ഭയം

തെക്കന്‍ കാട്ടില്‍ അപശകുനങ്ങള്‍ തെളിഞ്ഞുതുടങ്ങി. കാലന്‍കോഴികള്‍ ഉറക്കെ കരഞ്ഞുകൊണ്ട് കാടിനെ വിറപ്പിക്കാന്‍ തുടങ്ങി. കണ്ടുകൊണ്ടിരിക്കെ ചിലരെ കാണാതാവുന്നെന്നു പരാതി ഉയരാന്‍ തുടങ്ങി. മുയലുകളാണ് ആദ്യം പരാതി പറഞ്ഞത്.

മരഞ്ചാടി കുരങ്ങന്‍മാരും മാനുകളും മയിലുകളും പരാതി പറഞ്ഞു. ഒന്നിച്ചിരിക്കുമ്പോള്‍, ഒപ്പം നടക്കുമ്പോള്‍ മഴ നനയുമ്പോള്‍ പെട്ടെന്ന് കൂട്ടത്തില്‍ ഒന്നോ രണ്ടോ പേരെ കാണാതാവുന്നു. കാണാതായവരുടെ എല്ലും തോലും പൂടയും കാട്ടുപൊന്തയില്‍ കണ്ടെത്തുന്നു.

ആരാണ് കാട്ടിലെ നിയമങ്ങള്‍ തെറ്റിച്ച് മാനിനെയും മയിലിനെയും മുയലിനെയും കൊന്നുതിന്നുന്നത്?

നമുക്കാര്‍ക്കും കാണാനാവാത്തൊരു ഭൂതം തെക്കന്‍കാട്ടില്‍ കുടിയേറിയിട്ടുണ്ടെന്നൊരു പേടി മൃഗങ്ങള്‍ക്കിടയിലുണ്ടായി. അവരതു പേടിയോടെ പങ്കുവച്ചു. അങ്ങനെയെങ്കില്‍ ആ ഭൂതത്തെ ഒടിവച്ച് പിടിക്കണം. തെക്കന്‍കാട്ടില്‍നിന്നു തുരത്തണം. അതിനുശേഷിയുള്ള ഒരാളെയുള്ളൂ തെക്കന്‍കാട്ടില്‍…

അത് ജംബൂകന്‍ മൂത്താരാണ്…

മൃഗങ്ങള്‍ വരിവരിയായി ജംബൂകന്‍ മൂത്താരുടെ മടയ്ക്കുമുന്നിലേക്കു നടന്നു. മടയ്ക്കു മുന്നിലെ ചിതറിക്കിടന്ന കോഴിത്തൂവലുകള്‍ക്കുമേല്‍ നിന്ന് അവര്‍ പലവിധ ഒച്ചകളുണ്ടാക്കി.
പലവിധ ശബ്ദത്തില്‍ അവര്‍ ഉറക്കെയുറക്കെ വിളിച്ചു: ”മൂത്താരെ… ഒടിയന്‍ മൂത്താരെ… ഞങ്ങളെ കാക്കണം.”

കുറേനേരം വിളിച്ചു കരഞ്ഞപ്പോഴാണു മടയ്ക്കു വെളിയില്‍ മൂത്താരുടെ തല തെളിഞ്ഞത്. ആകെ ക്ഷീണിച്ചിരിക്കുന്നു ജംബൂകന്‍ മൂത്താര്. നേരാം വണ്ണം തല ഉയര്‍ത്താനാവുന്നില്ല. കണ്‍പോളകള്‍ തുറക്കാനാവുന്നില്ല. എന്തിന്, ഒന്ന് വാലനക്കാന്‍ പോലുമാവുന്നില്ല.

ഒരു വിധത്തില്‍ ഇഴഞ്ഞ് നടന്ന് വന്ന് മൂത്താര് പാറക്കല്ലിലിരുന്നു. ഒരു നേരിയ ഓരിമാത്രം മൂത്താരില്‍ നിന്നുണ്ടായി.

”എന്താ… എന്തിനാ നിങ്ങളെല്ലാരും കൂടി…”

വെളുവെളുമ്പന്‍ മുയല്‍ രണ്ടടി മുന്നോട്ടുചാടി. ചെവിയാട്ടി. പിന്നെ മൂത്താരുടെ കാലുകളില്‍ മണപ്പിച്ചു. എന്നിട്ടു പറഞ്ഞു: ”രക്ഷിക്കണം മൂത്താരെ. ഏതോ ഒരു ഭൂതം തെക്കന്‍ കാട്ടിലെത്തിയിട്ടുണ്ട്. കണ്ടോണ്ടിരിക്കുമ്പോള്‍ നമ്മളില്‍ പലരെയും കാണാതാവുന്നു. എല്ലും തോലുമായി പുല്ലാഞ്ഞിപ്പടര്‍പ്പില്‍ തെളിയുന്നു. കാരണം കണ്ടെത്തണം. പരിഹാരമുണ്ടാക്കണം.”

k t baburaj ,childrens novel, iemalayalam

ജംബൂകന്‍ മൂത്താര് കണ്ണുതുറന്നുകാണാന്‍ പണിപ്പെട്ടു.
”തെക്കന്‍ കാട്ടില് ഭൂതമോ… അങ്ങനെയൊരു ഭൂതം ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ.”

”ഉണ്ട്,” വെളുമ്പന്‍ മുയല്‍ പറഞ്ഞു.

ഭൂതമുണ്ടെന്നു മയിലുകളും പറഞ്ഞു. കാണാതെപോയ മയിലുകളെക്കുറിച്ചും അവരുടെ കണ്ടെത്തിയ പീലികളെക്കുറിച്ചും പറഞ്ഞു.

ഒപ്പം മേഞ്ഞുനടന്ന മാനുകളെക്കുറിച്ച് കൊമ്പന്‍മാനും പറഞ്ഞു. പുല്ലാഞ്ഞിക്കാട്ടില്‍നിന്നു കിട്ടിയ കൊമ്പിന്റെയും മാന്‍തോലിന്റെയും കഥയും പറഞ്ഞു.

ജംബൂകന്‍ മൂത്താര് അസ്വസ്ഥനായി. മൂത്താര് വളരെ പണിപ്പെട്ട് ഒന്നുരണ്ട് ഓരികളിട്ടു. ഒന്നു രണ്ട് കുറുക്കന്മാര്‍ പാഞ്ഞുവന്നു.

മൂത്താര് ചോദിച്ചു,”അവനെവിടെ, കുറുക്കച്ചന്‍.”

”വന്നിട്ട് രണ്ടുമൂന്ന് നാളായി. വല്ലപ്പോഴുമേവരാറുള്ളൂ…” മറ്റൊരു കുറുക്കന്‍ പറഞ്ഞു. വന്നാലും ഇപ്പോള്‍ നില്‍ക്കാറില്ലെന്നു മൂന്നാമന്‍.

മൂത്താര് എന്തോ അര്‍ത്ഥം വച്ച് തലയാട്ടി. അവനെ എനിക്കൊന്ന് കാണണം എന്ന് പറയണം.
പിന്നെ കുറച്ചുനേരം ജംബൂകന്‍ മൂത്താര് ഒന്നും പറഞ്ഞില്ല.

ഒരുറക്കത്തില്‍നിന്നും ഉണര്‍ന്നപോലെ പെട്ടെന്ന് പറയുകയും ചെയ്തു, ”അവന്‍ വരട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം.”

മൃഗങ്ങള്‍ പിരിഞ്ഞുപോയി.

Read More: കെ ടി ബാബുരാജിന്റെ നോവലുകള്‍ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook