ഒടിയന്
കിഴക്കന്‍ കാട്ടില്‍ ഒരു ഒടിയനെ ഉണ്ടായിരുന്നുള്ളൂ. ജംബൂകന്‍ മൂത്താര്. മഹാമാന്ത്രികനായിരുന്നത്രേ. അസാമാന്യ ധൈര്യശാലി. കാട്ടിലെ മൃഗങ്ങളെയെല്ലാം കിടുകിടെ വിറപ്പിച്ചവന്‍.
ആ ഒടിയനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഭീകരനാണവന്‍. ഏതിരുട്ടിലും പ്രത്യക്ഷപ്പെടും. ഏത് രൂപത്തിലും പ്രത്യക്ഷപ്പെടും. കാളയായും കാട്ടുപോത്തായും പാമ്പായും പറവയായും ഏതു രൂപത്തിലും അവന്‍ വരും. കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് കുത്തി മലര്‍ത്തും. ചിലപ്പോള്‍ പേടിപ്പിച്ച് കിടത്തും. പേടിച്ച് പനി പിടിച്ച് ചത്തുപോയവരുണ്ട്.
ഒടിയന് കാട്ടുരാജാവായ സിംഹനേയും മഹാ മന്ത്രിയായ കടുവച്ചാരേയും വരെ ഒടിവെക്കാം. കിഴക്കന്‍ കാട്ടില്‍ ഒടിയനെ കുറിച്ചുള്ള പരാതികള്‍ കൂടിയപ്പോഴാണ് സിംഹന്‍ ജംബുകന്‍ മൂത്താരെ കാടുകടത്തിയത് എന്നാണ് കഥ. വടക്കന്‍ കാട്ടിലും കിഴക്കന്‍ കാട്ടിലും കണ്ടുപോകരുതെന്ന് അന്ത്യശാസനം പുറപ്പെടുവിച്ചുപോലും.
Read Also: ദേ… പിന്നെയും ഒടിയന്‍ – ഭാഗം 1
അങ്ങനെയാണ് ജംബൂകന്‍ മൂത്താര് കിഴക്കന്‍ കാട്ടില്‍ നിന്നും തെക്കന്‍ കാട്ടിലേക്ക് പാഞ്ഞുപോയത്. തെക്കന്‍ കാട് സിംഹന്‍റെ അധികാരപരിധിക്ക് പുറത്താണ്. മാത്രമല്ല, സിംഹന്‍റെ ശത്രുരാജ്യവുമാണ്.
കാട്ടിലെ സൈന്യവും മൃഗങ്ങളുമെല്ലാം ജംബൂകന്‍ മൂത്താരുടെ പിന്നാലെയുണ്ടായിരുന്നു. ഓടിയോടി തളര്‍ന്ന് പൊന്തയിലും മടകളിലും ഒളിച്ച് പിന്നാലെ വരുന്നവരെ ചിലപ്പോള്‍ ഒടിവിദ്യ കാട്ടി പേടിപ്പിച്ച് ഒരു വിധത്തിലാണ് ജംബൂകന്‍ മൂത്താര് കിഴക്കന്‍കാട് കടന്നത്.
ഏറ് കൊണ്ടതിന്‍റേയും തടഞ്ഞു വീണതിന്‍റേയും ഒട്ടേറെ മുറിവുകള്‍ മൂത്താരുടെ ശരീരത്തില്‍ പതിഞ്ഞ് കിടന്നിരുന്നു. പലയിടത്തു നിന്നും ചോര പൊടിയുന്നുണ്ട്. കാവലിപ്പുഴയില്‍ കഴുത്തോളം വെള്ളത്തില്‍ അമര്‍ന്നു കിടന്നപ്പോള്‍ മീനുകള്‍ വന്ന് മുറിവില്‍കൊത്തി. വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഉറക്കെക്കൂവി.
Read Also: ദേ… പിന്നെയും ഒടിയന്‍ – ഭാഗം 2
അസമയത്തുള്ള ജംബൂകന്‍ മൂത്താരുടെ കൂവല്‍ കേട്ട് തെക്കന്‍ കാട് വിറച്ചുപോയി. അപ്പോള്‍ കാടിനുമേല്‍ കരിമേഘക്കൂട്ടങ്ങള്‍ പാഞ്ഞെത്തി. നട്ടുച്ചയ്ക്കും കാടകം കറുത്തിരുണ്ടു. കാലന്‍കോഴികള്‍ അത്യുച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നു. ഇടിമുഴക്കങ്ങളുണ്ടായി. മഴ പെയ്യാന്‍ തുടങ്ങി. നിര്‍ത്താത്ത മഴ. മരങ്ങള്‍ പരസ്പരം തലതല്ലി മറിഞ്ഞുവീണു. ചോണന്‍ കുന്നില്‍ ഉരുള്‍പൊട്ടി. കാടാകെ കുത്തിയൊലിച്ചു പാഞ്ഞു.
ജംബൂകന്‍ മൂത്താരുടെ കൂവല്‍ നിന്നപ്പോഴാണ് മഴ നിന്നത്. തെക്കന്‍ കാട് ശാന്തമായത്. കഥയാണ് തെക്കന്‍കാട്ടിലെ ജംബൂകന്‍ മൂത്താരെന്ന ഒടിയനെക്കുറിച്ച് പറഞ്ഞുകേട്ട കഥ.