വേദപൗർണ്ണമിയുടെ രണ്ടാം ക്ലാസിൽ ഒരു പുതിയ കുട്ടി വന്നു ചേർന്നു. നിറയെ ചുരുളൻ തലമുടിയൊക്കെയുള്ള, എപ്പോഴും കിലുകിലാ എന്ന് ചിരിക്കുന്ന, പുല്ലാങ്കുഴലും കീബോർഡും ഭംഗിയായി വായിക്കുന്ന ഒരു സുന്ദരിക്കുട്ടി. പേര് ഗൗരി. പക്ഷേ അവൾക്ക് നടക്കാൻ വയ്യ. വീൽ ചെയറിലാണ് സഞ്ചാരം.
അവളുടെ അരയ്ക്കു കീഴ്പോട്ട് തളർന്നു പോയിരിക്കുകയാണ്. കാലൊക്കെ അച്ചിങ്ങാ പോലെ ശോഷിച്ചാണ്. ജനിച്ചപ്പോഴേ അവളങ്ങനെയായിരുന്നു പോലും.
അവളെ, അച്ഛൻ കാറിലാണ് കൊണ്ടുവരിക.
സ്കൂൾ മുറ്റത്ത് കാർ നിർത്തുമ്പോഴേ രണ്ടാം ക്ലാസിലെ കുട്ടികളെല്ലാം കാറിനടുത്തേയ്ക്ക് ഓടിച്ചെല്ലും. കാറിൽ വച്ചിരിക്കുന്ന വീൽ ചെയർ പുറത്തേക്കെടുക്കാൻ ഗൗരിയുടെ അച്ഛനെ സഹായിക്കുന്നതും അവളെ അച്ഛൻ എടുത്ത് വീൽ ചെയറിലിരുത്താൻ നേരം വീൽ ചെയർ പിടിച്ചു കൊടുക്കുന്നതും ഗൗരിയെ നേരാംവണ്ണമിരിക്കാൻ സഹായിക്കുന്നതുമൊക്കെ കുട്ടികളാണ്.
പക്ഷേ വീൽ ചെയർ ഉന്തിക്കേറ്റാൻ പറ്റിയ വിധമുള്ള റാംപ് ആ സ്ക്കൂളിലില്ല. ഗൗരിയുടെ അച്ഛനും ഡ്രൈവറും കൂടി വീൽചെയർ എടുത്തു പൊക്കിയാണ് ഗൗരിയെ ക്ലാസ്സിലെത്തിക്കുന്നത്. ക്ലാസിൽ നിന്ന് ഗൗരിയെ ടോയിലെറ്റിൽ കൊണ്ടു പോകാൻ സ്ക്കൂളിലെ ആയമാർ വിഷമിക്കുമ്പോഴും കുട്ടികൾ ഓടിച്ചെന്ന് സഹായിക്കാറുണ്ട്.

അതിനിടയിൽ ഒരു കാര്യം പറയട്ടെ.
ഇന്നാൾ അമ്മ പഠിപ്പിക്കുന്ന കോളേജിൽ വേദപൗർണ്ണമി പോയിരുന്നു.
അവിടെ രണ്ടു ചേട്ടന്മാരും മൂന്നു ചേച്ചിമാരും വീൽ ചെയറുകാരാണ്. അവിടെ കോളേജിലേക്കു കയറാനും വാഷ് റൂം ഏരിയയിലേക്കു കയറാനും റാംപ് സൗകര്യമുളളതു കൊണ്ട് ആ ചേട്ടന്മാർക്കും ചേച്ചിമാർക്കും അവരുടെ കാര്യങ്ങൾ നടത്താൻ ഒരു വിഷമവുമില്ല.
വേദ അമ്മയോട് ചോദിച്ചു, ഞങ്ങളുടെ സ്കൂളിൽ ഗൗരിയെപ്പോലൊരു കുട്ടി ഉണ്ടായിട്ടും എന്താ റാംപ് സൗകര്യമില്ലാത്തത്?
അമ്മ പറഞ്ഞു, ആദ്യമായിട്ടല്ലേ അവിടെ അങ്ങനൊരു കുട്ടി വരുന്നത്? ഇനി അതൊക്കെ വരുമായിരിക്കും. ഇനി അഥവാ വന്നില്ലെങ്കിൽ അമ്മയൊക്കെ ഗൗരിയുടെ അച്ഛനുമമ്മയ്ക്കുമൊപ്പം സ്കൂളിലെ പ്രധാനപ്പെട്ടവരോട് റാംപ് ഉണ്ടാക്കുന്ന കാര്യത്തെപ്പറ്റി സംസാരിക്കാം.
അതു കേട്ടതും വേദയ്ക്ക് സന്തോഷമായി.
സ്കൂളിൽ പിറ്റേന്ന് ചെന്നപ്പോൾ അവൾ കൂട്ടുകാരോട് അമ്മയുടെ കോളേജിൽ പോയതും അമ്മ പറഞ്ഞതും ഒക്കെ വിസ്തരിച്ചു കേൾപ്പിച്ചു.
എന്താ ഒരു ഗൂഢാലോചന എന്നു ചോദിച്ച് അവരുടെ തലയിലൊക്കെ തഴുകി അവരുടെ പ്രിൻസിപ്പൽ അപ്പോഴതു വഴി കടന്നു പോയി.
കുട്ടികൾ കാര്യമൊക്കെ വിസ്തരിച്ചപ്പോൾ ഉടനടി ശരിയാവും റാംപ്, അതിന്റെ പണി തുടങ്ങാൻ പോവുകയാണ് ഗൗരിക്കായി എന്നു പറഞ്ഞു പ്രിൻസിപ്പൽ.
കുട്ടികളതു കേട്ടതും കൈയടി ബഹളമായി. നടുക്ക് വീൽ ചെയറിലിരുന്ന ഗൗരി അതു കേട്ട് വിടർന്നു ചിരിച്ചു.
റാംപ് വന്നാൽ പിന്നെ ഗൗരിയുടെ വീൽചെയർ ഉന്തുന്ന കാര്യം ഞാനേറ്റു എന്നു പറഞ്ഞു വേദ.ഗൗരി അതു കേട്ട് വേദയെ ഉമ്മ വച്ചു.
പ്രിൻസിപ്പൽ മാം അപ്പോ വേദയെയും ഗൗരിയെയും ചേർത്തു പിടിച്ചു.

റാംപ് ശരിയാകുന്ന ദിവസം ഗൗരി ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പുല്ലാങ്കുഴൽ വായിച്ചുതരില്ലേ എന്നു ചോദിച്ചു പ്രിൻസിപ്പൽമാം. ഗൗരി തലയാട്ടി.
ഗൗരിയെപ്പോലുള്ളവർക്കു വേണ്ടി സിനിമാ തീയറ്ററിലേക്കും ബീച്ചിലേക്കും കടകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ട്രെയിനിലേക്ക് കടക്കുന്നിടത്തുമെല്ലാം റാംപ് പണിയേണ്ടത് അത്യാവശ്യമാണ് എന്നുകൂടി പറഞ്ഞു പ്രിൻസിപ്പൽ മാം. ശരിയാണല്ലോ എന്നോർത്തു വേദ.
അതും പറഞ്ഞ് ഗവൺമെന്റിന് ഒരു കത്തെഴുതിയാലോ നമുക്ക് എന്നു ചോദിച്ചു വേദ. ചെയ്യാല്ലോ, മിസിന് ഒഴിവു കിട്ടുന്ന നേരത്ത് നമുക്കങ്ങനെയെഴുതി കത്ത് പോസ്റ്റു ചെയ്യാമെന്ന് ഉറപ്പു പറഞ്ഞ് മാം പോയി.
സ്കൂൾ കെട്ടിടത്തിൽ എവിടെക്കൂടി റാംപ് വന്നാലാണ് നന്നാവുക എന്നാലോചിക്കാൻ തുടങ്ങി ഗൗരിയും വേദയും ബാക്കിയുള്ളവരും ചേർന്ന്.
കൂട്ടുകാരേ,നിങ്ങളുടെ സ്കൂളിലുണ്ടോ വീൽചെയറിൽ വരുന്ന കുട്ടികൾ? അവരുടെ വീൽ ചെയറിന് റാംപ് സൗകര്യമുണ്ടോ നിങ്ങളുടെ സ്ക്കൂളിൽ? ഇല്ലെങ്കിൽ അക്കാര്യം വേഗം തന്നെ പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽ പെടുത്തണേ.