ഗുരു

ജംബൂകന്‍ മൂത്താരുടെ മടയ്ക്കുമുന്നില്‍ കോഴിതൂവലുകള്‍ ചിതറിക്കിടന്നിരുന്നു. കൊക്കും കാലും നഖങ്ങളും. ഉറുമ്പുകള്‍ അവയ്ക്കിടയിലൂടെ ഘോഷയാത്ര പോവുന്നുണ്ട്. കടിച്ചു കുടഞ്ഞ ഒരു കോഴിതലയിലെ ഒറ്റക്കണ്ണ് അവനെ തുറിച്ചുനോക്കി.

കുറുക്കച്ചന്‍ കരിങ്കോഴികളെ താഴെയിട്ട് മൂന്ന് വട്ടം കൂവി. അപ്പോള്‍ രണ്ട് കുറുക്കന്‍തലകള്‍ മടയില്‍ നിന്നും വെളിയിലേക്കു വന്നു. അവര്‍ കുറുക്കച്ചനെ തറച്ചുനോക്കി.
വാലുചുരുട്ടി കാലുകള്‍ക്കിടയില്‍ വെച്ച് രണ്ടുകാലിലിരുന്ന് കുറുക്കച്ചന്‍ തലയിളക്കിപ്പറഞ്ഞു: ‘ജംബൂകന്‍ മൂത്താരെ കാണണം.’

അവന്‍ കരിങ്കോഴികളിലൊന്നിനെ കെട്ടഴിച്ചു മടയ്ക്ക് വെളിയില്‍ വെച്ചു.
വെക്കേണ്ട താമസം പുറത്തുവന്നവനൊരുവന്‍ അതിനേയും കടിച്ച് ഒറ്റയോട്ടം. മറ്റവന്‍ കുറുക്കച്ചനെ തന്നെ നോക്കി. കുറേസമയം വാലാട്ടിനിന്നു. നാവില്‍ നിന്നും ഉമിനീരൊലിപ്പിച്ചു. തിരിഞ്ഞു മടയിലേക്കു നടക്കുന്നു.k t baburaj ,childrens novel, iemalayalam
അത് അകത്തേക്കുവരാനുള്ള സൂചനയാണ്. അവശേഷിക്കുന്ന കരിങ്കോഴികളെയും കടിച്ചുപിടിച്ച് കുറുക്കച്ചന്‍ രണ്ടാമന് പിന്നാലെ നടന്നു. അതൊരു വലിയ മടയായിരുന്നു. പുറമേ നിന്നു നോക്കുമ്പോള്‍ മാത്രം ചെറുത്. അകത്ത് ചെല്ലുന്തോറും മട വലുതായി വലുതായി വന്നു. ഇരുട്ടില്‍ കുറുക്കമാരുടെ കണ്ണുകള്‍ അവിടെയുമിവിടെയുമെല്ലാം തിളങ്ങിക്കൊണ്ടിരുന്നു. അപ്പോള്‍ ഇവിടെ വേറെയും കുറുക്കമാരുണ്ടെന്ന് മനസ്സിലായി.

രണ്ടാമന്‍ കുറുക്കച്ചനെ പാറയുടെ ഒരു വിള്ളലിലേക്ക് കൊണ്ടുപോയി. അവിടെ ജംബൂകന്‍ മൂത്താര് രണ്ട് കാലില്‍ നിന്ന് രണ്ടു കൈകളുമുയര്‍ത്തി ആകാശത്തേക്ക് നോക്കി നില്പ്പാണ്.
ധ്യാനത്തിലായിരിക്കും. കുറേ നേരത്തേക്ക് മൂത്താര് ഒന്നും മിണ്ടിയില്ല. പല്ലില്‍ കിടന്ന് കഴുത്ത് വേദനിച്ചതിനാലാവണം കരിങ്കോഴികള്‍ ഒച്ചവെക്കാന്‍ തുടങ്ങി. ജംബൂകന്‍ മൂത്താര് തലതാഴ്ത്തി കൈകള്‍ താഴ്ത്തി നാലുകാലില്‍ നിന്നു.

ഓ… എന്തൊരു തേജസ്സാണ് ആ മുഖത്തിന്. കണ്ണുകള്‍ നക്ഷത്രംപോലെ തിളങ്ങുന്നു. വാല് ഒട്ടും അനങ്ങിയില്ല. കുറുക്കച്ചനെ നോക്കി ജംബൂകന്‍ മൂത്താര് ഉറക്കെയൊന്നു കൂവി. എന്തുവേണമെന്നാണ് കൂവലിലടങ്ങിയ ചോദ്യം.

കടിച്ചുപിടിച്ച കരിങ്കോഴികളിലൊന്നിനെ കുറുക്കച്ചന്‍ മൂത്താരുടെ കാല്ക്കീഴിലിട്ടു.
ജംബൂകന്‍ അതിനെ തട്ടിയും മണത്തും നോക്കി. പിന്നെ അതിനേയും കടിച്ച് പാറയുടെ വിള്ളലിലേക്ക് ഒരു ചാട്ടം. തിരിച്ചുവരാന്‍ കുറച്ചുനേരമെടുത്തു. തിരിച്ചുവന്നപ്പോള്‍ കരിങ്കോഴിയുടെ പൂട മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നതുകണ്ടു. ചുണ്ടില്‍ പറ്റിക്കിടന്ന ചോര നാവുകൊണ്ട് നുണയുന്നതും കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook