ചിരികള്‍ തിരിച്ചെത്തുന്നു
കണ്ടു.
സുലൈമാനെ കണ്ടിട്ടാകണം അതു വഴിയില്‍ കിതച്ചു കൊണ്ട് കുറച്ചു സമയം നിന്നു. പിന്നെ കുടു… കുടു… ശബ്ദം ഒരു കരച്ചില് പോലെ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് ആ വണ്ടി കുന്നു കയറി വന്നു. ഇപ്പോള്‍ അത് ലക്ഷ്യമിട്ടിരിക്കുന്നത് തങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തെയാണ്.
അന്നേരമാണ് വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സലിം കാക്കയെ അവന് ശ്രദ്ധിച്ചത്.
വണ്ടി മുറ്റത്തു വന്നു. അല്പ നേരത്തിനുള്ളില്‍ ആ കുടു… കുടു… കരച്ചിലും നിന്നു. വാന്‍ ഓഫാക്കി പുറത്തേക്കിറങ്ങിയ സലിം കാക്ക കൈകളുയര്‍ത്തി കോട്ടുവായിട്ടു. ഏതാണ്ട് ദൂര യാത്ര കഴിഞ്ഞു വരുന്ന മട്ടാണ്.
ചെറിയൊരു മന്ദഹാസത്തോടെ വണ്ടിയില്‍ നിന്നിറങ്ങിയ വന്ന രണ്ടാമത്തെ മനുഷ്യനെ അപ്പോള്‍ മാത്രമാണ് യെനാന് കണ്ടത്!
‘പാവു!’ സന്തോഷം നിറഞ്ഞ അവന്റെ ഒച്ച ഉയരം വെച്ചു കൊണ്ട്, അവരുടെ വീടിരുന്ന കൊച്ചു കുന്നിന്റെ തട്ടു തട്ടായുള്ള സമതലങ്ങള്‍ കയറിപ്പോയി.
പാബ്ലോ പപ്പയെ യെനാന് ആ വണ്ടിയില്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
അവന് പടികള്‍ ഇറങ്ങി ഓടിച്ചെന്നു. പപ്പായുടെ പുറത്ത് ചാടിക്കയറാന്‍ ഒരു ശ്രമം നടത്തി.
‘ക്ഷമിക്കു കുഞ്ഞാ… പപ്പയുടെ മേലു മുഴുവും പൊടിയാ… ഒരു കുളി പാസാക്കിയിട്ട് പപ്പ യെനാനെ എടുക്കും, കേട്ടോ,’ സ്നേഹത്തോടെ പപ്പ അവനെ താഴേക്കു തന്നെ നിറുത്തി.
പാബ്ലോ പപ്പയും സലിം കാക്കയും കൂടി വണ്ടിയില്‍ നിന്നും കുറയേറെ സാമാനങ്ങള്‍ പുറത്തിറക്കി വെച്ചുകൊണ്ടിരുന്നു. ഏറിയതും ചെറിയ ചില ചാക്കുകളും കുട്ടകളുമാണ്.
ഇത്തവണ എന്തു പരിപാടിയാണാവോ പപ്പയ്ക്ക്?
കൗതുകത്തോടെ അതെല്ലാം കണ്ടു നില്‍ക്കുകയായിരുന്നു യെനാന്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
കൃഷിക്കളത്തിലെ പണി മതിയാക്കി അപ്പൂപ്പനും രാവിലെ തന്നെ അന്നു വീട്ടിലേക്കു കയറിയത് യെനാന് ശ്രദ്ധിച്ചു.
ഓര്‍മ്മ വെച്ച കാലം മുതല്‍ യെനാന് ഇവരുടെ തിരക്കുകള്‍ കാണുന്നു. ഏറ്റവും തിരക്കില്‍ കണ്ടിട്ടുള്ളത് മുന്നു പേരെയാണ്- അപ്പൂപ്പനേയും പപ്പയേയും മാഷ അമ്മയേയും!
അപ്പൂപ്പന് കൃഷിയെന്നു വെച്ചാല്‍ ജീവനാണ്.
ഓരോ ദിവസവും അതിരാവിലെ എഴുന്നേറ്റ്, കൊച്ചു യെനാന് ഉറക്കം ഉണരും മുമ്പു തന്നെ തന്റെ കൃഷിക്കളത്തിലൂടെയെല്ലാം ഒരു റൗണ്ടടിച്ചിട്ടു വരുന്ന ആളാണ് സുലൈമാന്‍ അപ്പൂപ്പന്. അന്നേരമാണ് ഓരോ കൃഷിയുടേയും കണക്ക് എടുക്കുന്നത്. ഒരോന്നും എത്ര സെന്റീമീറ്റര്‍ വളര്‍ന്നു, എത്രയെണ്ണം പൂവിട്ടു, ഏതെല്ലാം കായ്ച്ചു… എന്നെല്ലാമുള്ള കണക്കുകളൊക്കെ അപ്പോള്‍ കിട്ടും.
പിന്നീട് രണ്ടാം കറക്കത്തിലോ മൂന്നാം കറക്കത്തിലോ ആണ് യെനാനും സുലൈമാനൊപ്പം കൂടാറ്. കൃഷി ജോലി ഇല്ലാത്തപ്പോള്‍ നാട്ടുകാര്യങ്ങളില്‍ സഹായിച്ചു കൊണ്ട്, അയല്‍ക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് നടക്കും അപ്പൂപ്പന്.
മാഷ അമ്മയ്ക്കാണെങ്കില്‍ രോഗികളെ നോക്കി സമയം പോകുന്നതറിയില്ല. എത്ര പേര് ക്യൂ നിന്നാലും അതു തീര്‍ത്തിട്ടേ അവര്‍ ഇരുന്നിടത്തു നിന്നെണീക്കൂ. ‘മാഷ ഇരുന്നിടം ആശുപത്രിയാക്കു’മെന്ന് ചാരു അമ്മൂമ്മ എപ്പോഴും കളിയാക്കും. അതിനിടയില്‍ ജമീല അമ്മായിയെ പോലുള്ള ചിലര്‍ ‘എന്റെ കോഴിക്ക് പനിയാ ഡോക്ടറേ, വല്ല മരുന്നുമുണ്ടോ,’ എന്നു ചോദിച്ചും മാഷയമ്മയുടെ ആശുപത്രിയില്‍ വരും. അവരേയും പിണക്കാതെ മാഷ ഡോക്ടര്‍ പറഞ്ഞയക്കും.
പാബ്ല പപ്പായ്ക്ക് പട്ടണത്തിലെ യൂണിവേഴ്സ്റ്റിയില് തന്നെ പിടിപ്പതു പണിയുണ്ട്. അതു കൂടാതെയാണ് അദ്ദേഹം നടത്തുന്ന സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍. മൊത്തത്തില്‍ എന്നും തിരക്കു തന്നെ.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ഇവരൊക്കെ ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയൊന്നും ശരിക്കു മനസ്സിലായില്ലെങ്കിലും എല്ലാം പ്രധാനമാണെന്ന് കുഞ്ഞു യെനാന് അറിയാം. എല്ലാവരും തിരക്കുള്ളവര്‍ തന്നെ. അതും യെനാന് അറിയാം.
വലുതായാല്‍ താനും തിരക്കുള്ളവനാകും, അവന് മനസില്‍ ഉറപ്പിച്ചു.
വീട്ടിലെ തിരക്കിനിടയിലും എന്നും ചാരു അമ്മൂമ്മ അവനോട് പിണങ്ങുകയും കളിക്കുകയും ചെയ്യുന്നുണ്ടല്ലോ.
എന്നാല്‍ അവന് അപ്പൂപ്പനെ കളിക്കാന്‍ കിട്ടാറുള്ളത് ഈയിടെയായി വൈകുന്നേരങ്ങളില്‍ മാത്രമാണ്.
അന്നു സന്ധ്യയ്ക്ക് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം പാബ്ലോ പപ്പയും മാഷ അമ്മയുമെല്ലാം അത്താഴത്തിനു യെനാനു ചുറ്റുമിരുന്നു. ഒരുപാടു നാളായിയിരുന്നു അവര്‍ അങ്ങനെ സന്തോഷത്തോടെ ഒന്നിച്ചു കൂടിയിരുന്നിട്ട്.
കൂണ് സൂപ്പു കുടിക്കുന്നതിനിടയില്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത് ചെവി കൂര്‍പ്പിച്ച് കേള്‍ക്കാന്‍ യെനാനും ശ്രമിച്ചു. സ്പൂണുകളും പാത്രങ്ങളും തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഏറെ ശ്രമകരമായിരുന്നു അത്.
‘എന്താ കുഞ്ഞാ… ചെവിയെത്തിച്ചു നോക്കുന്നത്?’ സുലൈമാന്‍ ചോദിച്ചു.
‘അപ്പൂപ്പന് എന്നെ പറ്റിയാണോ പറയുന്നേന്നു നോക്കീതാ, ‘ യെനാന് കൊഞ്ചിക്കൊണ്ടു പറഞ്ഞു.
‘അതേടാ ചെക്കാ, നിന്നെ കെട്ടിച്ചു വിടുന്ന കാര്യമാണ് ഞങ്ങളീ സംസാരിക്കുന്നത്…’ പാബ്ലോ പപ്പ അവനില്‍ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.
എല്ലാവരും ഒപ്പം ചിരിച്ചു. കുഞ്ഞു യെനാനു നാണം വന്നു.
തുടരും…
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്റെ കഥ കേള്‍ക്കാം.