വെയിലും മഴയും

kt baburaj, novel, iemalayalam

കിഴക്കന്‍ കാട്ടില്‍ ഉത്സവ തിമിര്‍പ്പായിരുന്നു.

ഇന്നാണ് കുറുക്കിപ്പെണ്ണിന്‍റെ കല്യാണം.

ഇന്നാണ് ചെമ്പന്‍ കുറുക്കന്‍റെ കല്യാണം.

മൃഗങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും കുറുക്കന്‍ പാറയിലേക്ക് യാത്രയായി.  ആന വൈദ്യര്‍ നേരത്തേ എത്തിയിരുന്നു. കടുവച്ചാര്‍ എത്താനിരിക്കുന്നതേയുള്ളൂ. മയിലുകളും കുയിലുകളും കാട്ടുകൊമ്പില്‍ അവിടവിടെയായി ഇരുന്നു. മുയലുകളും മാനും കുറ്റിച്ചെടികള്‍ക്കിടയിലിരുന്ന് കുശലം പറഞ്ഞു. കുരങ്ങമാര്‍ വള്ളിക്കെട്ടുകള്‍ തോറും ചാടി നടന്നു.  എല്ലാവരുടേയും മുഖത്ത് സന്തോഷമുണ്ട്. കല്യാണം കഴിഞ്ഞ് ഒരു സദ്യകിട്ടുമെന്നുള്ള പ്രതീക്ഷയുമുണ്ട്.

ചെമ്പന്‍ കുറുക്കനും കൂട്ടരും നേരത്തെ വന്ന് കുറുക്കന്‍ പാറയുടെ ഒരു വശത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കുറുക്കിപ്പെണ്ണിന്‍റെ ബന്ധുക്കള്‍ മറുവശത്തും. കൂട്ടത്തിനിടയില്‍ നിന്നും കുറുക്കിപ്പെണ്ണ് തല ഉയര്‍ത്തി ചെമ്പന്‍ കുറുക്കനെ നോക്കി. ചെമ്പന്‍ കുറുക്കനാവട്ടെ നാണത്തോടെ വാലിളക്കി കുറുക്കിപ്പെണ്ണിനെ നോക്കി തലയിളക്കി.

കടുവച്ചാര്‍ എത്തുകയേ വേണ്ടൂ. കാട്ടുവള്ളികള്‍ കൊണ്ടുള്ള മാല റെഡിയാണ്. വാലുകള്‍ കൂട്ടികെട്ടി കഴുത്തില്‍ മാലയിട്ടു കഴിഞ്ഞാല്‍ കല്യാണമായി. കുറുക്കന്‍ കല്യാണം.

കടുവച്ചാര്‍ ധൃതിവെച്ച് പാഞ്ഞ് വരികയായിരുന്നു. ഇത്തിരി  കിപ്പോയി.താന്‍എത്തിട്ടുവേണം കല്യാണചടങ്ങുകള്‍ നടത്താന്‍. ചെമ്പന്‍ കുറുക്കന്‍റെയും കുറുക്കിപ്പെണ്ണിന്‍റെയും വാലുകള്‍ കൂട്ടികെട്ടാന്‍. വാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ മാലയുമിട്ട് കുറുക്കന്‍ പാറയില്‍ മൂന്നുവട്ടം കറങ്ങിയാല്‍ കല്യാണമായി. ചുറ്റും നിന്ന് കുറുക്കന്മാർ ഓരിയിടും. മറ്റുള്ളവര്‍ അവരുടേതായ ഒച്ചകളുണ്ടാക്കും. വാലിന്‍റെ കെട്ടഴിക്കാതെ തന്നെ ചെക്കനും പെണ്ണും കാട്ടിലേക്ക് ഓടിയോടി പോകും.

അതിന് വേഗം കുറുക്കന്‍ പാറയിലെത്തണം. വെയില്‍ തിളങ്ങിക്കൊണ്ടിരുന്നു. മഴ ചാറിക്കൊണ്ടിരുന്നു. കടുവച്ചാര്‍ കാട്ടുവള്ളികള്‍ ചാടിക്കടന്നു. എന്നാല്‍ ഇനി അധിക ദൂരമില്ല. കാട്ടുചോലയുടെ അരികിലെത്തിയപ്പോള്‍ കടുവച്ചാര്‍ പെട്ടെന്നു നിന്നു.

കടുവച്ചാര് മുകളിലോട്ട് നോക്കി. വെയില്‍ പതുക്കെ പതുക്കെ മങ്ങാന്‍ തുടങ്ങി. ചാറ്റല്‍ മഴ പിന്നോട്ടു മാറുന്നു. ചുറ്റുമുള്ള വെളിച്ചമൊക്കെ എങ്ങോ പോയൊളിക്കുന്നു. എന്താണ് പറ്റിയതെന്ന് കടുവച്ചാര്‍ ചുറ്റും നോക്കി. പകല്‍ നേരത്ത് പെട്ടെന്ന് ഇരുട്ടാവുകയോ? കാറ്റുകളൊക്കെ നിലച്ചു. ഇലപോലുമനങ്ങാതായി. ചീവിടുകളുടെ ശബ്ദവുമില്ല. ദൂരെ കുറുക്കന്‍ പാറയില്‍ നിന്നും കേട്ടുകൊണ്ടിരുന്ന ആരവങ്ങളുമില്ലk t baburaj, childrens novel, iemalayalam
കടുവച്ചാര്‍ തലയിളക്കി ഒന്നും കൂടെ ചുറ്റും നോക്കി. കാട്ടുചോലയുടെ നിഴലില്‍ പെട്ടെന്ന് എന്തോ തിളങ്ങി. വലിയ രണ്ടു കണ്ണുകള്‍ രണ്ടു സൂര്യന്മാരെപ്പോലെ തിളങ്ങുന്നു. കടുവച്ചാര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്തോ സംഭവിക്കാന്‍ പോവുകയാണ്. ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ കടുവച്ചാര്‍ രണ്ടടി മുന്നോട്ടുവെച്ചു.

കാട്ടുചോലക്കരയില്‍ ഒരു കാട്ടുപോത്ത് വെറുതേ മേയുന്നു. വളഞ്ഞുപുളഞ്ഞ അതിന്‍റെ കൊമ്പുകള്‍ പതുക്കെ ഇളകുന്നു. ഇവനാര്… കടുവച്ചാര് സ്വയം ചോദിച്ചു. കിഴക്കന്‍ കാട്ടില്‍ ഇങ്ങനെയൊന്നിനെ ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ…?

തന്‍റെ വഴിയില്‍ വിലങ്ങനെ നില്‍ക്കുന്ന കാട്ടുപോത്തിനെ കണ്ട് കടുവച്ചാര്‍ ഒന്നുമുരണ്ടു… വായതുറന്ന് കോമ്പല്ലുകള്‍ പുറത്തുകാട്ടി. കാലുകൊണ്ട് തറയില്‍ ആഞ്ഞുമാന്തി.

പെട്ടെന്നൊരു കാറ്റുവീശാന്‍ തുടങ്ങി. കാറ്റൊരു ചുഴലിയായി. ആ ചുഴലിയില്‍ കാട്ടുപോത്ത് കടുവച്ചാര്‍ക്കു നേരെ പാഞ്ഞു വന്നു. കടുവച്ചാര്‍ കണ്ണടച്ചു തുറക്കും മുമ്പേ കാട്ടുപോത്തിന്‍റെ കൊമ്പില്‍ കുരുങ്ങി ബഹുദൂരം പറന്നു. കാട്ടുചോലയ്ക്കപ്പുറത്തെ പാറക്കെട്ടില്‍ ആരോ വലിച്ചറിഞ്ഞതുപോലെ ചെന്നു വീണു.

നടു ഒടിഞ്ഞിരിക്കുന്നു. എഴുന്നേല്‍ക്കാന്‍ വയ്യ. ആ കിടന്നകിടപ്പില്‍ എഴുന്നേല്‍ക്കാന്‍ പോലുമാവാതെ വേദനകൊണ്ട് കടുവച്ചാര്‍ അലറിക്കരഞ്ഞു കൊണ്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook