Latest News

ദേ… പിന്നെയും ഒടിയന്‍ – ഭാഗം 4

വരൂ, നമുക്ക് നിലാവിൽ കുളിച്ചു നിൽക്കുന്ന കാട്ടിലേക്ക് പോവാം, അവിടെ വരാലിനെ കറുമുറെ തിന്നുകയും പിന്നെ ഒടി വിദ്യ ചെയ്ത് കാട്ടുപോത്തായും ചുഴലിക്കാറ്റായും മാറുകയും ചെയ്യുന്ന കുറുക്കച്ചനുണ്ടല്ലോ, ആ കക്ഷിയെ കണ്ടു വരാം

k t baburaj, childrens novel, iemalayalam

ജംബൂകന്‍ മൂത്താര്

ഒടിവിദ്യ പഠിക്കണം. ആ ഒരേയൊരു ചിന്തയിലാണ് കുറുക്കച്ചന്‍ ഒടി മറഞ്ഞ് ശത്രുക്കളെ പേടിപ്പിക്കണം. പനിപ്പിച്ച് കിടത്തണം. കാളക്കൊമ്പില്‍ കോര്‍ക്കണം. പേടിപ്പിച്ച് മൃഗങ്ങളെക്കൊണ്ട് ബഹുമാനിപ്പിക്കണം.

അതിന് ഒടിവിദ്യ പഠിച്ചേ മതിയാവൂ. കാടകത്തെ ഒടിയന്‍ കിഴക്കന്‍ കാടുവിട്ട് ദൂരെയെങ്ങോ ഓടിപ്പോയതാണ്. അല്ല ഓടിച്ചു വിട്ടതാണ് ഭയപ്പാടോടെ മൃഗങ്ങളെല്ലാം കൂടി സിംഹനെ സാഷ്ടാംഗം നമസ്കരിച്ച് അഭ്യര്‍ത്ഥിച്ചപ്പോള്‍ സിംഹന്‍ സമ്മതിച്ചതാണ് ഒടിയനെ കൊണ്ടുള്ള ശല്യം അവസാനിപ്പിക്കാം എന്ന്.

ഗുഹയില്‍ കയറി ജംബൂകന്‍ സിംഹിയേയും പേടിപ്പിച്ചതോടെ സിംഹന്‍റെ തീരുമാനം കനത്തു.
ഒന്നുകില്‍ അവനെ കൊല്ലണം. അല്ലെങ്കില്‍ കാടുകടത്തണം. വധശിക്ഷ നടപ്പാക്കുന്നതിനിടയില്‍ അവന്‍ ഒടിവിദ്യ കാട്ടിയാലോ എന്ന് പേടിച്ചാണ് സിംഹന്‍ ജംബൂകനെ കാടുകടത്താന്‍ ഉത്തരവിട്ടത്.

സക്ഷാല്‍ സിംഹനെപ്പോലും പേടിപ്പിച്ചയാളാണ് ജംബൂകന്‍ മൂത്താര്. കടുവ മുഖ്യന്‍റെ മകളെ പേടിപ്പിച്ച് ബോധം കെടുത്തിയതും ജംബൂകനാണത്രേ. കാടാകെ വിറപ്പിച്ച ജംബൂകന്‍ കിഴക്കന്‍കാടിന്‍റെ അധികാരം തന്നെ പിടിച്ചെടുക്കുമോ എന്നൊരു സംശയംപോലും സിംഹന് ഉണ്ടായി. അതുകൊണ്ടാണ് സിംഹന്‍ കടുത്ത തീരുമാനമെടുത്തത്.

ബൂകനെ കല്ലെറിഞ്ഞ് ഓടിക്കുക. ചോനന്‍ കുന്ന് കയറ്റുക. കാവലിപ്പുഴകടത്തുക.
സത്യത്തില്‍ നല്ല സ്നേഹമുള്ളവനാണ് ജംബൂകന്‍ മൂത്താര് എന്നാണ് കേട്ടിട്ടുള്ളത്. ആരെങ്കിലും ചെന്ന് കാലില്‍ വീണ് കരഞ്ഞ് എന്നെ രക്ഷിക്കണേ മൂത്താരെയെന്ന് അപേക്ഷിക്കുമ്പോള്‍ മാത്രമാണ് മൂത്താര് വഴങ്ങുന്നത്. ദക്ഷിണയായി കോഴിയെവെക്കാന്‍ പറയും. വെള്ളരിവെക്കാന്‍ പറയും. പിന്നെ കാര്യമെന്താണെന്നു പറയന്‍ പറയും. അപ്പോഴാണ് മൃഗങ്ങള്‍ തങ്ങളുടെ പരാതി പറയുക.

ആ കാട്ടുപന്നീടെ മോനെക്കൊണ്ട് സഹിക്കാന്‍ പറ്റുന്നില്ല മൂത്താരെ. എന്‍റെ മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ. വല്ല കാട്ടുകിഴങ്ങും പറിച്ചുതിന്നാനായി പുറത്തിറങ്ങുകയേ വേണ്ടൂ. അപ്പോഴേക്കും പന്നീന്‍റെ മോന്‍ ചാടി വീഴും. മുള്ള് കുടഞ്ഞ് മക്കളെ വേദനിപ്പിക്കും. ഈയിടെ ഒരു മുള്ള് ഇളയവളുടെ കണ്ണിലാകൊണ്ടത്. കണ്ണുപോയി. മൂത്താര് ഒന്നവനെ ഒടിവെക്കണം. അരിപ്പല്ലന്‍ മുയല് പറഞ്ഞു.

kt baburaj,childrens novel, iemalayalam
കുറുമ്പന്‍ കുരങ്ങന്‍റെ പരാതി വേറെയാണ്. മരത്തില് പാഞ്ഞ് കയറി കടുവച്ചാര് തള്ളിത്താഴെയിടുന്നു. കാലൊടിഞ്ഞു. മരം കയറാന്‍ വയ്യ. ഞങ്ങള് പാവങ്ങളായതുകൊണ്ടല്ലേ. അവനിങ്ങനെയൊക്കെ ചെയ്യുന്നത്. കുറുമ്പന്‍ കുരങ്ങന്‍ കരച്ചില്‍ നിര്‍ത്തിയില്ല.

കരച്ചിലാണ് ജംബൂകന്‍ മൂത്താരുടെ പ്രശ്നം. ആരുടെയും കരച്ചില്‍ കാണാന്‍ വയ്യ. ആരെങ്കിലും കരഞ്ഞാല്‍ മൂത്താരും കരയും. അപ്പോള്‍ മൂത്താരുടെ മനസ്സ് കലങ്ങും. ‘എന്നാല്‍ അവനെയൊരു പാഠം പഠിപ്പിക്കണമല്ലോ…’ മൂത്താര്‍ എഴുന്നേല്‍ക്കും.
ദക്ഷിണ കൊണ്ടുവന്നിട്ടുണ്ടോ.

ഉണ്ടേ… വന്നവര്‍ കോഴിയെ മുന്നിലേക്ക് നീട്ടിവെക്കും. വെള്ളരിക്കയും വെക്കും.
ശരി. നേരമിരുട്ടട്ടെ. മൂത്താരു പറയും. നേരമിരുട്ടിയാല്‍ കാടാകെ ഇരുട്ടിലാണ്ടാല്‍ മൂത്താര് ഉണരും. കാട്ടുമുത്തിയെ ധ്യാനിച്ചുകൊണ്ട് ചെപ്പില്‍ സൂക്ഷിച്ചുവെച്ച മഷിയെടുത്ത് കണ്ണിനുചുറ്റും പുരട്ടും. ചെവികള്‍ക്കു പുറകിലും തേക്കും. കരിമ്പടം കൊണ്ട് ആകമാനമൊന്നു പുതക്കും. മനസ്സില്‍ മന്ത്രം ജപിക്കും. അപ്പോള്‍ ശത്രു കണ്ണില്‍ തെളിയും. മനസ്സിലൊരു രൂപം വിചാരിക്കും. കടവാതിലോ, കാട്ടുപോത്തോ അങ്ങനെയെന്തെങ്കിലും തെളിയും… പിന്നെയൊരു കുതിപ്പാണ്.

അന്ന് രാത്രി കിഴക്കന്‍ കാട്ടില്‍ ശകുനങ്ങള്‍ തെളിയും. ഒരിലപോലും അനങ്ങില്ല. കാറ്റ് വീശില്ല. കാലന്‍കോഴികള്‍ മാത്രം ഉറക്കെ കരഞ്ഞുകൊണ്ട് പാഞ്ഞുപോകും. മരക്കൊമ്പത്തും പാറക്കെട്ടിലും പൊത്തിലും മടയിലുമെല്ലാം. മൃഗങ്ങള്‍ മക്കളേയും പൊത്തിപ്പിടിച്ച് കിടക്കും.
ഒടിയന്‍ വരുന്നുണ്ട് മക്കളെ വേഗമുറങ്ങിക്കോ…

കുട്ടികള്‍ പേടിച്ചു വിറച്ച് വേഗത്തില്‍ ഉറങ്ങിക്കോളും. പിറ്റേന്ന് കാലത്ത് കഴുത്തൊടിഞ്ഞു കിടക്കുന്ന കടുവച്ചാരെയും തൂക്കിയെടുത്ത് കടുവക്കൂട്ടങ്ങള്‍ ആന വൈദ്യരെക്കാണാനെത്തും. മുള്ളു മുഴുവന്‍ കൊഴിഞ്ഞുപോയ പന്നി പുറത്തിറങ്ങാന്‍ മടിച്ച് കാട്ടുപൊന്തയില്‍ ഒളിച്ചുകിടക്കും.

എന്താ പറ്റിയെ… ആനവൈദ്യന്‍ ചോദിക്കും.
ആ ജംബൂകന്‍ മൂത്താര് ഒടിവെച്ചതാണേ… തണ്ടൊടിഞ്ഞ് കടുവച്ചാര് നിലവിളിക്കും.
അവനെ കൊണ്ടുള്ള ശല്യം ഇച്ചിരി കൂടുന്നുണ്ടല്ലോ. ആന വൈദ്യരു പറയും.
കൂടുന്നുണ്ട് കൂടുന്നുണ്ട്. ഒപ്പം വന്നവര്‍ ഏറ്റുപിടിക്കും.

അവനാണ് കാട്ടിലെ രാജാവെന്നാ അവന്‍റെയൊരു വിചാരം.
ആരോ ഇടയില്‍ കയറി പറയും. ആ വിചാരം ഒന്ന് കുറച്ചുകൊടുക്കണ്ടേ… ആനവൈദ്യന്‍ ചോദിക്കും.

വേണം… വേണം. എല്ലാവരും ഒന്നിച്ചു പറയും.
അപ്പോള്‍ ആനവൈദ്യന്‍ തന്‍റെ തുമ്പിക്കൈയുയര്‍ത്തി ഉറക്കെയൊന്ന് ചിന്നം വിളിക്കും.
ആ ചിന്നം വിളിയില്‍ കിഴക്കന്‍ കാട് കിടുങ്ങും.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel de pinnem odiyan part 4

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com