ഓണത്തിന് ഇത്തവണ മഹാബലി മാത്രമല്ല ഒടിയനും വരുന്നുണ്ട്. കാട്ടിലെ കുറുക്കച്ചൻ ഒടി വിദ്യ പഠിച്ച് നരിയായും പുലിയായും മാറിയ കഥ അറിയേണ്ടേ? കുറുക്കത്തിപ്പെണ്ണിനെ കല്യാണം കഴിക്കാനായി കുറുക്കച്ചൻ ചെയ്ത ഒരായിരം ഒടി വിദ്യകളെന്തെന്ന് അറിയേണ്ടേ?

കുട്ടികൾ വരൂ, നമുക്ക് നിലാവിൽ കുളിച്ചു നിൽക്കുന്ന കാട്ടിലേക്ക് പോവാം, അവിടെ വരാലിനെ കറുമുറെ തിന്നുകയും പിന്നെ ഒടി വിദ്യ ചെയ്ത് കാട്ടുപോത്തായും ചുഴലിക്കാറ്റായും മാറുകയും ചെയ്യുന്ന കുറുക്കച്ചനുണ്ടല്ലോ, ആ കക്ഷിയെ കണ്ടു വരാം

കുറുക്കച്ചന്‍റെ നിരാശ

വലിയ നാണക്കേടാണ് കുറുക്കച്ചന് ഉണ്ടായിരിക്കുന്നത്. മുഖത്തുനോക്കിയാണ് കുറുക്കിപ്പെണ്ണ് അവനെ കോഴിക്കള്ളന്‍ എന്നുവിളിച്ചത്. ഈ കോഴിക്കള്ളനെ എനിക്ക് വേണ്ടെന്ന് പറഞ്ഞ് അവള്‍ മൂന്നുവട്ടം കൂവുകയും ചെയ്തു.

കുറുക്കിയെ പെണ്ണുകാണാന്‍ ചെന്നതാണ്. ബന്ധുക്കളും ചങ്ങാതിമാരും കുറുക്കച്ചന്‍റെ ഒപ്പമുണ്ടായിരുന്നു. കോട്ടിയ കൂമ്പിലയില്‍ കോഴിസൂപ്പ് കുടിച്ചോണ്ടിരിക്കുമ്പോഴാണ് കുറുക്കിപ്പെണ്ണ് പൊട്ടിത്തെറിച്ചത്.
“എനിക്കീ കുറുക്കച്ചനെ വേണ്ട. കള്ളനാണിവന്‍. പെരുങ്കള്ളന്‍, മൂരാച്ചിക്കള്ളന്‍.”

ഒന്നും മനസ്സിലാവാതെ ബന്ധുക്കളും ചങ്ങാതിമാരും പരസ്പരം കണ്ണുരുട്ടി നോക്കുന്നതിനിടയിലാണ് കുറുക്കിപ്പെണ്ണ് ഒന്നുകൂടെ ഓരിയിട്ടത്:
“പതുങ്ങിച്ചെന്ന് കോഴിയെ പിടിക്കുന്നതാണ് കുറുക്കന്മാരുടെ ഒരന്തസ്സ്. തലമുറ, തലമുറയായുള്ള ശീലവും അതാണ്. പക്ഷേ, ഇവന്‍… ഛെ…”

Read Also: ദേ… പിന്നെയും ഒടിയന്‍ – ഭാഗം 2

കുറുക്കിപ്പെണ്ണ് മുഖം തിരിച്ചത് കണ്ട് കുറുക്കച്ചന്‍റെ അമ്മാവന്‍ ചോദിച്ചു: “ഇവന്‍ എന്തു കുറ്റമാണ് ചെയ്തത് അത് പറ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാല്ലോ.’
“ഇവന്‍ ചെയ്തതോ…?”
കുറുക്കിപ്പെണ്ണ് അവന്‍റെ നേര്‍ക്ക് വിരല്‍ചൂണ്ടി.
“ഇവന്‍ ചെയ്തത്… ഇവന്‍ സ്വന്തമായി അധ്വാനിച്ച് എപ്പോഴെങ്കിലും ഒരു കോഴിയെ പിടിച്ചിട്ടുണ്ടോ. ഒരു കാട്ടുതാറാവിനെയോ, കുളക്കോഴിയെയോ പിടിച്ചിട്ടുണ്ടോ? പാവപ്പെട്ട കുറുക്കന്മാര്‍ കഷ്ടപ്പെട്ട് പിടിച്ചുകൊണ്ടുവരുന്ന കോഴിയെയും, താറാവിനേയും മുയലിനേയുമൊക്കെ അവരുടെ വായില്‍ നിന്നും തട്ടിപ്പറിച്ചോടലല്ലേ ഇവന്‍റെ പണി. ഇവനൊരു വര്‍ഗ്ഗവഞ്ചകനാണ്. സ്വന്തം കൂടപ്പിറപ്പുകളെ പറ്റിക്കുന്നവന്‍… ഇങ്ങനെയൊരുവനെ എനിക്ക് വേണ്ട.”

കുറുക്കിപ്പെണ്ണ് ഒരു വന്‍മതിലുപോലങ്ങനെ നിവര്‍ന്നു നിന്നു. കുറുക്കച്ചനാവട്ടെ കുനിഞ്ഞ്കുനിഞ്ഞ് തന്‍റെ തല വാലിനിടയില്‍ ഒളിപ്പിച്ചു.
കുറുക്കിപ്പെണ്ണ് പിന്നെയും പിന്നെയും എന്തൊക്കെയോ പുലമ്പി. കുറുക്കച്ചന്‍റെ തെറ്റുകുറ്റങ്ങള്‍ ഓരോന്നായി വിളിച്ചുപറഞ്ഞു. അവന്‍റെ കള്ള സ്വഭാവം മാത്രമല്ല, പണിയെടുക്കാതെ ജീവിക്കാനുള്ള അവന്‍റെ ആഗ്രഹത്തെയും അവള്‍ ചോദ്യം ചെയ്തു. ഒപ്പം അന്തസ്സുള്ള ഒരു കുറുക്കനെ മാത്രമേ താന്‍ ഭര്‍ത്താവായി സ്വീകരിക്കൂ എന്നൊരു പ്രഖ്യാപനവും നടത്തിക്കളഞ്ഞു കുറുക്കിപ്പെണ്ണ്. k t baburaj, childrens novel, iemalayalam
കൂമ്പിലയില്‍ ബാക്കിയുള്ള അവസാനതുള്ളി സൂപ്പും കൂടി നക്കിത്തുടച്ച് ഓരോരുത്തരായി കുറുക്കിപ്പെണ്ണിന്‍റെ മടയില്‍ നിന്നും ഇറങ്ങി. ചുരുട്ടിയ വാല് തന്‍റെ കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് നാണത്തോടെ കുറുക്കച്ചന്‍ അവസാനമാണ് ഇറങ്ങിയത്. ഇറങ്ങുമ്പോള്‍ അവന്‍ കുറുക്കിപ്പെണ്ണിനെ ഒന്ന് തറപ്പിച്ചുനോക്കി. ‘നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ,’ എന്നായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം. കുറുക്കിപ്പെണ്ണും വിട്ടുകൊടുത്തില്ല. ‘പ്‌ഫാ മൂരാച്ചിക്കള്ളാ’ എന്ന് ഒരാട്ടുകൂടി  വെച്ചുകൊടുത്തു.

“എന്നാലും എന്‍റെ കുറുക്കച്ചാ നീ നമ്മളെ നാണം കെടുത്തിക്കളഞ്ഞല്ലോ,” തൊണ്ടച്ചനമ്മാവന്‍ പറഞ്ഞു. പെണ്ണുകാണാനെന്നും പറഞ്ഞ് ഇനി നമ്മളെ വിളിക്കല്ലേന്നും പറഞ്ഞ് ചങ്ങാതിക്കുറുക്കന്മാരും മണ്ടി.

നല്ല സൂപ്പായിരുന്നു. ഇച്ചിരീം കൂടി കുടിക്കണംന്ന് വിചാരിച്ചതായിരുന്നു. അപ്പോഴേക്കും… ചെറിയച്ചന്‍ കുറുക്കന്‍ നിരാശയില്‍ ഓരിയിട്ടു.
‘വല്ലതും പണിയെടുത്ത് ജീവിക്കെടാന്ന്,’ മറ്റൊരു കുറുക്കന്‍ബന്ധു. കുറുക്കന്മാരുടെ കുലത്തിനു തന്നെ നാണക്കേടുണ്ടാക്കല്ലേന്ന് വേറൊരാള്‍.

Read Also: ദേ…പിന്നെയും ഒടിയന്‍- ഭാഗം – 3

കുറുക്കച്ചന് തന്‍റെ തല പെരുത്തുവരുന്നതുപോലെ തോന്നി. കോഴിക്കള്ളന്‍ മൂരാച്ചി എന്ന വിളി ആയിരമിരട്ടി ഉച്ചത്തില്‍ തന്‍റെ തലയില്‍ വീണ് മുഴുങ്ങുന്നത് അവന്‍ കേട്ടു. അല്പം ശാന്തമായപ്പോള്‍ എല്ലാവരേയും നോക്കി കുറുക്കച്ചന്‍ പറഞ്ഞു, “പണിയെടുക്കാതെ എങ്ങനെ അന്തസ്സായി ജീവിക്കാമെന്ന് ഞാന്‍ കാണിച്ചുതരാം.”

കുറുക്കന്മാരെല്ലാം അവനെ അത്ഭുതത്തോടെ നോക്കി.
എന്നെ കുറ്റം പറഞ്ഞവരെക്കൊണ്ട് ഞാനെന്‍റെ കാല് പിടിപ്പിക്കും. നോക്കിക്കോ. ആ കുറുക്കിപ്പെണ്ണിനെ ഞാന്‍ തന്നെ കെട്ടും.
‘അത് ഇനി നടക്കൂല മോനെ.’ തൊണ്ടച്ചനമ്മാവന്‍ പറഞ്ഞു.
‘നടക്കും… അതൊരു അലര്‍ച്ചയായിരുന്നു. വെയ്റ്റ് ആന്‍റ് സീ…

കെ.ടി.ബാബുരാജിന്റെ ലേഖനങ്ങൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook