കിഴക്കന്‍ കാട്ടിലെ വിശേഷങ്ങള്‍

” കിഴക്കന്‍ കാട്ടിലിപ്പോള്‍ ആന വൈദ്യരുടെ ഭരണമാണ്. അവനാണിപ്പോള്‍ കടുവച്ചാരുടെ പ്രധാന ഉപദേശി. അനീതി അനുവദിക്കില്ല. അക്രമം പൊറുപ്പിക്കില്ല. കാട്ടില്‍ സര്‍വ്വത്ര നീതി നടപ്പിലാക്കുകയാണു ലക്ഷ്യം.”

“ഇരപിടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൈയ്യൂക്കുണ്ടെന്നു കരുതി ആരെയും കടിച്ചുകുടയാനൊന്നും പറ്റില്ല. അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. അതിര്‍ത്തിലംഘിച്ച് വേട്ടയാടാനും പറ്റില്ല. നിയമം ലംഘിച്ചാല്‍ ശിക്ഷ ഉറപ്പ്,” മുറിവാലന്‍ കുറുക്കന്‍ കിതച്ചു കിതച്ചാണ് പറഞ്ഞത്.

കുറുങ്കാലന്‍ കുറുക്കന്‍ അതു ശരിയാണെന്ന മട്ടില്‍ തലകുലുക്കി വാലാട്ടി.

“എന്‍റെയീ മുറിവാല്‍ കണ്ടില്ലെ. അതിര്‍ത്തികടന്ന് വെളുമ്പന്‍ മുയലിനെ കടിച്ചതിനു കിട്ടിയ ശിക്ഷ.”

“എന്‍റെയീ കുറുങ്കാല് കണ്ടില്ലേ, നേരമല്ലാ നേരത്ത് കാട്ടുതാറാവിന്‍ കൂട്ടങ്ങള്‍ക്കു പിന്നാലെ പാഞ്ഞതിനു കിട്ടിയതാ… ആ ആന വൈദ്യര് ഓന്‍റെ ആനക്കാല് വച്ച് ഞെരിച്ചതാ…
ചത്തുപോയിന്ന് കരുതിയതാ…”

“കിഴക്കന്‍ കാട്ടിലിനി ജീവിക്കാന്‍ കഴിയൂന്നു തോന്നുന്നില്ല,” മുറിവാലനും കുറുങ്കാലനും ഒരുമിച്ച് കൂവി. “പേടിച്ച് പേടിച്ച് കിഴക്കന്‍ കാട്ടീന്ന് ഓടിപ്പോന്നതാ… ഞങ്ങളെ രക്ഷിക്കണം.”

കുറുക്കച്ചന്‍ കുറച്ചുനേരം കിഴക്കന്‍ കാട്ടില്‍നിന്ന് ഓടിവന്ന അഥിതികളെ നോക്കിയിരുന്നു. നോക്കിക്കൊണ്ടിരുന്നപ്പോള്‍ കുറുക്കച്ചനുള്ളില്‍ ചില ചിത്രങ്ങള്‍ തെളിഞ്ഞു. മൃഗങ്ങളാകമാനം പിന്നാലെ പാഞ്ഞ് ജംബുകന്‍ മൂത്താരെ കിഴക്കന്‍ കാട് കടത്തിയ ചിത്രം. കടിച്ചും മാന്തിയും തൊഴിച്ചും ചോനന്‍ കുന്ന് കയറ്റിയ ചിത്രം.

മുരണ്ടും ആക്രോശിച്ചും ചിന്നം വിളിച്ചും കാവലിപ്പുഴ നീന്തിച്ച ചിത്രം പഴയ ചിത്രങ്ങളോരോന്നായി വീണ്ടും തെളിഞ്ഞുകൊണ്ടിരുന്നപ്പോള്‍ കുറുക്കച്ചന്‍ പാറപ്പുറത്തു നിന്ന് ഉയരത്തിലൊന്നു ചാടി. അവിടെ നിന്ന് അടുത്തതിലേക്ക്…

ആകാശത്തിലൂടെ ചാടിച്ചാടി പോകുന്ന കുറുക്കച്ചനെ മുറിവാലനും കുറുങ്കാലനും അത്ഭുതത്തോടെ നോക്കി. അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു കുറുക്കന് ഇങ്ങനെ പറക്കാന്‍ കഴിയുമോ. കണ്ടോണ്ടിരിക്കുമ്പോള്‍ ഇങ്ങനെ കാണാതാവാന്‍ പറ്റുമോ.

ചോനന്‍ കുന്നിന്‍റെ ഉച്ചിയില്‍നിന്നു നിറുത്താതെയുള്ള കൂവലുയര്‍ന്നു. പെട്ടെന്ന് കാട് അനങ്ങാതെ നിന്നു. പാഞ്ഞുപോവുന്ന മേഘങ്ങള്‍ നിശ്ചലമായി. കാറ്റുപോലും വീശുന്നില്ലെന്നു തോന്നി. മുറിവാലനും കുറുങ്കാലനും അമ്പരന്നു നിൽക്കെ ഒരുവിളി വന്നു.

കരിമ്പാറകെട്ടിനു മുകളില്‍നിന്നു കുറുക്കച്ചന്‍ അവരെ വിളിക്കുകയാണ്. മുറിവാലനും കുറുങ്കാലനും ചാടിച്ചാടി കരിമ്പാറപ്പുറത്തെത്തി. കുറുക്കച്ചന്‍ അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവന്‍റെ ആ കണ്ണുകളില്‍ ആരെയും പേടിപ്പിക്കുന്ന ഒരു തിളക്കം.

മുറിവാലനും കുറുങ്കാലനും കുറുക്കച്ചന്‍റെ കാലില്‍ വീണു, അവന്‍റെ വാലില്‍ പതുക്കെ മുഖമുരസി പറഞ്ഞു, ” അങ്ങാണ് ഞങ്ങളുടെ ഗുരു. ഞങ്ങളുടെ രക്ഷകന്‍…”k t baburaj, childrens novel, iemalayalam“ങും….” കുറുക്കച്ചന്‍ അമര്‍ത്തിയൊന്നു മൂളി. “പറയൂ, ഇനിയും കിഴക്കന്‍ കാട്ടിലെ വിശേഷങ്ങള്‍ പറയൂ.”

മുറിവാലനും കുറുങ്കാലനും മാറി മാറി കിഴക്കന്‍ കാട്ടിലെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ത്ത കഥകള്‍. ഭാവനയില്‍ തോന്നിയതും പുതുതായി ഉണ്ടാക്കിയതുമായ കഥകള്‍ പറഞ്ഞുതുടങ്ങി.

പറഞ്ഞു പറഞ്ഞ് അവര്‍ കുറുക്കിപ്പെണ്ണിന്‍റെ കല്ല്യാണ ഒരുക്കങ്ങളുടെ കഥയിലെത്തി നിന്നു. വെയിലും മഴയുമുള്ള ദിവസം കാത്തിരിക്കുകയാണു കുറുക്കിപ്പെണ്ണിന്‍റെ കല്ല്യാണത്തിന് കിഴക്കന്‍ കാട്.

“എന്ത്,”  കുറുക്കച്ചന്‍ അലറി ചാടിയെഴുന്നേറ്റു.

“എന്താണ് പറഞ്ഞത് ?”

“കുറുക്കിപ്പെണ്ണിനു കല്ല്യാണമായെന്ന്,” മുറിവാലന്‍ ഒരിക്കല്‍കൂടി പറഞ്ഞു.

“കുറുക്കിപ്പെണ്ണിനു കല്യാണമോ…?”

കുറുക്കച്ചന്‍ മുറിവാലന്‍റെ മുറിവാലിനു പിടുത്തമിട്ടു. വാലില്‍ കടിച്ച് വായുവില്‍ വട്ടം കറക്കി

“എന്താ പറഞ്ഞത്… എന്താ പറഞ്ഞത്. കുറുക്കിപ്പെണ്ണിനു കല്യാണം ന്നോ…”

പേടിച്ചു വിറച്ചുപോയി മുറിവാലന്‍. ചുരുണ്ട് ചുരുണ്ട് പിന്നോട്ടുവലിഞ്ഞു കുറുങ്കാലന്‍. പേടിച്ചു വിറച്ചുകൊണ്ടാണെങ്കിലും അവര്‍ പറഞ്ഞു: “അതേയതേ, കുറുക്കിപ്പെണ്ണിനു കല്യാണമാണ്. ചെമ്പന്‍ കുറുക്കനാണു വരന്‍. അടുത്ത ചിങ്ങത്തില്… വെയിലും മഴയും കൂടുന്ന നാള്‍.”

കുറുക്കച്ചന്‍ കടിവിട്ടു. മുറിവാലന്‍ തെറിച്ച് പാറപ്പുറത്തു വീണു. വീണിടത്തുനിന്ന് ഉരുണ്ട് പിടഞ്ഞെണീറ്റ് അവന്‍ വീണ്ടും കുറുക്കച്ചനു മുന്നില്‍ ചെന്നു നിന്നു.

കുറുക്കച്ചന്‍ ശാന്തനായി. എന്നിട്ട് പറഞ്ഞു: “ആ കെട്ട് നടക്കില്ല, കുറുക്കിപ്പെണ്ണിനെ ഞാന്‍ കെട്ടും.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook