scorecardresearch
Latest News

ശിഖ എന്നു പേരുള്ള വീട്

“മുറ്റത്ത് വെളിച്ചം കുറവാണ് എന്നു പറഞ്ഞ് അവരാ മരങ്ങളൊക്കെ വെട്ടാതിരുന്നാല്‍ മതിയായിരുന്നു.” പ്രിയ എ എസ് എഴുതിയ കഥ

ശിഖ എന്നു പേരുള്ള വീട്

ശിഖ എന്നു പേരുള്ള വീടായിരുന്നു അത്. അതമ്മുവും അച്ഛനും അമ്മയും താമസിക്കുന്ന വാടകവീടാണ്.

അവരുടെ സ്വന്തം വീട് അങ്ങ് ദൂരെയാണ്. ശിഖവീടിന്റെ അടുത്താണ് അമ്മയുടെയും അച്ഛന്റെയും ഓഫീസ്. അച്ഛന് അവിടുന്ന് ഓഫീസിലേക്ക് പത്തു കിലോ മീറ്റര്‍ ദൂരം പോയാല്‍ മതി. അമ്മയ്ക്കാണെങ്കിലോ അഞ്ചു കിലോമീറ്ററേയുള്ളു ദൂരം.

നാട്ടിലെ വീട്ടില്‍ താമസിച്ചു കൊണ്ട് അമ്മുവിന്റെ അമ്മയ്ക്കും അച്ഛനും ജോലിയ്ക്കു വരാന്‍ വലിയ പാടാണ്. ദിവസവും നൂറു കിലോമൂറ്റര്‍ ദൂരം കാണും അങ്ങോട്ടുമിങ്ങോട്ടുമായി. അവിടുന്ന് വന്നു പോയിരുന്നു ഓഫീസിലെങ്കില്‍പ്പിന്നെ യാത്ര ചെയ്യാന്‍ മാത്രമേ സമയം കാണുമായിരു ന്നുള്ളു എന്നാണ് അമ്മ പറയാറ്.

ഇവിടെയായപ്പോള്‍ അമ്മുവിന് നല്ല സ്കൂളിലും ചേരാന്‍ പറ്റി. ഒരു മലമുകളിലാണ് സ്കൂൾ. അവിടെ നിറയെ മരങ്ങളുണ്ട്. അതു കൊണ്ട് നിറയെ കിളികളും ഉണ്ട്. വൈകുന്നേരം സ്കൂളില്‍ ചെന്നു നിന്നാല്‍ നല്ല ഉഗ്രനായി അസ്തമയം കാണാം. നല്ല ടീച്ചേഴ്‌സുമാണവിടെ. അമ്മു മിടുക്കിയായി പഠിക്കുന്നുമുണ്ട്.

അമ്മുവിന്റെ ആഗ്രഹം ശിഖ വീട്ടിലും, സ്‌കൂളിലെപ്പോലെതന്നെ നിറയെ മരങ്ങള്‍ വേണം എന്നാണ്.

എന്നാലല്ലേ നിറയെ കിളികള്‍ വരൂ. കിളികളുടെ ചിലപ്പു കേട്ടിരിക്കാനും അവരുടെ കവാത്തും പറക്കലും കണ്ടിരിക്കാനും എന്തു രസമാണ്.

അമ്മു എല്‍ കെ ജിയില്‍ ആയിരുന്നപ്പോള്‍ വന്നതാണ് അവരാ വീട്ടില്‍. ഇപ്പോ അമ്മു എട്ടാം ക്ലാസിലായി. വാടക വീടിന്റെ ഉടമസ്ഥര്‍ക്ക് വീടും മുറ്റവും നന്നായി നോക്കുന്ന വാടകവീട്ടുകാരെ വേണമെന്നായിരുന്നല്ലോ ആഗ്രഹം.

priya as , childrens stories, iemalayalam

അവരുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കുന്നു ശിഖ വീടിനകത്തും പുറത്തും എന്നു തന്നെ പറയണം. അമ്മു എല്‍ കെ ജിക്കാരിയായിരുന്നല്ലോ ശിഖയില്‍ വന്നപ്പോള്‍. ആ പ്രായത്തിലായിരുന്നിട്ടും അമ്മു വീടിന്റെ ഭിത്തിയില്‍ ഒരു പെന്‍സില്‍ വരയോ ചായപ്പെന്‍സില്‍ വരയോ ക്രയോണ്‍ വരയോ വരച്ചു ഒന്നും അലങ്കോലമാക്കിയില്ല.

അമ്മുവിന് വരയ്ക്കാന്‍ വൈറ്റ് ബോര്‍ഡു വാങ്ങിച്ചു കൊടുത്തിരുന്നല്ലോ അച്ഛന്‍. പിന്നെ ധാരാളം പേപ്പറുമുണ്ടായിരുന്നു വരച്ചു കളിക്കാന്‍. പിന്നെന്തിനാണ് ഓണര്‍മാമയുടെ വീടിന്റെ ഭിത്തി വരച്ചു വൃത്തികേടാക്കുന്നത്? വീടിന്റെ ഉടമസ്ഥനെ അമ്മു ഓണര്‍മാമ എന്നാണ് വിളിച്ചിരുന്നത്.

ശിഖ വീടിന്റെ മുറ്റത്തിന്റെ കാര്യമാണെങ്കിലോ, ഒന്നും പറയണ്ട! ഇതിനകം ശിഖ വീടിന്റെ മുറ്റത്ത് എന്തൊക്കെ മരങ്ങള്‍ വച്ചു പിടിച്ചിട്ടുണ്ടെന്നോ അമ്മുവും കൂട്ടരും കൂടി. ഒരു മാവ്. ഒരു സപ്പോട്ട. ഒരു നാരകം. ഒരു പേര. ഒരു നെല്ലിപ്പുളി. ഇതിലെല്ലാം നിറയെ കായ്കളുണ്ട്. പിന്നെ ഇപ്പോള്‍ ഒരു ആത്തമരവും പിടിച്ചു വരുന്നുണ്ട്.

ആ മരങ്ങളെയെല്ലാം ചുറ്റിപ്പറ്റി എന്തെന്തു ജീവികളാണ് ശിഖയിലേയ്ക്ക് വരവും പോക്കുമെന്നോ! സപ്പോട്ടയ്ക്കയും പേരയ്ക്കയും തിന്നാന്‍ പച്ചക്കിളിയും വവ്വാലും അണ്ണാനും കൂടി മത്സരമാണ്.

ഇടയ്ക്ക് കീരി ഓടിപ്പാഞ്ഞു നടക്കുന്നതു കാണാം. അവനെന്താണ് തിന്നുന്നത് എന്ന് അമ്മുവിന് ഇതു വരെ മനസ്സിലായിട്ടില്ല. നെല്ലിപ്പുളിയില്‍ ലോകത്തുള്ള സര്‍വ്വ കിളികളും വരുന്നുണ്ടെന്നാണ് അമ്മ പറയാറ്.

മാങ്ങ പഴുക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ കാക്കകളെല്ലാം മാവിന്മേല്‍ത്തന്നെ താമസമാണ്. മാവിന്മേലാണ് അമ്മുവിന്റെ ഊഞ്ഞാല. അതിലരുന്നാടുന്ന നേരത്താണ് അമ്മു കിളികളോടും അണ്ണാരക്കണ്ണന്മാരോടും കീരിയോടും കാക്കകളോടും ഒക്കെ വര്‍ത്തമാനം പറയാറ്.

അടുക്കള വശത്താണ് നാരകം. നാരങ്ങ തിന്നാന്‍ മാത്രം ഒരു ജീവിയും വരാറില്ല. നാരങ്ങക്ക് ഭയങ്കര പുളിയല്ലേ, അതു കൊണ്ടാവും. അമ്മുവിന്റെ അമ്മ സൂപ്പര്‍ ലൈം ജ്യൂസുണ്ടാക്കും ആ നാരങ്ങകള്‍ കൊണ്ട്.

കടയില്‍ കിട്ടുന്ന നാരങ്ങയേക്കാള്‍ ഒരു പാടു നീരുള്ള നാരങ്ങകളാണവ. ഒരുപാടു കുഞ്ഞിക്കിളികള്‍ക്ക് കൂടു വയ്ക്കാനിഷ്ടമാണ് നാരകത്തിന്മേല്‍ എന്ന് ഇതിനകം അമ്മു കണ്ടു പിടിച്ചിട്ടുണ്ട്. ആത്തമരം ചെറുതാണ്, പൂത്തുതുടങ്ങുന്നതേയുള്ളു. അതില്‍ കാ പിടിക്കാന്‍ കുറച്ചു നാളെടുക്കും.

priya as , childrens stories, iemalayalam

ഇടയ്ക്കവിടവിടെയായി മുറ്റത്തൊക്കെ കിളികള്‍ തൂവലുകള്‍ പൊഴിച്ചിടും . ഇത്രമാത്രം മരങ്ങള്‍ നട്ട കുട്ടിയോടുള്ള നന്ദി കാണിയ്ക്കാനാണ് അവര് തൂവല് പൊഴിച്ചിടുന്നതെന്നാണ് അമ്മുവിന് തോന്നാറ്.

അവളതെല്ലാം പെറുക്കി സൂക്ഷിച്ചു വയ്ക്കും. ക്രിസ്മസ് വരും നേരം ആ തൂവലുകള്‍ പല വര്‍ണ്ണങ്ങളിലെ കട്ടിക്കടലാസ്സുകളില്‍ ഒട്ടിച്ചാണ് അമ്മു ക്രിസ്മസിന് ഗ്രീറ്റിങ് കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്.എന്നിട്ട് പ്രിയപ്പെട്ട ഓരോരുത്തര്‍ക്കായി അവളാ ഗ്രീറ്റിങ് കാര്‍ഡുകളൊക്കെ അയയ്ക്കും.

അമ്മുവിന്റെ പത്താം ക്ലാസ് വരെയേ അവര്‍ ശിഖ വീട്ടില്‍ ഉണ്ടാവൂ. അതായത് ഇനി രണ്ടുകൊല്ലം കൂടി.

അപ്പോഴേയ്ക്ക് അച്ഛനുമമ്മയ്ക്കും ജോലിയില്‍ പ്രമോഷനാകും. അപ്പോ സ്ഥലം മാറ്റമുണ്ടാകും അവര്‍ക്ക് രണ്ടാളും.

അതോര്‍ക്കുമ്പോഴേ അമ്മുവിന് സങ്കടമാണ്. അവര് ശിഖ വിട്ടാല്‍പ്പിന്നെ ആരാവും അവിടെ താമസിയ്ക്കാന്‍ വരുന്ന പുതിയ താമസക്കാാര്‍? അവര്‍ക്കും മരങ്ങളിഷ്ടമായിരിക്കുമോ? കുട്ടികള്‍ കാണുമോ ആ കുടുംബത്തില്‍? ആ കുട്ടികള്‍, തൂവലുകള്‍ പെറുക്കി സൂക്ഷിക്കുന്നവരും ഒരോരോ പഴങ്ങള്‍ തിന്നാന്‍ വരുന്ന ജീവികളെ ഓടിക്കാത്തവരും ആയിരിക്കുമോ?

മുറ്റത്ത് വെളിച്ചം കുറവാണ് എന്നു പറഞ്ഞ് അവരാ മരങ്ങളൊക്കെ വെട്ടാതിരുന്നാല്‍ മതിയായിരുന്നു. അങ്ങനെയുള്ളവര്‍ക്കേ ഇനി വീട് വാടകയ്ക്ക് കൊടുക്കാവൂ എന്ന് ഓണര്‍മാമയോട് പറയണം. ഓണര്‍മാമ അത് കേള്‍ക്കുമോ ആവോ?

Read More: ഇലുമ്പന്‍ പുളി തിന്നുമ്പോള്‍

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Kids holiday story priya a s children stories shikha enn perulla veed