scorecardresearch

ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍ – ഭാഗം 16

മാഷയമ്മ യെനാന് കഥ പറഞ്ഞുകൊടുക്കുകയാണ് രാത്രിയുറക്ക നേരത്ത്.ആർക്കും വേണ്ടാത്ത ഒരു കുഞ്ഞിനെ ചേർത്തുനിർത്തിയ മുല്ലവള്ളിയുടെയും സക്കൂളിൻ്റെയും കഥ

ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍ – ഭാഗം 16

കുഞ്ഞു ചെറുക്കന്റെ കഥ

ഈ തിരക്കിനെല്ലാമിടയില്‍ തന്റെ അലമാരയെ അന്വേഷിക്കാന്‍ യെനാന്‍ മറന്നു പോയി. അതേപറ്റി ഓര്‍ത്തപ്പോള്‍ അവന് വലിയ സങ്കടവും ദുഖവും അനുഭവപ്പെടുകയും ചെയ്തു.

കഴിഞ്ഞ കുറേ ദിവസങ്ങളായി, സുലൈമാന്‍ കുടുംബത്തിനും ഗ്രാമവാസികള്‍ക്കും തിരക്കു പിടിച്ച ദിനങ്ങളായിരുന്നല്ലോ.

ജീവിതം, ഒരു കളിവണ്ടി പോലെ അവരില്‍ നിന്ന് തെന്നിപ്പോയ അവസ്ഥയായിരുന്നു.

ശരിക്കും അങ്ങനെ തന്നെ. കളി വണ്ടി ആര്‍ക്കും ഓടിക്കാം. നിയന്ത്രിക്കാം. കളിക്കാം.

പക്ഷെ ഇക്കുറി ഗതി മാറി. കളി വണ്ടിയാണ് എല്ലാം നിയന്ത്രിച്ചത്.

സ്വരൂപിച്ചതെല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍, കളിവണ്ടിക്ക് പിന്നാലെ നിസ്സഹായരായി ഓടി. വിഷണ്ണരായ അവരെ പല പല വഴികളില്‍ അതെത്തിച്ചു.

പണ്ടത്തെ പോലെ, സാധാരണ ദിനങ്ങള്‍ വീണ്ടും ജീവിതത്തില്‍ തിരിച്ചെത്തുന്നതായും ചുവന്ന സായാഹ്നം പുഞ്ചിരി തൂകിക്കൊണ്ട് തങ്ങളുടെ ഗ്രാമത്തേയും സമീപിക്കുന്നതായും യെനാന് അനുഭവപ്പെട്ടു.

നാളുകള്‍ക്കു ശേഷം സന്തോഷത്തിന്റെ ഒരു രാത്രി കൂടി ആ കുടുംബത്തില്‍ വിരുന്നിനെത്തി. പബ്ലോ പപ്പ, അവധി കഴിഞ്ഞ് പട്ടണത്തിലെ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു പോയിരുന്നു.

അദ്ദേഹത്തിന് അവിടെയും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്.

അവിടെ പപ്പായെ സഹായിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ചുണക്കുട്ടികളും ഉണ്ടാകുമത്രേ.

മാഷയമ്മയ്ക്കും ഇപ്പോള്‍ പിടിപ്പതു പണിയുണ്ട്. ആരോഗ്യകേന്ദ്രത്തിലെ പരിശോധനയ്ക്കു പുറമേ ആഴ്ചയില്‍ രണ്ടു തവണ, ആശുപത്രിയുടെ ജീപ്പില്‍ അവര്‍ തൊട്ടടുത്ത പട്ടണത്തിലേക്ക് പോകും.

വെള്ളത്തില്‍ മുങ്ങിപ്പോയ ആ പട്ടണത്തിന് സര്‍വ്വതും നഷ്ടമായിരുന്നു. പൊക്കത്തിലിരുന്ന ചില കെട്ടിടങ്ങളും പല എടുപ്പുകളിലുണ്ടായിരുന്ന ചില ഭവനങ്ങളും മാത്രമേ അവിടെ പ്രളയകാലത്തെ അതിജീവിച്ചിരുന്നുള്ളൂ.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

വെള്ളമിറങ്ങിയതിനു ശേഷം, വീടുകള്‍ ശുചിയാക്കുന്ന പ്രവൃത്തിയുമായി ആരോഗ്യപ്രവര്‍ത്തകര്‍ അവിടത്തെ ഭവനങ്ങളിലൊന്നാകെ കയറി ഇറങ്ങുകയാണ്. സൂക്ഷിച്ചില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കും എന്നുള്ള കാര്യം ഉറപ്പ്.

ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവരുടെ സംഘത്തില്‍ തന്റെ അമ്മ മാഷയുമുണ്ട്.

യെനാന് സന്തോഷം തോന്നി. എന്തു നല്ല അമ്മയാണവര്‍.

പകല്‍ മുഴുവന്‍ അവര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നു. ഇടയ്ക്ക് ഇതു പോലുള്ള പൊതു പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. രാത്രിയില്‍ കുഞ്ഞു യെനാന് കഥകളും വിശേഷങ്ങളും പറഞ്ഞു കൊടുക്കുന്നു.

താന്‍ ഭാഗ്യവാനായ കുഞ്ഞാണ്! 

ആ രാത്രിയിലും, കുറേ നാളുകള്‍ക്കു ശേഷം മാഷയമ്മ അവന് ഒരു കഥ പറഞ്ഞു കൊടുത്തു. ഒരു കൊച്ചു പയ്യന്റെ കഥ-

മാഷ അമ്മ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു:

“ഒരിടത്ത് ഒരു പാവം പയ്യനുണ്ടായിരുന്നത്രേ. അവന്‍ കുള്ളനായിരുന്നു. കാണാന്‍ തീരെ സുന്ദരനുമായിരുന്നില്ല.

Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

ഈ രണ്ടു കാരണങ്ങള്‍ കൊണ്ട്, സമ പ്രായക്കാരായ കുട്ടികള്‍ മുഴുവന്‍ അവനെ തങ്ങളുടെ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി.

‘പ്ലീസ്.. എന്നെയും കളിക്കാന്‍ കൂട്ടൂമോ…’ എന്നു പറഞ്ഞു ചെല്ലുമ്പോഴെല്ലാം പറക്കാനറിയാത്ത ഒരു വാത്തപ്പക്ഷിയെ എന്ന പോലെ അവര്‍ അവനെ ആട്ടിയോടിച്ചു.

ഒരു സംഘത്തിലും തന്നെ ചേര്‍ക്കാതായപ്പോള്‍, ആ കൊച്ചു പയ്യന്‍ വളരെ ദുഖിച്ചു.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

അവന്റെ പകലുകള്‍, കൂടുതല്‍ ഏകാന്തത നിറഞ്ഞതായിത്തീര്‍ന്നു.

ഒരു ദിവസം, തന്നെ എപ്പോഴും സങ്കടത്തില്‍ നിര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ ആലോചിച്ചു കൊണ്ട് നടന്നു നടന്ന് അവന്‍ ദൂരെയുള്ള ഒരു കുന്നിലെത്തി.

അവിടെ, മരങ്ങള്‍ക്കിടയില്‍ കേടായിക്കിടക്കുന്ന ഒരു പഴയ സ്‌കൂള്‍ കെട്ടിടമുണ്ടായിരുന്നു.

മനുഷ്യര്‍ ഉപേക്ഷിച്ചതു കൊണ്ട് ആ കെട്ടിടത്തിന്റെ ചുമരുകള്‍ മങ്ങിയും മേല്‍ക്കൂര താണും കിടന്നു. ഭിത്തികള്‍ പലയിടത്തും അടര്‍ന്നു തുടങ്ങിയിരുന്നു. വന്യത കൂടിയ ചില കാട്ടുവള്ളികള്‍ മാത്രം പഴമ മണക്കുന്ന ആ കെട്ടിടത്തെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു.

ആ വിദ്യാലയത്തിന്റെ പൊട്ടിപ്പൊളിഞ്ഞ പടികളില്‍, ആകാശം ചുവന്നു തുടങ്ങിയ ആ സായാഹ്നത്തില്‍ ഹൃദയം കരയുന്ന സങ്കടത്തോടെ കൊച്ചുപയ്യനിരുന്നു. കണ്ണാടി നോക്കാനേ അവനിഷ്ടമില്ലായിരുന്നു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

എന്തിനാണ് തന്നെ ഈ കോലത്തില്‍ സൃഷ്ടിച്ചതെന്ന് അവന്‍ ലോകത്തോട് ഹൃദയവേദനയോടെ ചോദിച്ചു പോയി.

അവന്റെ കണ്ണില്‍ നിന്ന്, ദുഖം കൊണ്ട് കയ്പു രുചി പിടിച്ച കണ്ണീര്‍തുള്ളികള്‍ ചോര പോലെ ഒഴുകാന്‍ തുടങ്ങി.

ഹതാശനായി ഏങ്ങലടിച്ചു കൊണ്ട്, പിഞ്ചു ബാലന്‍ ആ പഴയ സ്‌കൂളിന്റെ പടിക്കെട്ടില്‍ കുറേ നേരം കിടന്നു. പതുക്കെ ഉറങ്ങിപ്പോയി.

‘എണീക്ക്… എണീക്ക്..’

ആരോ തന്റെ ചുമലുകളില്‍ മൃദുവായി തട്ടുന്നതറിഞ്ഞ് അവന്‍ കണ്ണുകള്‍ തുറന്നു.

പഴയ സ്‌കൂളിനെ ചുറ്റിയ കാട്ടുമുല്ലയുടെ വളളികളായിരുന്നു അത്.

‘നിന്നെ പോലെ തന്നെയാണ് ഈ സ്‌കൂളിന്റെ അവസ്ഥയും. ഈ പഴയ കെട്ടിടത്തിന്റെ സങ്കടങ്ങള്‍ എന്നും കാണുന്നുണ്ട് ഞാന്‍. ഇപ്പോള്‍ ഇതിനെ ആര്‍ക്കും വേണ്ടാതായി,’ കാട്ടുമുല്ല അവനോട് സംസാരിക്കുകയായിരുന്നു.

കുള്ളനായ ആ കൊച്ചു പയ്യന് വിഭ്രമം തോന്നി.

താനൊരു സ്വപ്‌നത്തിനകത്താണോ നില്‍ക്കുന്നത് എന്നു പോലും തോന്നലുണ്ടായി.

അമ്പരന്നു നില്‍ക്കുന്ന അവനെ, തന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ട്, സ്‌നേഹത്തോടെ കാട്ടുവള്ളി ചേര്‍ത്തു പിടിച്ചു.

എന്നിട്ട് കണ്ണടയ്ക്കാന്‍ പറഞ്ഞു.

ഇഷ്ടമുള്ള ഒരു വരം ചോദിച്ചു കൊള്ളുവാനും മുല്ലച്ചെടി പിന്നെ അവനോട് പറഞ്ഞു.

കൊച്ചു പയ്യന്‍ വളരെ സന്തോഷത്തോടെ കാട്ടുമുല്ലയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അല്‍ഭുതം!

സുന്ദരനായ ഒരു ചെറുക്കനായി അവന്‍ മാറി. കുള്ളത്തം മാറി അവന് ഉയരം വെച്ചിരുന്നു.

അന്നു മുതല്‍ അവന് മറ്റുള്ളവരോടൊപ്പം കളിക്കാനുമായി.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

പുതിയ പുതിയ കൂട്ടുകാര്‍ അവനെത്തേടിയെത്തി.

ഇടയ്ക്ക് സ്‌നേഹം തിളയ്ക്കുന്ന ഓര്‍മ്മകളോടെ അവന്‍ ആ കുന്നിലെത്തും. പഴയ സ്‌കൂള്‍ കെട്ടിടത്തിനു മുന്നില്‍ കൃതഞ്ജതയോടെ നില്‍ക്കും.

അപ്പോള്‍ ആരോ മന്ത്രിക്കുന്നതായി അവനു തോന്നും-

‘ആര്‍ക്കും വേണ്ടാത്ത ചിലരുണ്ട് ഈ ഭൂമിയില്‍. അവരേയും നീ കൂടെ നിര്‍ത്തണം. കൂട്ടുകാരാക്കണം. സത്യത്തില്‍ ഞാന്‍ മാറ്റിയത് നിന്റെ ഉയരക്കുറവല്ല. മറ്റുള്ളവരുടെ ചിന്താക്കുറവാണ്…’

അവന്‍ പുതിയ ഒരു മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു.”

മാഷയമ്മയുടെ കഥ തീര്‍ന്നപ്പോഴേക്കും ഉറക്കം കൊണ്ട് യെനാന്റെ കണ്ണുകള്‍ അടഞ്ഞു പോയിരുന്നു.

ഉറക്കത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അവന്‍ ചിന്തിച്ചു കൊണ്ടിരുന്നു ‘ഭൂമിയുടെ അലമാരയെവിടെ? നാളെ തന്നെ അതിനെ കാണണം.’

തുടരും…

ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids stories v h nishad novel children podcast audible audio book bhoomiyude alamara part 15