സംവൃതയ്ക്ക് ആറു വയസ്സാണ്. രണ്ടാം ക്ലാസിലാണ് അവള്.
ഒത്തിരിയൊത്തിരി സ്നേഹം വരുമ്പോള്‍ അമ്മയെ, ‘അമ്മു’ എന്നാണ് അവള് വിളിക്കുക. അടക്കിപ്പിടിക്കാന് വയ്യാത്തത്ര ഇഷ്ടം വരുമ്പോള്‍ അവളമ്മയെ ‘അമ്മക്കുട്ടീ’ എന്നാണ് വിളിക്കാറ്.
അമ്മയോടാണ് അവള്‍ക്ക് ലോകത്തേക്കുവച്ചേറ്റവുമിഷ്ടം. അവള്ക്കേറ്റവുമിഷ്ടപ്പെടാനായിട്ട് അമ്മ മാത്രമല്ലേയുള്ളൂ തത്ക്കാലം അവള്‍ക്കീ ലോകത്തില്‍!
അവളുടെ അച്ഛന് മരിച്ചു പോയത് അവള് ഒന്നാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നാണ് അച്ഛന് മരിച്ചത്.
അച്ഛനാണവളെ സ്കൂളിലേക്ക് കാറില്‍ കൊണ്ടുപോയിരുന്നതും കൊണ്ടുവന്നിരുന്നതും. അച്ഛന് മരിച്ചപ്പോള്‍ അവളെ സ്കൂളിലേക്കു കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും കൂടി അമ്മയുടെ പണിയായി.
അച്ഛനവളുടെ നല്ല കൂട്ടുകാരനായിരുന്നു. ‘അച്ഛന് കൂട്ടുകാരാ’ എന്നാണവളച്ഛനെ വിളിച്ചിരുന്നതു തന്നെ.
അച്ഛനവളുടെ കൂടെ സ്റ്റോണ്‍, പേപ്പര്‍, സിസേഴ്സു മുതല്‍ ബാസ്ക്കറ്റു ബോളും ക്രിക്കറ്റും വരെ കളിക്കുമായിരുന്നു.
അതു കൊണ്ടെല്ലാം തന്നെ അച്ഛന് ഇല്ലാതായപ്പോള്‍, തന്റെ ലോകത്തിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുപൊളിഞ്ഞു വീണതു പോലെയാണവള്‍ക്ക് തോന്നിയത്.
സങ്കടം കൊണ്ട് ശ്വാസം മുട്ടുന്നതു പോലെ തോന്നിയിരുന്നു അവള്‍ക്ക് അച്ഛനില്ലാതായ ആദ്യദിവസങ്ങളില്‍. ഇനി നമുക്ക് ആരുണ്ട് അമ്മേ എന്നു അവള് അന്നൊക്കെ എന്നും കരയുമായിരുന്നു.
അപ്പോഴൊക്കെ അമ്മ അവളെ എടുത്ത് മടിയിലിരുത്തി കെട്ടിപ്പിടിച്ചു.

ഇനി അമ്മയാണ് മോളുടെ അച്ഛനും അമ്മയും എന്ന് അവളെ തെരുതെരെ ഉമ്മ വച്ചു കൊണ്ട് അമ്മ പറഞ്ഞു.
അമ്മ നുണ പറയാറില്ലല്ലോ. അതു കൊണ്ട് അവള് അമ്മ പറഞ്ഞതപ്പാടെ വിശ്വസിച്ചു.
അമ്മ, അവര്‍ പണിതു കൊണ്ടിരുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഓടി നടക്കുന്നതും സംവൃതയെ കാറില്‍ സ്കൂളില്‍ കൊണ്ടു ചെന്നാക്കുന്നതും പൈസക്കാര്യങ്ങള് സൂക്ഷിച്ചു സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതും സംവൃതയെ നീന്തല്‍ പഠിപ്പാക്കാന്‍ കുളത്തിലിറങ്ങി നില്ക്കുന്നതും കണ്ടപ്പോള്‍ അച്ഛന് ചെയ്തിരുന്നെതെല്ലാം തന്നെ അമ്മയ്ക്ക ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് സംവൃതയ്ക്ക് ബോധ്യമായി.
പക്ഷേ, അമ്മയ്ക്ക് സംവൃതയെ, അമ്മ എടുക്കുന്നതു പോലെയേ എടുക്കാന്‍ പറ്റൂ . അച്ഛനെടുക്കുന്നതു പോലെ ഉയരത്തിലേക്കു പൊക്കി എടുക്കാന്‍ അച്ഛനുമാത്രമേ പറ്റൂ എന്ന് സംവൃത പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണൊന്ന് നനഞ്ഞു.
അമ്മയുടെ കണ്ണു നനഞ്ഞാല്‍ സംവൃതയ്ക്ക് സങ്കടമാണ്. അവളിരുന്നയിടത്തു നിന്നെണീറ്റ് അമ്മയുടെ സങ്കടക്കണ്ണ് തുടച്ചു കൊടുത്ത്, കണ്ണീരിന്റെ ഉപ്പുപാടില് നാലഞ്ച് ഉമ്മ വച്ചു ചിരിച്ചു. അവളുടെ ചിരിയില്‍ അലിഞ്ഞലിഞ്ഞില്ലതായി അമ്മയുടെ കണ്ണുനീര്.
അമ്മയും സംവൃതയും കൂടി പണിത കുഞ്ഞു വീട് ഇപ്പോള്‍ ഒന്നാന്തരമൊരു വീടായി തലയുയര്‍ത്തി നില്‍പ്പാണ്. വീടിന്റെ മുറ്റത്തും ടെറസിലുമൊക്കെയായി ഒരുഗ്രന്‍ പൂന്തോട്ടം ഉണ്ടാക്കുന്നുണ്ട് അമ്മയും മകളും കൂടി. അച്ഛനില്ലാതായ സങ്കടം മാറാന്‍ നല്ലതാണ് പൂക്കള്‍ എന്ന് അമ്മ പറഞ്ഞു. അച്ഛന് ചെടികളെയും പൂക്കളെയും പൂമ്പാറ്റകളെയും കിളികളെയും ഒരുപാടിഷ്ടമായിരുന്നല്ലോ .
ചെടികള്‍ നട്ടാല്‍ പൂക്കള്‍ മാത്രമല്ല കിട്ടുക. പൂമ്പാറ്റകളുടെ വരവും കിളികളുടെ കൊത്തിപ്പെറുക്കലുമൊക്കെ പൂന്തോട്ടത്തിനോടൊപ്പം ഉണ്ടാവുന്ന നല്ല കാര്യങ്ങളാണ് .
അച്ഛനിഷ്ടം നീല നിറമായിരുന്നു. അതു കൊണ്ടവര്‍ തോട്ടത്തില്‍ നിറയെ നീലശംഖുപുഷ്പങ്ങളും മോണിങ്ഗ്ളോറിയും പടര്‍ത്തി. വീടിന് നീലാഞ്ജന എന്നവര്‍ പേരുമിട്ടു. അത് വീടിനായി അച്ഛന് കണ്ടു വച്ചിരുന്ന പേരാണ് .

നീലാഞ്ജന എന്ന് വീട്ടുപെരെഴുതിയത് മലയാളത്തിലാണ്. സംവൃതയുടെ കൈയക്ഷരത്തിലാണ് അതെഴുതിയത്. നീലാഞ്ജന എന്ന് സംവൃത സ്ളേറ്റിലെഴുതിയത് ഫോട്ടോ എടുത്തു കൊണ്ടു പോയി എന്തൊക്കെയോ മിനുക്കു പണികള്‍ കാണിച്ചാണ് ആര്‍ക്കിടെക്റ്റ് മാമന് അത് നെയിം ബോര്ഡാക്കിയെടുത്തത്.
സംവൃതയുടെ കൈയക്ഷരത്തില്‍ വേണം വീടിന്റെ പേരെഴുതാനെന്നത് അച്ഛന്റെ പ്ളാനായിരുന്നു. വീട്ടുപേര് മതിലില്‍, ആ വീട്ടിലെ കുട്ടിയുടെ കൈയക്ഷരത്തിലെഴുതി വച്ച ഒരു വീടും ഞാനിതുവരെ കണ്ടിട്ടില്ല എന്ന് വീടു പാലുകാച്ചലിനു വന്ന ഓരോരുത്തരും അത്ഭുതത്തോടെ പറഞ്ഞതു കേട്ടപ്പോള്‍ സംവൃതയ്ക്ക് സന്തോഷം കൊണ്ട് കാല് നിലത്തുറയ്ക്കാതായി.
കുഞ്ഞുകുഞ്ഞുകാര്യങ്ങള്ക്കായി അവള് സന്തോഷിക്കുമ്പോഴൊക്കെ, ചിരിച്ചു കൊണ്ടു കെട്ടിപ്പിടിക്കാന്‍ വരുന്ന അച്ഛനെ മുന്നില്‍ കാണുന്നതു പോലെ തോന്നും സംവൃതയ്ക്ക്. ചിരിക്കുന്ന അവളെ കാണാനായി ഏതോ ലോകത്തുനിന്നച്ഛന് വരികയാണ് എന്നാണപ്പോഴൊക്കെ അമ്മ പറയുക.
അവള് സങ്കടപ്പെടുമ്പോഴോ, അച്ഛന് മുന്നില്‍ നിന്നു മാഞ്ഞുപോകുന്നതു പോലെയും തോന്നും അവള്‍ക്ക്. അവള് സങ്കടപ്പെടുന്നതു കാണാന്‍ ഇഷ്ടമില്ലാത്തയാളണല്ലോ അച്ഛന്, അതു കൊണ്ടാണ് അത്തരമവസരങ്ങളില്‍ അച്ഛന് മാഞ്ഞുപോകുന്നത് എന്നും പറയാറുണ്ട് അമ്മ.
അതു കൊണ്ടൊക്കെയാണ് സംവൃത ഇപ്പോഴായി എപ്പഴും ചിരിക്കുന്ന കുട്ടിയയായി മാറിയിരിക്കുന്നത്.
അമ്മയും അങ്ങനെ തന്നെയാണിപ്പോള്‍, എപ്പോഴും ചിരിക്കുന്ന അമ്മ . ചിരിക്കുന്ന അമ്മയെ കാണാന്‍ എന്തു ഭംഗിയാണ് എന്നു വിചാരത്തോടെ അച്ഛന്, അമ്മ ചിരിക്കുമ്പോഴൊക്കെ വന്നമ്മയെ നോക്കിനില്ക്കും കണ്ണി ചിമ്മാതെ എന്നാണമ്മ പറയാറ്.
നമ്മള് സ്നേഹിക്കുന്നവര്‍ ,നമ്മളെ സ്നേഹിക്കുന്നവര്‍, അവരൊക്കെ മരിച്ചു പോയാലും നിഴല്‍ പോലെ അവര്‍ നമ്മുടെ തോന്നലുകളിലൂടെ അടുത്തുവന്നു കൊണ്ടേയിരിക്കും. ഉറപ്പാണത്. പ്രിയപ്പെട്ടവര്‍ക്കാര്‍ക്കും മരണമില്ല. അവര്‍ നമ്മുടെ ഓർമ്മകളില്‍ ജീവിച്ചു കൊണ്ടേയിരിക്കും.
അമ്മ മരിച്ചു പോയ സുനന്ദക്കുട്ടിയുടെ കണ്ണീര് തുടച്ചു കൊണ്ട് സംവൃത അങ്ങനെ പറഞ്ഞത് സത്യമാവാനാണ് വഴി. സുനന്ദ, സംവൃതയുടെ രണ്ടാം ക്ളാസിലുള്ള കുട്ടിയാണ്. സംവൃതയല്ലാതെ വേറാരാണവളെ സമാധാനിപ്പിയ്ക്കാനുള്ളത്? അച്ഛന് മരിച്ചുപോയ സംവൃതയ്ക്കല്ലാതെ ആര്‍ക്കാണ് സുനന്ദയുടെ വിഷമം ശരിക്കും മനസ്സിലാവുക?