കഥതീരുമ്പോള്‍…

പാറമടക്കു പുറത്തെ കുറ്റിക്കാട്ടില്‍ ഇളം വെയിലും കൊണ്ടിരിക്കുകയായിരുന്നു. മുറിവാലനും കുറുങ്കാലനും.

കുറേ ദിവസമായി നല്ല തീറ്റയാണ്. ആവശ്യത്തിന് മുയല്‍ കാട്ടുകോഴി, താറാവ് അങ്ങനെയെന്തും. കുറുക്കച്ചന്‍റെ ഒപ്പം കൂടുകയേ വേണ്ടൂ. ബാക്കിയെല്ലാം കുശാല്‍ വയറുനിറയുമ്പോ പാറപ്പുറത്തു പാഞ്ഞു കയറി ഉറക്കെ കൂവണം. കുറ്റിക്കാട്ടിലിരുന്ന് വെയില്‍ കായണം. കാട്ടുചോലയില്‍ കുളിച്ചു തിമര്‍ക്കണം. ഇത്രയും സുഖകരമായ ജീവിതം മുമ്പൊന്നും ജീവിച്ചിട്ടില്ല. കുറുക്കച്ചന്‍റെ അനുഗ്രഹം.

അവരങ്ങനെ വെയില്‍ കൊണ്ടും സൊറ പറഞ്ഞും നില്‍ക്കേ പെട്ടൊന്നൊരു രൂപം പാറമടക്കുമുന്നിലായി വന്നു നിന്നു. ഒരു സുന്ദരിക്കുറുക്കച്ചി.അവളെ കണ്ട് മുറിവാലന്‍ ഒന്ന് ഓരിയിട്ടു. കുറുങ്കാലന്‍ ചെറുതായൊന്ന് മുരളാന്‍ തുടങ്ങി. കുറുക്കിപ്പെണ്ണ് അവരെ തിരിഞ്ഞുനോക്കിയതേയില്ല. പാറമടയ്ക്കു മുന്നിലിരുന്ന് ദയനീയമായി അവള്‍ ഓരിയിട്ടുകൊണ്ടിരുന്നു. അതൊരു കരച്ചിലായിരുന്നു. വേദനയോടെയുളള കരച്ചില്‍. ആകരച്ചില്‍ കേട്ടാണ് കുറുക്കച്ചന്‍ മടയ്ക്കു പുറത്തുവന്നത്.

കുറുക്കച്ചന് വിശ്വസിക്കാനെ കഴിഞ്ഞില്ല.

ആരാണ് പുറത്ത് നില്‍ക്കുന്നത്.

കുറുക്കച്ചനെ കണ്ടതും കുറുക്കിപ്പെണ്ണിന്‍റെ കരച്ചില്‍ ഉച്ചത്തിലായി.

കുറ്റങ്ങളോരോന്നായി ഏറ്റുപറയുന്നതുപോലെയായിരുന്നു അവളുടെ കരച്ചില്‍.

കുറുക്കച്ചനുമുന്നില്‍ മാപ്പുപറയുന്നതുപോലെ ശിരസ്സ് നിലത്തുമുട്ടിച്ച് പെട്ടെന്നവള്‍
തിരിഞ്ഞോടി.

കുറുക്കച്ചന് വല്ലാത്തൊരു രസം തോന്നി. കുറുക്കിപ്പെണ്ണ് … അവളിതാ അഹങ്കാരങ്ങളെല്ലാം മാറ്റി വെച്ച് തന്‍റെ കാല്‍ക്കീഴില്‍ മാപ്പപേക്ഷിച്ചു വന്നിരിക്കുന്നു.

കുറുക്കച്ചന് വല്ലാത്ത അഹങ്കാരം തോന്നി.

എങ്കിലും കുറുക്കിപ്പെണ്ണ് ഇങ്ങനെ കരഞ്ഞതില്‍ അല്പം സങ്കടവും തോന്നി.

അവള്‍ പാഞ്ഞു പോവുകയാണ്.

കുറുക്കച്ചന്‍ അവളെ നോക്കി നീട്ടി ഓരിയിട്ടു.

അവള്‍ നിന്നു. തിരിഞ്ഞുനോക്കി കൊണ്ട് വീണ്ടും ഓടിപ്പോയി.

കുറുക്കച്ചന്‍റെ ഓരികള്‍ അവള്‍ കേട്ടതേയില്ല.

കുറുക്കിപെണ്ണിനെ കെട്ടുന്നതിലൂടെയെ എന്‍റെ പ്രതികാരം പൂര്‍ത്തിയാവുകയുള്ളൂ.
കുറുക്കച്ചന്‍ കരുതി.

അവന്‍ കുറുക്കിപ്പെണ്ണിനു പിന്നാലെ പാഞ്ഞു.k t baburaj , childrens novel, iemalayalam

കുറുക്കിപ്പെണ്ണ് പാഞ്ഞു ചെന്ന് കുറുക്കന്‍ പാറയ്ക്കു മുകളില്‍ നിന്നു.

കുറുക്കച്ചനും പാറപ്പുറത്തേക്ക് എടുത്തുചാടി.

വേണമെങ്കില്‍ അവളോടു ക്ഷമിക്കാം. മാപ്പുകൊടുക്കാം. അവളെ കെട്ടാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്.
കുറുക്കച്ചന്‍ കണ്ണുകാട്ടി അവളെ അടുത്തേക്ക് വിളിച്ചു.

പതുക്കെപതുക്കെ ഭീകരമായ ഒരു നിഴല്‍ കുറുക്കച്ചനു മുകളില്‍ വന്നു നിന്നു.
ഞെട്ടിത്തിരിഞ്ഞപ്പോള്‍ വലിയ നാലു തൂണുകള്‍ക്കിടയില്‍ താന്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കുറുക്കച്ചന് മനസ്സിലായി.

ആന വൈദ്യരുടെ കാലുകള്‍ക്കിടയില്‍ നിന്നും പുറത്തേക്കു ചാടാന്‍ കുറുക്കച്ചന്‍ ഒരു ശ്രമം നടത്തിയതാണ്.അപ്പോഴാണ് തന്‍റെ വാല്‍ ആന വൈദ്യരുടെ കാല്‍ക്കീഴില്‍ അമര്‍ന്ന് കിടക്കുന്നത് കണ്ടത്.
അവന്‍ ഓടിമറയാന്‍ ഒരു ശ്രമം നടത്തിയതാണ്. നടന്നില്ല. മന്ത്രങ്ങളൊന്നും കൃത്യമായി വരുന്നില്ല.
അവന്‍ ഒന്നുകൂടെ പിടഞ്ഞു. വൈദ്യരുടെ കാലെങ്ങാനും തന്‍റെ ദേഹത്തു പതിഞ്ഞാല്‍ പിന്നെ ചിന്തിക്കേണ്ടതില്ല.
കുറുക്കച്ചന്‍ സര്‍വ്വശക്തിയുമെടുത്ത് ആനവൈദ്യരുടെ കാലില്‍ കടിച്ചു.

ആനവൈദ്യരാവട്ടെ ഒരു പൂപോലെ അവനെ പൊക്കിയെടുത്തു. വാലില്‍ ചുരുട്ടി മൂന്നുവട്ടം ചുറ്റി.
കുറുക്കച്ചന്‍ ആര്‍ത്ത് നിലവിളിച്ചു.

എല്ലുകള്‍ ഓരോന്നായി നുറുങ്ങുകയാണ്. നാഡിഞരമ്പുകള്‍ മുറിയുകയാണ്.

കാതിലൂടെയും വായിലൂടെയും ചോര ഒഴുകുകയാണ്

കണ്ണില്‍ നിന്നും കാഴ്ചകള്‍ മറയുകയാണ്.

തന്നില്‍ നിന്നും ജീവന്‍ പറിഞ്ഞു പോവുന്നു എന്ന് തോന്നിത്തുടങ്ങിയ ആ നിമിഷം തന്നെയാണ് ആന വൈദ്യര്‍ അവനെ ഒന്നുകൂടെ വേഗത്തില്‍ ആകാശത്തില്‍ കറക്കി ദൂരെക്ക് വലിച്ചെറിഞ്ഞത്.

ഒരു നിലവിളിപ്പോലുമില്ലാതെ കരിമ്പാറക്കൂട്ടങ്ങളിലേക്ക് കാട്ടുകോഴിയെപ്പോലെ പറന്നുപോവുന്ന കുറുക്കച്ചനെ നോക്കി കുറുക്കിപ്പെണ്ണ് പല്ലു ഞെരിച്ചു. അവള്‍ മുന്നിലുള്ള പാറക്കെട്ടിനു മുകളില്‍ പാഞ്ഞുകയറി ഉച്ചത്തില്‍ കൂവാന്‍ തുടങ്ങി.

ആ സമയം കിഴക്കന്‍ കാട്ടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും കുറുക്കډാര്‍ പുറത്തിറങ്ങുകയും അവര്‍ സന്തോഷത്തോടെ കൂട്ടമായി ആ കൂവലിനൊപ്പം കൂടി.

തുമ്പികൈയുയര്‍ത്തി ആന വൈദ്യര്‍ കുറുക്കിപ്പെണ്ണിനെ അഭിവാദ്യം ചെയ്തു. പിന്നെ പതുക്കെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു.

അപ്പോള്‍… ഒരു മുറിവാലനും കുറുങ്കാലനും കിഴക്കന്‍ കാട്ടില്‍ നിന്നും തെക്കന്‍ കാട്ടിലേക്ക് ജീവനും കൊണ്ട് ഓടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook