ശിഷ്യന്‍

ജംബൂകന്‍ മൂത്താര് കണ്ണുതുറന്നപ്പോള്‍ കുറുക്കച്ചന്‍ ആ കാലില്‍ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. ജംബൂകന്‍ കുറുക്കച്ചനെ ആകമാനമൊന്ന് മണത്തുനോക്കി. എന്നിട്ടു പറഞ്ഞു: എഴുന്നേല്‍ക്കൂ… വന്നകാര്യം പറയൂ…

കുറുക്കച്ചന്‍ അപ്പോള്‍ ജംബൂകന്‍ മൂത്താരുടെ കാലില്‍ ഒന്നുകൂടെ മുറുകെപിടിച്ചു. അവന്‍ കരയാന്‍ തുടങ്ങി. കണ്ണുനീര് വീണ് മൂത്താരുടെ കാലുകള്‍ നനഞ്ഞു.

“ഇത്രമാത്രം കരയാന്‍ എന്തുണ്ടായി. ആരാണ് നിന്നോട് ദ്രോഹം പ്രവര്‍ത്തിച്ചത്. പറയൂ… പരിഹാരമുണ്ടാക്കാം.”

കുറുക്കച്ചന്‍ തലയുയര്‍ത്തി. എന്നിട്ടു പറഞ്ഞു. “കിഴക്കന്‍ കാട്. കിഴക്കന്‍കാട്ടിലുള്ളവര്‍ മുഴുവന്‍ എന്നോട് ദ്രോഹം ചെയ്തു. അപമാനിച്ചു. എനിക്കവരോട് പ്രതികാരം ചെയ്യണം.”

കിഴക്കന്‍ കാടെന്നു കേട്ടപ്പോള്‍ ജംബൂകന്‍ മൂത്താര്‍ക്ക് ഒരു ഞെട്ടലുണ്ടായി. തന്നെ കടിച്ചു കീറാന്‍ പിന്നാലെ പാഞ്ഞുവന്ന മൃഗങ്ങള്‍ കണ്ണില്‍ തെളിഞ്ഞു. ശരീരത്തിലെ പഴയ മുറിവുകള്‍ മൂത്താരെ വേദനിപ്പിക്കാന്‍ തുടങ്ങി.

“കിഴക്കന്‍ കാട്… എനിക്കതിനെക്കുറിച്ച് കേള്‍ക്കുക കൂടി വേണ്ട. ഞാനിനി കിഴക്കന്‍ കാട്ടിലേക്കില്ല. സിംഹന്‍, കടുവമന്ത്രി, ആന വൈദ്യര് അവ
രൊക്കെയില്ലേ ഇപ്പോഴുമവിടെ…”

കുറുക്കച്ചന്‍ തലകുലുക്കി. “ഉണ്ട് അവരുടെ ഭരണമാണ് കിഴക്കന്‍ കാട്ടില്‍. നല്ല ഭരണമാണെന്ന് മൃഗങ്ങള്‍ പറയുന്നു.”

“പിന്നേ നീയെന്തിനു വന്നു?”

കുറുക്കച്ചന്‍ കാലുകള്‍ക്കിടയില്‍ നിന്നും വാല് പുറത്തെടുത്തു. വെറുതെയൊന്നാട്ടി. എന്നിട്ട് പറഞ്ഞു. “എനിക്ക് ഒടിവിദ്യ പഠിക്കണം. എന്നെ ശിഷ്യനാക്കണം.”

ജംബൂകന്‍ മൂത്താര് പെട്ടെന്ന് ചാടിയെഴുന്നേറ്റ് പാറപ്പുറത്തുകയറി. എന്നിട്ട് കുറുക്കച്ചനെ തറപ്പിച്ചു നോക്കി. “പോ… പോ… പോ… പെട്ടെന്ന് ഇവിടെനിന്നും പോ…കിഴക്കന്‍ കാട്ടിലെ ഒരു മൃഗത്തേയും എനിക്ക് കാണണ്ട.”k t baburaj, childrens novel,iemalayalam
കുറുക്കച്ചനും വിട്ടില്ല. അവനും ഒരു ചാട്ടം വെച്ചുകൊടുത്തു. പാറപ്പുറത്ത് ജംബൂകന്‍ മൂത്താരുടെ കാലില്‍ ഒന്നുകൂടെ അവന്‍ മുറുകെപ്പിടിച്ചു.

“എന്നെ ഒഴിവാക്കരുത്. എനിക്ക് ഒടിവിദ്യ പഠിക്കണം. നരനായും നരിയായും മാറാന്‍ പഠിക്കണം. പാമ്പായും പറവയായും പറക്കാന്‍ കഴിയണം. ആനവൈദ്യരേയും കുറുക്കിപ്പെണ്ണിനേയും പേടിപ്പിക്കാന്‍ കഴിയണം. മറ്റു മൃഗങ്ങളൊക്കെയും എന്‍റെ മുന്നില്‍ അനുസരണയോടെ നില്ക്കണം. കിഴക്കന്‍ കാട്ടില്‍ എനിക്കൊരു രാജാവിനെപ്പോലെ നടക്കണം…”

കൂയ്… ജംബൂകന്‍ മൂത്താര് ഉറക്കെ ചിരിച്ചു. ആ ചിരി തെക്കന്‍കാടിനെ വിറപ്പിച്ചു. നിന്ന നില്പില്‍ ജംബൂകന്‍ മൂത്താര് പുകപോലെ മാഞ്ഞുപോയി. ഒരു കടവാതില്‍ ഗുഹയ്ക്കകത്ത് വട്ടമിട്ടു പറന്നു. കുറുക്കന്മാർ കൂട്ടമായി ഓരിയിട്ടു. കുറുക്കന്‍ കണ്ണുകള്‍ ഇരുട്ടില്‍ നക്ഷത്രങ്ങള്‍പോലെ തിളങ്ങി.

“മൂത്താരെ…” കുറുക്കച്ചന്‍ വിളിച്ചു. “മൂത്താരെ എന്‍റെ മുന്നില്‍ വാ… വന്നില്ലെങ്കില്‍ ഞാനീ പാറക്കെട്ടില്‍ തലതല്ലിച്ചാവും.”

പെട്ടെന്ന് ഓരികള്‍ നിന്നു. ഗുഹാകവാടത്തില്‍ നിന്നും ഒരു കാട്ടുപോത്ത് പാഞ്ഞുവന്നു. അതിന്‍റെ കൊമ്പുകള്‍ കുറുക്കച്ചനുനേരെ നീണ്ടിരുന്നു.
കുറുക്കച്ചന്‍ അനങ്ങിയില്ല. ഒട്ടും ഭയന്നതുമില്ല. കാട്ടുപോത്ത് അരികെയെത്തിയിട്ടും അവനൊരു കൂസലുമുണ്ടായില്ല. കാട്ടുപോത്തും എങ്ങോ പോയി മറഞ്ഞു. കുറുക്കച്ചന് കണ്ണടച്ച് തുറക്കുമ്പോഴുണ്ട് ജംബൂകന്‍ മൂത്താര് മുന്നില്‍.

“ഭയമില്ലാത്തവനെ ഒരു ഒടിയന് ഒന്നും ചെയ്യാനാവില്ല. നീ ഭയമില്ലാത്തവനാണ്. നിനക്ക് എന്തുവേണമെന്നാണ് പറഞ്ഞത്.”

“എനിക്ക് ഒടിവിദ്യ പഠിക്കണം. അങ്ങയുടെ ശിഷ്യനാവണം.”
“അത്ര എളുപ്പമല്ലത്. കഠിനമാണ്.

“എന്തും സഹിക്കാന്‍ തയ്യാറാണ്. എനിക്ക് പഠിക്കണം.
ഒരൊടിയനാവണം.”

“ശരി. ഇന്ന് പൗര്‍ണ്ണമിയാണ്. തെക്കന്‍ കാട്ടില്‍ നിലാവു പരന്നുകഴിഞ്ഞു. പെട്ടെന്ന് കാവലിപ്പുഴയില്‍ മുങ്ങിനിവര്‍ന്നുവരിക. ഈ രാത്രി തന്നെ തുടങ്ങാം.”

കുറുക്കച്ചന്‍ തിരിഞ്ഞോടാന്‍ തുടങ്ങുംമുമ്പ്, പിന്നില്‍ മൂന്നാമത്തെ കരിങ്കോഴിയുടെ പിടച്ചില്‍ കേട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook