ഹായ്, ഈ ഗ്രാമം എത്ര നന്മയുള്ളതാണ്
ധാന്യപ്പുരയില്‍ നിന്ന് ഗ്രാമാതിര്‍ത്തിയിലുള്ള ക്ലബിലേക്കും ക്ലബില്‍ നിന്ന് ലോറിയില്‍ കയറി പട്ടണത്തിലേക്കും ആ സഞ്ചാരങ്ങള്‍ നീണ്ടു.
ഓരോ യാത്രയിലും, കൊയ്ത്തു കഴിഞ്ഞു ശേഖരിച്ചു വെച്ച ധാന്യങ്ങളും പുതുതായി വിളയിച്ചെടുത്ത കിഴങ്ങുകളും ചാക്കുകളിലും കുട്ടയിലും നിറച്ച് അവര്‍ തങ്ങള്‍ക്കൊപ്പം ട്രക്കിന്റെ പിന്പള്ളകളില് വെച്ചു. പല വലുപ്പമുള്ള ബോക്സുകളില്‍ മിക്കപ്പോഴും വസ്ത്രങ്ങളും കൊണ്ടു പോയി.
ഒന്നിടവിട്ട ദിവസങ്ങളില്‍ ജമീല അമ്മായിയും അന്നയും കുട്ടകളില്‍ മുട്ടകളുമായി വന്നു. കുട്ടയില്‍ വൈക്കോല്‍ തുരുമ്പിനകത്ത് കുഴിച്ചു വെച്ചിരിക്കുന്ന ആ മുട്ടകള്‍ കാണുമ്പോഴെല്ലാം യെനാന് സങ്കടം വരുമായിരുന്നു.
കുഞ്ഞു കോഴികളായി വിരിയേണ്ട മുട്ടകളാണ്!
കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാക്കാനല്ല, സൂപ്പോ അടയോ സാന്‍ഡ്വിച്ചോ കെയ്ക്കോ ഒക്കെ ഉണ്ടാക്കാനാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവ കയറ്റിക്കൊണ്ടു പോകുന്നത്. അതുമല്ലെങ്കില്‍ പുഴുങ്ങി നല്കാന്.
‘എല്ലാ മുട്ടകളും വിരിയിക്കാനുള്ളതല്ല. ചില മുട്ടകള്‍ ആഹരിക്കാന്‍ കൂടിയുള്ളതാണ്. പ്രകൃതി നിയമം ആണത്. ഭക്ഷ്യ ശൃംഖലയുടെ ഭാഗമാണത്. അതിനാല്‍ സങ്കടപ്പെടരുത്,’ യെനാന് സുലൈമാന്‍ പറഞ്ഞു കൊടുത്തു.
എന്നാല്‍, ഇതിനിടയില്‍ ഗ്രാമത്തിന്റെ മുഴുവന്‍ സ്നേഹവും പിടിച്ചു വാങ്ങിയത് സാവിയോ ചേട്ടന്റെ അപ്രതീക്ഷിത നീക്കമാണ്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
ഗ്രാമാതിര്‍ത്തിയിലുള്ള ഒരു ചെറിയ കടമുറിയില്‍ തയ്യല്‍ക്കട നടത്തിയാണ് സാവിയോ ചേട്ടന് ഉപജീവനം നടത്തിയിരുന്നത്. സാവിയോയുടെ അപ്പന് തദേവൂസിന്റെ കാലത്തു തന്നെ അവിടെ ഉള്ളതാണ് ആ തയ്യല്‍ക്കട.
ഒരു കാലത്ത് ഗ്രാമത്തിന്റെ തയ്യല്‍ക്കാരനായിരുന്നു തദേവൂസ്. പുരുഷന്മാര്ക്കു വേണ്ട കാലുറകളും കുപ്പായങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പല തരം വസ്ത്രങ്ങളും രാപ്പകലിരുന്ന് അയാള്‍ തുന്നി. ഒരു തലമുറ പിന്നിട്ടപ്പോള്‍ അതേ ഗ്രാമത്തിന്റെ തയ്യല്‍ക്കാരനായി അയാളുടെ ഏക മകന് സാവിയോ മാറി.
ടെയ്ലര് സാവിയോ! തദേവൂസിന്റെ ഏക മകന്.
അടുത്തടുത്തുള്ള അഞ്ചു ഗ്രാമങ്ങളിലെ ടെയ്ലര്മാര് ഒരുമിച്ചു ചേര്‍ന്ന് ആയിടെ ഒരു കൊച്ചു സംഘടന ഉണ്ടാക്കിയിരുന്നു. അതിന്റെ സെക്രട്ടറിയാണ് സാവിയോ.
നാടിനെ ആപത്തു ഗ്രസിച്ചതറിഞ്ഞ്, തന്റെ കൂട്ടുകാരായ അഞ്ചു തുന്നല്ക്കാരേയും സാവിയോ വിളിച്ചു ചേര്‍ത്തു.
ആ സ്വപ്നത്തെ എല്ലാ തയ്യല്‍ക്കാരും പിന്തുണച്ചു.
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്കൂള്‍ കുട്ടികളുടെ കണക്കുകളും ശരീരത്തിന്റെ അളവുകളും അവര്‍ ശേഖരിച്ചു.
തയ്യല്‍ക്കാരും വണ്ടിക്കാരുമടക്കം ഇരുപതോളം പേരുണ്ടായിരുന്നു അവര്‍.
അതു നടപ്പില്‍ വരുത്തുന്നതിനായി ഒരു ദിവസവും അവര്‍ നിശ്ചയിച്ചു.
അങ്ങനെ ആ ദിവസം വന്നെത്തി.
തുന്നാനുള്ള വസ്ത്രങ്ങളത്രയും, നിറവും കണക്കും നോക്കി പാബ്ലോ പപ്പയുടെ നേതൃത്വത്തില്‍ ചില ചെറുപ്പക്കാര്‍ ശേഖരിച്ചു കൊണ്ടു വന്നിരുന്നു.
അതി രാവിലെ തന്നെ തങ്ങളുടെ തുന്നല്‍ കടകള്‍ക്കു മുന്നില്‍ ഈ തയ്യല്ക്കാരെത്തി.
ഇടവേളകളും സംസാരങ്ങളും കുറച്ച് ഭാവിയിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ആ ദിവസം മുഴുവന്‍ പണിയെടുക്കാന്‍ അവരെല്ലാം തയ്യാറായിരുന്നു. ഒരു മുഴുവന്‍ ദിവസം!
മണിക്കൂറുകള്‍ വേഗതയില്‍ ചലിച്ചു. കത്രികകളും തയ്യല്‍ യന്ത്രങ്ങളും കരയുന്നതിന്റെ ശബ്ദം മാത്രം ഉച്ചത്തില്‍ ഇടയ്ക്കിടയ്ക്ക് കേട്ടു.
ദൂരെ സൂര്യന് മടയിടുക്കുകളിലേക്ക് തല താഴ്ത്തി കുനിയുകയായിരുന്നു. മൂവന്തിയുടെ വെളിച്ചം എങ്ങും സ്വര്‍ണത്തിളക്കത്തില്‍ പതിഞ്ഞു വീണു.
ആകാശത്തു നിര്‍മ്മിച്ച പാതയിലൂടെ പക്ഷികള്‍ കൂടുകളിലേക്ക് ശാന്തരായി തിരിച്ചു പറക്കാനാരംഭിച്ചു. ആഹാ, നല്ലൊരു ദിവസം അതിന്റെ വാതിലടക്കാന്‍ ഒരുങ്ങുകയാണ്.
അന്നു തുന്നിയെടുത്ത കുപ്പായങ്ങള്‍ക്ക് കുടുക്കുകള്‍ പിടിപ്പിച്ച് തീര്‍ന്ന് ടെയ്ലര് സാവിയോ സൂചിയുടെ നൂല് കടിച്ചു പൊട്ടിച്ചു.
നൂറോളം ഷര്‍ട്ടുകളും അത്ര തന്നെ നിക്കറുകളും അവര്‍ അത്രയും പേര് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് നിര്‍മ്മിച്ചു കഴിഞ്ഞിരുന്നു.
രാവിലെ മുഴുവന്‍ ഗ്രാമവാസികളില്‍ പലരും ഒരു ഉല്‍സവം കാണും പോലെ അവര്‍ക്കു ചുറ്റും നില്‍പ്പുണ്ട്.
ക്ഷീണിക്കുമ്പോഴെല്ലാം തുന്നല്‍ക്കാര്‍ക്ക്, കോപ്പയില്‍ സൂപ്പും ഓട്സും പഴച്ചാറുമെല്ലാം മാറി മാറി പകര്‍ന്നു കൊടുത്തു കൊണ്ട് അവര്‍ അവിടെത്തന്നെയുണ്ടായിരുന്നു.
ഇടയ്ക്ക് ഒരു ടെയ്ലറുടെ കയ്യില്‍ നിന്ന് തുന്നലിനിടയില്‍ കുടുക്കു വഴുതി വീണപ്പോള്‍ ഗ്രാമവാസികളില്‍ നാലു പേര് ആ കുടുക്കിനു പിന്നാലെ പാഞ്ഞു പോവുകവരെയുണ്ടായി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ഒരു വേള ആ ഗ്രാമം തന്നെയാണ് പ്രളയത്തെ അതിജീവിച്ചവര്‍ക്കു വേണ്ടി ആ കുപ്പായങ്ങളെല്ലാം തുന്നുന്നതെന്ന് തോന്നിപ്പോകുമായിരുന്നു.
ക്ഷീണിതനായി തന്റെ കടയിലെ കുഷ്യന് കസേരയിലേക്ക് അമര്‍ന്ന സാവിയോയെ, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഇറങ്ങി വന്ന് സുലൈമാന്‍ ചുമലില്‍ തട്ടി അഭിനന്ദിച്ചു.
ഗ്രാമത്തിലെ മുതിര്‍ന്ന കാരണവരായ സുലൈമാന്റെ അഭിനന്ദനം ആ ഗ്രാമത്തിന്റെ മനസ്സു തന്നെയായിരുന്നു.
പിറ്റേന്നു പ്രസിദ്ധീകരിച്ചു വന്ന പല പത്രങ്ങളിലും സാവിയോ ചേട്ടന്റെയും ടൈലര്‍ സംഘത്തിന്റേയും പടങ്ങള്‍ അച്ചടിച്ചു. ‘നന്മ തുന്നുന്നവര്‍’, ‘ഒരു ഗ്രാമം അതിജീവനം തുന്നിച്ചേര്‍ക്കുന്നു’… എന്നെല്ലാം മട്ടിലുള്ള വാര്‍ത്താശകലങ്ങളും അതിനോടൊപ്പം വായിക്കാമായിരുന്നു.
ഒറ്റ ദിവസം കൊണ്ട് ആ ചെറുപ്പക്കാര്‍, നാടിന്റെ വീര പുരുഷന്മാരായി ഉയര്ത്തപ്പെട്ടിരുന്നു.
അന്നു മുഴുവന്‍ ഗ്രാമവാസികള്‍, സ്നേഹത്തോടെയും ആദരവോടെയും ആ ചെറുപ്പക്കാരെക്കുറിച്ചു തന്നെ സംസാരിച്ചു.
സത്യത്തില്‍ അത് എല്ലാവര്ക്കും കണ്ണു തുറപ്പിക്കുന്ന ഒരു പാഠവുമായിരുന്നു.
ചാരു അമ്മൂമ്മയുടെ നേതൃത്വത്തില്‍ ഒരു വലിയ പെണ്‍പടയും പിന്നീട് ഈ തുന്നല്‍ ദൗത്യം ഏറ്റെടുത്തു.
ഒരാഴ്ച മുഴുവനിരുന്ന് പണികള്‍ ചെയ്ത് മിച്ചം പിടിച്ച സമയം കൊണ്ട് അവരുടെ കൂട്ടു സംഘത്തിലെ സ്ത്രീകള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ തുന്നി. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ത്രീകള്ക്കുള്ളവയായിരുന്നു അവയെല്ലാം.
ഇതിനെല്ലാമിടയില്‍, ജമീല അമ്മായിയുടെ മകള്‍ സീനത്ത്, ഗ്രാമത്തിലെ ഹൈസ്കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന നാണക്കാരിപ്പെണ്ണ്, തന്റെ വികൃതി കൂട്ടികാരികളെ തഞ്ചത്തില്‍ കൂട്ടത്തിലാക്കി മറ്റൊരു പദ്ധതി തന്നെ തയ്യാറാക്കി.
പ്രളയത്തില്‍ സ്കൂളുകളും ക്ലാസുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എഴുതിക്കൊടുക്കുക എന്നതായിരുന്നു ആ വലിയ കാര്യം.
ജമീല അമ്മായിയുടെ കോഴി ഫാമില്‍, വെള്ളം ഇറങ്ങി ഉണങ്ങി വെടിപ്പായ നിലത്ത്, കോഴികള്‍ക്കായി തയ്യാറാക്കിയ സ്ഥലത്തിന്റെ ഒരു മൂലയില്‍, തങ്ങള്‍ക്ക് വട്ടത്തിലിരിക്കാവുന്ന ഒരു കുഞ്ഞു ഇടം സീനത്തും കൂട്ടുകാരിപ്പെണ്കുട്ടികളും കണ്ടു പിടിച്ചു.
മാഷ അമ്മയും പാബ്ലോ പപ്പായും കൂടി വാങ്ങിക്കൊടുത്ത വരയിട്ട നോട്ടു പുസ്തകങ്ങളില്‍ അവര്‍ തങ്ങളുടെ പാഠ ഭാഗങ്ങള്‍ പകര്‍ത്തി.
കൈയ്യക്ഷരം വളയാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടും മഷി പടരാതിരിക്കാന്‍ സൂക്ഷിച്ചു കൊണ്ടും നോട്ടു പുസ്തകങ്ങളുടെ ആ കടലാസുകളില്‍ അവര്‍ക്ക് കഠിന പ്രയത്നം തന്നെ നടത്തേണ്ടി വന്നു.
സീനത്തിനേയും കൂട്ടുകാരികളേയും കൂട്ടി കൊണ്ടു പോയി പാബ്ലോ പപ്പ പിന്നീട് ഈ നോട്ടു പുസ്തകങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്യാമ്പുകളില്‍ അന്തിയുറങ്ങുന്ന വിദ്യാര്‍ത്ഥികളെ നേരിട്ടു സന്ദര്‍ശിച്ചു തന്നെയായിരുന്നു ആ സമ്മാനക്കൈമാറ്റം.
യെനാന് പലതും തിരിച്ചറിഞ്ഞു തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.
ഒരുമയുണ്ടെങ്കില്‍ എന്തും നേടാം. നന്മയുള്ളിടത്താണ് പ്രകാശത്തിന്റെ താമസം. സന്തോഷവും സമാധാനവുമാണ് ലോകത്തെ ഏറ്റവും വലിയ സമ്പത്ത്!
തുടരും…
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്റെ കഥ കേള്‍ക്കാം.