മൃഗങ്ങളുടെ യോഗം
കുറുക്കന് പാറയില്‍ ഒരു യോഗം നടക്കുകയാണ്.
കടുവച്ചാര് വിളിച്ചു ചേര്‍ത്ത യോഗമാണ്. ഒട്ടുമിക്ക മൃഗങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്. തോളെല്ലിനും പിന്കാലിനുമേറ്റക്ഷതം കൊണ്ടു നേരാവണ്ണം നില്ക്കാന് പോലുമാവാതെ
ഏതാനും വാക്കുകള്‍ മാത്രം സംസാരിച്ച് കടുവച്ചാര് കാര്യങ്ങള്‍ വിശദീകരിക്കുന്നത് ആന വൈദ്യരെ ഏല്പിച്ചു. ഒടിയന്റെ പെട്ടെന്നുള്ള ആക്രമണം കുറച്ചൊന്നുമല്ല കടുവച്ചാരെ തളര്‍ത്തിയത്.കുറച്ചുനേരം ബോധരഹിതനായി കിടന്നതിനുശേഷമാണ് എഴുന്നേറ്റ് പതുക്കെ നടന്ന് മടയിലെത്തിയതു തന്നെ.
തെക്കന്‍ കാട്ടിലെ മറ്റു മൃഗങ്ങളെല്ലാം ഭീതിയിലാണ്. വീണ്ടും വീണ്ടും ഒടിയന്റെ ആക്രമണം. അവന് പുലിയായും പാമ്പായും വരുന്നു. കൂര്ത്തകൊമ്പുകൊണ്ട് കുത്തിമലര്‍ത്തുന്നു. പുള്ളിമാനായ് പാഞ്ഞു പോവുന്നു.
കിഴക്കന്‍കാട് ഭീതിയിലാണ്. ഒട്ടേറെപ്പേര്‍ പരാതികളുമായി കടുവച്ചാരുടെ അടുത്തെത്തിണ്ക്കഴിഞ്ഞു. ആന വൈദ്യന്റെ ചെവിയിലും വാര്ത്തകളെത്തുന്നുണ്ട്.
ആന വൈദ്യര് വിശറിപോലുള്ള തന്റെ ചെവിയാട്ടി അമര്‍ത്തിയൊന്ന് മൂളി.
നോക്കട്ടെ അവന് എത്രത്തോളം പോകുമെന്ന് നോക്കട്ടെ.
ഒടിയന് ജംബുകനെ ഓടിച്ചു വിട്ടതിനുശേഷം തെക്കന്‍ കാട്ടില്‍ ഒടിയന്റെ ശല്യം
ഉണ്ടായിട്ടില്ല. ഇതിപ്പോള്‍ ഏതാണ് പുതിയ ഒടിയന്
ജംബൂകന്‍ മടങ്ങിവന്നതായിരിക്കുമോ.
ഏയ് അതല്ല. ഇത് പുതിയ ഒടിയനാണ്. ജംബുകനേക്കാള് കരുത്തും വീറുമുള്ള ഒടിയന്.
അവനെയൊന്ന് ഒതുക്കണ്ടെ വൈദ്യരേ…
വേണം. ആന വൈദ്യന് പറഞ്ഞു. തീര്‍ച്ചയായും അവനെ ഒതുക്കണം. കിഴക്കന്‍ കാട്ടില്‍ ഇനിയും അനീതികള്‍ നടന്നുകൂടാ… ഇതൊരു ചോരക്കളമായി മാറിക്കൂടാ….
അങ്ങനെയാണ് ആന വൈദ്യന് കടുവച്ചാരുമായി ആലോചിച്ച് യോഗം വിളിച്ചു കൂട്ടിയത്.
ഓരോരുത്തരായി അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി.
അത് വിവരിക്കുമ്പോള്‍ പലരുടെയും കണ്ണുകളില്‍ ഭയം നിറഞ്ഞിരുന്നു.
തന്റെ അനുഭവം പറയുന്നതിനിടയില്‍ വെളുമ്പന്‍ മുയല് ബോധം കെട്ടു വീഴുകപോലുമുണ്ടായി.
ഒടിയനോടൊപ്പം സഹായികളായി രണ്ടു കുറുക്കന്മാർകൂടിയുണ്ട്.
ഒരു മുറിവാലനും മറ്റൊരു കുറുങ്കാലനും. കിഴക്കന്‍ കാട്ടില്‍ നിന്നും കാടുകടത്തിയ രണ്ടു പേര്
അവരും തിരിച്ചെത്തിയിട്ടുണ്ട്:
സുന്ദരി മയിലാണ്. അതും പറഞ്ഞ് അവള് മരക്കൊമ്പിലേക്ക് പറന്നിറങ്ങി.
അപ്പോള്‍ ആ ഒടിയനാരാണ്?
ഉത്തരമില്ലാതെ എല്ലാവരും ആകാശത്തേക്കു നോക്കിയപ്പോള്‍ കൂട്ടത്തില്‍ നിന്നും
പെട്ടെന്നാരോ മുന്നോട്ടു നീങ്ങിനിന്നു.
അത് അവനാണ്.
ആര്…?
എല്ലാവരും കുറുക്കിപ്പെണ്ണിനെ തുറിച്ചു നോക്കി.
അതേ അന്ന് ആ മിന്നല്‍ വെളിച്ചെത്തില്‍ ഞാനവനെ ശരിക്കും കണ്ടതാണ്.
ആര്… മൃഗങ്ങള്‍ വീണ്ടും ഒന്നിച്ചു ചോദിച്ചു. ഒടിയനാര്…?
കുറുക്കച്ചന്… അവന് എന്നോടുള്ള പകതീര്‍ക്കാന്‍ വന്നതാണ്.
അതിനുവേണ്ടി തെക്കന്‍ കാട്ടില്‍ ചെന്ന് ജംബൂകന്‍ മൂത്താരില്‍ നിന്നും ഒടിവിദ്യ പഠിച്ചതാണ്.
അതേ… അവന് തന്നെ.
വിശ്വസിക്കാനാവത്തതുപോലെ മൃഗങ്ങള്‍ പരസ്പരം നോക്കി.
അവന് ഈ കാടകം നശിപ്പിക്കും… തീര്‍ത്താല്‍ തീരാത്ത പകയുണ്ടവന്
അതിന് അനുവദിച്ചുകൂടാ.
ആനവൈദ്യര് പറഞ്ഞു അതിനവനെ അനുവദിക്കില്ല. ഒരു പാഠം പഠിപ്പിക്കണം.
അവന് ഒരിക്കലും മറക്കാത്ത പാഠം.
ഒടിയനെ കുടുക്കാനുള്ള ചില സൂത്രങ്ങള്‍ ആന വൈദ്യര് എല്ലാവരോടുമായി പറഞ്ഞു ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ കിഴക്കന്‍ കാട്ടില്‍ എങ്ങനെ നടക്കണമെന്നും പെരുമാറണമെന്നും. ഒടിവിദ്യയില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള ചില കുറുക്കു വഴികളും മന്ത്രങ്ങളും കൂടി ആനവൈദ്യര് അവര്‍ക്ക് പറഞ്ഞു കൊടുത്തു.
മൃഗങ്ങളെല്ലാം ഒഴിഞ്ഞു പോയി
മുടന്തി മുടന്തി കടുവച്ചാരും പോയി.
പാറപ്പുറത്ത് ആനവൈദ്യരും കുറുക്കിപ്പെണ്ണും മാത്രമായി.
എനിക്ക് നിന്റെ സഹായം വേണം.
ആന വൈദ്യര് കുറുക്കിപ്പെണ്ണിനോട് പറഞ്ഞു.
എന്ത് സഹായം.
പറയാം. ശ്രദ്ധിച്ചു കേള്‍ക്കണം.
കുറുക്കിപ്പെണ്ണ് തലയാട്ടി. ആന വൈദ്യന് അവളുടെ ചെവിയില്‍ ചിലത് മന്ത്രിച്ചു.