യെനാന് ഉണരുന്നു
യെനാന് നിറയെ കിടന്നുറങ്ങാനാണ് ഇഷ്ടം.
നിറയെ എന്നു പറഞ്ഞാല്‍ ഒരു കിടക്ക നിറയെ, ഒരു കട്ടിലു നിറയെ, എന്നു തന്നെ പറയേണ്ടി വരും.
കുഞ്ഞു ശരീരമാണെങ്കിലും, ഉറങ്ങുമ്പോള്‍ അവന്, കമ്പിളിപ്പുതപ്പിനടിയില്‍ ഒരു വൈക്കോല്‍ പാവയെപ്പോലെ അടങ്ങിക്കിടക്കില്ല.
ഇടയ്ക്കിടയ്ക്ക് ചുരുണ്ടു കൂടും. കുറച്ചു നേരം അങ്ങനെ കിടന്നിട്ട്, വലതു കാല് എടുത്ത് ഭിത്തിയിലെ ജനാലപ്പടിയിലേക്ക് ഒരു ചുള്ളിക്കമ്പു പോലെ നീട്ടി വെക്കും.
ചിലപ്പോള്‍ ഉണരാനെന്ന മട്ടില്‍ പിടഞ്ഞെണീറ്റ് കണ്ണുകള്‍ തിരുമ്മുകയും, അവന്റെ അമ്മ മാഷ ആവലാതിയോടെ നോക്കുമ്പോഴേക്കും വീണ്ടും കറങ്ങി വീണ് ചാഞ്ഞു കിടക്കുകയും ചെയ്യും.
ഇക്കുറി, കുറച്ചു കൂടി തിരശ്ചീനമായിട്ടാവും കിടപ്പ് എന്നു മാത്രം.
മാഷ അമ്മയുടെ വയറ്റില്‍ വിലങ്ങനെ തല വെച്ച്, ചുവടുകള്‍ ജനാലപ്പടിയില്‍ കയറ്റി വെച്ച്, തേന്‍ കുടിച്ച് വീര്‍ത്തു കിടന്നുറങ്ങുന്ന ഒരു കൊച്ചു കരടിയെപ്പോലാവും, ഇത്തവണ അവന്റെ കിടത്തം.
രാവിലെ സൂര്യന് ഉദിച്ചാലും പുറത്ത് പുല്‍ച്ചാടികള്‍ പലകുറി കുത്തി മറിഞ്ഞാലും, യെനാന് എണീക്കുകയില്ല.
പറഞ്ഞല്ലോ, അവന് ഇതു പോലുള്ള തണുത്ത പ്രഭാതത്തില്‍, മുഖം നിറയെ പുഞ്ചിരിച്ചു കൊണ്ട് മെത്ത നിറയെ കിടന്നുറങ്ങാനാണ് ഇഷ്ടം!
കുറച്ചു കഴിയുമ്പോള്‍, പ്രഭാതത്തിന്റെ പ്രകാശപ്പത, മുറ്റത്തും അവിടത്തെ ചരല് മണ്ണിലും ഒരു കിടക്ക വിരിപ്പു പോലെ ചുളുക്കമില്ലാതെ കിടന്ന്, അത് ഒരു വെയില് പക്ഷിയായി പറന്നുണരുമ്പോള്, അകത്ത് മെത്തയില്‍, യെനാന് വീണ്ടും ഏതോ സ്വപ്നം കണ്ടു കൊണ്ട് തിരിഞ്ഞു കിടക്കുകയാവും.
കൃഷി സ്ഥലത്തു നിന്ന്, അവന്റെ സുലൈമാന്‍ അപ്പൂപ്പന്, ഒരു കെട്ടു പയറുമായി അപ്പോഴാവും കയറി വരിക.
കാപ്പി കുടിക്കാനായിട്ടുള്ള വരവാണ്.
ആ നടത്തത്തിനിടയില്‍, അപ്പൂപ്പന്, യെനാനെ സൂത്രക്കണ്ണു കൊണ്ട് ഒന്നു പാളി നോക്കും.
യെനാന്റെ കിടയ്ക്കയ്ക്ക് അരികെ വന്നു നിന്ന്, സുലൈമാന്‍ അപ്പൂപ്പന് പിന്നെ പൂച്ചയുടെ ശബ്ദമുണ്ടാക്കും.
അപ്പോള്‍ അവന്, ചെറുതായി ഒന്ന് അനങ്ങി എന്നു തോന്നും.
ഇല്ല, തോന്നല്‍ മാത്രമാണ്.
വീണ്ടും പുതപ്പു വലിച്ചിട്ട്, യെനാനതാ മറു വശത്തേക്ക് ചെരിഞ്ഞു കഴിഞ്ഞു.
അപ്പൂപ്പന് വിടുമോ?
മൂപ്പര് ശബ്ദമുണ്ടാക്കാതെ, തന്റെ മണ്ണു പറ്റിയ വലിയ ബൂട്ടുകള്‍, കാലില്‍ നിന്ന് അഴിച്ചെടുക്കുകയും പുറത്തു വെക്കുകയും ചെയ്യും. ശുചി മുറിയില്‍ കയറി കൈയും കാലുമെല്ലാം വൃത്തിയാക്കി, അദ്ദേഹം തന്റെ ശരീരം വലിയ ടൗവല്‍ കൊണ്ട് ഒപ്പും.
കിടക്കയിലേക്ക് പിന്നെ ഇഴഞ്ഞു കയറും അപ്പൂപ്പന്.
യെനാന്റെ പള്ളയ്ക്കടുത്തെത്താനാണ് ശ്രമം. പതുക്കെ, വളരെ പതുക്കെ, ഒരു മന്തന് ആമയെപ്പോലെ നിരങ്ങി നീങ്ങി, ആ വലിയ മനുഷ്യന് കട്ടിലില്‍ കയറിപ്പറ്റും.
യെനാന്റെ മുഖത്തിനടുത്ത്, തന്റെ തല ചെരിച്ചു വെച്ച്, സുലൈമാന്‍ അപ്പൂപ്പന് പിന്നെ കുറച്ചു കൂടി വലിയൊരു ഒച്ചയില്‍ വാ തുറക്കുന്നു ‘മ്യാവൂ…’
തക്കുടു പൂച്ച അടുത്തെത്തി എന്നാണ്, പാതിയുറക്കത്തില്‍ വീണു കിടക്കുന്ന യെനാന് അപ്പോള്‍ കരുതുന്നത്.
സത്യത്തില്‍, കുറച്ചു സമയമായി, അവന് സ്വപ്നം പോലുള്ള ഒരു ഉറക്കത്തിലാണ്.
പുറത്ത് പുലരി വീഴുന്നത്, അതിലേക്ക് കാട്ടു വള്ളികള്‍ പോലെ വെയില് പടര്‍ന്നു കയറുന്നത്… എല്ലാം അവനറിയുന്നുണ്ട്.
അടുക്കളയില്‍ ചാരു അമ്മൂമ്മ അപ്പം ഉണ്ടാക്കുന്നതും ഇറച്ചിക്കറി ചൂടാക്കുന്നതും, പാത്രങ്ങളുടെ കല പില സംസാരങ്ങള്‍ കൊണ്ട് അവനറിയാം. ഈ പാതിയുറക്കത്തിലും അവന് എല്ലാ കാര്യങ്ങളും അറിയുന്നുണ്ട് കേട്ടോ…
എന്നാല്‍, സുലൈമാന്‍ അപ്പൂപ്പന്, ഒരു പൂച്ചയായി അഭിനയിച്ച് അരികില്‍ വന്നു കയറിയതു മാത്രം, നമ്മുടെ പാവം യെനാന് അറിഞ്ഞില്ല.
തക്കുടൂ… എന്നു വിളിച്ചുകൊണ്ട്, ഉറക്കത്തില്‍ നിന്ന് എണീറ്റു നിന്ന് അവന് പൂച്ചയെ കെട്ടിപ്പിടിച്ചു.
വലിയ പൊട്ടിച്ചിരിയാണ് പിന്നെ കേട്ടത്!
കണ്ണു തുറന്നു നോക്കിയപ്പോള്‍ പൂച്ചയല്ല, പകരം പൂച്ചക്കണ്ണുള്ള അപ്പൂപ്പനാണ്!
“അപ്പൂപ്പാ… അപ്പൂപ്പാ… തടിയനപ്പൂപ്പാ
അപ്പൂപ്പാ… അപ്പൂപ്പാ… കര്ഷകനപ്പൂപ്പാ
രാവിലെകളില്‍ എന്നെ പറ്റിക്കും
സുലൈമാനപ്പൂപ്പാ…”
എപ്പോഴോ കേട്ട ഏതോ ഒരു നാടോടി ഗാനത്തിന്റെ ഈണത്തില്‍ ഇങ്ങനെ പാടിക്കൊണ്ട് യെനാന് കണ്ണു തുറന്നു.
സമയം, രാവിലെ പത്തു മണിയോ പതിനൊന്നോ ആയിട്ടുണ്ടാകുമെന്ന് അവനറിയാം.
ആളുകള്‍ മുഴുവന്‍ എപ്പോഴേ എണീറ്റു കഴിഞ്ഞെന്നും സ്കൂളിലേക്കും ഓഫീസുകളിലേക്കും കൃഷിയിടങ്ങളിലേക്കുമായി പോയിക്കഴിഞ്ഞെന്നും അവനറിയാം.
യെനാന് നിറയെ കിടന്നുറങ്ങി. അതു കൊണ്ട് പ്രഭാതം കാണാന്‍ താമസിച്ചു. അതും അവനറിയാം.
യെനാന് അതില്‍ സങ്കടമോ പരിഭവമോ ഇല്ല. മറിച്ച് ഭയങ്കര സന്തോഷമാണ്.
കാരണം, അവന്, മനുഷ്യര്‍ വയറു നിറയെ തിന്നുന്നതു പോലെ, വയറു നിറയെ ഉറങ്ങി.
അപ്പൂപ്പന്റെ മീശ പിടിച്ചു തിരിച്ചു കൊണ്ട് യെനാന് വിളിച്ചു ‘സുലൈമാന്‍!
അപ്പൂപ്പന് സുലൈമാന്‍!’
അടുക്കളയില്‍ നിന്ന്, അപ്പം മറിച്ചിടുന്ന ചട്ടുകവുമായി ചാരു അമ്മൂമ്മ എത്തി. ‘കുഞ്ഞു ചെറുക്കാ… വന്ന് പല്ലു വൃത്തിയാക്ക്…’ എന്നു പറഞ്ഞ്, ഒരു ചെറിയ ബ്രഷ് എടുത്ത് യെനാന്റെ കുഞ്ഞു കൈ വിരലുകളില്‍ അവര്‍ പിടിപ്പിച്ചു.
അമ്മ മാഷ, ദൂരെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്, രാവിലെ തന്നെ ഡ്യൂട്ടിക്ക് പോയി എന്ന് അവനറിയാം. ഗ്രാമത്തിലുള്ള ആശുപത്രിയിലെ ഏക ഡോക്ടറാണ് അവന്റെ മാഷയമ്മ. കാട്ടിനുള്ളിലെ ആശുപത്രിയില്‍, രാവിലെ തന്നെ ആളുകളുടെ വലിയ ക്യൂ തുടങ്ങിയിട്ടുണ്ടാകും.
ചെവിയില്‍ കുഴലുകള്‍ വെച്ച് അവരുടെ ഹൃദയമിടിപ്പുകളും കൈത്തടങ്ങളില്‍ കൈകള്‍ ചേര്‍ത്ത് അവരുടെ സങ്കടമിടിപ്പുകളും വായിക്കാന്‍ അവന്റെ അമ്മ മാഷയ്ക്കറിയാം.
അപ്പൂപ്പന്റെ കൈ പിടിച്ച് യെനാന് കട്ടിലില്‍ നിന്നിറങ്ങി.
ബ്രഷുമായി നടന്ന് വാഷ്ബേസിന് പൈപ്പിനടുത്തെത്തി.
പറഞ്ഞില്ലല്ലോ- അവരുടെ വീട്ടില്‍ യെനാനു വേണ്ടി മാത്രം, ഒരു കുഞ്ഞു വാഷ് ബേസിനുണ്ട്.
Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
‘പല്ലുകള്‍ ചിരിക്കും വരെ ബ്രഷ് ചെയ്യണം,’ എന്നാണ് അവന് വൈകുന്നേരങ്ങളില്‍ കാണുന്ന ടെലിവിഷന്‍ കാര്‍ട്ടൂണിലെ ഒരു തത്ത ഈയിടെ പറഞ്ഞത്.
യെനാന്, കണ്ണാടി നോക്കി നിന്ന്, പല്ലു വൃത്തിയാക്കാനാരംഭിച്ചു. പത കൊണ്ട് വായ നിറഞ്ഞപ്പോള്‍, വെള്ളപ്പാത്രം പോലുള്ള ബേസിനിലേക്ക് തുപ്പി.
മുഖം കഴുകാന്‍ അവനെ, സുലൈമാന്‍ അപ്പൂപ്പനും സഹായിച്ചു.
അപ്പോഴേക്കും ചാരു അമ്മൂമ്മ, മൂത്രമൊഴിപ്പിക്കാനായി അവനെ ശൗചാലയത്തിലേക്ക് എടുത്തു കൊണ്ടു പോയി.
തിരിച്ചു വന്ന് യെനാന്, വീടിനു മുന്‍ വശത്തുള്ള കല്ലുപടികളിലിരുന്നു.
‘അമ്മൂമ്മേ… യെനാന് കുഞ്ഞന്‍ കാപ്പി…’
അകത്തേക്ക് നോക്കി അവന് വിളിച്ചു പറഞ്ഞു.
തുടരും…
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്റെ കഥ കേള്‍ക്കാം.