ഒടിവിദ്യ

കാവലിയില്‍ മുങ്ങിക്കുടഞ്ഞ് കുറുക്കച്ചന്‍ നിവര്‍ന്നുനിന്നു. ഉടലിലും വാലിലും പറ്റിപ്പിടിച്ച വെള്ളത്തുള്ളികള്‍ അവന്‍ ഒരിക്കല്‍ കൂടി കുലുക്കിത്തെറിപ്പിച്ചു. പിന്നെയൊരോട്ടം വച്ചുകൊടുത്തു.

മടയിലെത്തുമ്പോള്‍ ജംബൂകന്‍ മൂത്താര് ധ്യാനത്തിലായിരുന്നു. ഒറ്റക്കാലിലൂന്നി രണ്ടു കൈകളും മുകളിലേക്കു നീട്ടി തലയുയര്‍ത്തിപ്പിടിച്ച് കണ്ണടച്ച് ജംബൂകന്‍ മൂത്താര്. മൂത്താരില്‍നിന്നു നീട്ടിയും കുറുക്കിയും ഓരികള്‍ വന്നുകൊണ്ടിരുന്നു.

എന്തുചെയ്യണമെന്നറിയാതെ കുറുക്കച്ചന്‍ നിന്നുപരുങ്ങി. ധ്യാനത്തില്‍ നിന്നു ഗുരുവിനെ വിളിച്ചുണര്‍ത്തിക്കൂടാ. ഗുരു ഉണരുംവരെ എന്താണ് ചെയ്യേണ്ടത് എന്നുമറിയില്ല. ഒറ്റക്കാലില്‍നിന്ന് കൈകളുയര്‍ത്താന്‍ അവനും ഒരു ശ്രമം നടത്തി. പറ്റുന്നില്ല. വീണ്ടും ശ്രമിച്ചു. പലവട്ടം ശ്രമിച്ചപ്പോള്‍ ഒരുവിധം സാധിക്കുമെന്നായി.

ഒറ്റക്കാലിലൂന്നി മറ്റേക്കാല്‍ മുട്ടോട് ചേര്‍ത്തുവച്ച്, കൈകള്‍ ആകാശത്തേക്കു നീട്ടി, തല ഉയര്‍ത്തി കണ്ണടച്ച് അവനും നില്‍ക്കാന്‍ തുടങ്ങി. മനസ്സ് കാട്ടിലൊക്കെ ചുറ്റിക്കറങ്ങി ഏതോ ഒരു ബിന്ദുവില്‍ തറച്ചുനിന്നു. അപ്പോള്‍ ചുറ്റിലും മറ്റൊന്നുമില്ലെന്ന അവസ്ഥ വന്നു. ദൂരെയെവിടെയോ ഒരു പൊട്ട് വെളിച്ചം. ഈ അവസ്ഥയെയാണ് ധ്യാനം എന്നു പറയുന്നത്. കുറുക്കച്ചന്‍ ധ്യാനത്തിലായി.

ജംബൂകന്‍ മൂത്താര് കണ്ണു തുറന്നപ്പോള്‍ മുന്നില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന കുറുക്കച്ചനെയാണ് കണ്ടത്. മൂത്താര് നാലുകാലില്‍ നിന്നു. പിന്നെ കുറുക്കച്ചനു ചുറ്റും മൂന്നുവട്ടം നടന്നു. പിന്നേ കിഴക്കുദിക്കുനോക്കി മൂന്നുവട്ടം ഉറക്കെ ഓരിയിട്ടു. അപ്പോഴാണ് കുറുക്കച്ചന്‍ ഉണര്‍ന്നത്. അവന്‍ പെട്ടെന്ന് നാലുകാലില്‍ നിന്നു.

കുറുക്കച്ചന്‍ ജംബൂകന്‍ മൂത്താര്‍ക്കു മുന്നില്‍ മുട്ടുകുത്തി നിന്നു. അപ്പോള്‍ അവന്‍റെ ശിരസ് മൂത്താരുടെ കാലുകളെ സ്പര്‍ശിച്ചു. മുന്‍കാലുകള്‍കൊണ്ട് മൂത്താര് കുറുക്കച്ചന്‍റെ ശിരസ്സില്‍തൊട്ടു. “എന്നാല്‍ നമുക്ക് വിദ്യ പഠിക്കാം,” കുറുക്കച്ചന്‍ അനങ്ങാതെ മൂത്താരെ നോക്കി.

“കണ്ടുപഠിക്കണം. കൊണ്ടു പഠിക്കണം. കൊടുത്തു പഠിക്കണം,” മൂത്താര് പറഞ്ഞു. അതിനും അവന്‍ തലയിളക്കി. ” മനസ്സിലായോ,” മൂത്താര് ചോദിച്ചു.

“മനസ്സിലായി. കണ്ടുപഠിക്കണം ല്ലേ…”

k t baburaj, childrens novel, iemalayalam

” ങും…മറ്റുള്ളവരില്‍നിന്നു കൊണ്ടെന്നും വരും. അതിലും പഠിക്കാനുണ്ട്.”

അപ്പോഴും കുറുക്കച്ചന്‍ തലയിളക്കി.

“കൊണ്ടാല്‍ മാത്രം മതിയോ… കൊടുക്കാന്‍ പഠിക്കണം. എന്നുച്ചാല്‍ തിരിച്ചടിക്കാനും പഠിക്കണം. എതിരാളിയെ തക്കവും തഞ്ചവും നോക്കി ആക്രമിക്കണമെന്ന്…”

“മനസ്സിലായി…”

“എന്തു മനസ്സിലായി?”

“കണ്ടും കൊണ്ടും കൊടുത്തും പഠിക്കണമെന്ന്.”

“ശരി.”

ജംബൂകന്‍ മൂത്താര് പാറക്കെട്ടിലെ വിടവില്‍ കരിയിലയില്‍ സൂക്ഷിച്ച കരിമഷിയെടുത്തു എന്തോ പ്രാര്‍ത്ഥിച്ചു. പിന്നെ മഷിതൊട്ടു ചെവിക്കു പിറകില്‍ തേച്ചു. വലിയ കാളക്കൊമ്പെടുത്ത് ശിരസ്സില്‍ വച്ചു. കാട്ടുപോത്തിന്‍റെ തോലെടുത്ത് ദേഹം പുതച്ചു. പിന്നെ ഉറക്കെയൊന്നു കൂവി.

പെട്ടെന്ന് അവിടെ ഒരു ചുഴലിക്കാറ്റ് ആഞ്ഞുവീശി. പൊടിപടലങ്ങള്‍ ചുഴലിപോലെ ഉയര്‍ന്നുപൊങ്ങി. എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങള്‍ ചുറ്റും നിറഞ്ഞു. നോക്കിയിരിക്കെ ചുഴലിക്കാറ്റ് പുറത്തേയ്ക്ക് പാഞ്ഞുപോയി.

മുമ്പില്‍ മൂത്താരില്ല. അമ്പരന്നു നില്‍ക്കുകയായിരുന്നു കുറുക്കച്ചന്‍. അവന്‍റെ അമ്പരപ്പു തീരുന്നതിനു മുമ്പേ ചുഴലിക്കാറ്റ് തിരിച്ചുവന്നു. വീണ്ടും അത് ചുറ്റിക്കറങ്ങി നിലത്തമര്‍ന്നു. കാറ്റമര്‍ന്ന ഇടത്ത് അതാ ജംബൂകന്‍ മൂത്താര് നില്‍ക്കുന്നു.

കാട്ടുപോത്തിന്‍റെ തോലഴിച്ച് പാറപ്പുറത്തുവച്ച്‌ കാളക്കൊമ്പൂരി മുള്ളുമരത്തില്‍ തൂക്കി. മൂത്താര് ക്ഷീണംകൊണ്ടെന്നപോലെ തളര്‍ന്നിരുന്നു.

“ഒടിവച്ച്‌ വീണ്ടും സ്വന്തം രൂപത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ വല്ലാത്ത തളര്‍ച്ചയാണ്, ” മൂത്താര് പറഞ്ഞു.

ശരിയാണ് കുറുക്കച്ചന്‍ ഉള്ളില്‍ പറഞ്ഞു. ” ഇതാണ് കണ്ടുപഠിക്കല്‍,” അവന്‍ പിറുപിറുത്തു.

Read More: കെ ടി ബാബുരാജിന്റെ നോവലുകള്‍ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook