Latest News

ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍- ഭാഗം 3

ഇതാ ഒരു കുഞ്ഞു സഞ്ചാരി ‘യെനാനില്‍ ഒരു സഞ്ചാരിയുണ്ട്’- സുലൈമാന്‍ അപ്പൂപ്പന്‍ എപ്പോഴും പറയും. രണ്ടു വയസ് പ്രായമുള്ളപ്പോഴേ അവന്‍ പുറത്തേക്ക് പോവാനാണ് ആഗ്രഹിച്ചത്. നാക്കു കൊണ്ട് വാക്കുകള്‍, വായ്ക്കകത്ത് കൂട്ടി മുട്ടിച്ച് സംസാരിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ, മുറ്റത്തിറങ്ങി കുറച്ചു നേരത്തെ കറക്കം കഴിഞ്ഞാല്‍, യെനാന്‍, അപ്പൂപ്പന്റെ കൈ പിടിച്ച് വലിക്കുമായിരുന്നു. ‘ഇങ്ങട്ട്…ഇങ്ങട്ട്…’ അവന്‍ പുറത്തേക്കുള്ള മണ്‍പാത ചൂണ്ടിക്കാണിച്ച്, സുലൈമാന്‍ അപ്പൂപ്പനെ അങ്ങോട്ടു തള്ളും. ‘ഇങ്ങട്ട്’ എന്നു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ യാതൊരു രക്ഷയുമില്ല. അങ്ങോട്ടുള്ള […]

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ഇതാ ഒരു കുഞ്ഞു സഞ്ചാരി

‘യെനാനില്‍ ഒരു സഞ്ചാരിയുണ്ട്’- സുലൈമാന്‍ അപ്പൂപ്പന്‍ എപ്പോഴും പറയും.

രണ്ടു വയസ് പ്രായമുള്ളപ്പോഴേ അവന്‍ പുറത്തേക്ക് പോവാനാണ് ആഗ്രഹിച്ചത്.

നാക്കു കൊണ്ട് വാക്കുകള്‍, വായ്ക്കകത്ത് കൂട്ടി മുട്ടിച്ച് സംസാരിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ, മുറ്റത്തിറങ്ങി കുറച്ചു നേരത്തെ കറക്കം കഴിഞ്ഞാല്‍, യെനാന്‍, അപ്പൂപ്പന്റെ കൈ പിടിച്ച് വലിക്കുമായിരുന്നു.

‘ഇങ്ങട്ട്…ഇങ്ങട്ട്…’ അവന്‍ പുറത്തേക്കുള്ള മണ്‍പാത ചൂണ്ടിക്കാണിച്ച്, സുലൈമാന്‍ അപ്പൂപ്പനെ അങ്ങോട്ടു തള്ളും.

‘ഇങ്ങട്ട്’ എന്നു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ യാതൊരു രക്ഷയുമില്ല. അങ്ങോട്ടുള്ള വഴിയിലേക്ക് അപ്പൂപ്പന്‍ അവനേയും കൂട്ടി ഇറങ്ങിയേ മതിയാവൂ.

പ്രഭാതത്തിന്റെ അമ്പരപ്പ് മാറി നില്‍ക്കുന്ന ഗ്രാമപാതയിലൂടെ, രണ്ട് സഞ്ചാരികളെപ്പോലെ, പിന്നെയവര്‍ നടന്നു തുടങ്ങും.

കൃഷിക്കളത്തിലിറങ്ങുമ്പോള്‍ കാലില്‍ ധരിക്കാറുള്ള നീളന്‍ ഷൂസുകള്‍ ഇളക്കിമാറ്റി, പകരം തുകല്‍ച്ചെരിപ്പുകള്‍ ആവും, അപ്പൂപ്പന്‍ അപ്പോള്‍ ധരിച്ചിട്ടുണ്ടാവുക. യെനാന്‍ കുഞ്ഞന് പതിവു പോലെ കറുത്ത ഷൂസുകള്‍.

അയല്‍ക്കാരന്‍ ആന്ത്രയോസ് അപ്പൂപ്പന്, വലിയ ആലയും കൊയ്ത്തുകളവും ഒക്കെയുണ്ട്. അവിടെ ചെന്ന്, ആലയിലെ പശുക്കളെ കണ്ടു നില്‍ക്കാന്‍ അവനിഷ്ടമാണ്.

ആലയ്ക്കു സമീപമുള്ള, ചെറിയ കൊയ്ത്തു പാടത്തിനടുത്ത്, കാടു കയറിയ ഒരു തുണ്ടു ഭൂമിയും ചെറിയ കുളവും സ്ഥിതി ചെയ്യുന്നു.

ആ കൊച്ചു കാട്ടിലാണ് ആന്ത്രയോസ് അപ്പൂപ്പന്‍ മിക്കപ്പോഴും തന്റെ പശുക്കളെ മേയാനായി വിടുക. ആ മേച്ചില്‍ സ്ഥലത്തിന് അരികിലായി സ്ഥിതി ചെയ്യുന്ന കരിങ്കല്‍പാറയില്‍, അവന്റെ അപ്പൂപ്പന്റെ കൂടെ യെനാനും ചെന്നിരിക്കും.

പയ്യുകള്‍ വൃത്തമൊപ്പിച്ച് മേയുന്നതും അവയുടെ താളമുളള ചുറ്റി നടപ്പിനിടയില്‍, അരികിലേക്ക് കൊറ്റികള്‍ വന്നിരിക്കുന്നതുമെല്ലാം അവര്‍ക്കപ്പോള്‍ കാണാം.

കൊറ്റികള്‍ സൂത്രശാലികളാണ്. സുലൈമാന്‍ അപ്പൂപ്പന്‍, അത് അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്. അതിലൊരു കഥ ഇങ്ങനാണ്…

“ഒരിടത്തൊരു കൊറ്റിയുണ്ടായിരുന്നു. പശുക്കള്‍ മേയുന്നിടത്തു ചെന്ന് ‘ച്വീ… ച്വീ…’ എന്ന് ഒച്ച വെക്കാനും മഴക്കാലത്ത് സംഗീത മല്‍സരങ്ങളില്‍ പങ്കെടുത്ത് മറ്റു കൊറ്റികളെ തോല്‍പിക്കാനും അവനു ഭയങ്കര ഉല്‍സാഹമായിരുന്നു.

ശരവേഗത്തില്‍ പുഴയിലേക്ക് ഊഴിയിട്ടു താഴാനും, വെള്ളത്തിനു മുകള്‍തട്ടില്‍ നീന്തി നടക്കുന്ന ചെറുമീനുകളെ കൊക്കു വെച്ചു റാഞ്ചി പിടിക്കാനും, അവന്‍ വിരുതനായിരുന്നു.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

തവളകള്‍, ഞണ്ടുകള്‍ തുടങ്ങിയവയെ അവന്‍ കെണിയില്‍ പെടുത്തിയിരുന്നത്, ഒരു സ്വകാര്യം പറയാനെന്ന മട്ടില്‍ അടുത്തു ചെന്നിട്ടാണ്.

ഒരിക്കലൊരു ഞണ്ട്, മാളത്തിലിരുന്ന് പുറത്തേക്ക് വിളിച്ചു ‘അല്ലയോ കൊറ്റിയങ്കിള്‍… നമ്മള്‍ തമ്മില്‍ എന്തിനാണ് ഇങ്ങനെയൊരു ശത്രുത? ഇന്ന് എന്റെ വീടിനടുത്തുള്ള ഈ വയല്‍ക്കരയില്‍ ഡിന്നറിനു വരാമോ?
രാത്രി ഡിന്നറിനു വന്നാല്‍, ഒരു പാത്രം നിറയെ തവളക്കാലുകള്‍ അങ്കിളിനു ഞാന്‍ തരാം.’

ഒരു പാത്രം നിറയെ തവളക്കാലുകള്‍! കൊറ്റിയുടെ നാവില്‍ വെള്ളമൂറി.

സന്ധ്യ കഴിഞ്ഞപ്പോള്‍, വയലിനു സമീപത്തുള്ള ഞണ്ടിന്റെ മണ്‍ വീടിനു മുന്നില്‍ വന്നു നിന്ന്, കൊറ്റി വിളിച്ചു  ‘മോനേ… നിന്റെ അമ്മാവനിതാ എത്തി.’

ഒരു പാത്രം നീട്ടിക്കൊണ്ട് ഞണ്ടു പറഞ്ഞു ‘ഇത് ഞാന്‍ അങ്കിളിനു വേണ്ടിയുണ്ടാക്കിയ തവളക്കാല്‍ സൂപ്പാണ്. ആദ്യം ഇതു കഴിക്കണേ… അപ്പോഴേക്കും തവളക്കാല്‍ ഫ്രൈ നിറച്ച പാത്രവുമായി ഞാന്‍ മടങ്ങി വരാം.’

Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

കൊറ്റിയമ്മാവന്‍ സൂപ്പു കഴിക്കുന്നതും നോക്കി, ഞണ്ടു കുഞ്ഞന്‍ മാളത്തിലേക്ക് പോയി.

വയലിനു ചുറ്റുമുള്ള പൊത്തുകളില്‍ നിന്ന് ഞണ്ടുകളുടെ ഒരാള്‍ക്കൂട്ടം കൊറ്റിയെ പൊതിഞ്ഞത് പെട്ടെന്നാണ്.

അവര്‍ കൊറ്റിയുടെ കാലുകളിലും കഴുത്തിലും പിടികൂടി ഇറുക്കി.

താന്‍ വഞ്ചിക്കപ്പെട്ടെന്നും തന്റെ അന്ത്യ അത്താഴമാണ് താനീ കഴിച്ചു കൊണ്ടിരിക്കുന്നതെന്നും കൊറ്റിക്കു മനസ്സിലായി.

കൊറ്റി ശാന്തതയോടെ ചിരിച്ചു. സമാധാനത്തിലൊഴുകുന്ന ഒരു പുഴയുടെ ഭാവമായിരുന്നു അപ്പോള്‍ കൊറ്റിക്ക്.

‘മക്കളേ… വരൂ നമുക്കൊരുമിച്ചു മരിക്കാം. എനിക്കു സന്തോഷമായി. മരണത്തിലും ഞാന്‍ ഒറ്റപ്പെടില്ലല്ലോ…’

കൊറ്റി പറയുന്നത് കേട്ട് ഞണ്ടുകള്‍ സംശയത്തിലായി.

കൊറ്റി തുടര്‍ന്നു ‘മാരക രോഗത്തിന്റെ പിടിയില്‍ പെട്ടു കഴിയുന്ന ഒരു പാവം കൊറ്റിയാണ് ഞാന്‍. ഇന്നോ നാളയോ എന്ന മട്ടില്‍ മരണത്തിന്റെ ചിറകടിയൊച്ചയും കാത്തിരിക്കുന്നവന്‍. എന്റെ ശരീരം മുഴുവന്‍, ആ അപൂര്‍വ അസുഖത്തിന്റെ രോഗാണുക്കള്‍ ചിലന്തി വല പോലെ പടര്‍ന്നു കഴിഞ്ഞു. നിങ്ങളെല്ലാവരും ചേര്‍ന്ന്, ഈ എന്നെ തന്നെ ഭക്ഷിക്കൂ. നാളത്തെ പ്രഭാതം നമുക്കെല്ലാം സ്വര്‍ഗത്തില്‍ ഒത്തു കൂടാം.’

കൊറ്റി പറഞ്ഞ ജീവിത കഥ കേട്ട് ഞെട്ടിത്തരിച്ച്, ഞണ്ടുകള്‍ നാലു പാടും പരക്കം പാഞ്ഞു.

‘ഓ, ദൈവമേ… തങ്ങള്‍ എന്തു മണ്ടത്തരമാണ് ചെയ്യാന്‍ പോയത്!’

ഏവരും പോയിക്കഴിഞ്ഞപ്പോള്‍, ശൂന്യമായ വയല്‍ക്കരയില്‍ കൊറ്റി ഏകനായി കുറേ സമയമിരുന്നു.

പിന്നെ ‘മണ്ടന്മാര്‍’ എന്ന് ഉള്ളില്‍ ചിരിച്ചു കൊണ്ട്, ദൂരെ എങ്ങോട്ടോ അത് പറന്നു പോയി.”

ഇത്തരം പലതരം കഥകള്‍, ആ കരിങ്കല്‍ പാറയിലിരുന്ന് അപ്പൂപ്പന്‍ അവനോട് പറയും.

കുറേ നേരം അവിടെയിരുന്ന്, തലയിലും ശരീരത്തിലും ചൂടു പിടിച്ചു കഴിയുമ്പോള്‍, അപ്പൂപ്പനും കൊച്ചുമകനും യഥാര്‍ത്ഥ സഞ്ചാരത്തിനിറങ്ങും.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ആ ഗ്രാമത്തിലെ ചെറിയ കുന്നുകളും പിരിയന്‍ പാതകളും കയറിയിറങ്ങി, അയല്‍ക്കാരുടെയെല്ലാം വീടുകള്‍ സന്ദര്‍ശിച്ച്, ആഘോഷമായിട്ടുള്ള ഒരു സര്‍ക്കീട്ടാണത്.

ജെറിയമ്മാവന്റെ മരമില്ലും സക്കറിയാ വല്ല്യച്ചന്റെ മണ്‍ വീടും ഫിലോമിനാന്റിയുടെ നഴ്‌സറി സ്‌കൂളും ജമീല അമ്മായിയുടെ കോഴി ഫാമുമെല്ലാം ഇതിനിടയില്‍ അവര്‍ കടന്നു കഴിഞ്ഞിട്ടുണ്ടാവും.

അവിടെയെല്ലാം നിന്ന്, അവരോട് വിശേഷം പറയാനും യെനാന് ഇഷ്ടമാണ്.

‘ജെറിയമ്മാവന്‍ പ്രാതല്‍ കഴിച്ചോ?’

‘സക്കറിയാ വല്ല്യച്ചന്‍ മുറുക്കിയോ?’

‘ഫിലോമിനാന്റിക്ക് ഇത്രേം മക്കളുണ്ടോ?’ (നഴ്‌സറി സ്‌കൂളിലെ കുട്ടികളെ കണ്ടിട്ടാണ് അവന്റെ ഈ അല്‍ഭുതച്ചോദ്യം).

‘ഒറ്റയ്ക്കു കഴിയുന്ന ജമീല അമ്മായിക്ക് ഒരു പൂവന്‍ കോഴിയെ കല്യാണം കഴിച്ചു തരട്ടേ?’ എന്നെല്ലാമുള്ള കാര്യങ്ങള്‍ ഇതിനിടയില്‍ അവന്‍ അവരോട് ചോദിച്ചു കഴിഞ്ഞിരിക്കും.

‘അതിനെന്താ മോനേ… നീ കൊണ്ടു വരുന്ന ഏതു പൂവനേയും കല്യാണം കഴിക്കാന്‍ അമ്മായി തയ്യാറാണ്. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. ഞാന്‍ പറയുന്നതു കേട്ട് എന്റെ കൂടെ ഫാമില്‍ അടങ്ങിയൊതുങ്ങി നില്‍ക്കുന്ന ഒരാളാവണം,’ ജമീല അമ്മായി കുലുങ്ങിച്ചിരിച്ചു കൊണ്ട് പറയും.

‘കുരുത്തക്കേടുള്ള പൂവന്‍ കോഴിയാണെങ്കിലോ?’ യെനാന്‍ കുസൃതിയോടെയാണ് തിരിച്ചു ചോദിക്കുക.

‘ഞാന്‍ അതിനെപ്പിടിച്ച് അറുത്ത് സൂപ്പൂ വെക്കും. ഒരു കോപ്പ നിറയെ സൂപ്പ് യെനാനും കുടിക്കാന്‍ തരും.’  അമ്മായിക്ക് എന്തിനും കൃത്യം ഉത്തരമുണ്ട്.

Read More : പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

ചുറുചുറുക്കുള്ള യെനാനോട് സംസാരിക്കാന്‍ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. അവന്‍ മിടുക്കനാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരേയും പേടിയുമില്ല!

അപ്പൂപ്പനുമൊത്തുള്ള സഞ്ചാരത്തിനിടയില്‍ യാക്കോബ് ചേട്ടന്റെ ബൗ… ബൗവിനേയും അവര്‍ വഴിയില്‍ വെച്ചു കാണും.

‘ബൗ… ബൗ… യെനാന്‍ കുഞ്ഞന്‍ എങ്ങോട്ടാണ്?’
ബൗ-ബൗ ചോദിക്കും.

‘ബൗ… ബൗ… യെനാന്‍ നടക്കാനെറങ്ങീതാ…’
അവന്‍ ബൗ-ബൗവിന്റെ ഭാഷയില്‍ തന്നെ മറുപടി പറയും.

‘ബൗ… ബൗ… യെനാന്‍ എത്ര ദൂരം നടക്കും?’
‘ബൗ… ബൗ… ഞാന്‍ കുറേ ദൂരം നടക്കും. അപ്പൂപ്പന്‍ എന്നേം കൊണ്ട് പോവുന്നത്രേം നടക്കും.’

‘ബൗ… ബൗ… എന്നാല്‍ പോയി വരൂ. ഞാനിത്തിരി വെയില്‍ കായട്ടെ…’
‘വെയില്‍ കൊണ്ട് അധികം കരിയല്ലേ, ബൗ ബൗ…’

ഒരു ഉപദേശം കൊടുത്തു കഴിഞ്ഞ സന്തോഷത്തില്‍, യെനാന്‍ പിന്നേയും മുന്നോട്ടു നടന്നു.

മിക്കവാറും പുഴയോരത്താണ് ആ യാത്ര ചെന്നവസാനിക്കുക. പുഴയ്ക്കരികിലുള്ള പാറയിലിരുന്ന്, കാലുകള്‍ വെള്ളത്തിലിട്ട്, തണുപ്പിന്റെ പതകള്‍ കാല്‍പാദങ്ങള്‍ നക്കുന്നത് നോക്കിയിരിക്കാന്‍ അവനെന്തിഷ്ടമാണെന്നോ!

അതും യെനാനെ അപ്പൂപ്പന്‍ പഠിപ്പിച്ചതാണ്. ഇടയ്ക്ക് ചില പരല്‍മീനുകള്‍ വന്ന് അവന്റെ പിഞ്ചു കാലുകളില്‍ കൊത്തും.

‘അപ്പൂപ്പാ… നമുക്കൊരു തോര്‍ത്തു കോര്‍ത്തു പിടിച്ച് ഇവറ്റകളെ പിടിച്ചാലോ?’  യെനാന് എങ്ങനെയെങ്കിലും സൂത്രത്തില്‍ അവറ്റകളെ പിടികൂടണമെന്നാണ്.

‘വേണ്ട…’ അപ്പൂപ്പന്‍ വിലക്കും.

‘ആ കുഞ്ഞു ജീവനുകളെ കളിക്കാനായി പിടിക്കരുത്.’

‘അപ്പോള്‍ പിന്നെ വീട്ടില്‍ മീന്‍കറി വെക്കുന്നതോ…’ യെനാന്‍ വിടുമോ?

‘അത് ദൂരെ കടലില്‍ നിന്ന് മീന്‍ പിടിച്ചിട്ടല്ലേ. വലിയ കടലിന്റെ വയറില്‍ നിറയെ മല്‍സ്യങ്ങളുണ്ട്. മല്‍സ്യങ്ങളുടെ വന്‍ കൂട്ടങ്ങള്‍. അവയില്‍ നിന്ന് ചിലതിനെ പിടിച്ചാലും, പിന്നെയും കടല്‍, കൂടുതല്‍ മല്‍സ്യങ്ങളെ പ്രസവിക്കും. ഇത് ഗ്രാമത്തിന്റെ ഞരമ്പുകളായ ചെറു പുഴകളാണ്. ഈ പുഴകള്‍ക്ക് ചെറിയ വയറുകളേ ഉള്ളൂ. ചെറിയ വയറില്‍ ചെറിയ മീനുകള്‍. അവ എളുപ്പം തീര്‍ന്നു പോവും,’ അപ്പൂപ്പന്‍ പറഞ്ഞു കൊടുക്കും.

അന്ന്, തന്റെ കുഞ്ഞു സഞ്ചാരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍, യെനാന്‍ മനസ്സില്‍ പറഞ്ഞു- ‘വലുതില്‍ നിന്നേ ചെറുതെടുക്കാവൂ. ചെറുത് ലോകത്തിനുള്ളതാണ്.

ഹായ്! ചെറുതെത്ര സുന്ദരം!’

തുടരും…

ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids stories v h nishad novel children podcast audible audio book bhoomiyude alamara part three

Next Story
ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍-ഭാഗം 2VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com