തെക്കന്‍ കാടിനു മുകളിലൂടെ മഴമേഘങ്ങള്‍ പാഞ്ഞുപോയി. മഴ പെയ്തു, ഉരുള്‍പൊട്ടി… കാവലിപ്പുഴ നിറഞ്ഞൊഴുകി.

പുഴയിലൂടെ കാട്ടുമൃഗങ്ങള്‍ ചത്തുപൊങ്ങി. മൃഗങ്ങള്‍ പിന്നേയും പിന്നേയും കുന്നുകയറി. മാളത്തിലും മടകളിലും ഗുഹകളിലും ഒളിച്ചിരുന്നു.

മഴ കഴിഞ്ഞപ്പോള്‍ വെയിലുവന്നു. പുഴവറ്റി. കാട്ടുറവകള്‍ മെലിഞ്ഞുമെലിഞ്ഞുവന്നു. മരങ്ങളും പുല്‍മേടുകളും കരിഞ്ഞു. ചിലപ്പോള്‍ കാട്ടുതീ ആളിപ്പടര്‍ന്നു. ചൂടു സഹിക്കാതെ മൃഗങ്ങള്‍ ഓടിയൊളിച്ചു. തീയണഞ്ഞപ്പോള്‍ പതുക്കെ മണം പിടിച്ച് കരിഞ്ഞമാംസം തേടി പുല്‍മേടുകളിലേക്കു തിരിച്ചുവന്നു. കാലം പതുക്കെ കടന്നുപോവുകയാണ്.

ജംബൂകന്‍ മൂത്താര് കുറുക്കച്ചനെ വിളിച്ചു. ”നീ വിദ്യകളൊക്കെ പഠിച്ചിരിക്കുന്നു. ഒടിമറയാനും മൃഗങ്ങളെ ഭയപ്പെടുത്താനും പഠിച്ചിരിക്കുന്നു. നല്ലത്. മിടുക്കനാണ് നീ. എനിക്ക് വയസ്സായി. ഇനി അധികകാലം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി നീ നോക്കണം കാര്യങ്ങള്‍.”

കുറുക്കച്ചന്‍ തലയാട്ടി. സമ്മതഭാവത്തില്‍ മൂന്നുവട്ടം ഓരിയിട്ടു.

”എനിക്കിപ്പോള്‍ ഇരപിടിക്കാന്‍ പോലും വയ്യെന്നായി. ഇനി നീ വേണം എനിക്കുള്ളതു കൂടി കൊണ്ടുതരാന്‍.”

അതിനും സമ്മതമെന്ന മട്ടില്‍ കുറുക്കച്ചന്‍ ഉറക്കെ ഓരിയിട്ടു.

ജംബൂകന്‍ മൂത്താര് മുരിക്കുമരത്തില്‍ തൂക്കിയിട്ട കാളക്കൊമ്പും പോത്തിന്‍തോലുമെടുത്ത് കുറുക്കച്ചന് കൊടുത്തു. ഒടിമറയാന്‍ നേരത്ത് ചെവിക്കുപുറകില്‍ പുരട്ടാനുള്ള കരിമഷിയും കൊടുത്തു. ജപിക്കാനുള്ള മന്ത്രങ്ങളും പറഞ്ഞുകൊടുത്തു. ഒപ്പം ഒരു ഉപദേശവും, ”വിദ്യ കൈയിലായെന്നു കരുതി അഹങ്കരിക്കരുത്. പഠിച്ച വിദ്യതന്നെ ചിലപ്പോള്‍ അന്തകനായെന്നും വരും.”

അതിനും അവന്‍ തലയാട്ടി.

k t baburaj, childrens novel, iemalayalam

”ഞാനിനി കിഴക്കന്‍ കാട്ടിലേക്കില്ല. ഈ വയസ്സാംകാലത്ത് പകയോ പ്രതികാരമോയില്ല. ഒന്നാലോചിച്ചാല്‍ അതിലൊന്നും ഒരു കാര്യവുമില്ല.”

കുറുക്കച്ചന്റെ തലയില്‍ മുന്‍കാലുകള്‍ വച്ച് അനുഗ്രഹിച്ച് ജംബൂകന്‍ മൂത്താര് പതുക്കെ പതുക്കെ വേച്ചു വേച്ച് നടന്നുപോയി.

കുറുക്കച്ചന് വല്ലാത്തൊരു സന്തോഷം തോന്നി. ആകമാനം ഒരുത്സാഹം തോന്നി. നാലുദിക്കിലും തിരിഞ്ഞ് ഉറക്കെയുറക്കെ അവന് ഓരിയിടാന്‍ തോന്നി.

അവന്‍ പതുക്കെ മഷിയെടുത്ത് ചെവിക്കു പിറകില്‍ പുരട്ടി. ഒടിമന്ത്രം ജപിച്ചു. പോത്തിന്‍തോലുകൊണ്ട് പുതച്ചു. പിന്നെ കാളക്കൊമ്പെടുത്ത് തലയില്‍വച്ചു. ശരീരത്തിനാകമാനം ഒരു വിറയലുണ്ടായി അവന്.

കുറുക്കച്ചന്‍ നിന്നിടത്തുനിന്ന് ഒന്നു വട്ടം കറങ്ങി. അപ്പോള്‍ അവിടെയൊരു ചുഴലിയുണ്ടായി. പൊടിപടലങ്ങളൊക്കെയും ഉയര്‍ന്നുപൊങ്ങി. ചന്ദ്രന്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നു മറഞ്ഞു. കാലന്‍ കോഴികള്‍ ഉറക്കെ കരഞ്ഞു. ഒരു കൊടുങ്കാറ്റുപോലെ ഒടിയന്‍ പെട്ടെന്ന് പറന്ന് അപ്രത്യക്ഷനായി.

കാട്ടുപാതകള്‍ക്കിടയില്‍ മറഞ്ഞിരുന്ന കുറുനരികള്‍, ചെന്നായ്ക്കള്‍, പുള്ളിപ്പുലികള്‍, കാട്ടാനകള്‍, കടവാതിലുകള്‍, മുയല്‍ക്കൂട്ടങ്ങള്‍, മാനുകള്‍ എല്ലാം പേടിച്ചരണ്ടു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭയത്തില്‍ അവര്‍ പരസ്പരം ചേര്‍ന്നുനിന്നു. കൊടുങ്കാറ്റുകള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ അവര്‍ ചിതറി ഓടാന്‍ തുടങ്ങി.

ഓട്ടത്തിനിടയില്‍ ആരോ വിളിച്ചു കൂവുന്നതുകേട്ടു, ”ദേ… പിന്നേം ഒടിയന്‍ വരുന്നേ…”

ഒടിയന്‍. തെക്കന്‍കാട് പേടിച്ച് നിശ്ശബ്ദമായി.

കുറുക്കച്ചന്‍ തടഞ്ഞുവീണ ഒരു മുയലിന്റെ കഴുത്തില്‍ കടിച്ചു. ഒരു പിടച്ചില്‍ അതിന്റെ കഥ കഴിഞ്ഞു. മുയലിനേയും കടിച്ചെടുത്തു കുറുക്കച്ചന്‍ മടയിലേക്ക് തിരിച്ചോടി.

ഈ മുയല്‍ ചെക്കന്‍ മൂത്താര്‍ക്കിരിക്കട്ടെ. ആദ്യത്തെ ഗുരുദക്ഷിണ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook