ദേ… പിന്നെയും ഒടിയന്‍ – ഭാഗം 5

എന്തിനുപോകുന്നു എങ്ങോട്ടുപോകുന്നു എന്നൊന്നും ആരോടും പറയണ്ട. പോകുന്നതിനു മുമ്പ് ഒന്നുകൂടി കുറുക്കിപ്പെണ്ണിനെ കണ്ടാലോ…അതെ ഒന്നുകൂടി കുറുക്കിപ്പെണ്ണിനെ കാണണം. വെറുതേ…കാണണം

കോഴിക്കള്ളന്‍

കിഴക്കന്‍ കാട് കടക്കണം. ചോനന്‍ കുന്ന് കയറണം. കാവലിപ്പുഴ നീന്തണം, എന്നാലെ തെക്കന്‍ കാട്ടിലെത്തൂ. ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതാണ്. അവിടെ ചെന്ന് എങ്ങനെയെങ്കിലും ജംബൂകന്‍ മൂത്താരെ കാണണം.  കാലില്‍ വീണ് കരയണം. എന്നെയൊന്ന് ശിഷ്യനാക്കണമെന്ന്. ഒടി വിദ്യ പഠിപ്പിക്കണമെന്ന്. അതിന് എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന്.

പോന്ന പോക്കില്‍ മൂന്ന് കരിങ്കോഴിയെ സംഘടിപ്പിക്കണം. ദക്ഷിണ വെക്കാന്‍.
കാണാന്‍ വരുന്നോര് മൂത്താരുടെ മടയില്‍ കടക്കുന്നതിനുമുമ്പ് കോഴിയൊന്നിനെ മടയ്ക്ക് വെളിയില്‍ വെക്കണം. കാല്‍ക്കീഴിലും വെക്കണം മറ്റൊന്ന്. കാര്യം പറഞ്ഞ് തിരിച്ചുപോരുമ്പോള്‍ കൊടുക്കാനുള്ളതാണ് മൂന്നാമത്തേത്.

അതും കരിങ്കോഴിതന്നെ വേണം. നല്ല മൂപ്പുള്ളത്. കുറുക്കച്ചന്‍ കാട്ടുവഴിയില്‍ നിന്നും നാട്ടുവഴിയിലേക്കിറങ്ങി. മനുഷ്യക്കോളനിയില്‍ കോഴിഫാമുകളുണ്ട്. അവിടെ പുലരാന്‍കാലത്തെത്തണം. ആളുകള്‍ ഉണരുന്നതിനുമുമ്പേ സൂര്യനുദിക്കുന്നതിനുമുമ്പേ…

ഏതോ ഒരു തമിഴന്‍റെ ഫാംമാണ്. ബ്രോയിലറും ലഗോണും നാടനുമൊക്കെ വെവ്വേറെ കൂട്ടിലാണ്. കരിങ്കോഴികളുടെ കൂട് വേറെയാണ്. പൂജയ്ക്കും മന്ത്രവാദത്തിനുമൊക്കെയാണ് കരിങ്കോഴികളെ കൊണ്ടുപോവുക.
ഫാമിനകത്തേക്കുള്ള വഴി തപ്പിക്കൊണ്ട് കുറുക്കച്ചന്‍ ചുറ്റിനടന്നു.

അകത്തുകടന്നാല്‍ മാത്രം പോരാ പുറത്തും കടക്കണം. പുലര്‍ച്ചക്ക് കാവല്‍ക്കാരെല്ലാം നല്ല ഉറക്കത്തിലായിരിക്കും. കോഴികളും ഉറക്കത്തിലായിരിക്കും. ഒരു ചെറിയ ഒച്ച കേള്‍ക്കുകയേ വേണ്ടൂ. അവറ്റകള്‍ ഉണരും. ഒച്ചവെക്കാന്‍ തുടങ്ങും. അപ്പോള്‍ കാവല്‍ക്കാരും ഉണരും, ടോര്‍ച്ചും മുട്ടന്‍വടിയുമായി ഓടിവരും.

കോഴിക്കൂടുകളൊക്കെ ഇത്തിരി ഉയരത്തിലാണ്. അതുകൊണ്ട് അടിയിലൂടെ പതുങ്ങിപ്പതുങ്ങി നടക്കണം. കുറുക്കച്ചന്‍ വിചാരിച്ചു. എവിടെയെങ്കിലും ഒരു വിള്ളല്‍ കാണാതിരിക്കില്ല. ഒരു നേരം ഒന്നിനെ മാത്രമേ കടിച്ചോടാന്‍ പറ്റൂ. വീണ്ടുമൊന്നിനെ. വീണ്ടുമൊന്നിനെ… പിടിച്ചതിനെ ഭദ്രമായി മടയില്‍ കൊണ്ടുവെക്കണം. ഓടിപ്പോവാതെ നോക്കണം.kt baburaj,childrens novel, iemalayalam
രണ്ടുദിവസം പണിപ്പെട്ടിട്ടാണ് കുറുക്കച്ചന് മൂന്ന് കരിങ്കോഴികളെ കിട്ടിയത്. മൂന്നിന്‍റേയും കാലുകള്‍ കൂട്ടിക്കെട്ടി അവനതിനെ മടയില്‍ കൊണ്ടിട്ടു. നാളെ രാത്രി നിലാവുദിക്കുമ്പോള്‍ പുറപ്പെടണം. നേരം വെളുക്കുമ്പോഴേക്കും തെക്കന്‍ കാട്ടിലെത്തണം.

എന്തിനുപോകുന്നു എങ്ങോട്ടുപോകുന്നു എന്നൊന്നും ആരോടും പറയണ്ട. പോകുന്നതിനു മുമ്പ് ഒന്നുകൂടി കുറുക്കിപ്പെണ്ണിനെ കണ്ടാലോ… അതെ ഒന്നുകൂടി കുറുക്കിപ്പെണ്ണിനെ കാണണം. വെറുതേ… കാണണം.

അവന്‍ ചാടിയെഴുന്നേറ്റു. തന്‍റെ വാലിന്‍ തുമ്പത്ത് കുറേനേരമായി ചുറ്റിപ്പറ്റി പറക്കുന്ന മണിയനീച്ചയെ ഒറ്റയടിക്കവന്‍ വായിലാക്കി. നാവുകൊണ്ടു ചുണ്ടുതുടച്ചു. പിന്നെ ഒറ്റപ്പാച്ചില്‍. കാട്ടുചോലയ്ക്കരികിലെ നീര്‍ച്ചാട്ടത്തിനടുത്ത് പതുങ്ങിയിരിക്കുകയാണ് കുറുക്കിപ്പെണ്ണ്. വെള്ളത്തില്‍ ചാടുന്ന മീനുകളെ തുള്ളിപ്പിടിക്കുകയാണവള്‍.

ഇടയ്ക്കിടെ ഒരോന്നിനെ കിട്ടുന്നുണ്ട്. ഒരു മുഴുത്ത വരാലിലാണ് അവളുടെ ഉന്നം. വരാലാവട്ടെ ചാടാന്‍ മടിച്ച് ഇടയ്ക്കിടെ തിരിച്ചു നീന്തുന്നു. വീണ്ടും വരുന്നു. വരാലിന്‍റെ മുഴുപ്പുകണ്ട് കുറുക്കിപ്പെണ്ണിന്‍റെ വായില്‍ വെള്ളം നിറയുന്നുണ്ട്.
വരാല്‍ താഴേക്ക് ചാടിയ നിമിഷം കുറുക്കച്ചന്‍ വലിയവായില്‍ ഒച്ചയിട്ടു. കുറുക്കിപ്പെണ്ണിന്‍റെ ശ്രദ്ധതെറ്റി. വരാലാവട്ടെ വാലിളക്കി വെള്ളത്തിലേക്കൂളിയിട്ടു.

“ഛെ… കളഞ്ഞു,” കുറുക്കിപ്പെണ്ണ് അരിശത്തോടെ കുറുക്കച്ചനെ നോക്കി.
“ശല്യം… വായില്‍ കിട്ടിയതായിരുന്നു. തെറ്റിച്ചുകളഞ്ഞു.”

കുറുക്കച്ചന്‍ ഒരു ധീരനെപ്പോലെ തലയുയര്‍ത്തി വാലിളക്കി നിന്നു. കുറുക്കിപ്പെണ്ണിനെ നോക്കി മനോഹരമായി ചിരിച്ചു. കുറുക്കിപ്പെണ്ണ് വെറുപ്പോടെ അവനെ നോക്കി മുഖംതിരിച്ചു.

തിരിഞ്ഞോടാന്‍ ഒരുങ്ങിയപ്പോള്‍ കുറുക്കച്ചന്‍ പറഞ്ഞു. ഞാന്‍ നാളെ തെക്കന്‍കാട്ടിലേക്ക് പോവുകയാണ്. അതുകേട്ടപ്പോള്‍ കുറുക്കിപ്പെണ്ണ് അവന്‍റെ നേരെ തിരിഞ്ഞുനിന്നു.

“എവിടെയെങ്കിലും പോയി നശിക്ക്…” അതുംപറഞ്ഞ് തിരിഞ്ഞോടിയ അവള്‍ക്ക് പിന്നാലെ ഓടിയാലോ എന്ന് കുറുക്കച്ചന്‍ ഒരു നിമിഷം ഓര്‍ത്തതാണ്. പിന്നെ വേണ്ടെന്നുവെച്ചു.

അരിശത്തോടെ അവന്‍ നീരൊഴുക്കിലേക്ക് എടുത്തുചാടി. നിവരുമ്പോള്‍ അവന്‍റെ വായില്‍ വലിയൊരു വരാല്‍. പിടക്കുന്ന വരാലിനെ അവന്‍ കറുമുറാ കടിച്ചുതിന്നു.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel de pinnem odiyan part 5

Next Story
ദേ… പിന്നെയും ഒടിയന്‍ – ഭാഗം 4k t baburaj, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com