അങ്ങനെ ഒരു സിനിമ കാലത്ത്

ബർണാർഡ് തവളയും മാക്സ് ചീവീടും മേരി കടൽക്കാക്കപറഞ്ഞു കൊതി പിടിപ്പിച്ചതു കാരണം സിനിമാ കാണാൻ പോയ കഥ

uma praseeda, ഉമാ പ്രസീദ , folk tales, നാടോടിക്കഥ, മുത്തശ്ശിക്കഥ, Children's Literature, ബാലസാഹിത്യം, stories for children,Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇമലയാളം, read aloud stories

പണ്ട് പണ്ട്, നോർവേയിൽ ട്രോണ്ട്ഹെയിം എന്ന കുഞ്ഞു പട്ടണത്തിൽ, നിദൽവാ നദിയുടെ തീരത്ത്, സാമുവേൽ സോമ്മെർസ്റ്റീൻ എന്ന ഒരു ആൾ താമസിച്ചിരുന്നു. അയാൾ തൻ്റെ ഭാര്യയുമൊത്ത് ഒരു കുഞ്ഞു വീട്ടിൽ ആണ് താമസിച്ചിരുന്നത്.

ആ വീടിൻ്റെ പിൻവശത്ത് മുഴുവൻ കാടായിരുന്നു. മുൻവശത്തോ… ശാന്തമായി ഒഴുകുന്ന നിദൽവാ നദിയും.

ആ കാട്ടിൽ സാമുവേലിൻ്റെ വീടിൻ്റെ അടുത്തേക്കായിട്ട് ഒരു കുഞ്ഞു തടാകമുണ്ടായിരുന്നു. ആ തടാകത്തിലോ, ബെർണാഡ് എന്ന തവള താമസിച്ചിരുന്നു. ബെർണാർഡിൻ്റെ ഒരേയൊരു കൂട്ടുകാരൻ ആരായിരുന്നു എന്നറിയാമോ? മാക്സ് എന്ന ചിവീട്. അവർ രണ്ടു പേരുമാണ് കുളത്തിലെ സംഗീത കച്ചേരി നടത്തിയിരുന്നത്.

ഒരിക്കൽ ബെർണാർഡ് തവള, ഒരു വലിയ ഇലയിൽ ഇരുന്ന്,  മയങ്ങുകയായിരുന്നു. ചീവീടോ, പുല്ലുകളുടെ മെത്തയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു! അപ്പോഴാണ് ഒരു കലപില ശബ്ദം കേട്ടത്.

ആരായിരുന്നു അത്?

മേരി പീറ്റേഴ്സൺ എന്ന് പേരുള്ള കടൽ കാക്ക.

മേരി പീറ്റേഴ്സൺ ഒരു പൊങ്ങച്ചക്കാരി ആയിരുന്നു. അവർ ഒരു മീനിനെ ലാക്കാക്കി തടാകത്തിലേക്ക് പറന്നിറങ്ങിയതായിരുന്നു. മേരിക്ക് കണ്ണ് പിടിക്കാത്തതു കൊണ്ട് മീൻ ജീവനും കൊണ്ട് രക്ഷപ്പെട്ടു. അപ്പോൾ മൂപ്പത്തിയാര് ഒരു മരക്കൊമ്പിൽ ഇരുന്നു കലപില കലപില ബഹളം വെക്കുകയായിരുന്നു…

ഇത് കേട്ടുണർന്ന ബെർണാഡ് തവള തല മാന്തി ഇങ്ങനെ പറഞ്ഞു:
“ശ്ശോ! എന്തൊരു കഷ്ടാ…. ഒന്നുറങ്ങാനും സമ്മതിക്കില്ല… ഇതാരാപ്പാ ഇങ്ങനെ കലപില ബഹളം വെക്കുന്നത്!!”

ചീവിടിൻ്റെയും ഉറക്കം പോയി.

രണ്ടു പേരും കണ്ണ് തിരുമ്മി വന്നപ്പോൾ അതാ, മേരി കടൽക്കാക്ക കൊമ്പിലിരുന്ന് ബഹളം വെക്കുന്നു!

അവരെ കണ്ടപ്പോൾ തന്നെ മേരി ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി- “ക കാക കാക്കക” എന്ന്.

uma praseeda, ഉമാ പ്രസീദ , folk tales, നാടോടിക്കഥ, മുത്തശ്ശിക്കഥ, Children's Literature, ബാലസാഹിത്യം, stories for children,Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇമലയാളം, read aloud stories

“നിങ്ങളൊക്കെ ഏതു നേരവും ഉറക്കമാണല്ലോ… ഈ കുളത്തിലും പുല്ലിലും ജീവിച്ചു ജീവിതം കുളമാക്കുകയാണോ? നിങ്ങളറിഞ്ഞോ പട്ടണത്തിൽ ഒരു കിനോ സെന്റർ (തീയേറ്റർ ) തുടങ്ങിയ കാര്യം? ആ ഒരുപാടു കടകളുള്ള കെട്ടിടത്തിൽ… അവിടെ സിനിമ ഇടുമത്രേ… നമ്മടെ നാല് വീടപ്പുറത്തെ മിറാൻഡ അമ്മച്ചി എൺപതാം വയസ്സിൽ അങ്ങോട്ട് പോയി സിനിമ കണ്ടത്രേ,” മേരി ഉറക്കെ ഉറക്കെ പറഞ്ഞു.

“സിനിമയോ? അതെന്താ പുതിയ ഒരു സാധനം? ഈ മിറാൻഡ അമ്മച്ചി പോയി എന്ന് നിങ്ങളെങ്ങനെ അറിഞ്ഞു മേരി ചേട്ടത്തി,” ബെർണാഡ് തവള പുരികം ഉയർത്തി ചോദിച്ചു.

“അതവരുടെ വളർത്തു നായ തോമാച്ചൻ പറഞ്ഞതാ. തോമാച്ചനേം കൊണ്ടുപോയത്രെ.”

“അതിനു നായകളെ അവിടെ കയറ്റുമോ,”  മാക്സ് ചീവീട് ചോദിച്ചു.

“അയ്യേ ഇവൻ ഇതെന്തൊക്കെയാണ് പറയുന്നത്… തോമാച്ചൻ പിന്നെ നുണ പറയുമോ? അവൻ പോയി കാണുമല്ലോ… വലിയ സംഭവമാണ് ഈ സിനിമ… ഹോ ഇങ്ങനെ വലിയ വെള്ള ബോർഡിൽ അനങ്ങുന്ന ആളുകൾ… എന്താ ശബ്ദം!.. ഇങ്ങനെ ഇടി വെട്ടുന്ന പോലെ അല്ലെ… ശ്ശോ! ഒന്ന് കാണേണ്ടത് തന്നെ!” മേരി ചേച്ചി കലപില തുടർന്ന് കൊണ്ടേയിരുന്നു.

“നാശം! ഇവരിലാരാണ് പൊങ്ങച്ചം പറയുന്നത്? മേരി ചേട്ടത്തിയോ? അതോ ആ തോമാച്ചൻ നായയോ? ഇവർ പറയുന്നത് കേട്ടാൽ ഇവർ തന്നെ ആണ് സിനിമ കണ്ടുപിടിച്ചു ഉണ്ടാക്കിയതെന്ന് തോന്നുമല്ലോ… ഇതൊന്നു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം. അതിനാദ്യം പോയി സിനിമ കാണണം. എന്താ ഒരു വഴി?” ബെർണാഡ് തവള മെല്ലെ ചീവീടിനോട് സ്വകാര്യം പറഞ്ഞു.

“അത് പറഞ്ഞപ്പോഴാണ് എനിക്കോർമ്മ വന്നത്… എനിക്കൊരു പാർട്ടി ഉണ്ട്… സൂസി എബ്രഹാം എന്നെ പ്രത്യേകം വിളിച്ചിട്ടുണ്ട്… ലിയാൻ നദിക്കരയിൽ… അവിടെ ഇന്ന് വെയില് ദിവസമായത് കൊണ്ട് ഒരുപാട് പേര് കോഴി പൊരിക്കാനും കഴിക്കാനും വരുന്നുണ്ടത്രേ… വല്ലതും അവിടെ നിന്ന് കൊത്തി എടുത്തു വേണം ഞങ്ങളുടെ പാർട്ടി തുടങ്ങാൻ… ഞാൻ പോകട്ടെ കുഞ്ഞുങ്ങളെ… എന്നാലും നിങ്ങൾ സിനിമ കണ്ടിട്ടില്ലല്ലോ? കഷ്ടം!” പോകുന്ന വഴിക്കൊരു ചൊട്ട് കൊടുത്തിട്ടാണ് മേരി ചേട്ടത്തി പറന്ന് പോയത്.

“ബെർണാഡേ, എനിക്ക് ഒരു പ്ലാനുണ്ട്. ഇന്നലെ ഞാൻ സാമുവേൽ ചേട്ടൻ്റെ ബെഡ്‌റൂമിനരികിലെ റോസാപ്പൂ ചെടിയിലിരുന്നാണ് ഗാനമേള നടത്തിയത്. അപ്പോഴുണ്ടല്ലോ, മൂപ്പരുടെ ഭാര്യ കരോളിൻ ചേട്ടത്തി, മൂപ്പരെ ചീത്ത പറയുന്നത് കേട്ടു… പച്ചക്കറി തീർന്നു എന്നോ, ചീസ് തീരാറായി എന്നോ മറ്റോ പറഞ്ഞിട്ട്. എന്തായാലും നാളെ തന്നെ കടയിൽ പോയി വാങ്ങി വരാനാണ് മൂപ്പത്തിയാര് പറഞ്ഞത്. നാളെ സാമുവേൽ ചേട്ടൻ കാർ എടുത്ത് പോകുമെന്നാണ് തോന്നുന്നത്. അയാളുടെ കൂടെ കാറിൽ കയറി പോയാലോ, “മാക്സ് ചീവീട് പറഞ്ഞു.

“ആഹാ… അത് കലക്കി… എന്നാൽ പിന്നെ നാളെ പോകാം. ഈ സിനിമ എന്താണെന്നു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം,” ബെർണാഡ് തവള പറഞ്ഞു.

പിറ്റേ ദിവസം, രണ്ടു പേരും നേരത്തെ എഴുന്നേറ്റ്‌ സാമുവേലിൻ്റെ പൊളിയാറായ കാറിൻ്റെ പിന്നിൽ പോയി ഒളിച്ചിരുന്നു. ഒരു 10 മണി ആയപ്പോഴേക്കും കരോളിൻ സാമുവേലിനെ ഉന്തി തള്ളി കാറിലേക്ക് കയറ്റി. പെട്ടെന്ന് അയാൾ ചാടി ഇറങ്ങി ഡിക്കി തുറന്നു എന്തോ എടുക്കുവാനായി പുറപ്പെട്ടു. ഞൊടിയിടയിൽ സാമുവേൽ കാണാതെ ബെർണാർഡും മാക്സും കാറിൻ്റെ ഡിക്കിയിലേക്ക് ചാടിക്കയറി.

സാമുവേലിൻ്റെ വണ്ടി കിതച്ചും പരുങ്ങിയും പാലം കയറി കുന്നിറങ്ങി അവസാനം പട്ടണത്തിലെ ഒരുപാടു കടകളുള്ള കെട്ടിടത്തിൽ എത്തി. വണ്ടി നിർത്തിയിട്ട ശേഷം സാമുവേൽ ഡിക്കി തുറന്നു- കരോളിൻ കടയിൽ മാറ്റി വാങ്ങിക്കാൻ ഏല്പിച്ച പാത്രങ്ങൾ എടുക്കാൻ. ആ തക്കത്തിനാണ് ബെർണാഡ് തവളയും മാക്സ് ചീവീടും പുറത്തേക്ക് ചാടിയത്. മുന്നിൽ കുനിഞ്ഞു കുനിഞ്ഞു നടന്നു പോകുന്ന ഒരു വയസ്സായ മുത്തശ്ശിയുടെ താഴ്ത്തി പിടിച്ച വലിയ ബാഗിലേക്ക് ബെർണാർഡും, ബെർണാർഡിൻ്റെ മുതുകത്ത് അള്ളിപിടിച്ചിരുന്ന മാക്സും ചാടി. മുത്തശ്ശി ‘സിനിമ തിയേറ്റർ ഏതു നിലയിലാണ്’ എന്ന് സാമുവേലിനോട് ചോദിക്കുന്നത് അവർ കേട്ടിരുന്നു. കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് സ്റ്റൈലിൽ വന്ന ആ മുത്തശ്ശി എന്തായാലും തങ്ങളെ അങ്ങോട്ട് എത്തിക്കും എന്ന് അവർക്കുറപ്പുണ്ടായിരുന്നു .

മുത്തശ്ശി ലിഫ്റ്റിൽ കയറി, സാവധാനം തിയേറ്ററിലേക്ക് നടന്നു കയറി ഒരു സീറ്റിൽ ഇരുന്നു. അതിനു അപ്പുറത്തുള്ള രണ്ടു സീറ്റിൽ ആരുമില്ലായിരുന്നു. അത് കൊണ്ട്, മുത്തശ്ശി ബാഗിൽ നിന്ന് കണ്ണാടി എടുത്ത് മിനുങ്ങുന്ന നേരം നോക്കി രണ്ടു പേരും ബാഗിന് വെളിയിലേക്ക് ചാടി അടുത്ത രണ്ടു സീറ്റുകളിലായി ഇരിപ്പുറപ്പിച്ചു.

uma praseeda, ഉമാ പ്രസീദ , folk tales, നാടോടിക്കഥ, മുത്തശ്ശിക്കഥ, Children's Literature, ബാലസാഹിത്യം, stories for children,Short Story, മലയാളംകഥ, malayalam katha, കുട്ടിക്കഥ, Malayalam Writer, മലയാളം എഴുത്തുകാരി, iemalayalam,ഐഇമലയാളം, read aloud stories

പൊടുന്നനെ തീയറ്ററിലെ ലൈറ്റ് അണച്ചു. സിനിമ തുടങ്ങാനായിരുന്നു അത്. ഇരുട്ട് കണ്ട ഉടനെ നമ്മുടെ മാക്സ് ചീവീട് രാത്രിയിലെന്ന പോലെ ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി. സിനിമയിലെ സംഗീതമാണ് അതെന്നു എല്ലാവരും കരുതി. ബെർണാഡ് തവള മാക്സിൻ്റെ തലയിലൊരു ചൊട്ടു കൊടുത്തു. അപ്പോഴാണ് താൻ പുൽമെത്തയിലല്ല, തീയേറ്ററിലെ കസേരയിൽ ആണെന്ന് മാക്സിനു ഓർമ്മ വന്നത്.

“ഇതെന്താണിത്‌ ആളെ പറ്റിക്കാനായി ഓരോരോ പരിപാടികൾ…” മാക്സ് മുറുമുറുത്തു.

പെട്ടെന്നാണ് മുൻപിലുള്ള വെള്ള സ്‌ക്രീനിൽ കുറെ ആളുകൾ തെളിഞ്ഞു വന്നത്. ഉത്സവത്തിന് പാട്ടു വെച്ച പോലെ വളരെ ഉറക്കെ ആണ് എല്ലാവരും സംസാരിച്ചിരുന്നത്. ഇതൊക്കെ കണ്ടു ബെർണാർഡും മാക്സും വായും പൊളിച്ചിരുന്നു.

പൊടുന്നനെ ആണ് വലിയ ഒരു മഴ പെയ്തത്… സിനിമയിൽ. അത് കേട്ടതോടെ ബെർണാഡ് തവള വെളിച്ചപ്പാടിനെ പോലെ ആഞ്ഞു തുള്ളി “ക്രോം ക്രോം” എന്ന് ആവേശത്തിൽ പാടാൻ തുടങ്ങി.

തുള്ളൽ നിർത്തിയെങ്കിൽ അല്ലെ മാക്സിനു ബെർണാർഡിൻ്റെ വായ പൊത്താൻ പറ്റുമായിരുന്നുള്ളു! സിനിമ കണ്ടുകൊണ്ടിരുന്നവർ “ക്രോം ക്രോം” ശബ്ദം കേട്ട് ഞെട്ടി. ആരോ ലൈറ്റ് ഇട്ടു. സിനിമ നിർത്തി. യൂണിഫോമിട്ട ഏതൊക്കെയോ ആൾക്കാർ വന്നു സീറ്റുകൾ പരിശോധിക്കാൻ തുടങ്ങി.

ലൈറ്റ് വീണപ്പോഴാണ്, മഴ സിനിമയിലാണെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നും ബെർണാഡ് തവളക്കു മനസ്സിലാവുകയും അവൻ തുള്ളൽ നിർത്തുകയും ചെയ്തത്.

വേഗം ചീവീടിനെയും കൊണ്ടവൻ സീറ്റിനടിയിൽ ഒളിച്ചു ശ്വാസമടക്കി നിൽക്കുവാൻ തുടങ്ങി. തവളയെ കുറെ തപ്പിയിട്ടും കിട്ടാഞ്ഞതിനാൽ, സിനിമ വീണ്ടും തുടങ്ങി.

മെല്ലെ മെല്ലെ ബെർണാർഡും ബെർണാർഡിൻ്റെ ചുമലിൽ ഉള്ള മാക്സും സീറ്റിലേക്ക് വലിഞ്ഞ് കയറി. സിനിമ കഴിയാറായപ്പോൾ ഒന്ന് മയങ്ങിയ മുത്തശ്ശിയുടെ ബാഗിലേക്ക് അവർ ഊർന്നിറങ്ങി.

സിനിമ കഴിഞ്ഞതോടെ ലിഫ്റ്റ് കയറി താഴെ എത്തിയ മുത്തശ്ശി, സാമുവേലിൻ്റെ കാറിനടുത്ത് നിർത്തിയിട്ട സ്വന്തം കാറിൻ്റെ അടുത്തേക്ക് നടന്നു.

അതേ സമയത്ത് നമ്മുടെ സാമുവേൽ, വേച്ച് വേച്ച്, കാറ്റാടിയെ പോലെ ആടിയാടി, ഒരു കൊട്ട സാധനങ്ങളുമായി ആ വഴിക്ക് വന്നു അയാളുടെ കാറിൻ്റെ ഡിക്കി തുറന്നു. ബെർണാർഡും മാക്സും ഉന്നം തെറ്റാതെ ബാഗിൽ നിന്നും ഡിക്കിയിലേക്ക് ഒരൊറ്റ ചാട്ടം!

Read More: ഉമ പ്രസീദ എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

തിരിച്ചെത്തുന്ന വരെ രണ്ടാളും മിണ്ടിയില്ല- സിനിമ കണ്ട ഞെട്ടൽ ചില്ലറ ഒന്നും ആയിരുന്നില്ലല്ലോ.

വീട്ടിൽ തിരിച്ചെത്തി, ഭാര്യ കരോളിനോട് കാറിൻ്റെ ഡിക്കി തുറന്ന് സാമുവേൽ പറഞ്ഞു: “നോക്ക്… എത്ര സാധനങ്ങൾ ഞാൻ വാങ്ങി കൊണ്ട് വന്നെന്ന്! രണ്ടു മാസമപ്പുറത്തേക്ക് വരെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. നീ വിചാരിക്കും ഇതൊക്കെ കണ്ടാൽ… ഇങ്ങനെ ഒരു മിടുക്കനാണല്ലോ ഞാനെന്ന്!”

“മനുഷ്യാ നിങ്ങളോട് ചൂൽ വാങ്ങാൻ പറഞ്ഞിട്ട് നിങ്ങള് ചോളം ആണല്ലോ വാങ്ങിക്കൊണ്ടു വന്നത്. സ്ട്രോബെറി പറഞ്ഞപ്പോൾ കൊണ്ട് വന്നത് ബ്ലൂബെറി. നിങ്ങൾക്ക് വയസ്സായി… നിങ്ങളെ കൊണ്ട് ഞാൻ തോറ്റു!”

“സ്ട്രോബെറി ആയാലും ബ്ലൂബെറി ആയാലും ബെറി തന്നെ അല്ലെ… നീ ക്ഷമിക്ക്…”

സാമുവേലിൻ്റെയും ഭാര്യയുടെയും വഴക്കു തുടങ്ങിയപ്പോൾ, ആ തക്കത്തിന് ബെർണാർഡും മാക്സും ചാടി കുളക്കടവിലേക്ക് ഓടി. അവിടെ കുളത്തിൽ നിന്ന് കുറെ വെള്ളം കുടിച്ച ശേഷമാണ് അവർ ഒന്ന് മിണ്ടിയത്.

“എന്നാലും എന്തായിരുന്നു ആ സിനിമ… ആ മേരി ചേട്ടത്തി ഇങ്ങു വരട്ടെ… അവരുടെ മേൽ ഈ തണുത്ത വെള്ളം കോരി ഒഴിക്കണം. എന്തൊക്കെയാണ് നമ്മളെ പറഞ്ഞു പിടിപ്പിച്ചത്,” ബെർണാഡ് തവള ദേഷ്യത്തോടെ പറഞ്ഞു.

“അതെ അതെ. ഒന്നും പറയണ്ട! ഇരുട്ടായാൽ നിലവിളിക്കണമെന്ന് ഞങ്ങൾ ചീവീടുകളുടെ നിയമമാണ്… സിനിമ ആയാലെന്ത്… അല്ലെങ്കിലെന്ത്. പക്ഷെ സമ്മതിക്കില്ലല്ലോ. ശ്ശോ! ഇരുട്ട് കണ്ടാൽ പിടിച്ചു നില്ക്കാൻ പറ്റില്ല. പാടാൻ. തോന്നും… എന്തൊരു കഷ്ടമാണ്,” മാക്സ് പിറുപിറുത്തു.

“മഴ പെയ്താലോ… മിണ്ടാതെ നോക്കി ഇരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല… ഞാൻ ഒന്ന് ‘ക്രോം ക്രോം’ എന്ന് പാടിയതിനാണ് അത്രയും ബഹളം! നമുക്കിഷ്ടമുള്ളതു കണ്ടാൽ നമ്മൾ മിണ്ടാതിരിക്കണമോ?”

അപ്പോഴാണ് ആ വഴിക്ക് നമ്മുടെ മേരി കടൽകാക്ക ചേട്ടത്തി പറന്നു വന്നിരുന്നത്.

“എന്തായി കുഞ്ഞുങ്ങളെ സിനിമ കണ്ടോ? എങ്ങനെ കാണാനാണ് അല്ലെ? നിങ്ങളൊക്കെ കുളമായിട്ടല്ലേ ജീവിക്കുന്നത്… യാത്ര പോകൂ.. ലോകം കാണൂ. സിനിമ കാണൂ…”

നിർത്താതെ ചിലച്ചുകൊണ്ടിരുന്ന മേരി ചേട്ടത്തിയെ കണ്ടപ്പോൾ തന്നെ ബെർണാർഡും മാക്സും ദേഷ്യം മൂത്തു ചുവന്നു തുടുത്ത് തക്കാളി പോലെ ആയി.

അവർ, അവിടെ സാമുവേൽ ഉപേക്ഷിച്ചു പോയ ഒരു പഴയ ബക്കറ്റിൽ, കുളത്തിൽ നിന്നുള്ള തണുത്ത വെള്ളം പകർത്തി മേരി ചേട്ടത്തിയുടെ ദേഹത്തേക്ക് ഒരേറ്!

തണുത്ത് ചിറകൊക്കെ തരിച്ചു പോയ മേരി ചേട്ടത്തി, ജീവനും കൊണ്ട് ഞൊണ്ടി ഞൊണ്ടി കുറെ ദൂരം ഓടി.. പിന്നെ മെല്ലെ പറന്നു… പിന്നീട് ഒരിക്കലും അവർ സിനിമയുടെ കാര്യം പറഞ്ഞ് ആ വഴിക്ക് പറന്നിട്ടില്ല…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids stories uma praseeda children podcast audible audio angane oru cinema kalath

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express