ലസിതക്കുട്ടിക്ക് രാവിലെ ഒരു ഗസ്റ്റുണ്ടായിരുന്നു. ആരാന്ന് ഊഹിക്കാമോ?
അല്ല,പച്ചക്കുതിരയല്ല.
അല്ലല്ല, ഓന്തുമല്ല.
ഏയ് കാക്കത്തമ്പുരാട്ടിയുമല്ല.
തോറ്റോ? ഉത്തരം പറയട്ടെ?
ഒരു മയിൽ.
നിറയെ പീലിയൊക്കെയുള്ള ഒരാൺ മയിൽ.
അതുവരെ ലസിത മയിലിനെ നേരിട്ടു കണ്ടിരിക്കുന്നത് സൂ വിൽ വച്ചു മാത്രമായിരുന്നു.
ലസിത താമസിക്കുന്നയിടത്തെങ്ങും ആരും അതുവരെ മയിലിനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരുപാടാളുകൾ താമസിക്കുന്നയിടത്തൊന്നും പൊതുവേ മയിലുകൾ വരാറില്ലാത്തതാണ് എന്നു പറഞ്ഞു ലസിതയുടെ അപ്പൂപ്പൻ.
കാടുകൾ, ആളുകൾ വെട്ടിത്തെളിക്കുന്നതു കൊണ്ട് ജീവിക്കാൻ കാടില്ലാതെ ഓരോരോ ജീവികൾ നാട്ടിലേക്കിറങ്ങുന്നതാവാം എന്നു പറഞ്ഞു ലസിതയുടെ അച്ഛൻ.
എന്തുകൊണ്ടായാലും വേണ്ടില്ല ഒരു മയിൽ നമ്മുടെ മുറ്റത്തു വന്നുവല്ലോ, എന്തു ഭംഗ്യാ കാണാൻ എന്നു കൂടി പറഞ്ഞു അപ്പൂപ്പൻ.
മയിൽ മുറ്റത്തു നിന്ന് എന്തൊക്കെയോ കൊത്തിപ്പെറുക്കി തിന്നുന്നുണ്ടായിരുന്നു. എന്താ അത് തിന്നുന്നത് കൊത്തിപ്പെറുക്കി എന്ന് എത്ര നോക്കിയിട്ടും ലസിതക്ക് മനസ്സിലായില്ല.
മയിൽ നമ്മുടെ ദേശീയപക്ഷിയല്ലേ അച്ഛാ, അത് നമ്മുടെ വീട്ടിൽ വന്നിട്ട് ഒന്നും തിന്നാൻ കൊടുക്കാതിരുന്നാൽ മോശമല്ലേ എന്നു ചോദിച്ചു ലസിത.

അപ്പോ അച്ഛൻ, മയിലെന്താ തിന്നുക എന്ന് ഗൂഗിൾ ചെയ്തു നോക്കി ലാപ് ടോപ്പിൽ. ഉറുമ്പുകൾ, പുഴുക്കൾ, എട്ടുകാലികൾ, പ്രാണികൾ, കുഞ്ഞു പഴങ്ങൾ, പൂ വിതളുകൾ എന്നൊക്കെ ഗൂഗിളവർക്ക് ഉത്തരം നൽകിയപ്പോൾ ലസിത, അമ്മ പറിച്ചു വച്ച ലോലോലിക്കയും ചാമ്പയ്ക്കയും മയിലിന്റെ മുമ്പിൽ കൊണ്ടുവച്ചു. താങ്ക് യു എന്നു പറയുമ്പോലെ, സുന്ദരൻ നിറങ്ങളുള്ള കഴുത്തു വെട്ടിച്ച് ലസിതയെ ഒന്നു തലയുയർത്തി നോക്കിയിട്ട് മയിൽ ലോലോലിക്ക കൊത്തിക്കൊത്തി തിന്നു.
അച്ഛൻ അപ്പോ മയിലിന്റെ നിറയെ നിറയെ ഫോട്ടോ എടുത്തു. ലസിത സൂത്രത്തിൽ ചെന്ന് മയിലിന്റെ പീലി ഭാരത്തിനരികെ ചെന്ന് മെല്ലെയാ പീലിയിൽ തൊട്ടു. അപ്പോ അച്ഛനെടുത്ത ഫോട്ടോ ഉഗ്രനായിട്ടുണ്ട്.
ചാമ്പയ്ക്ക, അത് കാലുകൊണ്ടു തിരിച്ചും മറിച്ചുമിട്ടതല്ലാതെ മയിലാശാൻ തിന്നില്ല. നിനക്കു വേണ്ടങ്കിൽ ഞാനിത് എടുത്തോട്ടെ എന്ന ഭാവത്തിൽ അവിടെ വന്ന് നിന്നു ഒരു പച്ചക്കിളി. മയിലനുവദിച്ചിട്ടാവും പച്ചക്കിളി അത് കൊത്തിക്കൊണ്ടുപോയി.
പിന്നെ മയിൽ പറന്ന് പവിഴമല്ലിയിലിരുന്നു. മയിലിന്റെ ഭാരം കൊണ്ട് പവിഴമല്ലിപ്പൂക്കൾ തുരുതുരാ ഉതിർന്നു.
പിന്നെ അത് അവിടെയിരുന്ന് ഒച്ച വെക്കാൻ തുടങ്ങി. അതിന്റെ ഇണ അതായത് പെൺമയിൽ അടുത്തെങ്ങാനുമുണ്ടാവും, അതിനെ വിളിക്കുകയാവും എന്നു പറഞ്ഞു അമ്മ.

ഇടയ്ക്കത് മുറ്റത്തെ പുൽത്തകിടിയിൽ വീണ പവിഴമല്ലിപ്പൂക്കൾക്കു നടുവിൽ നിന്ന് പീലി വിരിച്ചാടി. നിറങ്ങളുടെ ഉത്സവം എന്നു പറഞ്ഞു അമ്മ. അവരെല്ലാം ആ മയിലാട്ടം കണ്ണുചിമ്മാതെ നോക്കി നിന്നു. ലസിത മയിൽ നൃത്തത്തിന്റെ വീഡിയോ എടുത്തിട്ടുണ്ട് കേട്ടോ.
പിന്നെയത് ആ എടുത്താൽപ്പൊങ്ങാത്ത മയിൽപ്പീലി ഭാരവുമായി വിമാനം പോലെ അപ്പുറത്തെ ഏതോ പറമ്പിലേക്ക് പറന്നു. ചിലപ്പോ വീണക്കുട്ടിയുടെ വീട്ടിലേക്കാവും അത് പറന്നു പോയത്. ചിലപ്പോ ചന്തുവിന്റെ വീട്ടിലേക്കാവാനും മതി.
ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു മഴവില്ലും തെളിഞ്ഞു. മഴവില്ലിനാണോ മയിൽപ്പീലിക്കാണോ കൂടുതൽ ഭംഗി എന്ന് ലസിതക്കുട്ടിക്ക് സംശയം വന്നു.
അപ്പോ, എനിക്കാണ് കൂടുതൽ ഭംഗി എന്നു പറയുമ്പോലെ അടുത്ത വീട്ടിലോ പറമ്പിലോ നിന്ന് മയിൽ നാദം ഉയർന്നു പൊങ്ങി. അതിൽ ലയിച്ചു നിന്ന് ലസിത പുസ്തകത്താളുകൾക്കിടയിലേക്ക് മയിൽപ്പീലി തിരുകി വച്ചു. നാളെ സ്കൂളിൽ ചെല്ലുമ്പോൾ, മയിൽ എന്റെ വീട്ടിൽ വന്ന് തന്നിട്ട് പോയ മയിൽപ്പീലിയാണ് എന്നു എല്ലാവരോടും പറയണം എന്നു വിചാരിച്ചപ്പോത്തന്നെ നല്ല ഗമ വന്നു അവൾക്ക്.
അത് ശരിക്കും നല്ല ഗമ കാണിക്കാൻ പറ്റുന്ന കാര്യമല്ലേ, കടയിൽ നിന്നു വാങ്ങിച്ച മയിൽപ്പീലിയല്ലേ അവരുടെയൊക്കെ കൈയിൽ? അതെയതേ, ഇത് നല്ല ഫ്രഷ് മയിൽപ്പീലിയല്ലേ എന്നോർത്തു ചിരിക്കുട്ടിയായി നിന്ന് ലസിത ആലോചിച്ചു, മയിലിന്റെ ഒച്ച കേൾക്കുന്നില്ലല്ലോ ഇപ്പോ? അതിന്റെ ഇണ വന്നു കാണുമോ?