ദേ… പിന്നെയും ഒടിയന്‍ – ഭാഗം 2

മദ്ധ്യവേനൽ ഒഴിവുകാലം കുഞ്ഞിക്കഥകൾ കൊണ്ട് ആഘോഷിച്ചതോർമ്മയില്ലേ? ഓണ ഒഴിവിന് കുട്ടികൾക്കുള്ള ഒരു നോവൽ കൊണ്ട് അക്ഷരസദ്യ ആയാലോ? ഒടിയനാണ് കെ ടി ബാബുരാജിന്റെ നോവലിൽ നിറയുന്നത്… സാക്ഷാൽ ഒടിയൻ…!

k t baburaj,childrens novel,iemalayalam

ഓണത്തിന് ഇത്തവണ മഹാബലി മാത്രമല്ല ഒടിയനും വരുന്നുണ്ട്. കാട്ടിലെ കുറുക്കച്ചൻ ഒടി വിദ്യ പഠിച്ച് നരിയായും പുലിയായും മാറിയ കഥ അറിയേണ്ടേ? കുറുക്കത്തിപ്പെണ്ണിനെ കല്യാണം കഴിക്കാനായി കുറുക്കച്ചൻ ചെയ്ത ഒരായിരം ഒടി വിദ്യകളെന്തെന്ന് അറിയേണ്ടേ?

കുട്ടികൾ വരൂ, നമുക്ക് നിലാവിൽ കുളിച്ചു നിൽക്കുന്ന കാട്ടിലേക്ക് പോവാം, അവിടെ വരാലിനെ കറുമുറെ തിന്നുകയും പിന്നെ ഒടി വിദ്യ ചെയ്ത് കാട്ടുപോത്തായും ചുഴലിക്കാറ്റായും മാറുകയും ചെയ്യുന്ന കുറുക്കച്ചനുണ്ടല്ലോ, ആ കക്ഷിയെ കണ്ടു വരാം

ആലോചന

ആലോചനയിലായിരുന്നു കുറുക്കച്ചന്‍. ആര്‍ക്കും ഒരു വിലയില്ല തന്നെ. എത്രകാലമിങ്ങനെ പാത്തും പതുങ്ങിയും കോഴിയെ പിടിച്ചുനടക്കും. ധൈര്യമായൊന്നു നാട്ടിലിറങ്ങാനും പറ്റുന്നില്ല. നാട്ടില്‍ കോഴികളൊരുപാടുണ്ട്. നാടനും, ബ്രോയിലറും, ലഗോണുമൊക്കയായിട്ട്. പക്ഷേ അവറ്റകളെയൊക്കെ വലിയ കമ്പിവലകളുള്ള കൂട്ടിലിട്ട് പോറ്റുകയല്ലേ മനുഷ്യര്‍. ഒരിക്കല്‍ കൊണ്ടു കൊണ്ടില്ല എന്ന മട്ടില്‍ ഒരു വെടിയുണ്ട പാഞ്ഞുപോയതാണ്. അച്ഛനപ്പൂപ്പന്മാരുടെ പുണ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. കുറുവടിയും കല്ലും കട്ടയുമൊന്നും ഇപ്പോള്‍ ആരും ഉപയോഗിക്കുന്നില്ലെന്നേ… ഒന്ന് പറഞ്ഞ് രണ്ട് പറഞ്ഞ് വെടിയാണിപ്പോള്‍.

ഠേ…ഠേ…
ശ്ശോ.. കുറുക്കച്ചന്‍ അറിയാതൊന്ന് ഞെട്ടിപ്പോയി.
വെടിയൊന്നും പൊട്ടിയില്ല. ഏതോ കാട്ടുമരത്തിന്‍റെ കൊമ്പടര്‍ന്ന് വീണതാണ്. കുറുക്കച്ചന്‍ മടയില്‍ നിന്നും പതുക്കെ പുറത്തിറങ്ങി. നല്ല നിലാവുണ്ട്. കാട് നിലാവില്‍ കുളിച്ച് നില്‍ക്കുകയാണ്. കാട്ടുമരങ്ങള്‍ പൂത്ത മണം വരുന്നുണ്ട്. കുറുക്കച്ചന് വല്ലാത്തൊരു അസ്വസ്ഥതതോന്നി.

Read Also: ദേ… പിന്നെയും ഒടിയന്‍ – ഭാഗം 1

നിലാവു പൂത്തുനില്‍ക്കുമ്പോള്‍ കാട്ടു പൂക്കള്‍ ചിതറിയ വഴികളിലൂടെ കുറുക്കിപ്പെണ്ണിന്‍റെ കയ്യും പിടിച്ച് കുറുക്കന്‍ പാറയുടെ മുകളിലേക്ക് പാഞ്ഞുകയറുന്നതും പൂര്‍ണ്ണ ചന്ദ്രനെ നോക്കി ഒച്ചത്തില്‍ രണ്ടുപേരും ഒരുമിച്ച് ഓരിയിടുന്നതും എത്ര തവണ സ്വപ്നം കണ്ടതാണെന്നോ. വെള്ളരിക്കണ്ടത്തില്‍ കയറി വെള്ളരിക്ക പറിച്ചതും അത് കുറുക്കിപ്പെണ്ണുമായി പങ്കിട്ടു കഴിക്കുന്നതും എത്ര പ്രാവശ്യം ഓര്‍ത്തോര്‍ത്ത് കിടന്നതാണെന്നോ അതൊക്കെയാണ് ഇന്ന് തകര്‍ന്ന് തരിപ്പണമായത്.

തന്‍റെ മുഖത്തുനോക്കി അന്തസ്സില്ലാത്തവന്‍, കള്ളന്‍ എന്നൊക്കെ അവള്‍ വിളിച്ചില്ലേ. മിക്ക കുറുക്കന്മാരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് അവള്‍ക്കറിയാത്തതൊന്നുമല്ലല്ലോ.എന്നിട്ടും എന്നെ ബോധപൂര്‍വ്വം അവഹേളിക്കാന്‍…

ഓര്‍ത്തോണ്ടിരുന്നപ്പോള്‍ കുറുക്കച്ചന്‍റെ കണ്ണുനിറഞ്ഞു. അവളെ ഞാന്‍ വിടില്ല. കുറുക്കിപ്പെണ്ണിനെ ഒരു പാഠം പഠിപ്പിക്കണം…
കുറുക്കച്ചന്‍ പുറത്തിറങ്ങി. k t baburaj, childrens novel, iemalayalam
പുറത്ത് മിന്നാമിന്നി കൂട്ടങ്ങള്‍. ചീവീടുകളുടെ സംഗീതക്കച്ചേരി… അവന്‍ പെട്ടെന്നൊരു ഓട്ടം വെച്ചുകൊടുത്തു. മരങ്ങളുടെ നിഴല്‍പറ്റി അവന്‍ ഓടിക്കൊണ്ടിരുന്നു. വലിയൊരു പാറയുടെ അറ്റത്തോളം അവന്‍ പാഞ്ഞുകയറി.

ചന്ദ്രനപ്പോള്‍ പൂര്‍ണ്ണമായും ഉദിച്ചു കഴിഞ്ഞിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ചന്ദ്രനകത്ത് മറ്റൊരു കുറുക്കന്‍ ഒളിച്ചിരിപ്പുണ്ടെന്ന് കുറുക്കച്ചന്‍ കണ്ടു. ഒളിച്ചിരിക്കുന്നത് കുറുക്കിപ്പെണ്ണാണെന്ന് അവന് തോന്നി. അവന്‍ ഉറക്കെകൂവി. താഴ്വാരത്തുനിന്നും അപ്പോള്‍ ഒരുപാട് കുറുക്കന്മാര്‍ അവന്‍റെ കൂവല്‍ ഏറ്റുപാടി.

വാശിയോടെ അവന്‍ പിന്നെയും പിന്നെയും കൂവിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് ചന്ദ്രന്‍ മാഞ്ഞുപോയത്. ഒരു കരിമ്പടം കൊണ്ടെന്നപോലെ ആരോ ചന്ദ്രനെ മറച്ചുകളഞ്ഞത്.

ഒരു വലിയ കടവാതില്‍ അവനു നേരെ പാഞ്ഞുവന്നു. അവന്‍ ശരിക്കും പേടിച്ചുപോയി. പെട്ടെന്നാണ് കടവാതില്‍ വലിയൊരു കാട്ടുപോത്തായി മാറിയത്. കൂര്‍ത്ത കൊമ്പുകള്‍ നീട്ടി അത് കുറുക്കച്ചനുനേരെ പാഞ്ഞുവന്നു. അതിന്‍റെ അലര്‍ച്ചയില്‍ കാടകം കിടുങ്ങി. മരങ്ങള്‍ കടപുഴകി. ഒരു ചുഴലിക്കാറ്റ് വന്ന് അവനെ ആകമാനമൊന്നുലച്ചു. അവന്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും കാട്ടുപോത്തൊരു ഒറ്റക്കൊമ്പനായി. കുറുക്കച്ചന്‍ ഒന്നുറക്കെ നിലവിളിക്കാനൊരുങ്ങി. പക്ഷേ, കൊമ്പന്‍റെ തുമ്പിക്കൈ അവനെ ചുറ്റിയെടുത്തു കഴിഞ്ഞിരുന്നു. ആകാശത്തില്‍ വട്ടം ചുറ്റി ഒറ്റക്കൊമ്പന്‍ കുറുക്കച്ചനെ ഒറ്റയേറ്…

Read Also: ദേ…പിന്നെയും ഒടിയന്‍- ഭാഗം – 3

മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ഒറ്റക്കൊമ്പന്‍ പെട്ടെന്ന് രൂപം മാറി ഒരു കലമാനായി പാഞ്ഞുപോയി ചന്ദ്രനില്‍ ഒളിച്ചു. കരിമ്പടം നീക്കി വീണ്ടും ചന്ദ്രന്‍ തെളിഞ്ഞു. ചന്ദ്രനില്‍ നേരത്തെ പോയ മാന്‍ കൊമ്പിളക്കി കളിക്കുന്നു.

കുറുക്കച്ചന്‍ പിന്നെയും പിന്നെയും കണ്ണടച്ചു തുറന്നു. അവനൊന്നും മനസ്സിലായില്ല. എന്താണ് ഇത്രയും നേരം കണ്ടത്. താനിപ്പോഴും പാറക്കല്ലില്‍ ചാരിക്കിടക്കുകയാണ്. നിലാവുപെയ്യുന്നുണ്ട്. മഞ്ഞ് വീഴുന്നുണ്ട്. ചീവീടുകള്‍ സംഗീതം നിര്‍ത്തിയിട്ടില്ല…

അപ്പോള്‍ ആരാണ് കാട്ടുപോത്തായും, ഒറ്റക്കൊമ്പനായും, കലമാനായും തന്നെ പേടിപ്പിച്ച് കടന്നുപോയത്. പെട്ടെന്ന് കുറുക്കച്ചന് ഒരുള്‍ക്കിടിലം ഉണ്ടായി. അതെ അത് അവനാണ്…
ഒടിയന്‍…

കെ.ടി.ബാബുരാജിന്റെ ലേഖനങ്ങൾ ഇവിടെ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel de pinnem odiyan part 2

Next Story
ദേ… പിന്നെയും ഒടിയന്‍ – ഭാഗം 1k t baburaj, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com