കൊടുത്താൽ കുമ്പാളയിലും കിട്ടും
“ഗുഹയിലക്കപ്പെട്ട രാജാവിനെയും രാജകുമാരനേയും സിംഹത്തേയും നമ്മുക്ക് തൽക്കാലം വിടാം. കിരീടവുമായി ഓടിപ്പോയ മന്ത്രിയേയും സേനാപതിയേയും ഭടൻമാരെയും പിന്തുടരാം,” വൈദ്യൻ പറഞ്ഞു.
“അതെന്തിന് ” കുശ്മാണ്ടകൻ ചോദിച്ചു.
“അതല്ലേ രസകരമായ കഥ. രാജ്യത്ത് തിരിച്ചെത്തിയ മന്ത്രിയും കൂട്ടരും രാജാവിനെയും രാജകുമാരനേയും സിംഹം വലിച്ചു കീറിയ കഥ രാജ്യത്താകമാനം പ്രചരിപ്പിച്ചു. രാജ്യം അനാഥമായിപ്പോവാതിരിക്കാൻ മന്ത്രി രാജാധികാരം ഏറ്റെടുക്കുകയും ചെയ്തു. സത്യത്തിൽ അതോടെ രാജ്യം അനാഥമായിപ്പോയി എന്നു പറയുകയായിരുന്നു ഭേദം… ”
“വൈദ്യരെ…” കുശ്മാണ്ടകൻ വിളിച്ചു. “താങ്കളൊരു കഥ സങ്കൽപ്പിച്ചുണ്ടാക്കുകയാണെന്നു തോന്നുന്നു. എന്തൊക്കെയൊ മുള്ളും മുനയുമുണ്ടല്ലോ ഈ കഥയിൽ… സൂക്ഷിച്ചു പറഞ്ഞാൽ മതി.”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
ആ കിടപ്പിലും കുശ്മാണ്ടകന്റ ശബ്ദത്തിൽ ഒരു ഭീഷണി നിഴലിച്ചിരുന്നു.
“ഈ പറഞ്ഞതൊന്നുമല്ല മഹാരാജൻ കഥ. പറയാൻ പോവുന്നതാണ് കഥ. കൊടുത്താൽ കുമ്പാളയിലും കിട്ടുമെന്നൊരു ചൊല്ല് രാജ്യത്ത് പ്രചാരത്തിലുണ്ടല്ലോ. എല്ലാം കാണുന്നൊരാൾ മുകളിലുണ്ടെന്നും… രാജാവിനെ മരണത്തിന് എറിഞ്ഞു കൊടുത്ത് അധികാരത്തിലേറിയ മന്ത്രിയും കൂട്ടരും അങ്ങനെ തിന്നു മുടിച്ച് രാജ്യം ഭരിക്കാൻ തുടങ്ങി. അപ്പോഴാണ് പുതിയ മന്ത്രിക്ക് ഒരു മോഹമുദിച്ചത് . ഇനി കുറച്ചു കാലം നാം സിംഹാസത്തിലിരുന്ന് രാജ്യം ഭരിച്ചാലെന്താ? മന്ത്രി തന്റെ ശിങ്കിടികളുമായി രഹസ്യമായി ആലോചിച്ചു. രാജാവിനെ ഒഴിവാക്കാൻ പദ്ധതികൾ തയ്യാറാക്കി. ആദ്യം രാജാവിനെ വീഴ്ത്തണം. അതിനാണ് കൽക്കണ്ടം തറയിൽ തൂവി ഉറുമ്പുകളെ ആകർഷിച്ചത്. കട്ടുറുമ്പിനെക്കൊണ്ട് രാജാവിനെ കടിപ്പിക്കുക. ആരും കാണാതെ ഒരു തുള്ളി കൽക്കണ്ട ലായനി സിംഹാനത്തിലും ഇറ്റിച്ചു. രാജാവിനെ കട്ടുറുമ്പ് കടിച്ചു. രാജാവ് വീണു. വീണ രാജാവിനെയുമെടുത്തു കൊണ്ടു പല്ലക്കുകാർ പോകുന്ന വഴിയിൽ വഴുവഴുത്ത എണ്ണയൊഴിച്ചു. രാജാവ് വീണ്ടും വീണു. വീഴ്ചയോടു വീഴ്ച. രാജാവിന്റെ നടുവൊടിഞ്ഞു കിടപ്പിലായി, ” വൈദ്യൻ പറഞ്ഞു.
“നിർത്തൂ… കഥ നിർത്തൂ. അപ്പോൾ നമ്മെ വീഴ്ത്തിയത് ആ കുബുദ്ധിയുടെ പണിയായിരുന്നു അല്ലേ… ആരവിടെ…” രാജാവ് അലറി.
“അങ്ങ് ശാന്തനായി കഥ മുഴുവനും കേൾക്കൂ. രാജാവ് കിടപ്പിലായി. ദിവസങ്ങൾ ഏറെക്കഴിഞ്ഞിട്ടും മിടുക്കൻമാരായ വൈദ്യൻമാർ ആരും കൊട്ടാരത്തിലെത്തിയില്ല. വൈദ്യൻമാർ ഇല്ലാഞ്ഞിട്ടല്ല. വരാഞ്ഞിട്ടുമല്ല. പുറപ്പെട്ടവരെ മുഴുവൻ കിങ്കരൻമാരെ വെച്ച് മന്ത്രിയും സേനാപതിയും ചേർന്ന് ഭീഷണിപ്പെടുത്തിയും മദ്ദിച്ചും കൊള്ളയടിച്ചും തിരിച്ചോടിച്ചു. രാജാവ് ഒരിക്കലും മെത്തവിട്ട് എഴുന്നേൽക്കരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.”
“വൈദ്യരേ…. “കുശ്മാണ്ടകൻ ദയനീയമായി നിലവിളിച്ചു. “എന്നെയൊന്നു എഴുന്നേൽപ്പിച്ചു നിർത്തൂ. കൈയിലൊരു വാളു തരൂ. എനിക്കാ ദുഷ്ടൻമാരുടെ ശിരസ്സറുക്കണം.”
അതെങ്ങനെ മഹാരാജൻ “മഹാ ദുഷ്ടനായ അങ്ങയുടെ ശിരസ് അപ്പോൾ ആരറുക്കും”
“വൈദ്യരേ…. ” കുശ്മാണ്ടകൻ പിന്നേയും അലറി. പിന്നെ ശാന്തനായി മെത്തയിലമർന്നു. കരഞ്ഞു കരഞ്ഞു തളർന്നപ്പോൾ കുശ്മാണ്ടകൻ ആരോടെന്നില്ലാതെ പിറുപിറുത്തു: “കൊടുത്താൽ കുമ്പാളയിലും കിട്ടും, അല്ലേ വൈദ്യരേ… ”
തുടരും…