പാപം
കുശ്മാണ്ടകൻ ഉണർന്നിരിക്കുകയായിരുന്നു. എണ്ണയിൽ കുളിച്ച് പച്ച മരുന്നുകൾ വെച്ചു കെട്ടി ചികിത്സാലയത്തിന്റെ പീഠത്തിൽ നോക്കി ഒരേ കിടപ്പ്. വൈദ്യൻ ഇടയ്ക്കിടെ രാജാവിന്റെ കൈ ഞരമ്പുകളിൽ വിരലമർത്തി കാതോർത്തു. ചിലപ്പോൾ മർമ്മങ്ങളിലൂടെ വിരൽ പായിച്ചു. അപ്പോൾ രാജാവു ചോദിക്കും: “എന്തെങ്കിലും കേൾക്കുന്നുണ്ടോ വൈദ്യരേ… ”
“ഉണ്ട്,” വൈദ്യൻ പറയും. “ഒരു പാപനദി ഒഴുകുന്നതു കേൾക്കുന്നുണ്ട്. അതങ്ങനെ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. അപ്പോഴാണ് വേദന കൂടുന്നത്. ”
“ഇതിൽ നിന്നും രക്ഷപ്പെടാൻ മാർഗ്ഗമൊന്നുമില്ലേ വൈദ്യരേ. വൈദ്യരെന്നെ രക്ഷപ്പെടുത്തൂ. എഴുന്നേറ്റുനിന്നാൽ രാജ്യത്തിന്റെ ഒരു ഭാഗം നാം വൈദ്യർക്കു നൽകാം…”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
“അതിന് ഈ രാജ്യം അങ്ങയുടെതല്ലല്ലോ…”
“എന്ത്… ഈ രാജ്യം നമ്മുടെതല്ലന്നോ… എന്ത് അക്രമമാണ് പുലമ്പുന്നത്. നമ്മുക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ നിമിഷം വൈദ്യരുടെ തല ഇവിടെ ഉരുണ്ടേനേ…”
കുശ്മാണ്ടകൻ ക്ഷോഭംകൊണ്ട് വിറച്ചു. കൂടെ പലവിധ ശബ്ദങ്ങളുമുണ്ടാക്കി. വേദനയിൽ പുളഞ്ഞ് ചികിത്സ പലകമേൽ കുഴഞ്ഞു വീണു. രാജാവ് ദയനീയമായി വൈദ്യനെ നോക്കി. വൈദ്യനാവട്ടെ പച്ചിലകൾ കൂട്ടിയുണ്ടാക്കിയ ഒരു വിശറികൊണ്ട് രാജാവിനെ തലോടി. വേദനയൊട്ടും കുറയാതെ രാജാവ് വലിയ വായിൽ കരഞ്ഞുകൊണ്ടിരുന്നു.
വൈദ്യൻ പറഞ്ഞു: “മഹാരാജൻ വേദന കുറയാൻ ഞാനങ്ങേക്ക് ഒരു കഥ പറഞ്ഞു തരാം. കഥ കേട്ടുകൊണ്ടിരിക്കേ ചികിത്സയും നടത്താം. ഇരുപത്തിയൊന്നാം ദിവസം അങ്ങയെ ഞാനെഴുന്നേൽപ്പിച്ചു നിർത്തും. ഇതു സത്യം.”
“സത്യം…. ” രാജാവ് പ്രതീക്ഷയോടെ വൈദ്യനെ നോക്കി. “സത്യം…”
തിളച്ച എണ്ണയിൽ പച്ചിലകൾ കൂട്ടി കെട്ടിയ കിഴി മുക്കി രാജാവിന്റെ ദേഹത്ത് വെക്കുന്നതിനിടയിൽ വൈദ്യർ കഥ പറഞ്ഞു തുടങ്ങി.
“ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. വളരെ ദയാലുവായ രാജാവ്. നല്ലവനായ രാജാവിനെയും കുടുംബത്തേയും പ്രജകൾ വളരെയധികം സ്നേഹിച്ചു. രാജാവ് പ്രജകളെയും സ്വന്തം മക്കളെപ്പോലെയാണ് കരുതിയത്. അയൽ രാജ്യങ്ങളുമായും വളരെ സ്നേഹത്തിലായിരുന്നു രാജാവ്. രാജ്യം നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടു വന്നു.”
“രാജാവിനും രാജ്യത്തിനും വേണ്ടി മരിക്കാൻ പോലും തയ്യാറായി ജനങ്ങൾ നിന്നു. രാജാവിനോട് പ്രജകളും അയൽ രാജ്യക്കാരുമൊക്കെ കാണിക്കുന്ന സ്നേഹം പക്ഷെ ചിലർക്കു സഹിക്കാൻ കഴിഞ്ഞില്ല. അവർക്ക് അസൂയ മൂത്തു. അത് അസഹിഷ്ണുതയായി. രാജാവിന് ലഭിക്കുന്ന സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടണം എന്നവർ കൊതിച്ചു. അതിന് എന്തു ചെയ്യണം. രാജാധികാരം പിടിച്ചെടുക്കണം. അവർ രാജാവിനെ വധിക്കാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കാൻ മുൻകൈ എടുത്തത് മന്ത്രി മുഖ്യനായിരുന്നു. ഒപ്പം കൂടാൻ സേനാധിപനും തയ്യാറായി.”
വൈദ്യർ കഥ നിർത്തി രാജാവിനെ ഒന്നു നോക്കി. രാജാവിന്റെ നാഡി ഞരമ്പുകളിൽ നിന്ന് രക്തം ഒലിച്ചുപോവുന്നതു പോലെയും ശ്വാസം നിലക്കുന്നതു പോലെയും വൈദ്യർക്ക് അനുഭവപ്പെട്ടു.
തുടരും…