യെനാന് വലുതാവണം
യെനാന് ഈയിടെയായി മറ്റു ചില ചിന്തകളാണ്.
വേഗം വലുതാവണം. കൂടുതല്‍ ഉയരം വെക്കണം.
ബഹുദൂരം നീണ്ടു നീണ്ടു കിടക്കുന്ന ഗ്രാമ പാതകളിലൂടെ പൊടി പറത്തി, ട്രക്കുകളും ബുള്ളറ്റും വേഗത്തില്‍ ഓടിക്കാന്‍ പഠിക്കണം.
ആ ഗ്രാമത്തിലെ കരുത്തനായ ഒരു ചെറുപ്പക്കാരനായി തനിക്കും അങ്ങനെ മാറണം. ഒരു പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം നാട്ടിനെ സഹായിക്കാന്‍ യുവാക്കള്‍ ഉല്സാഹിച്ചത് അവന് കണ്ടതാണ്.
അന്നു മുതലേ ആ ചെറുപ്പക്കാരോട് അവന് വല്ലാത്ത ആരാധനയുണ്ട്. സാവിയോ ചേട്ടനും സലിം കാക്കയും ഇബ്രുവുമെല്ലാം എത്രയേറെ കഷ്ടപ്പെട്ടു.
രാപ്പകലില്ലാതെ മോട്ടോര്‍വണ്ടികള്‍ ഓടിച്ച് എത്ര ലോഡ് സാധനങ്ങളാണ് അവര്‍ ആ ഗ്രാമത്തില്‍ നിന്ന് കടത്തിയത്.
ഓര്‍ക്കുമ്പോള്‍ യെനാന് വിസ്മയം തോന്നും. ഭാവിയുടെ വാഗ്ദാനമാണ് ഈ ചെറുപ്പക്കാര്‍ എന്ന് സുലൈമാന്‍ അപ്പൂപ്പന്, കാണുന്നവരോടെല്ലാം പറയാറുണ്ട്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അവരെ അനുമോദിക്കാനും ചേര്‍ത്തുപിടിക്കാനും ഗ്രാമവാസികള്‍ക്കും മടിയില്ല. ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ അതിനിടയ്ക്ക് ഒരു ദിവസം ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ആ ഗ്രാമത്തിലെ മുതിര്‍ന്നവരെല്ലാം ആ കൂടിച്ചേരലില്‍ പങ്കെടുത്തു. ഒപ്പം കൂട്ടു സംഘത്തിലെ ഉല്‍സാഹികളായ, ഹൃദയത്തിലും ശരീരത്തിലും നല്ല ചോരയോട്ടമുള്ള വനിതകളും.
ടൈലര്‍ സാവിയോയുടെ നേതൃത്വത്തില്‍ ചെയ്ത സൗജന്യ സേവനം ആ യോഗത്തില്‍ പ്രത്യേകം പ്രശംസിക്കപ്പെട്ടു. വിദ്യാഭ്യാസത്തില്‍ മാത്രമല്ല, ഉയര്‍ന്ന ചിന്തയിലും സംസ്കാരത്തിലും കൂടിയാണ് ഒരു മനുഷ്യന് വളരുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ വിലയിരുത്തി. ഒരു ജനതയുടെ പ്രതിഫലനമാണ് ആ സംസ്കാരം.
സാവിയോയ്ക്കും അവന്റെ തയ്യല്‍ക്കാരായ കൂട്ടുകാര്‍ക്കും ഗ്രാമത്തിന്റെ വെള്ളി മെഡലുകള്‍ ആന്ത്രയോസ് അപ്പൂപ്പനും സുലൈമാന്‍ അപ്പൂപ്പനും ചേര്‍ന്നാണ് സമ്മാനിച്ചത്.
സീനത്തിനും അവളുടെ സ്കൂളിലെ കൂട്ടുകാരി പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഉപഹാരങ്ങള്‍ കിട്ടുകയുണ്ടായി. ചാരു അമ്മൂമ്മയും ഫിലോമിനാന്റിയും ചേര്‍ന്നാണ് അവ നല്‍കിയത്.
അവരുടെ ‘നോട്ടു പുസ്തക-പകര്‍പ്പെടുക്കല്‍ വിപ്ലവം’ ഇപ്പോള്‍ മറ്റു ഗ്രാമങ്ങള്‍ക്കും ഒരു മാതൃകയായിക്കഴിഞ്ഞിരിക്കുന്നുവത്രെ!
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
മാഷ അമ്മയുടെ, കാടിന്നു നടുവിലുള്ള ആശുപത്രി ഹാളില്‍ വെച്ചാണ് ഈ ചടങ്ങുകളെല്ലാം നടന്നത്.
തനിക്കും ഇവരെപ്പോലെ ഇതു പോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യണം. ആളുകളെ സഹായിക്കണം.
ലോകത്തെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാന്‍ അവന്റെ കൊച്ചു മനസ്സ് ഇപ്പോഴേ കുതിച്ചു തുടങ്ങി.
യെനാന് എത്രയും പെട്ടെന്ന് വലുതായേ ഒക്കൂ.
തുടരും…
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്റെ കഥ കേള്‍ക്കാം.