പീതാംബരൻ എന്നവന് പേരിട്ടതാരാണാവോ?
അവന് കൃത്യമായി ഉടമസ്ഥനുണ്ടായിരുന്നില്ല. അവൻ തെരുവോരത്തെ നായയായിരുന്നു.
അവനോട് മയത്തിൽ പെരുമാറും ചിലർ. ചിലരവനെ ,പോടാ എന്ന് ദേഷ്യപ്പെടും. മയത്തിൽ പെരുമാറുന്നവരുടെ പുറകേ പോകും അവൻ. ചിലർ ബസിൽ കയറാനാവും പോകുന്നത്. ചിലർ കാപ്പിക്കടയിലേക്കാവും. ചിലർ സ്വന്തം വീട്ടിലേക്കാവും.
കാപ്പിക്കടയിൽ കയറുന്നവർ അവന് ദോശക്കഷണമോ വടക്കഷണമോ ഇട്ടു കൊടുക്കും. വീട്ടിലേക്കു കയറുന്നവരുടെ ഗേറ്റിൽ അവൻ വാലാട്ടി ഇരിക്കും. അതു കണ്ട് ആ വീട്ടിലെ കുട്ടികളാരെങ്കിലും അവന് കഴിക്കാൻ എന്തെങ്കിലും ഇട്ടു കൊടുക്കും. അങ്ങനെയൊക്കെയാണവൻ ജീവിച്ചു പോന്നത്.
അതിനിടയിലാണവൻ ഒരച്ഛനെയും മകളെയും പരിചയപ്പെടുന്നത്.
എന്നും വൈകുന്നേരം ആ അച്ഛനും മകളും കൂടി സൈക്ലിങ്ങിനു പോകും. അച്ഛന് വലിയ സൈക്കിൾ. മകൾക്ക് മീഡിയം സൈക്കിൾ. മകൾ അവളുടെ സൈക്കിളിന്റെ ഫ്രണ്ട് ബാസ്ക്കറ്റിൽ വഴിയിൽ എന്നും കാണുന്ന നായയ്ക്ക് കൊടുക്കാനായി എന്തെങ്കിലും കറുമുറും തീറ്റ സാധനം സൂക്ഷിച്ചിട്ടുണ്ടാവും.
ആളുകൾ വിളിക്കുന്നതു കേട്ട് അവളും ആ നായയെ പീതാംബരനെന്നു വിളിച്ചു പോന്നു.അവൾ ഇട്ടു കൊടുക്കുന്ന ആഹാരം കഴിച്ച ശേഷം അവൻ രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് അവളെ കെട്ടിപ്പിടിക്കും. അപ്പോൾ അവൾ അവന്റെ തലയിൽ തലോടിക്കൊണ്ടിരിക്കും. അവളപ്പോൾ അവനോട് ഓരോന്ന് നിർത്താതെ സംസാരിക്കും.

അതു കഴിഞ്ഞ് അച്ഛനും മകളും കൂടി സൈക്ലിങ് തുടങ്ങുമ്പോൾ അവനവരുടെ സൈക്കിളുകളുടെ പുറകേ നിർത്താതെ ഓടും.അവർ മൈതാനം ചുറ്റി, സ്കൂളും ചുറ്റി കഴിയുമ്പോൾ അവരും അവനും ക്ഷീണിക്കും. അച്ഛനും മകളും സൈക്കിൾ നിർത്തി വഴിയോരത്തെ കടയിൽ നിർത്തി സർബത്ത് കുടിക്കും. അതു കഴിഞ്ഞ് അവരവന് ബിസ്കറ്റ് വാങ്ങിക്കൊടുക്കും.
അങ്ങനെയൊരു ദിവസം അവരങ്ങനെ സർബത്ത് കടയിൽ നിൽക്കുമ്പോഴാണ് വേറൊരു പട്ടി അങ്ങോട്ടോടി വന്നതും അവളെ കടിക്കാൻ ഭാവിച്ചതും. അവളാകെ പേടിച്ചു പോയതു കണ്ട പീതാംബരൻ എണീറ്റു വന്ന് ആ പട്ടിയെ നെട്ടോട്ടമോടിയ്ക്കലായി പിന്നെ.
ആ പട്ടിയെ കാണാമറയത്തേക്ക് ഓടിച്ചു വിട്ട ശേഷം പീതാംബരൻ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു നിൽപ്പായി. ഞാൻ നല്ല കുട്ടിയല്ലേ, ഞാൻ ചെയ്തത് നല്ല കാര്യമല്ലേ? ഇപ്പോ നിങ്ങൾക്ക് രണ്ടാൾക്കും എന്നോട് കുറച്ചൂടെ ഇഷ്ടം തോന്നണില്ലേ എന്ന മട്ടിലായിരുന്നു അവന്റെ നിൽപ്പ്.
അവന്റെ കുട്ടി മട്ടു കണ്ട് അച്ഛനും അവന്റെ തലയിൽ തലോടി. അന്ന് അവനച്ഛൻ ബിസ്ക്കറ്റിനു പുറമേ ഒരു മുറുക്കു കൂടി വാങ്ങിച്ചു കൊടുത്തു. അവൻ സന്തോഷം വന്ന് നിർത്താതെ വാലാട്ടിക്കൊണ്ടിരുന്നു.
ഇവനെന്നെ ആ കടിയൻ പട്ടിയിൽ നിന്ന് രക്ഷിച്ചതല്ലേ അച്ഛാ? നമുക്കിവനെ നമ്മുടെ വീട്ടിൽ കൊണ്ടുപോയി നമ്മുടെ സ്വന്തം പീതാംബരനായി വളർത്തിയാലോ എന്നു ചോദിച്ചു അവൾ.
അച്ഛനന്നേരം ഒന്നും മിണ്ടിയില്ല.
പക്ഷേ അവരന്ന് തിരികെ വീട്ടിലെത്തിയപ്പോൾ, സൈക്കിളിനു പുറകേ ഓടിപ്പാഞ്ഞെത്തിയ പീതാംബരനായി ഗേറ്റ് തുറന്നിട്ടു കൊടുത്തു അച്ഛൻ.എന്നിട്ട് അവനോട് പറഞ്ഞു, വാ അകത്തേയ്ക്ക് കയറിപ്പോരേ. ഇനി തെണ്ടിത്തിരിഞ്ഞ് നടക്കണ്ട. ഞങ്ങളുടെ കൂടെ താമസിച്ചോ.
മകൾ അച്ഛനെ കെട്ടിപ്പിടിച്ചു.എന്നിട്ട് പീതാംബരനെ അവന്റെ മുൻകാലുകളിൽ പിടിച്ച് നടത്തിച്ച് മുറ്റത്തേക്കു കൊണ്ടുവന്നു.

അവിടുത്തെ അമ്മ വന്ന് മുഖം ചുളിച്ച് ചോദിച്ചു, നാടു മുഴുവൻ അലഞ്ഞു നടക്കുന്ന ഈ നായയെ എന്തിനാണിങ്ങോട്ടു കൊണ്ടുവന്നത്?
അമ്മേ എന്നെ പറഞ്ഞു വിടല്ലേ അമ്മേ, ഞാൻ ഇവിടുത്തെ മോളെ പൊന്നു പോലെ നോക്കിക്കോളാം എന്നൊക്കെ പറയുമ്പോലെ അമ്മയുടെ സാരിത്തുമ്പിൽ ഉരുമ്മി നിന്നു.
അവൻ കടിയൻ പട്ടിയിൽ നിന്ന് എന്നെ രക്ഷിച്ചു അമ്മേ എന്ന് മകൾ കഥ വിസ്തരിച്ചു.പിന്നെ അമ്മ എതിരൊന്നും പറഞ്ഞില്ല. വാ പീതാംബരാ, നിനക്കിത്തിരി ചൂടുപാൽ തരാം എന്നു പറഞ്ഞമ്മ അവനെ അടുക്കള വശത്തേക്ക് കൂട്ടി.
അവൻ വാലാട്ടി വാലാട്ടി അമ്മയുടെ പുറകേ പോകുന്നതും നോക്കിയിരുന്നു അച്ഛനും മകളും.
അവന് കഴുത്തിലിടാൻ നല്ലൊരു ബെൽറ്റ് വാങ്ങി വരണേ എന്നവൾ അച്ഛനോട് ചട്ടം കെട്ടി. അവന് കൂടു പണിയാൻ സ്ഥലം നോക്കി നടന്നു അച്ഛൻ.
പാലുകുടിച്ചു തിരിച്ചു വന്ന് അവനും അച്ഛന്റെയും മകളുടെയും കൂടെ,എവിടെ വേണം കൂടെന്ന ആലോചനയിൽ ചേർന്നു നടന്നു. മാങ്കോസ്റ്റിന്റെ ചുവട്ടിൽ മതിയെന്നു പറയുമ്പോലെ അവസാനം അവനാ മരച്ചോട്ടിൽ കിടപ്പായി. ഇതാണ് എന്റെ കൂടിന് ഏറ്റവും പറ്റിയ ഇടം എന്നു പറയുമ്പോലെ അവനാ മരച്ചോട്ടിലെ മണ്ണ് കാലുകൊണ്ട് കുഴിച്ചു കൊണ്ടിരുന്നു.
മകൾ കുനിഞ്ഞ് അവന്റെ നെറ്റിയിൽ തൊട്ടു കൊണ്ട് ചോദിച്ചു.പീതാംബരാ നിനക്ക് എന്റെ പേരറിയുമോ?
ഇല്ലല്ലോ പെൺകുട്ടി എന്നു പറയുമ്പോലെ അവൻ മുഖം നീട്ടി.
അവൾ പറഞ്ഞു, സുദീപ്ത.
അവനത് അവന്റെ നായ ഭാഷയിലാക്കി കുരച്ചു കേൾപ്പിച്ചു അവളെ. നീയിനിയും ഞങ്ങളുടെ സൈക്കിളുകളുടെ പുറകേ ഓടണം, നമുക്ക് സർബത്ത് കടയിൽ കയറണം, ഏറ്റോ എന്നു ചോദിച്ചു അവൾ.അവനപ്പോ വാലാട്ടി.
ശരി, ശരി എന്നാണച്ഛാ അവൻ പറയുന്നതെന്ന് പറഞ്ഞു സുദീപ്ത.
അവനന്ന് ചവിട്ടുപടിയിലെ ചവിട്ടിയിൽ സുഖമായി കിടന്നുറങ്ങി.
പാവം, വല്ല കടത്തിണ്ണയിലുമല്ലാതെയും ആഹാരത്തിനായി മറ്റു പട്ടികളുമായി കടിപിടികൂടാതെയും ആദ്യമായാവും അവനുറങ്ങുന്നത്. പാവം, വയറു നിറഞ്ഞ് ആരുടെയും ഉപദ്രവവും ചീത്ത കേൾക്കലുമില്ലാതെ അവനുറങ്ങി ക്കോട്ടെ അല്ലേ, കൂട്ടുകാരേ?
Also Read: ഊഞ്ഞാലാട്ടവും കൂവല്ബഹളവും