കുറുക്കന്‍ പാറ

കുറുക്കന്‍ പാറയില്‍ പെട്ടെന്ന് ഇരുട്ടുവന്നുമൂടി.
ആര്‍ക്കും ആരെയും കാണാതായി.
നട്ടുച്ചയ്ക്ക് ഇരുട്ടാവുകയോ… ഇതൊന്തൊരത്ഭുതം?
കാടുകള്‍ ഞെരിയുന്നതും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീഴുന്നതും കേട്ടു. ഇടയ്ക്കിടെ മൃഗങ്ങളുടെ നിലവിളിയും കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന്  ആര്‍ക്കും മനസ്സിലായില്ല
കുറുക്കിപെണ്ണ് പാറമടയോട് അമര്‍ന്നിരുന്നു.

കൊടുങ്കാറ്റില്‍ തെറിച്ചുപോയ ചെമ്പന്‍ കുറുക്കന്‍ ഒരുവിധം പാറയില്‍ ആള്ളിപ്പടിച്ച് കയറി.
ഒരു ചുഴലിക്കാറ്റ് കുറുക്കന്‍ പാറയെ ചുഴറ്റിയെടുക്കാനെന്നവണ്ണം വീശിയടുക്കുകയാണ്.
ഇടയ്ക്ക് ഇടിയും മിന്നലുമുണ്ടായി. മൃഗങ്ങളില്‍ ചിലത് നിലവിളിച്ചു,

ആരും പേടിക്കരുത്. അതാതിടത്ത് പിടിച്ചുു നിന്നോളണം. ആന വൈദ്യരുടെ ചിഹ്നം വിളിയാണ്. പെട്ടെന്ന് ദിക്കുകളെ ആകമാനം വിറപ്പിച്ചുകൊണ്ട് ഒരു കാട്ടുപോത്തിന്‍റെ കുളമ്പടികേട്ടു.

ഒപ്പം ഭയങ്കരമായ ഒരു മുക്കറയും. അപ്പോഴുണ്ടായ ഒരു മിന്നല്‍ വെളിച്ചത്തില്‍ എല്ലാവരും കണ്ടു. ഒരു കാട്ടുപോത്ത്. തലയിളക്കി കൊമ്പുകുലുക്കി പറന്നുവരുന്നു.

ദേ.. പിന്നേയും ഒടിയന്‍. ഒടിയന്‍ വരുന്നേ…

ആരാണ് നിലവിളിച്ചതെന്നറിയില്ല.

അയ്യോ… ഒടിയന്‍ ഒടിയന്‍… എന്ന നിലവിളികള്‍ മാത്രം തുടര്‍ന്നു.k t baburaj, childrens novel, iemalayalam
ആന വൈദ്യന്‍ മാത്രം അനങ്ങിയില്ല. പിന്നെ കേട്ടത് ചെമ്പന്‍ കുറുക്കന്‍റെ നിലവിളിയാണ്. ഒടിയന്‍റെ കൊമ്പില്‍ കോര്‍ക്കപ്പെട്ട് ആകാശത്തിലൂടെ പറന്നു പോവുന്ന ചെമ്പനെ മിന്നല്‍ വെളിച്ചത്തില്‍ കുറുക്കിപെണ്ണ് ഒരു നോക്കുകണ്ടു. പിന്നെ പിന്നെ ചെമ്പന്‍റെ ശബ്ദം കേള്‍ക്കാതായി.

കാറ്റു നിന്നു. പതുക്കെ വെളിച്ചം വരാന്‍ തുടങ്ങി ചാറ്റല്‍ മഴയും…
എല്ലാവരും കണ്ണുതുറന്നപ്പോള്‍ കുറുക്കന്‍പാറയെങ്ങും അലങ്കോലപ്പെട്ടു കിടക്കുന്നു. മരക്കൊമ്പുകള്‍ വീണും ഇലകള്‍ ചിതറിയും ഒരു കൊടുങ്കാറ്റിനു ശേഷമെന്നപോല്‍ കാടാകെ മാറിയിരിക്കുന്നു.

പാറമടയുടെ അരികില്‍ നിന്നും പതുക്കെ കുറുക്കിപ്പെണ്ണ് എഴുന്നേറ്റു വന്നു.
ചെമ്പനെവിടെ. താഴെ പാറക്കെട്ടുകള്‍ക്കപ്പുറത്തുനിന്നും ഒരു ഞരക്കം കേട്ടു. കുറുക്കൻമാരെല്ലാം അങ്ങോട്ടോടി. കുറുക്കിപ്പെണ്ണും.

ആന വൈദ്യര്‍ അടുത്തെത്തിയപ്പോഴേക്കും കുറുക്കൻമാരെല്ലാം ചേര്‍ന്ന് കഴുത്തൊടിഞ്ഞ് എല്ലുനുറുങ്ങിപ്പോയ ചെമ്പനെയെടുത്ത് പാറപ്പുറത്ത് കിടത്തിയിരുന്നു.

ആന വൈദ്യര്‍ ചെമ്പനെ നോക്കി. പുറത്തേക്കു തുറിച്ചുന്തിയ ചെമ്പന്‍റെ കണ്ണുകള്‍ പതുക്കെ നിശ്ചലമാവുന്നത് ആന വൈദ്യനറിഞ്ഞു. തുമ്പികൈ ഉയര്‍ത്തി ആന വൈദ്യര്‍ ഒന്നുറക്കെ ചിഹ്നം വിളിച്ചു.

പിന്നെ തിരിഞ്ഞു നടന്നു. പിറകിലപ്പോള്‍ കുറുക്കന്‍മാരുടെ കൂട്ട ഓരിയിടല്‍.
കണ്ണുകള്‍ നിറഞ്ഞ് പാറയില്‍ ചാരിനില്ക്കുന്ന കുറുക്കിപ്പെണ്ണിനെ നോക്കി.
ആന വൈദ്യര്‍ പറഞ്ഞു. “അത് ചെയ്തത് അവനാണ്. അവന്‍ തന്നെ.”

“ആര്…?”

“ഒടിയന്‍…”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook