കൽക്കണ്ടം
“നാല്പത്തിയൊന്നു ദിവസം. അതേ. നാല്പത്തിയൊന്നു ദിവസത്തെ ചികിത്സകൊണ്ട് രാജാവിന്റെ ദീനം മാറ്റാം. എഴുന്നേറ്റ് നിർത്താം. നടത്തുകയും ചെയ്യാം,” വൈദ്യൻ പറഞ്ഞു.
“സഹായത്തിന് നാലഞ്ചു പേർ വേണം. ആവശ്യത്തിന് പച്ചമരുന്നുകളെത്തിക്കേണം. ചികിത്സാലയത്തിന്റെ പരിസരത്ത് മറ്റാരും പാടില്ല. ചികിത്സ കഴിയുന്നതുവരെ രാജാവിനെ ആരും കാണുകയുമരുത്.”
മന്ത്രി പീഠത്തിൽ നിന്നും ചാടിയെഴുന്നേറ്റു. “എന്ത്… നാല്പത്തിയൊന്നു ദിവസമോ… സാധ്യമല്ല. ഇരുപത്തിയൊന്നു നാൾ. അതിനകം മഹാരാജനെ എഴുന്നേൽപ്പിച്ചു നടത്തണം. സഹായികളെ അനുവദിക്കില്ല. ചികിത്സക്കാവശ്യമായ മരുന്നുകളും സ്വയം കണ്ടെത്തിക്കൊള്ളണം. വൈദ്യരായി ഇങ്ങോട്ടു വന്ന് സ്വയം ഏറ്റെടുത്ത കാര്യമാണ്. അതു കൊണ്ട് എല്ലാം വൈദ്യര് തന്നെ നടത്തിക്കോളണം,” മന്ത്രി പറഞ്ഞു.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
“ഇരുപത്തിയൊന്നാം നാൾ രാജാവ് എഴുന്നേറ്റില്ലെങ്കിൽ വൈദ്യരുടെ തലയുരുളും. അതോർത്തോ,” സേനാപതി കൂട്ടിച്ചേർത്തു.
“എങ്കിൽ അങ്ങനെയാവട്ടെ. രാജാവിനെ ചികിത്സാലയത്തിലേക്ക് മാറ്റി പാർപ്പിക്കാൻ ഉത്തരവുണ്ടാവണം. അടിയൻ ആവുന്നതു പോലെ ശ്രമിക്കാം,” വൈദ്യൻ പറഞ്ഞു.
“ഉത്തരവിട്ടിരിക്കുന്നു. പോകുമ്പോൾ ആ സ്പടികഭരണി കൂടി കൊണ്ടു പോകണം. തന്നെ കടിച്ച ആ കട്ടുറുമ്പിനെ മഹാരാജന് കണികണ്ടുണരേണ്ടതാണ്…”
രാജാവിനെയും കൊണ്ട് പല്ലക്കുകാർ നീങ്ങുമ്പോൾ പിന്നിൽ മന്ത്രിയുടെയും സേനാപതിയുടെയും പൊട്ടിച്ചിരി ഉയരുന്നത് വൈദ്യൻ കേട്ടു.
രാജാവ് നല്ല ഉറക്കത്തിലായിരുന്നു. വൈദ്യൻ പതുക്കെ സ്പടികഭരണി തുറന്നു. പേടിച്ചു പേടിച്ച് കട്ടുറുമ്പ് പതുക്കെ മുകളിലേക്കു വന്നു. വിരൽത്തുമ്പിലൂടെ ഇഴഞ്ഞിഴങ്ങ് ഉറുമ്പ് വൈദ്യരുടെ ഉള്ളംകൈയിൽ വന്നിരുന്നു. കട്ടുറുമ്പ് വൈദ്യരുടെ കണ്ണുകളിലേക്കു തന്നെ നോക്കി. എന്നെ പോകാനനുവദിക്കുമോയെന്ന് ചോദിക്കുന്നതു പോലെ വൈദ്യന് തോന്നി.
വൈദ്യൻ ഉറുമ്പിനോടു ചോദിച്ചു: “എങ്ങനെയാണ് രാജകൊട്ടാരത്തിലെ സിംഹാസനത്തിൽ എത്തിയത്? എന്തിനാണ് മഹാരാജനെ കടിച്ചത്?”
കട്ടുറുമ്പ് വളരെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു: “മഴക്കാലം വരാറായി. കുടുംബത്തിന് കഴിക്കാനുള്ള ഭക്ഷണം ശേഖരിക്കാനിറങ്ങിയതാണ്. കൊട്ടാരപ്പടിയിലെത്തിയപ്പോൾ മധുരമുള്ള എന്തോ നൂലുപോലെ നീണ്ടു പോവുന്നതു കണ്ടു. അത് നുണഞ്ഞു നുണഞ്ഞ് സിംഹാസനത്തിൽ എത്തിയതാണ്.അപ്പോഴാണ് രാജാവ് വന്ന് സിംഹാസനത്തിലിരുന്നത്. അറിയാതെ കടിച്ചു പോയതാണ്. ഒരു കാര്യം ഉറപ്പാണ്. ആരോ ബോധപൂർവ്വം ശർക്കര നൂല് അവിടെ തൂവിയതാണ്. എന്നെ പോകാനനുവദിക്കുമോ?” കട്ടുറുമ്പ് വീണ്ടും ദയനീയമായി വൈദ്യനെ നോക്കി.
“എന്റെ പേര് ദയാനന്ദൻ എന്നാണ്. തീർച്ചയായും എന്നിൽ നിന്നും ദയപ്രതീക്ഷിക്കാം. പക്ഷേ ഇപ്പോഴില്ല. തീർച്ചയായും നിന്നെ രക്ഷപ്പെടാൻ ഞാൻ സഹായിക്കും,” വൈദ്യൻ പറഞ്ഞു. എന്നിട്ട് വീണ്ടും കട്ടുറുമ്പിനെ ഭരണിയിലാക്കി അടച്ചു. അതിനു മുമ്പ് ഒരു തുണ്ട് കൽക്കണ്ടം കൂടി ഭരണിയിലിടാൻ മറന്നില്ല.