വലിയ ചിന്തകളുള്ള യെനാന്‍

കൗതുകത്തോടെ യെനാന്‍, ഭൂമിയുടെ അലമാരയിലേക്ക് നോക്കി.

പഴയ മരക്കഷണത്തില്‍ പണിതെടുത്ത വലിയൊരു അലമാരയാണ്. അതിന് നാലു വലിയ തട്ടുകള്‍. ബലിഷ്ഠനായ ഒരു യോദ്ധാവിനെപ്പോലാണ് കാഴ്ചയില്‍. കുന്നിന്റെ മണ്‍ വയറ്റില്‍ ഘടിപ്പിച്ചതു പോലാണ് മൂപ്പരുടെ നില്‍പ്.

ഭൂമിക്കെന്തിനാ ഇങ്ങനൊരു അലമാര? അവന്‍ സംശയത്തോടെ ചാരു അമ്മൂമ്മയെ നോക്കി.

അവരുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടോ! ഇനി അപ്പൂപ്പനോട് ചോദിച്ചിട്ടേ കാര്യമുള്ളൂ.

‘സുലൈമാന്‍, സുലൈമാന്‍…’

അവന്‍ നീട്ടി വിളിച്ചു.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

അവരുടെ കൃഷിക്കളത്തിന്റെ ഒരു മൂലയിലായി പുതുതായി കെട്ടിയുണ്ടാക്കിയ ഷെഡിലേക്ക് വലിയൊരു ചാക്കില്‍ ധാന്യം കൊണ്ടു പോവുകയാണ് സുലൈമാന്‍.

‘എന്താടോ ചോദ്യത്തലയാ,’ അപ്പൂപ്പന്‍ നടക്കുന്നതിനിടയില്‍ വിളിച്ചു ചോദിച്ചു.

സുലൈമാന് യെനാന്റെ ഭാവം കാണുമ്പഴേ അറിയാം. അവന് എന്തും സംശയമാണ്. അതിനായുള്ള ചോദ്യം തയ്യാറാവുകയാണ്.

‘മരങ്ങള്‍ എന്തിനാണ് അവരുടെ വേരുകള്‍ ആരും കാണാതെ മണ്ണിനടിയില്‍ ഒളിപ്പിച്ചു വെക്കുന്നത്?’
‘പക്ഷികള്‍ എവിടെയാണ് ടോയ്‌ലറ്റില്‍ പോകുന്നത്?’
‘പുഴകളെവിടെയാണ് അതിന്റെ ഓട്ടം തുടങ്ങുന്നത്?’
‘മഴകള്‍ എന്തിനാണ് താഴേക്കു തന്നെ വീഴുന്നത്?’

ചോദ്യങ്ങളിങ്ങനെ നീണ്ടു പോകും. സംശയങ്ങള്‍ നല്ലതു തന്നെ. സുലൈമാനും അതിഷ്ടമാണ്. കുട്ടികള്‍ സംശയങ്ങള്‍ ചോദിച്ച് ചോദിച്ച് അതിന് ഉത്തരം കണ്ടെത്തി വളരണം. എങ്കിലേ ഭാവിയില്‍ മിടുക്കരാവൂ.

സുലൈമാന്‍ ഇപ്പോള്‍ ഒരുപാട് ചാക്കുകള്‍ ചുമന്ന് ധാന്യപ്പുരയില്‍ കൊണ്ടു വെച്ചു കഴിഞ്ഞു. സഹായിക്കാനായി സക്കറിയാ വല്ല്യച്ചനും കൂടെയുണ്ട്.

Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

അയാള്‍ ക്ഷീണം മാറ്റാനും വെള്ളം കുടിക്കാനുമായി പടിക്കെട്ടില്‍ ഇരുന്നു കഴിഞ്ഞു. രണ്ടു വലിയ ജാറുകളില്‍ വെള്ളവുമായി ചാരു അമ്മൂമ്മ അതാ വരികയായി.

യെനാന്‍ ഓടിച്ചെന്ന്, സുലൈമാന്‍ അപ്പൂപ്പന്റെ മടിയില്‍ കയറിയിരുന്നു.

‘എടാ കള്ളാ, മേലു മുഴുവന്‍ വിയര്‍പ്പും പൊടിയുമായല്ലോ…’ സുലൈമാന്‍ അവനെ ശാസിച്ചു.

‘അപ്പൂപ്പാ… മനുഷ്യര്‍ക്കല്ലേ അലമാരയും പെട്ടിയും മേശയുമെല്ലാം ആവശ്യം? ഈ ഭൂമിക്കെന്തിനാണ് ഒരു അലമാര,’ യെനാന്‍ ചോദിച്ചു.

‘വല്യ ചിന്തയാണല്ലോ യെനാന്‍…’ എന്ന് പറഞ്ഞ് സക്കറിയ വല്യച്ഛന്‍ അവന്റെ തലയില്‍ സ്‌നേഹത്തോടെ ഒന്നു കിഴുക്കി.

ലോകത്തോടു മുഴുവന്‍ ഈ സ്‌നേഹം കാണിക്കുന്ന ആളാണ് സക്കറിയ വല്യച്ഛന്‍. ഇടയ്ക്ക് നടന്നു പോകുന്ന വഴിയിലെ മരങ്ങളേയും വാഴകളേയുമെല്ലാം കിഴുക്കിക്കൊണ്ട്, വല്യച്ഛന്‍ അവരോട് ഉച്ചത്തില്‍ സംസാരിക്കുന്നത് യെനാന്‍ കണ്ടിട്ടുണ്ട്.

‘എടാ കുഞ്ഞാ… മനുഷ്യര്‍ക്ക് അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനാണല്ലോ അലമാര. ഭൂമിക്ക് അതിന്റെ സാധനങ്ങള്‍ സൂക്ഷിച്ചു വെക്കാനാണ് ഈ അലമാര.’

അവന്‍ എല്ലാം മനസ്സിലായതു പോലെ തല കുലുക്കി. സത്യത്തില്‍ അവന് എന്തെങ്കിലും മനസ്സിലായോ?
ഇല്ല.

ഈ പറഞ്ഞതൊന്നും അവന്റെ ചെറിയ തല മണ്ടയില്‍ കയറിയിട്ടില്ല. എങ്കിലും ചില പിടി കിട്ടാ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, വലിയവരെപ്പോലെ ചുമ്മാ തലയാട്ടുന്നത്, അവനിപ്പോള്‍ ഒരു ശീലമായി മാറിയിരിക്കുന്നു.

ക്ഷീണമകറ്റി മണ്‍വെട്ടിയുമായി സക്കറിയാ വല്യച്ഛനും അപ്പൂപ്പനും കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് യെനാന്‍ നോക്കി നിന്നു.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

അവരുടെ വീടിനു താഴെ നാലു തട്ടുകളിലായി കൃഷിയിടങ്ങളാണ്. പലതരം കൃഷികള്‍ അവിടുണ്ട്. ഒന്നാം തട്ടില്‍ നെല്ലാണെങ്കില്‍ രണ്ടാം തട്ടില്‍ മരച്ചീനിയാണ് കൃഷി. മൂന്നാം തട്ടം പല തരം ചീര സസ്യങ്ങള്‍. നാലാം തട്ടില്‍ പയറും പാഷന്‍ ഫ്രൂട്ടും പോലുള്ള വളളിപ്പടര്‍പ്പുകള്‍. സീസണനുസരിച്ച് കൃഷികളും മാറി വരും.

അവയ്‌ക്കെല്ലാം തടമെടുക്കാനായി പോവുകയാണവര്‍.

ആ കൃഷിയിടങ്ങള്‍ക്കിടയിലുള്ള, വെള്ളത്തിന്റെ ചാലുകള്‍ വെട്ടിയൊരുക്കുന്നത് അവര്‍ ചേര്‍ന്നാണ്.

Read More : പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

ചില നേരങ്ങളില്‍, അപ്പൂപ്പനെ ഉപായത്തില്‍ മണിയടിച്ച് അവനും കൂടെയിറങ്ങും.

മണ്ണില്‍ കുഴഞ്ഞു വീണ്, പൊടി പറത്തി കളിക്കാനാണ് ശരിക്കുമവന്‍ അവിടെ പോകുന്നത്.

അതിനിടയില്‍, മണ്ണില്‍ അക്ഷരങ്ങളെഴുതി പഠിക്കുന്ന ചില മണ്ണിരകളെയും യെനാന്‍ കാണും.

അപ്പൂപ്പനും വല്യച്ചനും പണിയെടുക്കുന്നത് നോക്കി അവന്‍, കുറേ സമയം ആ പടിക്കെട്ടില്‍ തന്നെ നിന്നു.  വലിയ അധ്വാനികളാണവര്‍.

ഇന്ന് ഉച്ചയ്ക്ക്, സൂര്യന്‍ വെയിലിന്റെ വലിയ ചൂട്ടു കത്തിച്ച് അന്തരീക്ഷത്തില്‍ ചൂട് നിറയ്ക്കുമ്പോഴേ, അവര്‍ ഇനി തിരിച്ചു കയറി വരൂ.

പക്ഷേ, അപ്പോഴും യെനാന്റെ ചിന്ത മറ്റൊന്നായിരുന്നു. ‘എന്തിനാണ് ഭൂമിക്ക് ഒരു അലമാര?’

തുടരും…

 

ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook