പൂവിന്റെ പേര് ചെമ്പരത്തി എന്നായിരുന്നു. നിറം വെളുപ്പ്.
ആരാണീ പേര് നിനക്കിട്ടതെന്നു ചെമ്പരത്തിയോട് ചോദിച്ചു അതിലെ തേന്‍ കുടിക്കാന്‍ വന്ന നീല ചിത്രശലഭം. അക്കാര്യം ലോകത്താര്ക്കുമറിയില്ലെന്നു ചെമ്പരത്തി പറയുന്നതു കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു അടുത്തൊരു പൂച്ചെട്ടിയില്‍ ഒരു കുഞ്ഞുമഞ്ഞ റോസ്.
മഞ്ഞറോസ് കാറ്റിലാകെ ആടിക്കുണുങ്ങി നില്‍പ്പായിരുന്നു.
“എന്തൊരു പേര്, ചെമ്പരത്തി. ഒരു സുഖവുമില്ല ആ പേരു പറയാന്‍. എന്റെ പേര് പറഞ്ഞുനോക്കിയേ… റോസ്. എന്തൊരു രസമാ അത് പറയാനും കേള്‍ക്കാനും,” റോസ് ഗമ പറഞ്ഞു. അതു കേട്ടതും ചെമ്പരത്തിക്ക് ആകെ സങ്കടമായി.
“എന്റെ പേര് കൊള്ളൂലേ, നീലപ്പൂമ്പാറ്റേ?” അവള് തിരക്കി.
നീലപ്പൂമ്പാറ്റ അതിന്റെ ചിറക് മുകളിലേക്കും താഴേക്കും വീശിയനക്കി പറഞ്ഞു, “എനിക്ക് നിന്റെ പേര് വല്യ ഇഷ്ടാ. നിന്റെ തേനും വലിയ ഇഷ്ടാ. നീ ശ്രദ്ധിച്ചിട്ടില്ലേ, ഞാന്‍, ചെമ്പരത്തിപ്പൂക്കളില്‍ നിന്നു മാത്രമേ തേന്‍ കുടിക്കാറുള്ളൂ.”
അതു ശരിയാണല്ലോ എന്നോര്‍ത്തു ചെമ്പരത്തിപ്പൂവ്.
“തന്നെയുമല്ല, ഞാന്‍ വലിയൊരു പൂമ്പാറ്റയല്ലേ? എന്റെ ചിറകനക്കി രസിച്ചിരിക്കാന്‍ എനിക്ക് നിന്റെത്രയും വലിപ്പമുള്ള പൂ വേണം.”
അതുകേട്ട കുഞ്ഞിമഞ്ഞറോസയ്ക്ക് അപ്പോ അതിന്റെ വലിപ്പക്കുറവിനെ കുറിച്ചോര്‍ത്ത് സങ്കടമായി. അതു വിതുമ്പി വിതുമ്പി കരയാന്‍ തുടങ്ങി. ഇത്തിരി നേരം മുമ്പ് ഗമ പറഞ്ഞു കുണുങ്ങി നിന്നതാണ് മഞ്ഞറോസാപ്പൂവെങ്കിലും ചെമ്പരത്തിക്കും നീലപ്പൂമ്പാറ്റയ്ക്കും അതിന്റെ കരച്ചില് കണ്ട് ആകെ സങ്കടമായി.

അതിനെ എങ്ങനെ സമാധാനിപ്പിക്കും എന്നവരാലോചിച്ചു നില്‍ക്കെ, താഴെ മണ്ണില്‍ നിന്ന് മുക്കുറ്റിപ്പൂവ് ചിരിച്ചു. എന്നിട്ട് പറഞ്ഞു, “എന്നോളം കുഞ്ഞൊരു പൂവും ഈ ലോകത്ത് ജീവിക്കണില്ലേ?”
അപ്പോ മുക്കുറ്റിപ്പൂവിനോട് തൊട്ടുനിന്നിരുന്ന തൂവെള്ള തുമ്പപ്പൂവും അതു തന്നെ ചോദിച്ചു, “കണ്ടോ വലിപ്പം കുറവാണെങ്കിലും എന്തൊരു സന്തോഷമാണ് ഞങ്ങള്‍ തുമ്പപ്പൂവുകള്ക്കും.”
മുക്കുറ്റിപ്പൂവും തുമ്പപ്പൂവും പറയണത് ശരിയാണല്ലോ എന്നോര്‍ത്തു മഞ്ഞറോസയും ചെമ്പരത്തിപ്പൂവും നീലപ്പൂമ്പാറ്റയും.
“നിന്നെപ്പോലൊരു കൂറ്റന്‍ പൂമ്പാറ്റ വന്ന് ഇരുന്നാല്‍ ഞങ്ങളുുടെ ഇതളുകള്‍ പൊടിഞ്ഞുചതഞ്ഞുപോകും. ഞങ്ങളുടെ വലിപ്പക്കുറവനുസരിച്ചുള്ള കുഞ്ഞന്‍ പൂമ്പാറ്റകളാണ് ഞങ്ങളുടെ ഇതളുകളില്‍ വന്നിരുന്ന് ഞങ്ങളുടെ തേന്‍ കുടിക്കുന്നത്.”
തുമ്പപ്പൂ അത് പറഞ്ഞു നിര്‍ത്തിയതും ഒരു കുഞ്ഞി വെള്ളപ്പൂമ്പാറ്റ തുമ്പപ്പൂവില് വന്നിരുന്നു, “ഹായ് എന്തൊരു സ്വാദ്,” എന്നു പറഞ്ഞു തേന്‍ വലിച്ചു കുടിക്കാന്‍ തുടങ്ങി.
അപ്പോ അതു വഴി വന്ന കാക്ക പറഞ്ഞു, “ഞങ്ങള്‍ മുരിക്കാന്‍ പൂ പോലത്തെ നല്ല കട്ടിയുള്ള പൂക്കളിലിരുന്നേ തേന്‍ കുടിക്കാറുള്ളൂ. വേറൊരു പൂവിനും ഞങ്ങളുടെ ഭാരം താങ്ങാനവില്ല.”

കുഞ്ഞുമഞ്ഞറോസയ്ക്കും ചെമ്പരത്തിക്കും മുരിക്കാന്‍ പൂവിനും മുക്കുറ്റിപ്പൂവിനും തുമ്പപ്പൂവിനും അതിന്റെയൊക്കെ വലിപ്പമനുസരിച്ച് തേന്‍ കുടിക്കാനോരോരോ ജീവികളെ ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രകൃതിയമ്മയാണ് എന്നു ഒരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട് എന്നു കൂടി പറഞ്ഞു കാക്ക.
“പ്രകൃതിയമ്മയോ അതെന്താണ്? ആരാണ്?” എന്നു ചോദിച്ചു ചെമ്പരത്തിപ്പൂവും വെള്ളപ്പൂമ്പാറ്റയും നീലപ്പൂമ്പാറ്റയും മഞ്ഞക്കുഞ്ഞിറോസും.
“ഈ ലോകത്തുള്ളതെല്ലാം ചേര്‍ന്നതിനെയാണ് പ്രകൃതിയമ്മ,” എന്നു പറയുന്നത് എന്നു പറഞ്ഞു കാക്ക.
“നീയ് പ്രകൃതിയമ്മയുടെ ഒരു നഖമായിരിക്കാനാണ് വഴി,” എന്നു പറഞ്ഞു കാക്ക, ചെമ്പരത്തിപ്പൂവിനോട്.
“നീ പ്രകൃതിയമ്മയുടെ കണ്ണിമയാവാനാണ് വഴി,” എന്നു പറഞ്ഞു മഞ്ഞക്കുഞ്ഞിറോസയോട് .
“നീ പ്രകൃതിയമ്മയുടെ മൂക്കുത്തിയാകാനാണ് വഴി,” എന്നു പറഞ്ഞു മുക്കുറ്റിപ്പൂവിനോട്.
“ഞാന്‍ തലമുടിയിലെ പൂവായിരിക്കും,” എന്നു പറഞ്ഞു തുമ്പപ്പൂ.
“നീലപ്പൂമ്പാറ്റ പറഞ്ഞു ഞാന്‍ തൂവാല ആയിരിക്കും.”
“മഞ്ഞപ്പൂമ്പാറ്റ പറഞ്ഞു, ഞാന്‍ മോതിരമായിരിക്കും.”
അങ്ങനെയൊക്കെ പറഞ്ഞ് അവര്‍ ചിരിയോടു ചിരിയായി.
അപ്പോഴും താന്‍ പ്രകൃതിയമ്മയുടെ കണ്ണീലെ കൃഷ്ണമണിയാവുമോ അതോ തലമുടിയിഴകളാവുമോ എന്നാലോചിക്കുകയായിരുന്നു കാക്ക.
Read More: ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു