തനു രാവിലെ തന്നെ ഉണര്‍ന്നു.
അതും ആരും വിളിക്കാതെ, അലാമിന്റെ സഹായം പോലുമില്ലാതെ.
പിന്നെങ്ങനെയാണ് തന്നത്താന്‍ ഉണര്‍ന്നത് എന്ന് തനുവിനു പോലും നിശ്ചയമുണ്ടായിരുന്നില്ല.
ചിലപ്പോള്‍ ഉറക്കത്തിനവസാനം കിടക്കയില്‍ ഉരുണ്ടുമറിഞ്ഞു കിടക്കുന്നതിനിടയിലെപ്പോഴോ താഴേയ്ക്ക് ഊര്‍ന്നു വീഴാന്‍ പോയി ഞെട്ടിയുണര്ന്നതാവണം. അങ്ങനെയാണ് തനുവിന്റെ അമ്മ, തനു നേരത്തേ ഉണര്‍ന്നതു കണ്ടപ്പോള്‍ ചിരിച്ചു കൊണ്ടു പറഞ്ഞത്.
ശരിയായിരിക്കും, തനു വിചാരിച്ചു.
അതോ, സ്വപ്നത്തിലെ ആകാശത്തില്‍ നിന്ന് താഴേക്കു വീഴാന്‍ പോയ അമ്പിളിമാമനെ കൈയെത്തി പിടിക്കാനുള്ള ശ്രമത്തിനിടയിലാണോ തനു ഉണര്‍ന്നു പോയത്, തനു ഇടയ്ക്ക് ആആലോചിച്ചു. പക്ഷേ തനുവിന് ഒന്നും തീരുമാനിക്കാനായില്ല.
എന്തായാലും നേരത്തേ ഉണര്‍ന്നു. ഇനി എന്തു ചെയ്യണം എന്നായി അവളുടെ അടുത്ത ചിന്ത.
തനു വീടിനകത്തു ബാല്‍ക്കണിയില്‍ വച്ചിരിക്കുന്ന അലങ്കാരച്ചട്ടികളിലെ ഇലച്ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍ പ്ലാനിട്ടു.
വെള്ളം സ്പ്രേ ചെയ്യുന്ന കുപ്പിയെടുത്ത് തനു അതില്‍ അടുക്കളയിലെ സിങ്കില്‍ നിന്ന് വെള്ളം നിറച്ചു. എന്നിട്ട് ഓരോ ചെടിയുടെയും ചുവട്ടിലേക്ക് സ്പ്രേ ചെയ്തു.ചെടികളുടെ ഇലകളിലും തനു വെള്ളം തളിച്ചു കൊടുത്തു .

ചെടികളെല്ലാം അതോടെ നല്ല സന്തോഷത്തിലായെന്നു മുറ്റത്തു നില്ക്കുന്ന മാവിന് കൊമ്പത്തു നിന്നു വന്ന കാറ്റത്ത് അവരെല്ലാം ആടുന്നത് കണ്ടപ്പോള്‍ തനുവിന് മനസ്സിലായി. തനുവിനോട് ‘താങ്ക്യു ,താങ്ക് യു’ എന്നു പറയുകയാണ് അവരെല്ലാം എന്ന് അമ്മ പറഞ്ഞത് തനുക്കുട്ടിക്ക് നല്ലോണം ഇഷ്ടമായി.
ചെടിക്ക് നനച്ചു കഴിഞ്ഞതും തനു, അമ്മേ ഞാന്‍ എന്തു ചെയ്തു സഹായിക്കണം എന്നു ചോദിച്ച് അമ്മയുടെ പുറകേ കൂടി.
അമ്മ സാമ്പാറും അച്ചിങ്ങാ മെഴുക്കുപുരട്ടിയും വയ്ക്കാന്‍ പോവുകയായിരുന്നു. സാമ്പാറിലേക്കുള്ള ഉള്ളി പൊളിച്ചോളൂ എന്നു പറഞ്ഞു അമ്മ. പക്ഷേ കണ്ണുനീറുമേ എന്നു കൂടി പറഞ്ഞു അമ്മ. ഇല്ല അമ്മേ ഞാന്‍ മിടുക്കിക്കുട്ടിയാണ് എന്റെ കണ്ണു നീറിക്കാനൊന്നും ഉള്ളിക്കുട്ടന്മാര്ക്ക് പറ്റില്ല എന്നു ചിരിച്ചു തനു.
എന്നാലങ്ങനെ, നമുക്കു നോക്കാം എന്നു പറഞ്ഞ് ഒരു കുഞ്ഞുമുറത്തില് കുറച്ച് ഉളളിയിട്ട് അമ്മ തനുവിനെ ഏല്‍പ്പിച്ചു. തനു കുഞ്ഞിക്കൈകൊണ്ട് ഉള്ളിത്തൊലി പൊളിയ്ക്കാന്‍ തുടങ്ങി കുറച്ച് നേരമായപ്പോഴേയ്ക്ക് ഉള്ളിയില്‍ നിന്നു തെറിക്കുന്ന നീരു കാരണം തനുവിന്റെ കണ്ണു നീറാന്‍ തുടങ്ങി.
കണ്ണില്‍ വെള്ളം നിറഞ്ഞിട്ടും കണ്ണു നീറിയിട്ട് കണ്ണു തുറക്കാന്‍ പറ്റാതെ വന്നതു കൊണ്ടും തനു വല്ലാതെ വിഷമിച്ചു . കണ്ണില്‍ നിന്ന് ചുമ്മാ കണ്ണീരൊഴുകാന്‍ തുടങ്ങി.
ഞാന്‍ കരയുകയല്ല കേട്ടോ അമ്മേ, ഈ ഉള്ളിനീരു കാരണം കണ്ണൂ നീറിയിട്ട് കണ്ണില്‍ നിന്ന് വെള്ളം ചുമ്മാ ഒഴുകുന്നതാണേ എന്ന് തനു അമ്മയോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
കണ്ണിലെ വെള്ളം കാരണം തനുവിന് മുറവും ഉള്ളിയുമൊന്നും ശരിക്ക് കാണാന്‍ പറ്റാതായി.
തനു ഉള്ളിത്തൊലി പൊളിക്കുന്നത് നിര്‍ത്തി മുറം മടിയില്‍ നിന്ന് മാറ്റിവച്ചു.
അവള് പറഞ്ഞു. ഞാന്‍ പയറിന്റെ തൊലികളഞ്ഞ് പയര്‍മണികള്‍ എടുത്തുതരാം അമ്മയ്ക്ക് മെഴുക്കുപുരട്ടിവയ്ക്കാന്.
അമ്മ സമ്മതിച്ചു.

മൂത്ത അച്ചിങ്ങയുടെ തൊലിയേ കളയാന്‍ പറ്റൂ എന്നു പറഞ്ഞു അമ്മ. ചെറിയ മഞ്ഞ നിറം വന്നതാണ് മൂത്ത അച്ചിങ്ങ എന്നും അമ്മ അവള്‍ക്ക് പറഞ്ഞുകൊടുത്തു. തനു, അമ്മ പറഞ്ഞതെല്ലാം തലയാട്ടി സമ്മതിച്ചു.
എന്നിട്ട് പയറ് പൊളിക്കാന്‍ തുടങ്ങി.
നല്ല വയലറ്റ് നിറമുള്ള പയറുമണികളാണ് അച്ചിങ്ങയ്ക്കുള്ളില്. തനുവിന് ആ വയലറ്റ് നിറം കണ്ട് നല്ല സന്തോഷമായി.
പയറു മണികള്‍ നിരത്തി തനുക്കുട്ടി വയലറ്റ് നിറമുള്ള ഒരു ദോശയും വയലറ്റ് നിറമുള്ള കാക്കയും വയലറ്റ് നിറമുള്ള ഒരു മുറവും ഉണ്ടാക്കി നോക്കി .
നിലത്ത് നിരന്ന വരരൂപങ്ങള് കണ്ട് അമ്മ ചോദിച്ചു, തനുക്കുട്ടി മെഴുക്കുപുരട്ടിയ്ക്ക് പയറ് തയ്യാറാക്കുകയാണോ കളിക്കുകയാണോ ?
ഞാന്‍ രണ്ടുകാര്യവും ഒപ്പത്തിനൊപ്പം ചെയ്യുന്നുണ്ട് അമ്മേ എന്നു പറഞ്ഞു തനു.
കറിയ്ക്ക് അച്ചിങ്ങ റെഡിയാക്കുന്നതിനൊപ്പം അതുവച്ച് കളിക്കാനൊക്കെ പറ്റുന്ന ഒരു കൂട്ടരേയുള്ളൂ ഭൂമിയില്‍ എന്നു പറഞ്ഞു അമ്മ ഒരു കണ്ണിറുക്കിച്ചിരിയോടെ .
അതാരാ ആ കൂട്ടര് എന്നു ചോദിച്ചു തനു അത്ഭുതത്തോടെ. കുട്ടികള്‍ അല്ലാതാര് എന്നു പറഞ്ഞു അമ്മ അവളെ ഉമ്മ വച്ചു കൊണ്ട്.
കുട്ടികള്‍ എന്നു വച്ചാല്‍ വലിയ ഒരു സംഭവമാണ് എന്നു കൂടി അമ്മ പറഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ തനു പയറു പൊളിയ്ക്കലും പയറ് വച്ച് കളിയ്ക്കലും തുടര്‍ന്നു. ഈ കുട്ടികളുടെ ഒരു കാര്യം എന്ന് പറഞ്ഞുകൊണ്ട് അമ്മയും തനുവിന്റെ കൂടെക്കൂടി പയറ് പൊളിയ്ക്കാന്‍.
തനു അതിനിടെ ഒരു വയലറ്റ് നിറമുള്ള അമ്മയെ നിലത്ത് വരയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു .
വയലറ്റ് ചുണ്ടും വയലറ്റ് കണ്ണും വയലറ്റ് തലമുടിയും വയലറ്റ് ഉടുപ്പും വയലറ്റ് കമ്മലും ഉള്ള പയറുമണിഅമ്മയെ നോക്കി രസിച്ചിരുന്നു അമ്മ.