പണ്ട് പണ്ട് നോർവേയിലെ ട്രോംസോ എന്ന സ്ഥലത്ത് ഒരു വലിയ മലയുണ്ടായിരുന്നു. ആ മലഞ്ചെരിവിലാണ് കലമാനുകളായ (റെയിൻഡിയർ) ഹെലന് സൈനെർസ്റ്റോഗും കുടുംബവും താമസിച്ചിരുന്നത്. ആ കുടുംബത്തിൽ വേറെ ആരൊക്കെ ഉണ്ടായിരുന്നെന്നറിയാമോ നിങ്ങൾക്ക്? കുഞ്ഞു കലമാനായ സോയ സൈനെർസ്റ്റോഗും അച്ഛൻ കലമാനായ അല്ലൻ സൈനെർസ്റ്റോഗും.
സോയ പിച്ച വച്ച് നടന്നു തുടങ്ങിയത് ഒരു വേനൽ സമയത്തായിരുന്നു. വേനൽ എന്ന് കരുതി ചൂടാണെന്നു കരുതരുത് കേട്ടോ. ആകെ തണുപ്പ് തന്നെയാണ്. പിന്നെ മഞ്ഞു പെയ്യിലെന്നു മാത്രം.
അങ്ങനെ സോയ വീഴാതെ നടക്കാറായപ്പോഴേക്കും, വേനൽ കഴിഞ്ഞ് ഇല പൊഴിയുന്ന ശരത്കാലവും കഴിഞ്ഞ് ശിശിരം തുടങ്ങിയിരുന്നു.
രാത്രി പതിനൊന്നു മണിയായാലും ഇരുട്ട് വീഴാത്ത സമയത്താണ് സോയ ജനിച്ചത്. പിന്നെ കുറെ കാലം അമ്മയുടെ അരികത്തും.
നടന്നു തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് സോയ ഒരു തണുപ്പ് കാലം കാണുന്നത്. വൈകുന്നേരമുണ്ട് ഒരു മൂന്ന് മണിയാവുമ്പോഴേക്കും സൂര്യച്ചാർ സ്ഥലം വിടുന്നു! ഇരുട്ട് പരക്കുന്നു! സോയ്ക്ക് ഇരുട്ടിനെ ലേശം പേടി ആയിരുന്നു.
എന്താണെന്നു വെച്ചാൽ പ്രത്യേകിച്ച് ഒരു കാരണമൊന്നും ഉണ്ടായിരുന്നില്ല. മഞ്ഞൊക്കെ പെയ്തതു കൊണ്ട് അൽപസ്വല്പം വെള്ള വെളിച്ചം എങ്ങുമുണ്ടായിരുന്നു- ഭൂമിയെ വെള്ള പുതപ്പ് പുതപ്പിച്ച പോലെ!
ഓരോ ദിവസം ചെല്ലുന്തോറും നേരത്തെ ഇരുട്ട് വീഴാൻ തുടങ്ങുകയും സോയയുടെ പേടി കൂടി കൂടി വരുകയും ചെയ്തു.
രാത്രി ആകുമ്പോൾ ഹെലനും അല്ലനും നടക്കാൻ പോകുന്ന പരിപാടിയുണ്ടായിരുന്നു, പണ്ടൊക്കെ- സോയ ജനിക്കുന്നതിനു മുൻപ്. പക്ഷെ സോയ കുഞ്ഞായിരുന്നപ്പോൾ ഒറ്റക്കാക്കി അവർ നടക്കാൻ പോയിരുന്നില്ല.
അങ്ങനെ സോയ നടക്കാറായപ്പോൾ അല്ലൻ ഒരു വൈകുന്നേരം പറഞ്ഞു “ഹെലൻ, നമുക്കെല്ലാവർക്കും നടക്കാൻ പോയാലോ? ആ കുന്നിൻ ചെരിവിലെ പള്ളിയിൽ ക്രിസ്ത്മസ് വരുന്നത് പ്രമാണിച്ച് കുറെ തോരണങ്ങൾ തൂക്കിയിട്ടുണ്ടത്രെ. പല വിധ നിറങ്ങളിലുള്ള ലൈറ്റുകളും. കേമം ആണത്രേ.”
ഇതൊക്കെ കേട്ടപ്പോൾ ഹെലനും അതൊക്കെ കാണാൻ കൊതി തോന്നി. പക്ഷെ അവർ സോയയെ പുറപ്പെടുവിക്കാൻ നോക്കിയപ്പോഴോ? സോയയെ കാണാനില്ല. എവിടെ പോയി സോയ? സോഫക്കടിയിൽ! പുറത്ത് ഇരുട്ടല്ലേ. എങ്ങിനെ പുറത്തേക്കിറങ്ങും സോയ.
അല്ലൻ സോഫക്കടിയിലേക്ക് കുനിഞ്ഞു നോക്കി പറഞ്ഞു:” സോയ കുട്ടാ… നമുക്ക് പുറത്തേക്ക് പോകേണ്ടേ? നീ വാ… ഞാൻ നിനക്ക് ടോണി മാമൻ്റെ വീടിൻ്റെ അരികിലുള്ള മതിലിലെ സ്വാദുള്ള കൽപ്പായൽ എടുത്തു തരാം കഴിക്കാൻ.”
“പോ അച്ഛാ… ഞാനില്ല. എനിക്ക് പേടിയാ,” സോയ സോഫയുടെ അടിയിലേക്ക് തന്നെ നുഴഞ്ഞു കയറി.
“എന്നാൽ നിനക്ക് ചീസ് കഷ്ണം പോലെയുള്ള അമ്പിളി മാമനെ കാണിച്ചു തരാം.” – അല്ലൻ പറഞ്ഞു.
“വേണ്ടാ… ഇരുട്ടത്ത് ഞാൻ ഇറങ്ങില്ല.”- സോയ ഒച്ച പൊക്കി.
“ശ്ശെടാ… ഇവളെ എങ്ങിനെ പുറത്തേക്ക് ഇറക്കും,” അല്ലൻ കൊമ്പു ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
ഹെലെൻ ചിരിച്ചു കൊണ്ട് സോഫയുടെ അരികിൽ നിലത്ത് കാൽ ചുരുട്ടി കിടന്നു. സോയ അമ്മയെ കണ്ടപ്പോൾ അന്തം വിട്ടു.
“സോയ കുട്ടിക്ക് അമ്മ ഒരു കഥ പറഞ്ഞു തരട്ടെ?”
സോയയുടെ വട്ടച്ച കണ്ണുകൾ നോക്കി ഹെലൻ വാത്സല്യത്തോടെ ഒരു കുഞ്ഞു കഥ പറയാൻ തുടങ്ങി.
“സോയ കുട്ടിയുടെ അമ്മൂമ്മ ഇപ്പോൾ എവിടെയാണ് എന്നറിയാമോ? അങ്ങ് സ്വർഗ്ഗത്തിൽ.”
“സ്വർഗ്ഗംന്നു പറഞ്ഞാൽ എവിടെയാണ്? ആ മലയുടെ അപ്പുറത്താണോ?” സോയ മെല്ലെ കഥയിൽ രസം പിടിച്ച് സോഫയുടെ അടിയിൽ നിന്ന് അമ്മയുടെ അടുത്തേക്ക് ഞരങ്ങി വരുവാൻ തുടങ്ങി.
“അല്ലല്ല… സ്വർഗ്ഗം അങ്ങ് ദൂരെയാണ്… മുകളിൽ… ആകാശത്തിനും മേഘങ്ങൾക്കും ഒക്കെ മുകളിൽ…”
“അവിടെയാ എൻ്റെ അമ്മൂമ്മ,” സോയ അമ്മയുടെ അരികിലെത്തി കഴിഞ്ഞിരുന്നു.
“അതെ. അമ്മൂമ്മ ഇപ്പോൾ എന്നും രാത്രി ആയാൽ അവിടെയുള്ള മെഴുകുതിരി കത്തിക്കും. അവിടത്തെ മെഴുകുതിരികൾ കത്തുമ്പോൾ അതിൽ നിന്ന് കത്തുന്ന തീനാളം മെഴുകുതിരിയുടെ അതേ നിറമായിരിക്കും. നീല മെഴുകുതിരികൾ കത്തിച്ചാൽ നീല നിറം. ചുവന്ന മെഴുകുതിരി കത്തിച്ചാൽ ചുവപ്പ് നിറം.”
“അമ്മൂമ്മക്ക് ഏറ്റവും ഇഷ്ടമുള്ള മെഴുകുതിരി ഏതാണ് എന്നറിയാമോ? പച്ച. അമ്മൂമ്മ കത്തിക്കുമ്പോൾ നമ്മുടെ ഈശ്വരൻ അത് കണ്ടിട്ട് രസിച്ചിട്ട് തൻ്റെ കയ്യിലുള്ള കണക്കില്ലാത്ത പച്ച മെഴുകുതിരികളിലേക്ക് ഊതി ഊതി ആ പച്ച തീനാളം പരത്തും. അങ്ങനെ ഒരുപാട് മെഴുകുതിരികൾ ഒരുമിച്ച് കത്തുമ്പോൾ ആകാശമൊട്ടുക്കും പച്ച വെളിച്ചം മിന്നും. ”
“ഈശ്വരൻ വലിയ ആളല്ലേ… അദ്ദേഹം ശ്വാസം വിടുമ്പോൾ തന്നെ ആ തീനാളങ്ങൾ അനങ്ങും. അങ്ങനെ ആകാശത്തുള്ള പച്ച വെളിച്ചം നൃത്തം ചെയ്യുന്ന പോലെ തോന്നും.”
“ശരിക്കും,” സോയ ചോദിച്ചു.
“ജനലിലൂടെ പുറത്തേക്ക് നോക്ക്… കാണാനുണ്ടോ ആ പച്ച വെളിച്ചം?” ഹെലൻ മെല്ലെ സോയയെ സോഫയുടെ പുറത്തേക്ക് ഇറക്കി കൊണ്ട് ചോദിച്ചു.
“ഇല്ലല്ലോ,” സോയ പറഞ്ഞു.
“അയ്യോ… എന്നാൽ നമുക്ക് വാതിൽ തുറന്നു നോക്കിയാലോ,” ഹെലൻ പറഞ്ഞു. അല്ലൻ തഞ്ചത്തിൽ മെല്ലെ സോയയുടെ കട്ടി കോട്ട് ഇടീപ്പിച്ചു കൊടുത്തു.
“ആ നോക്കാം,” സോയ മെല്ലെ ഹെലൻ കലമാനിൻ്റെ കയ്യ് പിടിച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
അപ്പോഴുണ്ട് ദൂരെ മലയുടെ അറ്റത്തായി ഒരിറ്റു പച്ച വെളിച്ചം.
“അതാ അതാ… അമ്മൂമ്മ മെഴുകുതിരി കത്തിച്ചു…” സോയ ഹെലൻ്റെ കയ്യും പിടിച്ചു വലിച്ച് മഞ്ഞു പുതപ്പിലൂടെ ഓടാൻ തുടങ്ങി. പിന്നാലെ അല്ലെനും.
അവർ അടുത്തേക്ക് എത്തുമ്പോഴേക്കും പച്ച വെളിച്ചം കുറച്ചും കൂടി അകലെ ആയ പോലെ തോന്നി.
സോയ ആ വെളിച്ചം നോക്കി നോക്കി അമ്മയുടെ കൈയ്യും വിട്ട് ഓടാൻ തുടങ്ങി.
“അവളുടെ പേടി മാറിയല്ലോ” ഇങ്ങനെ പറഞ്ഞ അല്ലനെ നോക്കി ഹെലൻ പുഞ്ചിരിച്ചു. അവരുടെ മുന്നിൽ സോയ മഞ്ഞു പാളികൾ ചവിട്ടി തെറിപ്പിച്ച് ആകാശം നോക്കി കുതിച്ചു കൊണ്ടേയിരുന്നു. അവർ എല്ലാവരും അങ്ങനെ മലയുടെ മുകളിൽ എത്തി.
അപ്പോഴതാ ആകാശം മുഴുവനും പച്ച വെളിച്ചം! പല വിധത്തിൽ അവ നൃത്തം വെച്ച് കൊണ്ടേയിരുന്നു. എന്ത് രസമായിരുന്നു ആ കാഴ്ച! സോയ സന്തോഷം കൊണ്ട് ആ വെളിച്ചത്തിനൊപ്പം നൃത്തം ചവിട്ടാൻ തുടങ്ങി.
“നീ ഇങ്ങനെ സന്തോഷത്തിൽ ചാടി തുള്ളുന്നത് നോക്കി അമ്മൂമ്മ മുകളിൽ ഇരിക്കുന്നുണ്ടാകും. ഇഷ്ടം വരുന്നുണ്ടാകും അമ്മൂമ്മക്ക് നിന്നോട്. പൊട്ടിച്ചിരിക്കുന്നുമുണ്ടാകും,” ഹെലൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
“എന്താമ്മേ ആ വെളിച്ചത്തിൻ്റെ പേര്?” സോയ നൃത്തത്തിനിടയിൽ ചോദിച്ചു.
“അറോറ” സോയയുടെ അമ്മൂമ്മ അറോറ സ്റ്റീവൻസൺ കലമാനിനെ ഓർത്ത് കൊണ്ട് ഹെലൻ മന്ത്രിച്ചു.
അമ്മൂമ്മയേയും അമ്മൂമ്മയുടെ കുഞ്ഞിക്കഥകളേയും കിട്ടാതെ വിഷമിക്കുന്ന കുഞ്ഞുങ്ങള്കുള്ള കുഞ്ഞിക്കഥ…
കഥ ഉമ പ്രസീദയുടെ ശബ്ദത്തില് കേള്ക്കാം
Read More: ഉമ പ്രസീദ എഴുതിയ കുട്ടിക്കഥകള് വായിക്കാം