ഞാൻ ഇനി ആരുടെ കഥയാണ് പറയാൻ പോവുന്നതെന്ന് അറിയാമോ കൂട്ടുകാരെ? അന്നാമറിയ എന്ന റോസാ ചെടിയുടെ കഥ.
പണ്ട് പണ്ട്, നോർവെയുടെയും സ്വീഡന്റേയും നടുക്കുള്ള മലകൾക്കിടയിൽ, ഒരു കുഞ്ഞു കോട്ടേജ് ഉണ്ടായിരുന്നു. ആ കോട്ടേജിലാണ് ജോണി ആൻഡേർസ് എന്ന മുത്തശ്ശനും മാഗ്ഗി ആൻഡേർസ് എന്ന മുത്തശ്ശിയും താമസിച്ചിരുന്നത്.
മുത്തശ്ശൻ, പണ്ട് ആർമിയിൽ ആയിരുന്നുവെങ്കിലും റിട്ടയർ ചെയ്ത ശേഷം പണി ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു. രാവിലെ തൊട്ട് വൈകുന്നേരം വരെ, മുൻവശത്തെ വരാന്തയിൽ ന്യൂസ്പേപ്പറും വായിച്ചു മയങ്ങിയിരിക്കും. മാഗ്ഗി മുത്തശ്ശി, ഊന്നു വടിയും പിടിച്ച് മെല്ലെ മെല്ലെ അടുക്കളയിൽ പണികൾ ചെയ്തു കൊണ്ടേയിരുന്നു.
അന്നാമറിയ എങ്ങിനെ ഇവരുടെ അടുത്തെത്തി? ജോണിമുത്തശ്ശന്റേയും മാഗി മുത്തശ്ശിയുടെയും നാല്പതാം വിവാഹ വാർഷികത്തിന്, ആരോ സമ്മാനമായി അവർക്കു കൊടുത്തതായിരുന്നു അന്ന മറിയയെ. അന്ന് തൊട്ടു അവരുടെ വരാന്തയിൽ ഇരിപ്പാണ് അന്നാമറിയ.
റോസാപ്പൂക്കൾ വലിയ ഇഷ്ടമായിരുന്ന മാഗി മുത്തശ്ശി, രണ്ടു നേരവും മുടങ്ങാതെ അന്നാമറിയക്കു വെള്ളമൊഴിക്കും. പക്ഷെ മാഗി മുത്തശ്ശി മെല്ലെ മെല്ലെ വിറയ്ക്കുന്ന കൈകൾ കൊണ്ട് വെള്ളം സ്പ്രേ ചെയുന്നത് കാണുമ്പോൾ തന്നെ, അന്നാമറിയക്ക് ദേഷ്യം വരും. എന്ത് മെല്ലെ ആണെന്നോ അവർ വെള്ളം ഒഴിക്കുക!
പകൽ എന്തെങ്കിലും നേരം പോകാൻ പരിപാടികൾ ഉണ്ടോ എന്ന് നിങ്ങൾ അബദ്ധത്തിൽ എങ്ങാനും അന്നാമറിയയോട് ചോദിച്ചാൽ, മൂപ്പത്തിയാരുടെ റോസാപ്പൂക്കൾ മുഴുവൻ ദേഷ്യം വന്നു ചുവന്നു തുടുക്കും.
അന്നാമറിയ ഇങ്ങനെ പറയുകയും ചെയ്യും – “ഇവിടെ ഒരു ടിവി എങ്കിലും ഉണ്ടോ? ഇവർ രണ്ടു പേരും എന്ത് ബോറൻ ആൾക്കാരാ… ആരും കാണാനും വരില്ല ഇവരെ.”
ആകെ ദിവസത്തിൽ ഒരേയൊരു നേരംപോക്ക് എന്തായിരുന്നു? ഇടയ്ക്കു വന്നു അന്വേഷിക്കുന്ന ഡൊറോത്തി പ്രാവ് ചേട്ടത്തിയുടെ വർത്തമാനങ്ങൾ.
“എന്താ അന്ന മോളെ… ഇങ്ങനെ വാടി ഇരിക്കുന്നത്… ഒന്നുഷാറാവൂന്നേ… ഞാനാ നിക്കോൾ കുയിൽ ചേട്ടത്തിയോട് വന്നൊരു പാട്ടൊക്കെ പാടാൻ പറയട്ടെ…”
“ഓ എന്തിനാ, ചേട്ടത്തി… എനിക്കൊരു മൂഡ് ഇല്ല… ഇതെന്തൊരു കാട്ടു പ്രദേശമാ… ആ ജോണി മുത്തശ്ശൻ ഏതു നേരവും ഇവിടെ ഇരുന്ന് ഉറങ്ങും. പിന്നെ ഉള്ളത് ആ തണ്ടർമാൻ വണ്ടുകളാ… അവന്മാരുടെ ശബ്ദം കേട്ടാൽ എനിക്ക് കലി വരും. ആ മുത്തശ്ശി രാവിലെ വെള്ളമൊഴിക്കാൻ വന്നാൽ പിന്നെ വൈകുന്നേരമേ കാണൂ. എനിക്ക് ജീവിതം മടുത്തു ചേട്ടത്തി,” അന്നാമറിയ ഒരു ദിവസം, തന്റെ സങ്കടങ്ങളൊക്കെ ഡൊറോത്തി ചേട്ടത്തിയോട് പറഞ്ഞു.
“ലോകം അങ്ങിനെ ഒക്കെ അല്ലെ കുഞ്ഞേ,”- ഡൊറോത്തി ചേട്ടത്തി അന്നാമറിയയെ ആശ്വസിപ്പിച്ചു.
“അല്ല ചേട്ടത്തി. എന്നെ ഇവർക്ക് സമ്മാനമായി കൊടുത്ത എലിസബത്ത് മുത്തശ്ശി ചെടികളുടെ നഴ്സറിയിൽ നിന്നാണ് എന്നെ കണ്ടുപിടിച്ചത്. അവിടെ നിന്ന് ഡിംപിൾ എന്ന വെള്ള റോസാപ്പൂച്ചെടിയെ കൊണ്ട് പോയത് എവിടേക്കാണെന്നറിയാമോ? ദൂരെ പട്ടണത്തിലേക്ക്… വലിയ രസമാ അവിടെ എന്നാണ് പറഞ്ഞു കേട്ടത്. എനിക്കതൊക്കെ ഒന്ന് കാണണം എന്റെ ഡൊറോത്തി ചേട്ടത്തി.”
“നീ സമാധാനമായിട്ടിരിക്കു,” എന്ന് പറഞ്ഞ് ഡൊറോത്തി ചേട്ടത്തി പറന്നു പോയി.
അങ്ങിനെ ഇരിക്കുമ്പോഴാണ്, മാഗി മുത്തശ്ശിക്ക് എഴുപതു വയസ്സ് തികഞ്ഞത്. അപ്പോൾ ജോണി മുത്തശ്ശൻ, അവരുടെ മക്കളായ മേരി, കാരി, സൈറ എന്നിവരെ ഒക്കെ വീട്ടിലേക്ക് ഒരു കുഞ്ഞു പാർട്ടിക്കായി ക്ഷണിച്ചത്.
Read More: ഉമ പ്രസീദയുടെ മറ്റു രചനകൾ വായിക്കാം
മേരി ബെർഗെനിലും കാരി ട്രോണ്ട്ഹെയിമിലും സൈറ ഓസ്ലോയിലും ആയിരുന്നു താമസം. അവർ അവരുടെ മക്കളെയും ഭർത്താക്കന്മാരേയും കൂട്ടി മാഗിയമ്മൂമ്മയുടെ എഴുപതാം പിറന്നാളിന് വന്നു. കേക്ക് മുറിക്കലും ബലൂൺ പൊട്ടിക്കലും പാട്ടുപാടലും ഒക്കെ പൊടിപൊടിച്ചു.
അന്നാണ് അന്നാമറിയക്ക്, കുറച്ചെങ്കിലും ആശ്വാസമായത്- ആ വീട്ടിൽ എന്തെങ്കിലും ബഹളം ഉണ്ടായല്ലോ.
അപ്പോഴാണ്, നമ്മുടെ കാരിയുടെ മകൾ നീന, അന്നാമറിയ ചെടിയെ കണ്ടത്. ഒറ്റ നോട്ടത്തിൽ അവൾ, ആ ചെടിയെ കൊണ്ട് പോകണമെന്ന് തീരുമാനിച്ചു. ഉടനെ അമ്മയോടവൾ ഓടി പോയി പറഞ്ഞു, “അമ്മേ നമുക്കാ റോസാച്ചെടിയെ കൊണ്ടുപോകാം…”
അപ്പോൾ കാരി, തഞ്ചത്തിൽ നീനയെ പറഞ്ഞു മനസ്സിലാക്കി “അത് മുത്തശ്ശിക്ക് സമ്മാനം കിട്ടിയതല്ലേ. നമ്മൾ എടുക്കാൻ പാടില്ലല്ലോ.”
“ആ ആ… പറ്റില്ലാ. നീനക്ക് റോസാച്ചെടീനേ കൊണ്ടുപോകണം…” നീന ഉറക്കെ കരയാൻ തുടങ്ങി. അതും നിലത്തു വീണുരുണ്ടു മറിഞ്ഞിട്ട്!
മാഗ്ഗി മുത്തശ്ശി അവളെ എഴുന്നേൽപ്പിച്ച് മെല്ലെ കാരിയോട് പറഞ്ഞു: “കുട്ടിയല്ലേ.. കൊണ്ട് പൊയ്ക്കോട്ടേ…”
അങ്ങനെ പിറ്റേന്ന് എല്ലാവരും തിരിച്ചു മടങ്ങിയപ്പോൾ, കാരിയുടെ കാറിന്റെ പുറകിൽ അന്നാമറിയക്കും കിട്ടി ഒരു സീറ്റ്!
വഴി നീളെ വലിയ ബസ്സുകളും കാറുകളും ലോറിയും ഒക്കെ കണ്ടു അന്നാമറിയ വായും പൊളിച്ചിരുന്നു. എന്തൊരു തിരക്കേറിയ റോഡുകൾ! വലിയ പാലങ്ങൾ! നീളൻ ട്രെയിനുകൾ, വലിയ ബീച്ചുകൾ, പുഴകൾ, കുന്നുകൾ! ആകെ പാടെ എന്തൊരു ചേല്!
കാരിയും ഭർത്താവു പീറ്റർ പാറ്റേഴ്സണും മകൾ നീനയും താമസിച്ചിരുന്നത് നഗരത്തിലെ ഒരു ഫ്ലാറ്റിലാണ്- നാലാം നിലയിൽ.
അവിടത്തെ ബാൽക്കണിയിൽ ആണ് അന്നാമറിയയെ അവർ കൊണ്ട് വെച്ചത്. ചുറ്റിനും ഫ്ലാറ്റുകൾ. അവയുടെ നടുവിലോ, ചെറിയ പുൽത്തകിടി. അതിൽ കുട്ടികൾക്കുള്ള ഊഞ്ഞാലും കുറച്ച് കളിക്കാനുള്ള സംഗതികളും. എപ്പോഴും അവിടെ കുട്ടികൾ കാണും. അപ്പുറത്തെ ബെഞ്ചിലിരുന്ന് അവരുടെ അമ്മമാർ, ചറപറാ ചറപറാ സംസാരിക്കുന്നുണ്ടാകും. ആകെപ്പാടെ നല്ല രസമായി തോന്നി അന്നാമറിയക്ക്.
പക്ഷെ അവിടെ എന്നും അന്വേഷിക്കാൻ വരുന്ന ഡൊറോത്തി ചേട്ടത്തിയെ പോലെ വേറെ പ്രാവുകളെ ഒന്നും കണ്ടില്ല. പകരം ഉറക്കെ ഉറക്കെ പൊങ്ങച്ചം പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കടൽ കാക്കകളായിരുന്നു അധികം.
അതിലൊരു കടൽ കാക്ക പറന്നു വന്നടുത്തിരുന്ന് അന്നാമറിയയോട് കുശലത്തിനു വന്നു.
“കൊച്ചെ ഇതിനു മുൻപ് ഇവിടെ ഒന്നും… കണ്ടിട്ടില്ലാലോ… എവിടന്നാ? വല്ല കാട്ടിൽ നിന്നായിരിക്കും അല്ലെ? ഞങ്ങളൊക്കെ ജനിച്ചപ്പോഴേ ഇവിടെ ആയിരുന്നു. ഇവിടത്തെ രീതികൾ എല്ലാം വ്യത്യാസമാണ് കേട്ടോ. എന്റെ പേര് ആൻഡ്രിയ ജാക്സൺ. ഞങ്ങളുടെ കടൽകാക്ക ക്ലബിന്റെ പ്രസിഡന്റ് ആൻജെലിന പോൾ ദാ ആ ഓക്ക് മരത്തിലാണ് താമസം. അവർ വന്നു എല്ലാം പറഞ്ഞു മനസ്സിലാക്കി തരും കേട്ടോ. ഇങ്ങനെ വളഞ്ഞു കുത്തി നില്കാതെ നേരെ നിൽക്കെന്നെ സ്റ്റൈലിൽ. ദേ എന്നെ പോലെ! ഞാൻ എന്റെ കുഞ്ഞിനെ ഒന്ന് നടത്തിച്ചു വരാം. *വി സീസ്.” ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ആൻഡ്രിയ താഴെ ബാൽക്കണിയിൽ നിന്ന്, തന്നെ ആട്ടിയോടിച്ച സായിപ്പിന്റെ മൊട്ട മണ്ടയിൽ ഒരു കൊത്ത് കൊത്തിയിട്ട് പറന്നു പോയി.
വീട്ടിനുള്ളിലെ വിശേഷങ്ങളോ? കാരിക്കും ഭർത്താവിനും ജോലി. നീനക്കുട്ടി സ്കൂളിലും. വൈകുന്നേരം വീട്ടിൽ വന്നാൽ അവർ രണ്ടു പേരും മൊബൈലിൽ. നീനക്കുട്ടി ടിവിയിലും.
നല്ല വെയിലുള്ള ദിക്കിലാണ് അവർ അന്നാമറിയയെ വെച്ചത്. പക്ഷെ ആരും അവൾക്ക് വെള്ളം ഒഴിച്ച് കൊടുക്കുവാൻ ഓർമിച്ചില്ല.
Read More: ‘ഭൂമിയുടെ അലമാര’: കുട്ടികൾക്കുള്ള നോവൽ
വല്ലപ്പോഴും കാരി, തിരക്കിനിടയിൽ “അയ്യയോ മറന്നു പോയി,” എന്നും പറഞ്ഞ് ഒരു കപ്പ് വെള്ളം കൊണ്ട് വന്നൊഴിക്കും. ഒന്ന് തലോടാൻ പോലും ആരുമില്ല. കുഞ്ഞു മൊട്ടുകൾ വന്നോ എന്ന് നോക്കാനും ആർക്കും സമയമില്ല. ഇടക്കിടക്ക് ആൻഡ്രിയ ചേട്ടത്തിയുടെ വക പൊങ്ങച്ചവും. എല്ലാം കൊണ്ടും അന്നാമറിയക്ക് മതിയായി തുടങ്ങി.
മാഗ്ഗി മുത്തശ്ശി മെല്ലെ ആണെങ്കിലും എന്ത് സ്നേഹത്തോടെയാണ് വെള്ളം തളിച്ചിരുന്നത്. മെല്ലെ മെല്ലെ വിറയ്ക്കുന്ന കൈകൾ കൊണ്ട് പൂക്കളെ ഒക്കെ തലോടുകയും ചെയ്യുമായിരുന്നു. ജോണി മുത്തശ്ശൻ ഉറങ്ങുമെങ്കിലും വണ്ടിന്റെ ശബ്ദം കേട്ടാൽ ചാടി എഴുന്നേറ്റ് വണ്ടിനെ ഓടിക്കുമായിരുന്നു. ഇതെല്ലാം പോരാഞ്ഞ് ഡൊറോത്തി ചേട്ടത്തിയുടെ തമാശ പറച്ചിലും. ഹോ! എന്ത് രസമായിരുന്നു അവിടെ! അതൊക്കെ ആലോചിച്ച് അന്നാമറിയ സങ്കടപ്പെട്ടു.
നീനയുടെ അച്ഛൻ പീറ്റർ ആണ് അന്നാമറിയയുടെ സങ്കടം ആദ്യമായി കണ്ടുപിടിച്ചത്. അദ്ദേഹം നീനയെ വിളിച്ചു ആ ചെടിയെ കാണിച്ച് പറഞ്ഞു കൊടുത്തു “നോക്ക് മോളെ, നമ്മൾ കൊണ്ട് വന്നിട്ട് എന്തോ റോസാ ചെടിക്ക് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. കണ്ടോ, ഇലകൾ ഒക്കെ കൊഴിഞ്ഞു. പൂക്കളും. ആകെ ഒരു സങ്കടമുണ്ടല്ലോ ചെടിക്ക്. നമുക്ക് ഇവളെ മുത്തശ്ശിക്ക് തന്നെ തിരിച്ചു കൊടുത്താലോ?”
ആദ്യം നീന മോൾ സങ്കടപ്പെട്ടെങ്കിലും പിന്നീടു അവൾ സമ്മതിച്ചു. അങ്ങനെ ആ ഞായറാഴ്ച അവർ മാഗ്ഗി മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
അവിടെ എത്തിയപ്പോഴോ, മാഗ്ഗി മുത്തശ്ശി എല്ലാവർക്കും ചായ കൂട്ടി. അന്നാമറിയയെ ഒന്ന് തലോടിയ ശേഷം അവൾക്ക് ഒരു കുഞ്ഞുമ്മ കൊടുത്തു.
അന്ന് തൊട്ട് എന്നും ചായ കൂട്ടുമ്പോൾ മാഗ്ഗി മുത്തശ്ശി ചായയുടെ കക്കൻ അന്നാമറിയയ്ക്കു ഇട്ടു കൊടുക്കുമായിരുന്നു. ജോണി മുത്തശ്ശനോ, ഇടക്കിടക്ക് അവൾക്ക് പുതിയ മണ്ണിട്ട് കൊടുക്കുമായിരുന്നു.
ഡൊറോത്തി ചേട്ടത്തി വന്നപ്പോൾ അന്നാമറിയ പറഞ്ഞു: “നമ്മളെ സ്നേഹിക്കുന്നവരുടെ അടുത്താണ് നമ്മുടെ സ്വർഗ്ഗം. അല്ലാതെ അവരെ വിട്ട് അതുമിതും തേടി പോകുമ്പോൾ നമുക്ക് ഒന്നും കിട്ടുകയില്ല…”
അങ്ങനെ അന്നാമറിയ ജോണി മുത്തശ്ശന്റെയും മാഗ്ഗി മുത്തശ്ശിയുടെയും സ്നേഹം തുളുമ്പുന്ന കുഞ്ഞു ലോകത്തിൽ സന്തോഷവതിയായി ഒരു പാട് പൂക്കൾ വിരിയിച്ച് ജീവിച്ചു.
*വി സീസ് എന്ന് പറഞ്ഞാൽ നോർവീജിയനിൽ ‘പിന്നെ കാണാം’
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook