scorecardresearch
Latest News

ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍- ഭാഗം 8

പണ്ടു പണ്ട് ഭൂമിയിലെ അലമാരകൾക്ക് നടക്കാൻ കഴിയുമായിരുന്നു. ഒരു ശാപം മൂലമാണ് അവർക്കാ കഴിവ് നഷ്ടപ്പെട്ടതെന്ന് യെനാനോട് അലമാര ആദ്യമായി സംസാരിക്കുന്നു

ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍- ഭാഗം 8

അലമാര പറഞ്ഞ കഥ

ഒരു ദിവസം, വീടിന് വലംവെച്ചു കൊണ്ട്, തന്റെ കുഞ്ഞു സൈക്കിളില്‍ സവാരി നടത്തുകയായിരുന്നു യെനാന്‍. ഏഴെട്ടു തവണ അവന്‍, ആ വീടിനു ചുറ്റും കറങ്ങിയിട്ടുണ്ടാവണം.

പെട്ടെന്നാണ് ആ വിളി കേട്ടത്. ‘യെനാന്‍!’

അവന്‍, തന്റെ സൈക്കിള്‍ സഞ്ചാരം നിര്‍ത്തി. യെനാന്റെ കാലുകള്‍ക്കിടയില്‍, മെരുങ്ങിയ ഒരു കുതിരയെപ്പോലെ പഴയ സൈക്കിള്‍ നിന്നു.

യെനാന്‍, തന്റെ കുഞ്ഞു കാതുകള്‍ വിടര്‍ത്തി, ചുറ്റും ചെവി കൂര്‍പ്പിച്ചു. അവന്റെ പളുങ്കു കണ്ണുകള്‍ ആകാംക്ഷയോടെ ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു.

ആരെയും അവന്‍ കണ്ടില്ല. തനിക്ക് ചുമ്മാ തോന്നിയതാവും, എന്നു കരുതി യെനാന്‍ വീണ്ടും സൈക്കിളിന്റെ പെഡല്‍ ചവുട്ടി.

‘യെനാനെ… എടാ… കുഞ്ഞു മിടുക്കാ…’

ശരിയാണ്! ഇപ്പോള്‍ ശരിക്കും ആരോ അവനെ വിളിക്കുന്നുണ്ട്. ‘എടാ മണ്ടാ… ഇങ്ങോട്ട് നോക്ക്… ഇതു ഞാനാണ്…’

തല ചെരിച്ചു നോക്കിയ യെനാന്‍ കണ്ടു. തന്നോട് സംസാരിക്കുന്നത് സുലൈമാന്‍ അപ്പൂപ്പനോ അമ്മൂമ്മയോ അല്ല.

ഭൂമിയുടെ പോക്കറ്റു പോലെ ഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന ആ അലമാരയാണ്!

‘പേടിച്ചു പോയോ?’ വാല്‍സല്യത്തോടെ അലമാര ചോദിച്ചു. തന്റെ കൗതുകക്കണ്ണുകള്‍ പടപടാ വിടര്‍ത്തി യെനാന്‍ നോക്കി.

വിശ്വാസം വരാഞ്ഞ്, വീണ്ടും വീണ്ടും കണ്ണുകള്‍ തിരുമ്മി അവന്‍ നോക്കി. അതെ, സംസാരിക്കുന്നത് ഭൂമിയുടെ അലമാര തന്നെയാണ്.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

‘അലമാര സംസാരിക്കുമോ,’ അത്ഭുതം ആവി പോലെ പുറത്തു വിട്ടു കൊണ്ട് യെനാന്‍ ചോദിച്ചു.

‘ഉം’ അലമാര മൂളി.

‘പിന്നെ ഇത്ര നാളും അലമാര മിണ്ടാതിരുന്നതെന്താണ്?’ യെനാന്റെ സംശയം അവസാനിക്കുന്നില്ല.

‘ഞാനിവിടെ വന്നിട്ട് കുറച്ചു ദിവസങ്ങളല്ലേ ആയുള്ളൂ. ആദ്യം നിങ്ങളെയെല്ലാം നിരീക്ഷിച്ചു പഠിക്കാമെന്നു കരുതി.’

‘ആണോ…’ യെനാന്‍ വീണ്ടും തന്റെ വിസ്മയക്കണ്ണു മിഴിച്ചു.

‘അതെ മോനെ… പക്ഷെ കുറഞ്ഞ നാളുകള്‍ കൊണ്ട് നിങ്ങളെല്ലാം നല്ല മനുഷ്യരാണെന്ന് എനിക്ക് മനസ്സിലായി. നിന്റെ അപ്പൂപ്പന്‍ സുലൈമാനും അമ്മൂമ്മ ചാരുലതയും അമ്മ മാഷയുമെല്ലാം നല്ല മനുഷ്യരാണ്. ആന്ത്രയോസ്, സക്കറിയ, ജെറി, ഫിലോമിന, ജമീല… കഠിനാധ്വാനികളായ നല്ല കുറേ അയല്‍ക്കാരും നിങ്ങള്‍ക്കുണ്ട്. സത്യത്തില്‍ നന്മയുള്ളവരുടെ ഒരു ഗ്രാമമാണിത്,’ അലമാര അവരെയെല്ലാം അഭിനന്ദിക്കുന്നതു പോലെ പറഞ്ഞു.

Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘അലമാരേ… നീയെങ്ങനെയാ ഇവിടെ എത്തീത്…’ യെനാന്‍ തന്റെ ചോദ്യപരിപാടി തുടര്‍ന്നു.

‘അതോ, അതൊരു വലിയ കഥയാണ്.’

അലമാര തന്റെ ജീവിത കഥ പറയുവാന്‍ തുടങ്ങി:

‘പണ്ട്, ഞങ്ങള്‍ ഭൂമിയിലെ അലമാരകള്‍ മുഴുവന്‍, ഒരുമിച്ച് ഒരു ഗ്രാമത്തിലായിരുന്നു താമസം. ‘അലമാര ഗ്രാമം’ എന്നാണ് ഞങ്ങളുടെ നാട് അറിയപ്പെട്ടിരുന്നത്.

എന്നും കളിയും ചിരിയുമായിരുന്നു ആ ഗ്രാമത്തില്‍. ഒരു കാര്യം പറയാന്‍ വിട്ടു. അക്കാലത്ത് അലമാരകള്‍ക്കെല്ലാം മനുഷ്യരെപ്പോലെ കൈകാലുകളുണ്ടായിരുന്നു കേട്ടോ.

കൈ കാലുകളുള്ള അലമാരകള്‍! ഓര്‍ത്താല്‍ തന്നെ രസം.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

നടക്കാന്‍ കാലുകളുള്ള അലമാരകള്‍ സഞ്ചാരപ്രിയരായിരുന്നു. എന്നും രാവിലെ അലമാരകള്‍ സ്വന്തം വീടു വിട്ടിറങ്ങും. നാടുകള്‍ മുഴുവന്‍ സംഘമായി കറങ്ങിത്തിരിയും.

പോകുന്ന വഴിയിലെല്ലാം അവര്‍ മനുഷ്യരേയും സകല ജീവജാലങ്ങളേയും തങ്ങളാല്‍ ആവും വിധം സഹായിച്ചു. ചെയ്തു കൊടുക്കുന്ന ഉപകാരങ്ങള്‍ക്ക് ആളുകള്‍ നന്ദിയോടെ സമ്മാനങ്ങളും അവര്‍ക്ക് പകരം നല്‍കുമായിരുന്നു.

ഒരു കലം ചോറോ കറിയോ, പഴ വര്‍ഗങ്ങളോ ധാന്യമോ ഒക്കെ…

നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ അലമാരകള്‍, അവ സ്വീകരിച്ചു പോന്നു. എന്നിട്ട് ഞങ്ങളുടെ വയറിലെ തട്ടുകളില്‍ അവ സൂക്ഷിച്ചു വെക്കും.

വൈകുന്നേരമാകുമ്പോള്‍, പള്ള നിറയെ സാധനങ്ങളുമായി അലമാര ഗ്രാമത്തില്‍ ഞങ്ങള്‍ തിരിച്ചെത്തുമായിരുന്നു.

Read More : പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

പിന്നെ, രാവു പുലരും വരെ, കിട്ടിയ സമ്മാനങ്ങള്‍ പരസ്പരം പങ്കു വെച്ച് കഴിച്ച് ആഘോഷമാണ്.

എന്നാല്‍, ആ സന്തോഷദിനങ്ങള്‍ അധികം നീണ്ടു നിന്നില്ല.

സഞ്ചാരത്തിനിറങ്ങിയ അലമാരകളിലൊന്നിനോട്, ഒരു ദിവസം ഒരു മന്ത്രവാദിയപ്പൂപ്പന്‍ ഒരിത്തിരി ഇടത്തിനായി അഭ്യര്‍ത്ഥിച്ചു.

‘അലമാരക്കുട്ടാ… ഒന്നു നില്‍ക്കൂ… എന്റെ ക്ഷീണിച്ച ശരീരം ഒരു അര മണിക്കൂര്‍ നിന്റെ തട്ടില്‍ കയറ്റി വെച്ച് വിശ്രമിക്കാന്‍ ദയവായി അനുവദിക്കൂ. യാത്ര കാരണം രണ്ടു ദിവസമായി ഉറങ്ങാനും കഴിഞ്ഞതേയില്ല. എനിക്കൊന്നു മയങ്ങുകയേ വേണ്ടൂ….’

എന്നാല്‍ ചെറുപ്പക്കാരനായ ആ അലമാര, അതു കേട്ട ഭാവം നടിച്ചില്ല. ആ അപ്പൂപ്പനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ, മറ്റുള്ളവരില്‍ നിന്ന് അന്ന് എന്തു സമ്മാനം കിട്ടുമെന്ന് ചിന്തിച്ചു കൊണ്ട്, വേഗത്തില്‍ അവന്‍ നടന്നു പോയി.

തന്നെ അവഗണിച്ചു പോയ അലമാരയുടെ അഹങ്കാരം, മന്ത്രവാദിയപ്പൂപ്പന് തീരെ ഇഷ്ടപ്പെട്ടില്ല.

കോപത്തോടെ വിറച്ചു കൊണ്ട് തന്റെ നീളന്‍ രോമക്കുപ്പായത്തിന്റെ കീശയില്‍ അയാള്‍ കൈകള്‍ കടത്തി. ഒരു ചെറിയ കുപ്പി അയാള്‍ പുറത്തെടുത്തു.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ആ കുപ്പിയില്‍ നിന്ന് മൂന്നു തുള്ളി മാന്ത്രിക ജലമെടുത്ത് വായുവിലേക്ക് കുടഞ്ഞിട്ട് അപ്പൂപ്പന്‍ അലറി-

‘ക്രൂം ക്രൂം… ക്രോക്രീച്ചോ,
ക്രും ക്രും… ക്രോക്രീച്ചോ,
മായട്ടെ കൈകള്‍,
മായട്ടെ കാലുകള്‍,
മായട്ടെ വായകള്‍,
ക്രും ക്രും… ക്രോക്രീച്ചോ,
ക്രും ക്രും… ക്രോക്രീച്ചോ…
ഭൂമിയിലെ അലമാരകള്‍ക്ക് ഇനി നടക്കാനും മിണ്ടാനും കഴിയാതാകട്ടെ…’

ഡംഭു കാണിച്ചു നിന്നിരുന്ന അലമാര പെട്ടെന്നു കമിഴ്ന്നു വീണു. ആ അലമാരയ്ക്ക് അതിന്റെ കൈകാലുകളും വായയും നഷ്ടമായി.

അന്നു സന്ധ്യ ആയപ്പോഴേക്കും ഭൂമിയിലെ അലമാരകള്‍ മുഴുവന്‍ പലയിടത്തുമായി മലര്‍ന്നു തളര്‍ന്നു വീണു.

തുടരും…

ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids stories v h nishad novel children podcast audible audio book bhoomiyude alamara part eight