യെനാന്‍ അതു കാണുന്നു

ചില രാത്രികളില്‍, യെനാന്‍ വൈകിയേ കിടക്കൂ.

ഒമ്പതു-പത്തു മണിയാകുന്നതോടെ, ആ ഗ്രാമത്തിലെ വീടുകള്‍ മുഴുവന്‍ ഉറക്കത്തിലേക്ക് കോട്ടുവായിട്ടു തുടങ്ങും.

പതിയേ ഓരോ വീടുകളിലേയും വിളക്കുകള്‍ കെടും. അത്താഴം കഴിച്ച്, ഏവരും ഉറങ്ങാനായി, കിടക്കയൊരുക്കി പുതപ്പുകള്‍ ശരിയാക്കുന്ന നേരമാണത്.

സുലൈമാന്‍ അപ്പൂപ്പനും ചാരു അമ്മൂമ്മയും മാഷ അമ്മയുമെല്ലാം അത്താഴം കഴിക്കുന്നതും ഇതേ നേരത്താണ്. രാത്രിയില്‍, ചൂടുള്ള ചപ്പാത്തിയും സ്റ്റൂവുമോ ചൂടു ചോറും മീനുമോ ഒക്കെയാണ്, അവരുടെ വീട്ടില്‍ അത്താഴത്തിന് പതിവ്. ചില നേരങ്ങളില്‍, പുഴുങ്ങിയ കൊഴുക്കട്ടകളാവും.

ചൂടു ചോറും കൊഴുക്കട്ടയും, യെനാന് ഭയങ്കര ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളാണ്. കുഞ്ഞു പാത്രത്തില്‍, യെനാന് ഇത്, ചാരു അമ്മൂമ്മ വിളമ്പിക്കൊടുക്കും.  തന്റെ കൊച്ചു കസേരയിലിരുന്ന്,  കൊച്ചു മേശയില്‍ വെച്ച്, കാലുകളാട്ടിക്കൊണ്ട്, സ്വാദോടെ അവനത് കഴിക്കും.

വീട്ടിലാരെങ്കിലും പിന്നീട് താമസിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍, യെനാന്‍ അവരുടെ മടിയിലും കയറിയിരിക്കും. രണ്ടാം ഘട്ട തീറ്റയ്ക്കായാണ്. അവന്റെ കുഞ്ഞു വയര്‍ നിറഞ്ഞിട്ടില്ല.

ഭക്ഷണത്തിനു ശേഷം ഏവരും, ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാകും യെനാന്‍ ഏറ്റവും ഉണര്‍ന്നു വരിക. ഏവരും ക്ഷീണിച്ച് കിടക്കകളിലേക്ക് ചെന്നു വീഴാനായി കച്ച കെട്ടിയിരിക്കുന്ന നേരമാവും.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളംയെനാന്‍, തന്റെ കുഞ്ഞു സൈക്കിളുമെടുത്ത് ഇതാ ഇറങ്ങിക്കഴിഞ്ഞു. ‘സുലൈമാന്‍… വാ നമുക്ക് സൈക്കിളോടിക്കാം…’ തന്റെ ചെറിയ സൈക്കിളില്‍ കയറിയിരുന്നു കൊണ്ട് യെനാന്‍ പറയും.

‘പോടാ… സൈക്കിളു കൊണ്ടു പോയി ഷെഡില്‍ വെക്ക്… നീ പോയി കിടന്നുറങ്ങ് ചെറുക്കാ…’
ഇതു കേള്‍ക്കുേന്നരം അപ്പൂപ്പന്‍, വാല്‍സല്യത്തോടെ അവനെ ശാസിക്കുന്നത് പതിവാണ്.

Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

അന്നും യെനാന്‍, ഉറക്കമില്ലാതെ വികൃതിയായി വിലസി നില്‍ക്കുകയാണ്. ടെലിവിഷനില്‍ കാര്‍ട്ടൂണ്‍ തത്ത ഉച്ചത്തില്‍ സംസാരിക്കുന്നതും കേട്ടു കൊണ്ട്.

അവന്‍ ഒരു സൈക്കിള്‍ യജ്ഞക്കാരനെപ്പോലെ, തന്റെ കുഞ്ഞു വാഹനം ഉരുട്ടി നീക്കി.

അപ്പൂപ്പനും അമ്മൂമ്മയും ചെന്നു കിടന്നാലും, മാഷയമ്മ അവന്റെ കൂടെ സോഫയില്‍ ടിവി കണ്ടു കൊണ്ട് കിടക്കണം. യെനാന് അത് നിര്‍ബന്ധമാണ്.

ചില വാരാന്ത്യങ്ങളില്‍ യെനാന്റെ പപ്പാ വരും. അപ്പോള്‍ അവരെയെല്ലാം വിട്ട്, പപ്പായെ പിടികൂടും യെനാന്‍.

അയ്യോ, യെനാന്റെ പപ്പയെക്കുറിച്ച് ഇതുവരെ പറഞ്ഞു തന്നില്ലല്ലോ. അതിനി മറ്റൊരിക്കലാവാം.

ഇപ്പോള്‍ യെനാന്റെ വേറെ ചില വിശേഷങ്ങള്‍ സംസാരിച്ചു തീര്‍ക്കട്ടെ…

യെനാന്റെ രാത്രി കുസൃതികള്‍ കാണുമ്പോള്‍ സുലൈമാന്‍ അപ്പൂപ്പന്‍, വീട്ടിലെ വിളക്കുകള്‍ കെടുത്തും. ടെലിവിഷന്റെ ശബ്ദ വിതാനവും കുറച്ചു വെക്കും.

ടി വി സ്‌ക്രീനില്‍ നിന്നുള്ള ചെറിയ വെളിച്ചത്തിലേക്ക് കണ്ണു നട്ട്, തന്റെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കണ്ടും കേട്ടും ചിരിച്ച് യെനാന്‍, മാഷ അമ്മയുടെ വയറ്റില്‍ പതുക്കെ കിടക്കും.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

‘ഇപ്പോള്‍ ഉറങ്ങും’ എന്ന മട്ടില്‍ അങ്ങനെ കിടന്ന്, ഇടയ്ക്ക് ചിരിച്ചു കൊണ്ട്, മണിക്കൂറുകളോളം അവന്‍ ചെലവഴിക്കും.

‘ഇങ്ങനെ താമസിച്ചുറങ്ങുന്നതു കൊണ്ടാണ് അവന്‍ എന്നും രാവിലെ താമസിച്ച് എണീക്കുന്നത്,’  അപ്പൂപ്പന്‍ പറയും.

Read More : പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

നിറയെ കിടന്നുറങ്ങാന്‍ ഇഷ്ടമുള്ള യെനാന്‍, പിറ്റേന്ന് അതി രാവിലെ തന്നെ, അവനെ സുലൈമാന്‍ അപ്പൂപ്പന്‍ വിളിക്കുന്ന ഒച്ച കേട്ടു.

‘യെനാന്‍,  യെനാന്‍…’ അപ്പൂപ്പന്‍ വലിയ വായില്‍ വിളിക്കുകയാണ്.

രാവിലത്തെ മഞ്ഞു സ്വപ്‌നത്തിനിടയില്‍, അപ്പൂപ്പന്റെ ആ ശബ്ദവും ഒരു സ്വപ്‌നം മാതിരി തോന്നിയെങ്കിലും, യെനാന്‍ പുതപ്പെടുത്ത് തലയിലിട്ട് പിന്നെയും കിടന്നുറങ്ങിയതേയുള്ളൂ.

‘യെനാന്‍…’

ഇക്കുറി വിളിക്കുന്നത് തന്റെ ചെവിക്കരുകില്‍ നിന്നാണെ് മനസ്സിലായപ്പോള്‍, യെനാന്‍, തന്റെ പിഞ്ചു കണ്ണുകള്‍ മടിയോടെ തിരുമ്മിത്തുറന്നു.

വലിയ ശരീരമുള്ള സുലൈമാന്‍ അപ്പൂപ്പന്‍, തൊട്ടു മുന്നില്‍ ഒരു ഭീമന്‍ മല പോലെ ഉയര്‍ന്നു നില്‍ക്കുന്നത് അവന്‍ കണ്ടു.

‘അപ്പൂപ്പാ…’ ഒരു പുഞ്ചിരിയോടെ എണീറ്റു വന്ന് അവന്‍, സുലൈമാന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.

യെനാനെ ചുമലിലെടുത്ത് സുലൈമാന്‍, നേരെ വീടിനു പുറത്തേക്കാണ് പോയത്.

ഉണർന്നെണീറ്റയുടന്‍ പല്ലു തേക്കാന്‍ പറയാതെ, തന്നെയുമെടുത്ത് ഈ അപ്പൂപ്പന്‍ എവിടേക്കാണ് പോവുന്നതെന്ന് അവനും അത്ഭുതപ്പെട്ടു.

യെനാനെ പൊക്കിയെടുത്ത് സുലൈമാന്‍ അപ്പൂപ്പന്‍, അവരുടെ വീടിനു പിറകു വശത്തായി കൊണ്ടു ചെന്നു നിറുത്തി.

ഒന്നു കൂടെ കണ്ണു തിരുമ്മി നോക്കിയപ്പോള്‍ അവന്‍ കണ്ടു, പിറകിലെ മണ്‍ തിണ്ടിലായി ഒരു കൂറ്റന്‍ അലമാര!

 

തുടരും…

ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook