എന്നിട്ട്…
“എന്നിട്ട്….?” മൂളിയും ഞരങ്ങിയും കുശ്മാണ്ടകന് ചോദിച്ചു.
“എന്നിട്ടെന്തു പറയാൻ… താൻ ഏറ്റവും സ്നേഹിക്കുന്ന മന്ത്രിയും സേനാപതിയും തന്നോട് എന്തെങ്കിലും അതിക്രമം കാണിക്കുമെന്ന് രാജാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലല്ലോ. അത് കൊണ്ടു തന്നെ അവർ പറഞ്ഞതെല്ലാം രാജാവ് കേട്ടു. വിശ്വസിച്ചു.”
“ഒരു ദിവസം മന്ത്രി പറഞ്ഞു. ‘രാജ്യഭരണം കൊണ്ട് അങ്ങാകെ ക്ഷീണിച്ചിരിക്കുന്നു. ഇനിയല്പം വിശ്രമവും വിനോദവുമാണ് ആവശ്യം. ഒരു നായാട്ടായാലോ? കുറേക്കാലമായല്ലോ കാട്ടിൽ പോയിട്ട്.’
‘അങ്ങനെയാവട്ടെ,’ രാജാവു പറഞ്ഞു. ഒപ്പം മന്ത്രിയും സേനാപതിയും ഏതാനും ഭടൻമാരും പുറപ്പെട്ടു.
പോകാൻ നേരം രാജകുമാരൻ ഓടിവന്നു. മഹാരാജനെ കെട്ടിപ്പിടിച്ചു പറഞ്ഞു ‘ഞാനും വരുന്നു. ഞാനിതുവരെ കാടു കണ്ടിട്ടില്ല. നായാടുന്നതും കണ്ടിട്ടില്ല.’
അങ്ങനെ രാജകുമാരനും ഒപ്പം പുറപ്പെട്ടു.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
അവർ മൃഗങ്ങളെ നായാടിക്കൊണ്ട് കൊടുംകാട്ടിൽ അലഞ്ഞു നടന്നു. ക്ഷിണിച്ച് ഒരു ഗുഹയ്ക്കു മുന്നിൽ വന്നിരുന്നു. രാജാവ് കിരീടമഴിച്ച് ഒരു പാറപ്പുറത്തു വെച്ചു. അടുത്തു കണ്ട ഒരരുവിയിൽ നിന്നും മകനോടൊപ്പം തെളിനീരു കുടിച്ചു ദാഹം ശമിപ്പിച്ചു. വീണ്ടും ഗുഹയ്ക്കു മുന്നിലെ പാറപ്പുറത്തു വന്നിരുന്നു. പെട്ടെന്ന് അൽപ്പം ദൂരെയായി ഒരു ഗർജ്ജനം കേട്ടു. ഒരു സിംഹത്തിൻ്റെ ഗർജ്ജനം.
മന്ത്രി പറഞ്ഞു: ‘അങ്ങുന്നേ അവിടുന്ന് മകനോടൊപ്പം ഈ ഗുഹയിൽ കയറിയിരിക്കുക. പുറത്ത് ഞങ്ങൾ കാവൽ നിന്നോളാം.’
രാജാവും രാജകുമാരനും ഗുഹയ്ക്കകത്തു കയറേണ്ട താമസം ആ സിംഹവും പാഞ്ഞു വന്ന് ഗുഹയ്ക്കകത്തേക്കു കയറി. സേനാപതിയും ഭടൻമാരും ചേർന്ന് വലിയ പാറക്കല്ലുകൾ കൊണ്ട് ഗുഹ അടച്ചുകളഞ്ഞു. പാറപ്പുറത്തഴിച്ചു വെച്ച രാജാവിന്റെ കിരീടമെടുത്ത് മന്ത്രി സ്വന്തം തലയിൽ വെച്ചു നോക്കി. പിന്നീടവർ രാജാവും രാജകുമാരനുമില്ലാതെ രാജ്യത്തേക്കു മടങ്ങി.
മന്ത്രി അടുത്ത രാജാവായി. സേനാപതി സർവ്വസൈന്യാധിപനായി. രാജാവിനെ ഗുഹയിലടക്കാൻ സഹായിച്ച ഭടൻമാരിലൊരുവൻ പുതിയ രാജാവിന്റെ മന്ത്രിയുമായി.”
“അല്ല. അങ്ങനെയല്ല. പച്ചക്കള്ളം.പച്ചക്കള്ളം. മന്ത്രിയല്ല സേനാപതിയാണ് രാജാവിനെ ഗുഹയിലടച്ചത്. മന്ത്രിയല്ല. മന്ത്രിയല്ല രാജാവിനെ കൊന്നത്…” രാജാവ് നിലവിളിച്ചുകൊണ്ടിരുന്നു.
“മഹാരാജൻ അങ്ങെന്തിനാണ് നിലവിളിക്കുന്നത് ഇതൊരു കഥയല്ലേ. വെറും കഥ. മാത്രമല്ല കഥ അവസാനിച്ചിട്ടുമില്ല.”
“അവസാനിച്ചിട്ടില്ലേ?” മഹാരാജാവ് ചോദിച്ചു.
“ഇല്ല.”
“എങ്കിൽ ബാക്കി കൂടെ പറയൂ.”
“ഗുഹയിൽ അകപ്പെട്ട രാജാവ്. ഒപ്പം രാജകുമാരൻ. കൂടെ പാഞ്ഞുകയറിയ സിംഹം… അവിടെ എന്തു സംഭവിച്ചു…”
വൈദ്യൻ കഥ തുടർന്നു.
തുടരും…