയാനന്ദൻ വീണ്ടും കഥയുടെ ഗുഹയിലെത്തി.
“തങ്ങൾക്കുനേരെ ഗുഹയുടെ വാതിലടയുന്നതു കണ്ട് രാജാവൊന്നമ്പരന്നു. ഗുഹയിലേക്ക് അരിച്ചരിച്ചു വന്ന അവസാന വെളിച്ചവും കെട്ടു. രാജകുമാരൻ പിതാവിനെ കെട്ടിപ്പിടിച്ചു.ഇരുട്ടിൽ അവർക്ക് പരസ്പരം കാണാൻ കഴിയാതായി. പെട്ടെന്നാണ് ഗുഹയുടെ അങ്ങേ തലക്കൽ തിളങ്ങുന്ന രണ്ടു ഗോളങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതങ്ങനെ നേരിയ മുരൾച്ചയോടെ അടുത്തേക്കു വരികയാണ്…”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
“അതൊരു മൃഗത്തിന്റെ കണ്ണുകളാണെന്ന് രാജാവിന് മനസ്സിലായി. ഒരു സിംഹത്തിന്റെ കണ്ണുകൾ. സിംഹം ഏതു നിമിഷവും ചാടി വീഴും. അതുറപ്പാണ്. രാജാവ് അരയിൽ നിന്നും കഠാര വലിച്ചെടുത്തു. ഏതു മൃഗമായാലും അതിനു മുന്നിൽ വെറുതെ കിഴടങ്ങരുത്. അവസാന ശ്വാസം വരെ പോരാടാണം. രാജരക്തം വീരരക്തമാണെന്ന് മരണത്തിനും ബോധ്യപ്പെടണം. രാജാവ് പതുക്കെ രാജകുമാരനെ തള്ളിമാറ്റി, ചാടിവീഴാൻ പോവുന്ന സിംഹത്തെ നേരിടാൻ തയ്യാറായി. കാഠാരെ മുറുക്കെപ്പിടിച്ച് രാജാവ് സിംഹത്തെപ്പോലെ മുരണ്ടു കൊണ്ടിരുന്നു.”
“നേരം കുറച്ചു കഴിഞ്ഞിട്ടും സിംഹം ചാടിയില്ല. വളരെ ശാന്തനായി അത് രാജാവിനെ മുട്ടിയുരുമ്മി മുന്നോട്ടു നടന്നു. അല്പം നടന്ന് സിംഹം നിന്നു. അതൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾ വെട്ടിത്തിളങ്ങി. സിംഹം വീണ്ടും നടക്കാൻ തുടങ്ങി ഇടയ്ക്ക് ഒന്നു കൂടെ നിന്ന് തിരിഞ്ഞു നോക്കി. ‘അത് നമ്മോട് ഒപ്പം പോവാനാണ് പറയുന്നതെന്നു തോന്നുന്നു,’ രാജകുമാരൻ പറഞ്ഞു. ‘അതെങ്ങനെ കുമാരന് മനസ്സിലായി,’ രാജാവ് ചോദിച്ചു. ‘മൃഗങ്ങളുടെ ഭാഷ കുട്ടികൾക്ക് മനസ്സിലാവും,’ കുമാരൻ പറഞ്ഞു. ‘എങ്കിൽ നമ്മുക്കതിന്റെ പിന്നാലെ പോവാം,’ രാജാവും പറഞ്ഞു.”
“സത്യത്തിൽ അതൊരു നീണ്ട തുരങ്കമായിരുന്നു. വിടവുകളിലൂടെ ഇടക്കിടെ നേരിയ വെളിച്ചങ്ങൾ ഗുഹക്കകത്തേക്ക് വീണുകൊണ്ടിരുന്നു. കാലടികളിലൂടെ നേരിയ വെള്ളച്ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു. ചെറിയ ചെറിയ പാമ്പുകളും മത്സ്യങ്ങളും അവരുടെ പാദങ്ങളെ ഇക്കിളിയാക്കുന്നുണ്ടായിരുന്നു. തുരങ്കം പിന്നേയും പിന്നേയും നീണ്ടു പോയിക്കൊണ്ടിരുന്നു. പെട്ടെന്ന് കാറ്റിൽ മരങ്ങൾ ആടി ഉലയുന്ന ശബ്ദങ്ങൾ കേട്ടു. കിളികൾ കലപില കൂട്ടുന്നതു കേട്ടു. തുരംങ്കം അവസാനിക്കാറായെന്നു തോന്നുന്നു.”
“വെളിച്ചം ധാരാളമായി കടന്നു വന്ന ഒരു പാറയിടുക്കിലൂടെ സിംഹം നുഴഞ്ഞു കയറി. പിന്നാലെ രാജാവും രാജകുമാരനും കയറി. അവർക്കു മുന്നിൽ കാട് പുഞ്ചിരി തൂകി നിന്നു. അവർ കാടു നോക്കി അല്പനേരം നിന്നു. സിംഹം അവരെ നോക്കി ഒന്നു തലയിളക്കി.’അതാ സിംഹം വിളിക്കുന്നു,’രാജകുമാരൻ പറഞ്ഞു. ‘അതെങ്ങനെ… വിളിക്കുന്നതാണെന്ന് കുമാരന് മനസ്സിലായി,’ രാജാവ് ചോദിച്ചു. ‘മൃഗങ്ങളുടെ ഭാഷ കുട്ടികളുടെ ഭാഷയാണ്,’ കുമാരൻ പറഞ്ഞു. രാജാവും അത് ശരിവെച്ചു. അവർ സിംഹത്തെ അനുസരിച്ച് സിംഹത്തിനു പിന്നാലെ നടന്നു.”
“കുറച്ചു നടന്നപ്പോൾ മൂത്തുപഴുത്ത മാമ്പഴങ്ങൾ തൂങ്ങിക്കിടക്കുന്ന ഒരു മാവ് അവർ കണ്ടു. കുരങ്ങൻമാർ ആ മാവിൽ ചാടിക്കളിക്കുന്നു. രാജാവിനും രാജകുമാരനും പെട്ടെന്ന് വിശന്നു. അവർ മാമ്പഴത്തിലേക്കു ആർത്തിയോടെ നോക്കി ഉമിനീരിറക്കി. പെട്ടെന്ന് മുന്നിൽ നടക്കുന്ന സിംഹം ഒന്നു നിന്നു അവരെ തിരിഞ്ഞു നോക്കി. പിന്നെ മാവിൽ ചാടിക്കളിക്കുന്ന കുരങ്ങുകളെ നോക്കിയൊന്നു മുരണ്ടു. അതു കണ്ട് രാജകുമാരന് സന്തോഷമടക്കാനായില്ല. രാജകുമാരൻ പറഞ്ഞു. ‘സിംഹം കുരങ്ങൻമാരോട് പറഞ്ഞതു കേട്ടില്ലേ. നമ്മുക്ക് മാമ്പഴം പറിച്ചു തരാൻ…
‘അത് കുമാരനെങ്ങനെ മനസ്സിലായി.’
‘എങ്കിൽ കണ്ടോളൂ… ‘ രാജകുമാരൻ പറഞ്ഞു തീർന്നില്ല. കുരങ്ങൻമാർ മാവിൻ കൊമ്പുകൾ പിടിച്ചുകുലുക്കാൻ തുടങ്ങി. മാമ്പഴങ്ങൾ ഉതിർന്നു വീഴാനും തുടങ്ങി. രാജകുമാരൻ മാമ്പഴങ്ങൾ പെറുക്കിയെടുത്ത് രാജാവിനു നേരെ നീട്ടി…”
തുടരും….