Latest News

വിവിയനും പശുക്കളും-കുട്ടികളുടെ കഥ

വിവിയൻ എന്ന പശുവിൻപാലു കുടിക്കാത്ത കുട്ടിയുടെയും കാതറിൻ എന്ന പൂച്ചയുടെയും ബെഞ്ചമിൻ നായയുടെയും ഹെല്ല പ്പശുവിൻറെയും പോൾ കാളയുടെയും മെർലിൻ പക്ഷിയുടെയും കഥ. അവസാനം, വിവിയൻ പാൽ കുടിക്കാൻ തുടങ്ങി പോലും…

uma praseeda, ഉമാ പ്രസീദ , folk tales, നാടോടിക്കഥ, മുത്തശ്ശിക്കഥ, Children's Literature, ബാലസാഹിത്യം, stories for children,Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇമലയാളം, read aloud stories

നോർവേയിൽ ബെർഗെൻ എന്ന് പറയുന്ന സുന്ദരമായ നഗരം ഉണ്ട്. ബെർഗെന് ചുറ്റും പടുകൂറ്റൻ മലകളും വലിയ പുഴകളും ആണ്. വീടുകളോ, പല നിറങ്ങൾ പൂശിയ, തടി കൊണ്ടുണ്ടാക്കിയ കുഞ്ഞു വീടുകൾ.

അങ്ങിനെ ഉള്ള നഗരത്തിൽ കുറച്ച് അകലെ ആണ് ജൊനാഥൻ സ്റ്റീവൻസൺ എന്ന കർഷകൻ താമസിച്ചിരുന്നത്. പട്ടണത്തിൽ ഒരു കുഞ്ഞു കട ഉണ്ടായിരുന്ന ജോനാഥന്, വീടിനു തൊട്ടായി, കുറച്ച് പച്ചക്കറി കൃഷിയും, കുറച്ച് ഓട്സ് കൃഷിയും, പിന്നെ ഒരു പശു തൊഴുത്തും ഉണ്ടായിരുന്നു. തൊഴുത്തിൽ ഒരു ജേഴ്സി പശു കുടുംബവും.

ജോനാഥൻ, ഭാര്യ ലെനയ്ക്കും അവരുടെ മകൻ വിവിയനുമൊപ്പമാണ് അവുടെ താമസിച്ചിരുന്നത്. അവർക്ക് ഒരു വളർത്തു പൂച്ചയുണ്ടായിരുന്നു. പൂച്ചയുടെ പേരോ? കാതറിൻ ജേക്കബ്.

കാതറിനെ, രണ്ടു തെരുവ് അപ്പുറത്തുള്ള മാർക്കൽ അപ്പൂപ്പൻ്റെ വീട്ടിലെ, സൂസന്ന ജേക്കബ് എന്ന പൂച്ചയാണ് പ്രസവിച്ചത്. പ്രസവിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തൻ്റെ നാലു കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ കാട്ടിലും, ഒരെണ്ണത്തിനെ ആ തെരുവിലെ കടയുടെ വാതിൽക്കലും, ഒരെണ്ണത്തിനെ രണ്ടു തെരുവപ്പുറം ജോനാഥൻ്റെ തൊഴുത്തിലും കൊണ്ട് വിട്ടു. നാലാമനെ സൂസന്ന സ്വന്തമാക്കി വെച്ചു. ഇതൊക്കെ എന്തിനാണ് ചെയ്തതെന്ന് സൂസന്നക്ക് തന്നെ അറിഞ്ഞു കൂട.

തൊഴുത്തിൽ നിന്ന് പൂച്ചക്കുട്ടിയുടെ നിലവിളി കേട്ട് ചെന്ന് നോക്കിയ ലെന ആണ് അവൾക്ക് കാതറിൻ എന്ന് പേരിട്ടത്. മാർക്കൽ അപ്പൂപ്പൻ്റെ എൺപതാം പിറന്നാൾ ആഘോഷിക്കാൻ ചെന്നപ്പോൾ സൂസന്ന പൂച്ചയെ കണ്ട ലെന അങ്ങനെ ഒരു പൂച്ചയെ വളർത്താൻ മോഹിച്ചിരുന്നു. സൂസന്ന പൂച്ചയുടെ തനി പകർപ്പായ കാതറിൻ, സൂസന്നയുടെ തന്നെ മകൾ ആണെന്ന് അത് കൊണ്ട് ലെനയ്ക്ക് അറിയാമായിരുന്നു.

അത് കൊണ്ടാണ്, തൊഴുത്തിൽ കുഞ്ഞു സൂസന്നയെപോലെ വെള്ളയും തവിടും കറുപ്പും ഇടകലർന്ന കുഞ്ഞു പൂച്ചയെ കണ്ടപ്പോൾ, എടുത്തു വളർത്താൻ ലെന തീരുമാനിച്ചത്.

പൂച്ചക്കുട്ടിക്കെന്തു പേരിടും? തൻ്റെ മുത്തശ്ശിയുടെ പേരായ കാതറിൻ. അങ്ങനെ ലാളനയും കൊഞ്ചലും നോർവേയിലെ അവസാനിക്കാത്ത തണുപ്പ് പോലെ ഒരുപാട് കിട്ടിയ കാതറിൻ പൂച്ച, ഒരു മടിച്ചിയും മിനുങ്ങാക്കള്ളിയും ഏഷണിക്കാരിയുമായി വിലസി നടന്നു.

ആ വീട്ടിൽ വേറെ ആരൊക്കെ ഉണ്ടായിരുന്നു എന്നറിയാമോ കൂട്ടുകാരെ? ബെഞ്ചമിൻ എന്ന നായ. ജോനാഥൻ്റെ വിശ്വസ്തനായ ബെഞ്ചമിൻ. അവൻ അധികമാരോടും മിണ്ടുമായിരുന്നില്ല. കാതറിൻ പൂച്ച എത്ര കൂട്ട് കൂടാൻ നോക്കിയാലും അവൻ മുഖം തിരിക്കുമായിരുന്നു.

ആ വീട്ടിൽ ഒരേ ഒരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിവിയനായിരുന്നു. പേടിക്കേണ്ട വിവിയനും ഏതൊരു അഞ്ചു വയസ്സുകാരനെ പോലെ തന്നെ ആയിരുന്നു. അത്യാവശ്യം കുറുമ്പും നുണകളുമായി ജീവിച്ചു പോന്നിരുന്ന ഒരു പാവം പയ്യൻ.

സ്‌കൂളിൽ പോകാൻ കുറച്ച് മടി കാട്ടുക, അവിടെ പോയി അത്യാവശ്യം ഊഞ്ഞാൽ ആടുക, സ്ലൈഡിൽ കയറി മൂക്കിടിച്ച് താഴെ വീഴുക, കൂട്ടുകാരുടെ മുഖത്ത് ചായം പൂശുക, മറ്റുള്ളവരുടെ പ്ലേറ്റിൽ നിന്ന് കട്ട് തിന്നുക ഒക്കെ ആയിരുന്നു വിവിയൻ്റെ കുഞ്ഞു ജീവിതത്തിലെ പ്രധാന വിനോദങ്ങൾ.

പ്രശ്നം അതൊന്നുമായിരുന്നില്ല.

വിവിയന് ഇഷ്ടമില്ലാത്ത ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ- പാല്. പണ്ട് മുതലേ അവൻ, കുപ്പിപാല് കൊണ്ട് കൊടുക്കുന്നവരുടെ കൈ കടിച്ചും, പാല് പകർന്നു വെച്ച ഗ്ലാസ് തട്ടിയിട്ടും, സ്‌കൂളിലെ പാല് ചെടിക്കൊഴിച്ചും ഒക്കെ, അവൻ്റെ ദേഷ്യം കാണിച്ചിരുന്നു.

uma praseeda, ഉമാ പ്രസീദ , folk tales, നാടോടിക്കഥ, മുത്തശ്ശിക്കഥ, Children's Literature, ബാലസാഹിത്യം, stories for children,Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇമലയാളം, read aloud stories

പാൽ ദൂരെ നിന്ന് വരുന്നത് കണ്ടാലുള്ള അവൻ്റെ മുഖ ഭാവം കണ്ടാലോ… കാർട്ടൂൺ ചാനൽ കണ്ടു കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും ചാനൽ മാറ്റിയ പോലെ ആയിരിക്കും.

ഇനി അപ്പോൾ നിങ്ങൾ വിചാരിക്കും കൈകൾ പിടിച്ചു വെച്ച് കുടിപ്പിച്ചു കൂടെ എന്ന്. ഇനി അങ്ങനെ ഒക്കെ ഒരു സൂത്രം ഒപ്പിക്കാമെന്നു വെച്ചാൽ നോർവേയിൽ വടക്കൻ അറ്റം തൊട്ടു തെക്കേ അറ്റം വരെ ഉള്ള എല്ലാ പർവ്വതങ്ങളിലും മുഴങ്ങുമാറ്‌ ഉച്ചത്തിൽ അവൻ “നായ്… നായ്” (നോർവീജിയനിൽ ഇല്ല, പറ്റില്ല എന്നർത്ഥം) എന്ന് ഉറക്കെ നിലവിളിക്കുമായിരുന്നു. അപ്പോൾ ആരും അതിനും പുറപ്പെട്ടില്ല.

പാൽ എന്ന് വെച്ചാൽ നല്ല ഒന്നാന്തരം പാലാണ് കേട്ടോ. നോർവേയിൽ വേനൽക്കാലമായാൽ, രാത്രി പതിനൊന്നു മണിക്ക് അസ്തമിക്കുന്ന സൂര്യച്ചാര് രാത്രി ബോറടിച്ചിട്ട് അതിരാവിലെ മൂന്ന് മണിക്ക് വീണ്ടും ഹാജരാകും. എന്നും രാവിലെ നാല് മണിക്ക് വെയിൽ തെളിയുമ്പോൾ ജോനാഥൻ കണ്ണ് തിരുമ്മി തൊഴുത്തിലേക്ക് വരും. എന്നിട്ടോ? തൊഴുത്തിൽ ഉള്ള ജേഴ്സി കാള മിസ്റ്റർ പോൾ ബിൻഗെൻ്റെ ഭാര്യ ജേഴ്സി പശു മിസ്സിസ് ഹെല്ല ബിൻഗെനിൽ നിന്നും നല്ല ഒന്നാന്തരം പാൽ കറന്നെടുത്തു കൊണ്ട് പോകുo.

ആ പാൽ, ലെന ഇളം ചൂടോടെ വിവിയന് രാവിലെ കൊണ്ട് കൊടുക്കുന്നത് കണി കണ്ടിട്ടാണ് നമ്മുടെ കാതറിൻ പൂച്ച എഴുന്നേൽക്കുക. വിവിയൻ പാലു കുടിക്കാതെ ഓടും. ലെന അതിൽ പകുതി കുടിച്ച് ബാക്കി എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങി തിരിഞ്ഞു വരും. കാതറിൻ പൂച്ചയെ കാണുമ്പോൾ വാത്സല്യം മൂത്ത് അവളുടെ തളികയിൽ ആ പാല് ഒഴിച്ച് അവളെ മെല്ലെ തഴുകി ഉണർത്തുo. ഇതൊക്കെ കാതറിന് അറിയാമായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് വിവിയൻ്റെ വല്യമ്മ മോണ, വീട്ടിൽ വിരുന്ന് വന്നത്. ലെന മോണയോട് തൻ്റെ സങ്കടം പറഞ്ഞു. വിവിയൻ പാല് കുടിക്കുന്നില്ല എന്ന് കേട്ട ഉടനെ മോണ പറഞ്ഞു “ഓ ഇതാണോ ഇത്ര വലിയ പ്രശ്നം! പാല് തിളപ്പിക്കണ്ട എന്ന് അല്ലെ മുനിസിപ്പാലിറ്റിയിൽ നിന്ന് പറഞ്ഞത്. നീ ചൂടാക്കാതെ കൊടുക്ക്”

പിറ്റേന്നുള്ള പാല് കുടിപ്പിക്കൽ പരിപാടി, അങ്ങനെ ചെയ്തിട്ടും കുളമായി.

“പഞ്ചസാര ഇടാതെ കൊടുത്തു കാണും, സ്‌കൂളിൽ നിന്ന് പറഞ്ഞ പോലെ. നീ രണ്ടു സ്പൂൺ പഞ്ചസാര ഇട്ടു കൊടുത്ത് നോക്ക്,” മോണ പുതിയ അടവ് പറഞ്ഞു കൊടുത്തു.
അതും ഫലം കണ്ടില്ല.

“പഞ്ചസാര ഒരു സ്പൂൺ ഇട്ടു കൊടുക്ക്. മധുരം കൂടിയത് പറ്റിയിട്ടുണ്ടാവില്ല അവന്,” മോണ വല്യമ്മ തോൽവികളിൽ തളർന്നില്ല.

അന്നും പാല് കാതറിൻ നക്കി തീർക്കേണ്ടി വന്നു .

“കുറച്ച് ചോക്ലേറ്റ് പൊടി അങ്ങ് ഇട്ടു കൊടുക്ക്,” മോണയുടെ സൂത്രങ്ങൾവളർന്നു കൊണ്ടേ ഇരുന്നു.

“അമ്മക്ക് ചോക്ലേറ്റ് തരാനാണെങ്കിൽ പാലിൽ കലക്കാതെ വായിൽ ഇട്ടു തന്നാൽ പോരെ,”  വിവിയൻ ഉറക്കെ ലെനയെ ചീത്ത വിളിച്ചു.

അതോടെ ആ പരിപാടിയും നിർത്തലാക്കി.

മോണ വല്യമ്മ നാല് ദിവസം തൻ്റെ കയ്യിലുള്ള എല്ലാ അടവും പ്രയോഗിച്ചു തളർന്ന ശേഷം അഞ്ചാം ദിവസം സ്ഥലം വിട്ടു.

അന്ന് ബെർഗെനിൽ, പതിവില്ലാതെ നല്ലവണ്ണം വെയിൽ വന്നു.

കാതറിൻ മന്ദം മന്ദം പുറത്തേക്ക് നടന്നു. മുറ്റത്ത് തൊഴുത്തിനടുത്ത് പുൽത്തകിടിയിൽ മിസ്സിസ് ഹെല്ല ബിൻഗെൻ പശു ചേട്ടത്തി വെയില് കാഞ്ഞ് അയവിറക്കി വിശ്രമിക്കുകയായിരുന്നു.

കാതറിൻ ഒറ്റ ചാട്ടത്തിനു ഹെല്ല ചേട്ടത്തിയുടെ വയറിനു മുകളിലേക്ക് ചാടി അവിടെ വെയില് കായാൻ കിടന്നു.

ഇടയ്ക്കിടയ്ക്ക് അവൾ കൈ നക്കി വൃത്തി ആക്കുന്നുമുണ്ടായിരുന്നു .

കാതറിനെ ശ്രദ്ധിച്ചു കൊണ്ട് നമ്മുടെ ഹെല്ല ചേട്ടത്തി ചോദിച്ചു “അല്ല കാതറിനെ… ഒന്ന് വെളുത്തല്ലോ… അടുത്തെങ്ങാനും കുളിച്ചോ? തണുത്ത വെള്ളമൊഴിച്ചാണോ കുളിച്ചത്, ചൂട് വെള്ളമുപയോഗിച്ചാണോ കുളിച്ചത്? വല്ല ക്രീമും തേച്ചോ? ഒന്ന് മിനുങ്ങിയിട്ടുമുണ്ടല്ലോ? എങ്ങനെ?”

“ഓ എൻ്റെ ഹെല്ല ചേട്ടത്തി…. ഞാൻ കുളി നിർത്തി. അതാ ഒന്ന് വെളുത്തത്. പിന്നെ തടി… ആ വിവിയൻ ഒരു ദിവസവും പാല് കുടിക്കില്ലെന്നേ. ആ പാലൊക്കെ ഞാനാ കുടിച്ചു തീർക്കാറ്. അതിൻ്റെ ആകും” – കാതറിൻ പൊങ്ങച്ചം തുടങ്ങി.

പക്ഷെ പെട്ടെന്ന് ആണ് അവൾക്ക് മനസ്സിലായത്, അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന്. അതും ഹെല്ല ചേട്ടത്തിയോട് തന്നെ!

അത് കേട്ടതോടെ ഹെല്ല ചേട്ടത്തി, ഓടി ഓടി ഒരു ഓക്ക് മരത്തിൽ മുഖമമർത്തി, തേങ്ങി കരയുവാൻ തുടങ്ങി “മൂ മൂ…” എന്ന്.

വീട്ടിൽ നിന്ന് സാൽമണിൻ്റെ മണമടിച്ച കാതറിൻ, മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു. പോകുമ്പോൾ ഇങ്ങനെ പിറുപിറുക്കുകയും ചെയ്തു, “ഇവർക്കിത്ര കരയാൻ എന്തിരിക്കുന്നു! അവരുടെ പാൽ ആ വിവിയൻ കുടിച്ചില്ലെങ്കിലും ഞാൻ നക്കി തീർക്കാറില്ലേ… ലെന സീരിയൽ കാണുമ്പോൾ ഇവരും ജനവാതിലിലൂടെ സീരിയൽ കാണുന്നുണ്ടാകും… അതാണ് ഇങ്ങനെ ഒരു കരച്ചിൽ.”

മരത്തിൽ ഏങ്ങലടിച്ചു കരയുന്ന ഹെല്ല ബിൻഗെനെ കണ്ട മെർലിൻ എന്ന ഡിപ്പർ പക്ഷി, വേഗം പറന്നു പോയത് എങ്ങോട്ടായിരുന്നു എന്നറിയാമോ? ദൂരെ തടാകത്തിൻ്റെ തീരത്തിൽ ഈനി, മൈനി, മോനി, മൂ എന്ന് പേരുള്ള തൻ്റെ പശുകുട്ടികളെ കളിപ്പിക്കാൻ കൊണ്ട് പോയ മിസ്റ്റർ പോൾ ബിൻഗെൻ എന്ന ജേഴ്സി കാളയുടെ അടുത്തേക്ക്. മെർലിൻ പറന്നു ഇറങ്ങി പോളിൻ്റെ കൊമ്പിൽ ഇരുന്നു.

“എന്താ മെർലിൻ കുഞ്ഞേ വിശേഷങ്ങൾ…” മിസ്റ്റർ പോൾ ബിൻഗെൻ കുശലം ചോദിച്ചു.

“കീ കി കൂ കീ കാ”- മെർലിൻ പരിഭ്രാന്തിയോടെ പറഞ്ഞു.

“നീ എന്താ എന്നെ ക ഖ ഗ ഘ ങ്ങ പഠിപ്പിക്കാൻ വന്നതാണോ,” പോളിന് ഒന്നും മനസ്സിലായില്ല .

“അയ്യോ സോറി… ഞാൻ വേവലാതിയിൽ എൻ്റെ ഭാഷയിൽ പറഞ്ഞതാണ്… അതേയ് ഹെല്ല ചേട്ടത്തി വീട്ടിനടുത്തുള്ള ഓക്ക് മരത്തിൽ മുഖമമർത്തി കരയുന്നു… ഞാൻ ചോദിച്ചിട്ടൊന്നും മിണ്ടുന്നില്ല.”

“ഏ? രാവിലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ? മക്കളെ ഈനി, മൈനി, മോനി, മൂ… അച്ഛൻ അമ്മയെ എന്തെങ്കിലും ചീത്ത പറഞ്ഞിരുന്നുവോ രാവിലെ? ഓർമ്മയില്ലല്ലോ… നിങ്ങളുടെ അമ്മയല്ലേ, എപ്പോഴാ എന്തിനാ കെറുവിക്കുക എന്ന് പറയാൻ പറ്റില്ല.”

“ഇല്ലച്ഛാ…”  ഈനി, മൈനി, മോനി, മൂ എല്ലാവരും ഒരുമിച്ചു പറഞ്ഞു.

“നിങ്ങൾ വല്ല കുറുമ്പും കാണിച്ചുവോ?”

“ഇല്ലച്ഛാ..” ഈനി, മൈനി, മോനി, മൂ എല്ലാവരും ഒരുമിച്ചു പറഞ്ഞു.

“എന്നാൽ വേഗം വാ… അമ്മയുടെ അടുത്തേക്ക് പോയി നോക്കാം,” പോൾ ബിൻഗെൻ പശുകുട്ടികളെയും കൊണ്ട് കിതച്ചു കിതച്ച് വല്ല വിധേനയും ഹെല്ലയുടെ അടുത്തേക്ക് ഓടി എത്തി.

“എൻ്റെ പൊന്നു ഹെല്ലേ … എന്തിനാണ് ഇങ്ങനെ കരയുന്നത്… പറ… നമുക്ക് എല്ലാറ്റിനും ഒരു പരിഹാരമുണ്ടാക്കാം… നീ കരയാതെ,”  പോൾ ബിൻഗെൻ, ഹെല്ലയെ ചേർത്ത് പിടിച്ച് പറഞ്ഞു.

“നിങ്ങൾക്കൊന്നും മനസ്സിലാവില്ല. ആർക്കും എൻ്റെ സങ്കടം മനസ്സിലാവില്ല. കാരണം പാൽ എൻ്റെ അല്ലെ കറന്നു കൊണ്ട് പോകുന്നത്…”

“നീ കരയാതെ കാര്യം പറ,”  പോൾ പറഞ്ഞു.

“നിങ്ങൾക്കറിയാമോ, രാവിലെ ജോനാഥൻ സാർ കറന്നു കൊണ്ട് പോകുന്ന പാൽ ആരാണ് കുടിക്കുന്നതെന്ന്,” ഹെല്ല സങ്കടത്തോടെ ചോദിച്ചു.

“അതാ വിവിയൻ കുഞ്ഞിന് വേണ്ടിയല്ലേ,” മിസ്റ്റർ പോൾ ബിൻഗെൻ കാള തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.

“അയ്യോ അയ്യോ… ഇതെങ്ങനെ ഞാൻ സഹിക്കും? എന്നെ അങ്ങിനെ അല്ലെ എല്ലാവരും കൂടി പറഞ്ഞു പറ്റിച്ചത്? എൻ്റെ ഈനിക്കും മൈനിക്കും മോനിക്കും മൂവിനും കൊടുക്കാതെയാണ് ഞാൻ വിവിയന് ആണെന്നും പറഞ്ഞു പാൽ കറന്നെടുക്കാൻ സമ്മതിക്കാറ്…”

ബഹളം കേട്ട്, അവിടെ ഓടി എത്തിയ ബെഞ്ചമിൻ നായ ചോദിച്ചു ‘എന്താ പ്രശ്നം’ എന്ന്.

“പിന്നതാരാ വിവിയൻ അല്ലെങ്കിൽ, പിന്നാരാ പാല് കുടിക്കുന്നത്,”  പോൾ ബിൻഗെൻ കാള ചോദിച്ചു.

“ആ കാതറിൻ… അവൾ ദിവസം പ്രതി മിനുങ്ങി വരുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചതാ… അയ്യോ അയ്യോ… എൻ്റെ പാൽ.”

“നീ അടങ്ങ് ഹെല്ലേ… ഞാൻ ഒന്നാലോചിക്കട്ടെ. ഇതിപ്പോൾ ജോനാഥൻ സാറിനോട് നേരിട്ട് ചോദിക്കുക എന്നൊക്കെ പറഞ്ഞാൽ…” – പോൾ, കൊമ്പിൽ കൈ വെച്ച് ഒന്നാലോചിക്കാൻ തുടങ്ങി.

“ഏയ് അതൊക്കെ മോശമാണ്, മോശമാണ്,” ബെഞ്ചമിൻ അഭിപ്രായം പറഞ്ഞു.

“എന്നാലും പാല് കിട്ടാത്ത എൻ്റെ കുഞ്ഞുങ്ങൾ, ” ഹെല്ല മൂക്ക് ചീറ്റി പോളിൻ്റെ കയ്യിൽ തുടച്ച് കരച്ചിൽ തുടർന്നു.

ഇതേ സമയം കാതറിൻ പൂച്ച, ലെനയെ സോപ്പിട്ട് ഒരു സാൽമൺ മീൻ കഷ്ണം ഒപ്പിച്ച് അടുക്കളയുടെ ജനലോരത്ത് ഇരുന്നു തട്ടുകയായിരുന്നു. അപ്പോൾ ദൂരെ ഈ ബഹളം നടക്കുന്നത് കണ്ട കാതറിൻ, ഒന്ന് തലയുയർത്തി നോക്കി ഒരു ചെറു ചിരി ചിരിച്ച് വീണ്ടും സാൽമണിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ ജോനാഥൻ പാൽ കറക്കാൻ വന്നപ്പോൾ, ഹെല്ല മുഖം തിരിച്ചു. ജോനാഥൻ വാത്സല്യത്തോടെ ഹെല്ലയെ ഒന്ന് കൊഞ്ചിച്ച് പാൽ കറന്നെടുത്തു.

പതിവ് പോലെ വിവിയൻ ‘പാല് വേണ്ട’ എന്ന് പറഞ്ഞ് അടുക്കളയിൽ നിന്ന് ഓടി. കാതറിൻ പൂച്ച നെരിപ്പോടിനത്തു നിന്ന്, ഒന്ന് വലിഞ്ഞു, ഒരു കോട്ടുവായ ഇട്ട് അലസയായി വന്നു ആ പാൽ കുടിക്കുകയും ചെയ്തു.

ഇതൊക്കെ കണ്ടു കൊണ്ട് ഒരാൾ ജനാലക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു. സാക്ഷാൽ ബെഞ്ചമിൻ!

സംഭവങ്ങൾ ശരിയാണോ എന്നറിയാൻ മിസ്റ്റർ പോൾ ബിൻഗെൻ കാള ഏല്പിച്ചതായിരുന്നു ബെഞ്ചമിനെ. ബെഞ്ചമിൻ ഉടനടി ഓടിപ്പോയി, പോളിനു വിവരങ്ങൾ ചൂടോടെ എത്തിച്ചു.

രാവിലെ തന്നെ രണ്ടു ബിസ്കറ്റ് അകത്താക്കി, എന്നത്തേയും പോലെ വിവിയൻ ടിവി ഓൺ ആക്കി, മിക്കി മൗസ് കാണാനായി ഇരുന്നു. അപ്പോഴേക്കും ബെഞ്ചമിൻ തിരിച്ചെത്തുകയും ചെയ്തിരുന്നു. ജോനാഥൻ കടയിലേക്ക് പുറപ്പെട്ടു പോയപ്പോൾ, ബെഞ്ചമിൻ വീട്ടുവാതിൽക്കൽ നിന്ന് ഒരു വലിയ പ്ലാസ്റ്റിക് കവർ എടുത്തു സിഗ്നൽ ആയി ദൂരെ മേയുന്ന പോളിന് വീശി കാണിച്ചു. എന്നിട്ടോ? വിവിയൻ്റെ ഷോർട്സിൽ പിടിച്ചു വലിച്ച് വിവിയനെ പുറത്തേക്ക് വിളിക്കാൻ തുടങ്ങി.

“നീ പോ ബെഞ്ചമിൻ… എനിക്ക് ടി വി കാണണം,” വിവിയൻ മുറുമുറുത്തു.

“വിവിയൻ പാലോ കുടിക്കില്ല. രാവിലെ തന്നെ ടി വി കാണാതെ പോയി ആ ബെഞ്ചമിൻ്റെ കൂടെ പന്ത് കളിച്ചൂടെ,” അടുക്കളയിൽ നിന്ന് ലെന വിളിച്ചു ചോദിച്ചു.

അപ്പോഴേക്കും ബെഞ്ചമിൻ ഒന്നും കൂടി ശക്തി ആയി വിവിയനെ പിടിച്ചു വലിച്ചു കൊണ്ട് പോകാൻ തുടങ്ങിയിരുന്നു.

“വരാം വരാം… ഇതെന്താ എന്നുമില്ലാതെ ഇവന് രാവിലെ ഒരു കളി,” വിവിയൻ അത്ഭുതപ്പെട്ടു.

കളിസ്ഥലം എത്തിയതിനു ശേഷവും ബെഞ്ചമിൻ പിടിച്ചു വലിച്ച് വിവിയനെ പശുക്കൾ മേയുന്ന പുൽതകിടിയിലെ ബെഞ്ചിലേക്ക് കൊണ്ട് പോയി.

“ഇതെന്താണ്? ഇവനപ്പോ പന്തല്ലേ കളിക്കേണ്ടത്,” വിവിയന് ഒന്നും മനസ്സിലായില്ല.

പിടിച്ചു വലിച്ച്, പിടിച്ചു വലിച്ച്, അവസാനം ബെഞ്ചമിൻ, വിവിയനെ ബെഞ്ചിൽ കൊണ്ട് പോയി ഇരുത്തി…

അപ്പോഴാണ്, മേഞ്ഞു മേഞ്ഞു നമ്മുടെ പോൾ ബിൻഗെൻ ചേട്ടൻ അവിടെ എത്തിയത്.

അന്ന് വെയിലായതു കൊണ്ട് വിവിയൻ പോക്കറ്റിൽ നിന്ന് തൻ്റെ കുഞ്ഞു കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചിരുന്നു. പെട്ടെന്നാണ് പോൾ ബിൻഗെൻ വലിയ ആളുകളെ പോലെ കാലിന്മേൽ കാൽ കയറ്റി വെച്ച്, കയ്യ് രണ്ടും തലയുടെ പിന്നിൽ വെച്ച് ആ ബെഞ്ചിൽ കയറി ഇരുന്നത്. വിവിയൻ അന്തം വിട്ടു.”ഹേയ് ബ്രോ… ഗുഡ് മോർണിംഗ്,” മിസ്റ്റർ പോൾ ബിൻഗെൻ ആ കൂളിംഗ് ഗ്ലാസ് മെല്ലെ ഊരി എടുത്ത് സ്വന്തം മൂക്കത്തു വെച്ച് ചാഞ്ഞിരുന്ന് പറഞ്ഞു.

uma praseeda, ഉമാ പ്രസീദ , folk tales, നാടോടിക്കഥ, മുത്തശ്ശിക്കഥ, Children's Literature, ബാലസാഹിത്യം, stories for children,Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇമലയാളം, read aloud stories

ഇതൊക്കെ കണ്ട് ബെഞ്ചമിൻ നായക്ക് അടിവയറ്റിൽ നിന്ന് ചിരി പൊട്ടി. എങ്കിലും അവൻ ഒന്നും സംഭവിക്കാത്ത മട്ടിൽ വിവിയൻ ഓടാതിരിക്കാനായി കാവൽ ഇരുന്നു.

“എന്നോടാണോ, ” വിവിയൻ വിറച്ച് വിറച്ച് ചോദിച്ചു.

“യോ യോ ബ്രോ,” മിസ്റ്റർ പോൾ ബിൻഗെൻ കാള തുടർന്നു.

“അടിപൊളി” ബെഞ്ചമിൻ മനസ്സിൽ കരുതി.

“ഗുഡ് നൈറ്റ്… അല്ല സോറി ഗുഡ് മോർണിംഗ്” വിവിയൻ വിയർക്കാൻ തുടങ്ങി.

“വാസ്സപ്പ് ബ്രോ? സുഖമല്ലേ… പാലൊന്നും കുടിക്കാറില്ലേ… അങ്ങ് മെലിഞ്ഞു പോയല്ലോ, “പോൾ തുടർന്നു.

“പാലോ…” പാലിൻ്റെ കാര്യം കേട്ടപ്പോഴേ വിവിയൻ വാചാലനായി.

“പാലിൻ്റെ കാര്യമൊന്നും പറയണ്ട ബ്രോ… അയ്യേ എനിക്കത് ഇഷ്ടമേ അല്ല. അമ്മ ആണെങ്കിൽ എന്നും പാല് കൊണ്ട് വരും രാവിലെ തന്നെ. ഞാൻ എന്തെങ്കിലും പറഞ്ഞു രക്ഷപെട്ട് ഓടും. ഇന്നലെ എന്താ അമ്മ ചെയ്തതെന്ന് അറിയാമോ…” വിവിയൻ നോർവേയിലെ കാറ്റു പോലെ നിർത്താതെ തുടർന്നു.

“ദാറ്റ്സ് ബാഡ് ബ്രോ… പാൽ കുടിക്കാറില്ല എന്നോ? ആ ച്യൂയിങ് ഗം തരൂ. പുല്ല് അയവിറക്കി ബോർ അടിച്ചു,” ഇടക്ക് പോൾ കയറി പറഞ്ഞു.

വിവിയൻ, വിറയ്ക്കുന്ന കൈകളോടെ പോക്കറ്റിൽ നിന്ന് ച്യൂയിങ് ഗം കൊടുത്തു.

“ആ അപ്പോൾ ഞാൻ എന്താണ് പറഞ്ഞത്? പാൽ. ഈ പാൽ എവിടെ നിന്നാണ് എന്ന് ആലോചിച്ചിട്ടുണ്ടോ,” പോൾ ശബ്ദം കനപ്പിച്ചു.

അപ്പോഴാണ് തനിക്കു പറ്റിയ അമളി വിവിയന് മനസ്സിലായത്. പശുക്കളുടെ അടുത്ത്, പ്രത്യേകിച്ച് പാൽ തരുന്ന പശുക്കളുടെ അടുത്തിരുന്നു പാൽ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് വലിയൊരു ഗുലുമാൽ ആണ്.

“ബ്രോ അവിടെ നോക്ക്… ഞങ്ങൾക്ക് നാല് മക്കൾ ആണ്. ഈനി, മൈനി, മോനി, മൂ… അവർ കുടിക്കേണ്ട പാൽ ആണ് ജോനാഥൻ സാർ എന്നും കറന്ന്, ബ്രോക്ക് അമ്മ ചൂടോടെ കൊണ്ട് തരുന്നത് .

അവരെ നോക്ക് അവർ എന്ത് മെലിഞ്ഞു, പാലൊന്നും കിട്ടാതെ. പുവർ ബേബീസ്,” പോൾ ബിൻഗെൻ കൂളിംഗ് ഗ്ലാസ് മാറ്റി ഒന്ന് കണ്ണീരൊപ്പി.

കുത്തി മറിയുന്ന തടിമാടൻ പശുകുട്ടികളെ കണ്ടപ്പോൾ വിവിയൻ പറഞ്ഞു, “മെലിഞ്ഞിട്ടോ? ഇവരോ?”

ബെഞ്ചമിൻ വിവിയനെ നോക്കി കണ്ണുരുട്ടി ഒന്ന് മുരണ്ടു.

“അല്ല. അതെ… മെലിഞ്ഞല്ലേ. പാൽ കുടിക്കുന്നുണ്ടാകില്ല അല്ലെ… അമ്മ പറയാറുണ്ട് പാൽ കുടിച്ചില്ലെങ്കിൽ മെലിയും എന്ന്,” വിവിയൻ തുടർന്നു.

കണ്ണട തിരിച്ചു വെച്ച്, വിവിയൻ്റെ മുഖത്തിൻ്റെ അടുത്ത് വന്ന്, വിവിയൻ്റെ തോളിൽ വലിയ കൈ വെച്ച് പോൾ പറഞ്ഞു, “പാൽ കുടിക്കാത്തതല്ല… കിട്ടാത്തതാണ്. കി-ട്ടാ- ത്ത-താ-ണ്… ആ പാലാണ് നിനക്ക് കൊണ്ട് തരുന്നത്… ആ പാലാണ് നീ കളയുന്നത്.”

പോളിൻ്റെ ആകാരവും വലിയ രണ്ടു കൊമ്പും ആദ്യമായി അത്ര അടുത്ത് കണ്ട വിവിയൻ പേടിച്ചരണ്ടു.

“ആ പാലാണ് ആ കള്ളി കാതറിൻ കുടിച്ചു തടിക്കുന്നത്,”  ദേഷ്യത്തോടെ ബെഞ്ചമിൻ പറഞ്ഞു.

പെട്ടെന്ന് തന്നെ പോൾ ബിൻഗെൻ ഒരു വലിയ ചിരി ചിരിച്ചു, ഉള്ള എല്ലാ പല്ലും ഉണക്കാൻ ഇട്ട പോലെ…

ആ ചിരിയുടെ തിളക്കം ഇടിമിന്നൽ ആണെന്ന് കരുതി വിവിയൻ കണ്ണ് പൊത്തി.

“ചിൽ ബ്രോ… കൂൾ. അപ്പോൾ ഞാൻ പറഞ്ഞു വന്നത്… പാൽ ഒരിക്കലും കളയരുത്. കുടിക്കണം. കു-ടി-ക്ക-ണം,”  പോൾ ബിൻഗെൻ ഭീഷണിയും ചിരിയും കൂട്ടിക്കലർത്തി പറഞ്ഞ ശേഷം വിവിയൻ്റെ തോളിൽ ഒരു അടിയും അടിച്ച് തുടർന്നു. “അപ്പോൾ കാണാം ബ്രോ… തിരക്കുണ്ട്. സീ യൂ.”

‘എൻ്റെ കർത്താവെ രക്ഷപെട്ടു,’ എന്ന് പറഞ്ഞ് വിവിയൻ മെല്ലെ എഴുന്നേറ്റു.

“ഓ സോറി… മറന്നു പോയ്… ഗ്ലാസ്…”- വെട്ടി തിരിഞ്ഞ് വന്ന പോൾ കൂളിംഗ് ഗ്ലാസ്സെടുത്ത് വിവിയൻ്റെ മൂക്കിൽ വെച്ച് കൊടുത്തു.

വിവിയൻ ജീവനും കൊണ്ട് വീട്ടിലേക്കോടി.

ബെഞ്ചമിനോ? “കലക്കി ബ്രോ” എന്ന് പറഞ്ഞ് പോളിന് ചാടി ഒരു ഹൈ ഫൈയും കൊടുത്തു. അച്ഛൻ്റെ അഭിനയം കണ്ട പശുകുട്ടികൾ വിസിലടിച്ചു. ഹെല്ല ചേട്ടത്തിയോ? തരിച്ചിരുന്നു!

പിറ്റേന്ന് രാവിലെ അഞ്ചു മണി ആയപ്പോഴേക്കും വിവിയൻ ലെനയെ വിളിച്ചുണർത്തി ‘പാല് താ അമ്മെ’ എന്ന് പറഞ്ഞു. അത് കേട്ട ലെന സ്വപ്‌നമാണെന്ന്‌ കരുതി തിരിഞ്ഞു കിടന്നു. പിന്നെ ചാടി എഴുന്നേറ്റ്, വിവിയൻ പനി എങ്ങാനും പിടിച്ച് പിച്ചും പേയും പറയുകയാണോ എന്ന് നോക്കി. പിന്നെ ഓടിപോയി പാൽ ചൂടാക്കി കൊടുത്തു.

Read More: ഉമ പ്രസീദ എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

ഈ ബഹളമൊക്കെ കേട്ട് എഴുന്നേറ്റു വന്ന കാതറിൻ “ഓ ഇന്ന് നേരത്തെ ആണല്ലോ പാൽ” എന്ന് പറഞ്ഞു തൻ്റെ തളികയുടെ അടുത്ത് ആയിരുന്നു.

പാൽ മുഴുവൻ വാറ്റി കുടിച്ച വിവിയൻ ഒരു ഏമ്പക്കവും വിട്ട് ‘ഞാൻ ഇനി ഡൊണാൾഡ് അപ്പൂപ്പനെ പോലെ 90 വയസ്സായാലും പാല് കുടിച്ച് ജീവിക്കും,’ എന്ന് പ്രഖ്യാപിച്ച് എഴുന്നേറ്റു പോയി.

ഇത് കേട്ട ലെന കുറെ വെള്ളമെടുത്ത് കുടിച്ചു. കാതറിനോ? ബോധം കേട്ട് സ്വന്തം ബൗളിലേക്ക് തന്നെ മറിഞ്ഞടിച്ചു വീണു.

 

കഥ ഉമ പ്രസീദയുടെ ശബ്ദത്തില്‍ കേള്‍ക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids stories uma praseeda children podcast audible audio viviyanum pasukkalum

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com