കുടവയറൻ രാജാവ്

കുമ്പാള രാജ്യത്തെ കുടവയറൻ കുശ്മാണ്ടകൻ രാജാവിനെ ഉറുമ്പുകടിച്ചു. ഒരു മുട്ടൻ കട്ടുറുമ്പ്. ‘ന്റമ്മോന്നു’ നിലവിളിച്ചു കൊണ്ട് രാജാവ് സിംഹാസനത്തിൽ നിന്നും എടുത്തൊരു ചാട്ടം. ‘പ്തോംന്നു’ പറഞ്ഞ് രാജാവ് ആകാശത്തിലേക്കുയർന്ന്‌ തറയിലേക്കു വീണു. വലിയൊരു ചക്കപ്പഴം വീഴുന്നതു പോലൊരു വീഴ്ച. വീഴ്ചയിൽ രാജാവിന്റെ നടു ഉളുക്കി.കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാനാവാതെ രാജാവ് അലറി വിളിച്ചു “ആരവിടെ…”

‘ഞാനിവിടെ,’ എന്നും പറഞ്ഞു കൊണ്ട് മന്ത്രി മുഖ്യൻ കുബുദ്ധി ഓടി വന്നു. വീണിടത്തു നിന്നും രാജാവിനെ ഉയർത്താൻ മന്ത്രിമുഖ്യൻ ഒരു ശ്രമം നടത്തി. എവിടുന്ന്, പൊങ്ങണ്ടെ…

”ആരവിടെ… ” മന്ത്രി മുഖ്യനും നീട്ടി വിളിച്ചു.

‘അടിയൻ, അടിയൻ’ എന്ന് വാ പൊത്തി കൊണ്ട് കുന്തവും പേറി ഭടൻമാർ ഓടി വന്നു. കുന്തം നിലത്തിട്ട് അവർ രാജാവിനെ പൊക്കാൻ തുടങ്ങി. എന്തുപണിപ്പെട്ടിട്ടും രാജാവ് പൊങ്ങുന്നില്ല.

”ആരവിടെ …” മൂത്ത ഭടനും നീട്ടി വിളിച്ചു. പല്ലക്കും ചുമന്ന് നാലു പേർ കൂടി ഓടി വന്നു. എല്ലാവരും ചേർന്ന് രാജാവിനെ ഒരു വിധം പല്ലക്കിൽ എടുത്തു കിടത്തി. രാജാവ് വേദന കൊണ്ടു മുക്കിയും മൂളിയും ഞരങ്ങി.

”അങ്ങുന്നേ എന്താണ് സംഭവിച്ചത്?” മന്ത്രി മുഖ്യൻ പതുക്കെ രാജാവിനോടു ചോദിച്ചു.

നമ്മെ ഒരുറുമ്പു കടിച്ചു. ഒരു വലിയ കട്ടുറുമ്പ്. ഉറുമ്പുകടിച്ചിടം രാജാവ് മന്ത്രി മുഖ്യന് സ്വകാര്യമായി കാട്ടിക്കൊടുത്തു. ഉറുമ്പുകടിച്ചിടം ചുവന്നു തടിച്ചു കിടക്കുന്നു.k t baburaj , childrens novel , iemalayalam
“എന്ത് രാജസിംഹാസനത്തിൽ കട്ടുറുമ്പോ? ഇതെങ്ങനെ സംഭവിച്ചു. ആരവിടെ?  സേനാപതിയെ വിളിക്കൂ. ആ ഉറുമ്പിനെ കണ്ടു പിടിക്കു. രാജാവിനെ കടിച്ച ആ ഉറുമ്പിനെ വെറുതെ വിട്ടുകൂടാ. കനത്ത ശിക്ഷ തന്നെ കൊടുക്കണം,” മന്ത്രി മുഖ്യൻ കുബുദ്ധി വിജിച്ചു പറഞ്ഞു.

ഊരിപ്പിടിച്ച വാളുമായി സേനാപതി ഓടിയെത്തി. സേനാപതിക്കു പിന്നാലെ അനുചരൻമാരും എത്തി. അവർ സിംഹാസനത്തിനു ചുറ്റും രാജാവിനെ കടിച്ച കട്ടുറുമ്പിനെ തിരയാൻ തുടങ്ങി. അപ്പോഴുണ്ട് രാജാവിന്റെ കുടവയറിൽ നിന്നും ഒരു കട്ടുറുമ്പ് പേടിച്ചു വിറച്ചുകൊണ്ട് പതുക്കെ ഇറങ്ങി വരുന്നു.

“കിട്ടിപ്പോയി,” സേനാപതി ഉറക്കെ വിളിച്ചു പറഞ്ഞു. “കിട്ടിപ്പോയി, കിട്ടിപ്പോയി.”k t baburaj , childrens novel , iemalayalam
മറ്റുള്ളവരും ആർത്തുവിളിച്ചു. കൈ കൊണ്ട് ഉറുമ്പിനെ പിടിച്ച് രാജാവിനെ കാട്ടി സേനാപതി ചോദിച്ചു “മഹാരാജാവേ അങ്ങയെ കടിച്ച ദുഷ്ടനായ ഈ ഉറുമ്പിനെ എന്തു ചെയ്യണം?”

വേദന കൊണ്ട് മുക്കിഞരങ്ങി രാജാവ് പറഞ്ഞു “അവന് നല്ല ശിക്ഷ കൊടുക്കണം. കാലുകൊണ്ട് ചവിട്ടിയരച്ച് കൊല്ലണം. പക്ഷേ, അയ്യോ കാലു പൊന്തണ്ടേ. അതിനു മുമ്പ് വിചാരണ നടത്തണം. അതാണ് രാജനീതി. കാറ്റു പോലും കടക്കാൻ ഭയക്കുന്ന ഈ രാജകൊട്ടാരത്തിൽ അവനെങ്ങനെ കടന്നു എന്നറിയണ്ടേ. എന്തിന് രാജാവിനെത്തന്നെ കടിച്ചു എന്നറിയണ്ടേ. അതു കൊണ്ട് ആദ്യമെന്നെ അന്തപ്പുരത്തിലേക്ക് കൊണ്ടു പോകൂ. വിചാരണക്കു കാലമാവുമ്പോൾ ഇവനെ അങ്ങോട്ടു കൊണ്ടു വന്നാൽ മതി. അതു വരെ ഇവനെ തടവിലിടുവിൻ,” രാജാവ് കല്പിച്ചു.

“അങ്ങനെത്തനെ, മഹാരാജൻ,” കുബുദ്ധി മന്ത്രി പറഞ്ഞു.

‘ആരവിടെ,’ എന്ന് ചോദിച്ച് പൂർത്തിയാവുന്നതിനു മുമ്പ് ഭടൻ ഒരു ഉരുണ്ട സ്പടികഭരണിയുമായി വന്നു.  മന്ത്രി കട്ടുറുമ്പിനെ ഭരണിക്കകത്തിട്ടു ‘കിടക്കവിടെ…’

പല്ലക്കു ചുമട്ടുകാർ രാജാവിനേയും വഹിച്ച് അന്തപ്പുരത്തിലേക്ക് പുറപ്പെട്ടു. അവരിൽ നിന്നും അപ്പോൾ ‘ഹോയ്, ഹോയ്’ എന്നൊരു ശബ്ദം താളത്തിൽ പുറപ്പെട്ടു.

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook