കുറക്കച്ചന്‍റെ ദേഷ്യം

കുറുക്കച്ചനു കലിയിളകി. കുറക്കപ്പെണ്ണിനു കല്യാണമായെന്നു കേട്ടതു മുതലാണു കുറക്കച്ചന്‍റെ ഇളക്കം. അവന്‍ കാട്ടിൽ തലങ്ങും വിലങ്ങും പാഞ്ഞു. പാറപ്പുറത്ത് പാഞ്ഞു കയറി. ചിലപ്പോള്‍ കാവലിപുഴയിലേക്ക് എടുത്തുചാടി. വരാലുകളെ കടിച്ചു കുടഞ്ഞെറിഞ്ഞു. കുറേനേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.

കുറുക്കച്ചന്‍ നേരമില്ലാ നേരത്തൊക്കെ ഉറക്കെ ഓരിയിട്ടു. തോന്നുമ്പോഴൊക്കെ ഒടിമറഞ്ഞു. രാവെന്നോ പകലെന്നോയില്ലാതെ മുന്നില്‍ കണ്ട മൃഗങ്ങളെയൊക്കെ പേടിപ്പിച്ചു. ചിലതിനെയൊക്കെ ഒടിവച്ചുവീഴ്ത്തി. ചിലപ്പോള്‍ കുറേനേരം ഒച്ചയുമനക്കവുമില്ലാതെ ചത്തപോലെ കിടക്കും.

കുറക്കച്ചനു പ്രാന്തിളകിയെന്നാണു മുറിവാലനും കുറുങ്കാലനും കരുതിയത്. കിഴക്കന്‍ കാട്ടിലാണെങ്കില്‍ ആന വൈദ്യരെ കൊണ്ട് ചികിത്സിക്കാമായിരുന്നു. ഇതിപ്പോ എന്താ ചെയ്യാ.

കുറുക്കച്ചന്‍റെ കടി കിട്ടാതെ മാറി മാറി നടക്കുകയായിരുന്നു മുറിവാലനും കുറുങ്കാലനും. എന്നാലുമവര്‍ കുറുക്കച്ചനെ വിട്ടുപോയില്ല. കുറുക്കച്ചന്‍ കുടഞ്ഞെറിഞ്ഞ വരാലുകളെയും കടിച്ചുകുടഞ്ഞ കാട്ടുതാറാവുകളെയും പിന്നാലെ കൂടി നൊട്ടിനുണഞ്ഞു.

മുറിവാലനും കുറുങ്കാലനും കുശാലായിരുന്നു. വേട്ടയാടാതെ ഭക്ഷണം കഴിക്കാം. നല്ല രുചിയുള്ള ഭക്ഷണം.

കുറുക്കച്ചന്‍ പാറപ്പുറത്ത് മയക്കത്തിലായിരുന്നു. മുറിവാലനും കുറുങ്കാലനും പരസ്പരം വാലുരുമ്മി താഴത്തുകിടന്നു. കാട്ടില്‍ മരങ്ങളുടെ ഇടയിലൂടെ പാറപ്പുറത്തു വെയിലു വീണിരുന്നു. പെട്ടെന്ന് മഴചാറാന്‍ തുടങ്ങി. വെയിലും മഴയും. ഹായ് നല്ല രസം.

“വെയിലും മഴയും വെയിലും മഴയും കുറുക്കന്മാരുടെ കല്യാണം…”

മുറിവാലന്‍ പാടാന്‍ തുടങ്ങി, കുറുങ്കാലന്‍ ഏറ്റുപാടി.

“വെയിലും മഴയും വെയിലും മഴയും കിഴക്കന്‍ കാട്ടില്‍ കല്യാണം
വെയിലും മഴയും വെയിലും മഴയും കുറുക്കിപ്പെണ്ണിന്‍റെ കല്യാണം
വെയിലും മഴയും വെയിലും മഴയും ചെമ്പന്‍ കുറുക്കന്‍റ കല്യാണം
കറുമുറ തിന്നുന്ന കല്യാണം
പറപറ തൂവുന്ന കല്യാണം.
കിഴക്കന്‍ കാട്ടിലെ കല്യാണം.
വെയിലും മഴയും വെയിലും മഴയും…”

മുറിവാലനും കുറുങ്കാലനും പരസ്പരം വാലില്‍ കടിക്കാന്‍ ശ്രമിച്ച് വട്ടം ചുറ്റിക്കൊണ്ട് പാടുകയായിരുന്നു. പാട്ടിന്‍റെയും കളിയുടെയും ഇടയില്‍ കുറുക്കച്ചന്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് അവര്‍ അറിഞ്ഞതേയില്ല. കുറുക്കച്ചന്‍ പാറപ്പുറത്ത് എഴുന്നേറ്റു നിന്നു.

വെയിലും മഴയും നിന്നിട്ടില്ല. കുറച്ചുതാഴെയായി മുറിവാലനും കുറുങ്കാലനും
അവരുടെ പാട്ടും നൃത്തവും തുടര്‍ന്നുകൊണ്ടേയിരുന്നു.

k t baburaj, childrens novel, iemalayalam

കുറുക്കച്ചനു ദേഷ്യം പിടിച്ചു. അവന്‍ പെട്ടെന്നു പാറപ്പുറത്ത് വീണുകിടക്കുന്ന ഉണക്കക്കമ്പെടുത്ത് എന്തോ മന്ത്രം ജപിച്ചു. ഉണക്കക്കമ്പ് ഒരു പെരുമ്പാമ്പായി. പെരുമ്പാമ്പിനെ കുറുക്കച്ചന്‍ മുറിവാലനും കുറുങ്കാലനും നേരെ വലിച്ചെറിഞ്ഞു.

“ന്‍റെമ്മോ…” ഒരു നിലവിളിയോടെ മുറിവാലനും കുറുങ്കാലനും കെട്ടിപ്പിടിച്ചു മലര്‍ന്നുരുണ്ടു വീണു. പെരുമ്പാമ്പ് വാ പിളര്‍ത്തി വിഴുങ്ങാനായി വരികയാണ്.

“ന്‍റെമ്മോ…” അവര്‍ വീണ്ടും നിലവിളിച്ചു. മുകളില്‍ പാറപ്പുറത്ത് ഭയന്നു നിലവിളിക്കുന്ന അവരെ നോക്കി കുറുക്കച്ചന്‍ നിന്നു ചിരിക്കുന്നു.

“എന്‍റെ കുറുക്കച്ചാ രക്ഷിക്കണേ… ഈ പെരുമ്പാമ്പിന്‍റ വായില്‍നിന്നു രക്ഷിക്കണേ…”

പെട്ടെന്ന് പെരുമ്പാമ്പ് ഉണക്കക്കമ്പായി ഒടിഞ്ഞു വീണു.

പാമ്പെവിടെ?

പാമ്പില്ല. അവിടെ ഒരു ഉണക്കക്കമ്പ് മാത്രം.

കുറുക്കച്ചന്‍ ഉറക്കെ ഓരിയിട്ടു.

അപ്പോള്‍ അതു കുറക്കച്ചന്‍റെ വേലയാണ്. കുറുക്കച്ചന്‍റെ മായയാണ്. കുറുക്കച്ചന്‍ മായാവിയാണ്.

ഭയഭക്തിയോടെ മുറിവാലനും കുറുങ്കാലനും കുറുക്കച്ചന്‍റെ കാലില്‍ വീണു.

വെയിലും മഴയും പോയിരുന്നു.

“കിഴക്കന്‍ കാട്ടിലും ഇപ്പോള്‍ വെയിലും മഴയും ആയിരിക്കുമോ,” കുറുക്കച്ചന്‍ ചോദിച്ചു.

അതേയെന്നോ അല്ലെന്നോ എന്താണ് പറയേണ്ടത് എന്നറിയാതെ മുറിവാലനും കുറുങ്കാലനും നിന്നു പരുങ്ങി.

“ചിലപ്പോള്‍…”

അല്പനേരത്തിനു ശേഷം കുറുക്കച്ചന്‍ പറഞ്ഞു, “നമ്മള്‍ക്കു കിഴക്കന്‍ കാട്ടിലേക്കു പുറപ്പെടാം.
എന്താ… ല്ലേ?”

“പുറപ്പെടാം,” മുറിവാലനും കുറുങ്കാലനും ഒരുമിച്ച് പറഞ്ഞു.

“എന്നാല്‍ എന്‍റെ പിന്നാലെ വന്നോളൂ.”

മൂന്നു കുറുക്കന്മാര്‍ കാവലി നീന്തിക്കടന്ന് ചോനന്‍ കുന്ന് കയറി മറിഞ്ഞ് കിഴക്കന്‍ കാട്ടിലേക്ക് ഓടിക്കൊണ്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook