അമ്മിണി കാറിലിരിക്കുകയായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം. അമ്മിണി പുറകിലത്തെ സീറ്റില്‍ ഒറ്റയ്ക്കാണിരുന്നത് . പുറത്തെ കാഴ്ചകള്‍ കാണാന്‍ പാകത്തില്‍ പുറകോട്ടു തിരിഞ്ഞ് സീറ്റില്‍ മുട്ടുകുത്തിയിരിക്കുകയായിരുന്നു അവള്. കൈയില്‍ കുഞ്ഞിപ്പഞ്ഞി അച്ചു ആനയും ഉണ്ടായിരുന്നു. അവനും പുറത്തെ കാഴ്ചകള്‍ കണ്ട് രസിക്കുകയായിരുന്നു. രസം കൂടുമ്പോള്‍ അവന് അവന്റെ തുമ്പിക്കൈ നീളത്തിലാട്ടും. അതു കാണാന്‍ നല്ല രസമുണ്ടായിരുന്നു.
അച്ചു ആന ഇടയ്ക്കു വച്ച് ഉറങ്ങിപ്പോയി. അപ്പോള്‍ അമ്മിണിയവനെ, അവന് സുഖമായി ഉറങ്ങിക്കോട്ടെ എന്നു വിചാരിച്ച് കാറിലെ കുഷ്യനില്‍ കിടത്തി. അവളവനെ അങ്ങനെ കിടത്തിയതും അവന് ചരിഞ്ഞു കിടന്ന് കൂര്‍ക്കം വലിച്ച് ഉറക്കമായി.
അച്ഛനുംഅമ്മയ്ക്കുമൊന്നും അവന്റെ കൂര്‍ക്കം വലി കേള്‍ക്കാന്‍ പറ്റില്ലല്ലോ എന്ന് ഓര്‍ത്തപ്പോ അമ്മിണിയ്ക്ക് ചിരി വന്നു. കളിപ്പാട്ടങ്ങളുടെ കൂര്‍ക്കം വലിയും കളിചിരിയും വഴക്കും കരച്ചിലുമൊക്കെ അതിന്റെ ഉടമസ്ഥരായ കുഞ്ഞുങ്ങള്ക്കുമാത്രമേ കേള്‍ക്കാന്‍ പറ്റൂ.
പിന്നെയും പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു അമ്മിണി.
പുറകിലുള്ള കാറിന്റെ മുന്‍സീറ്റില്‍ അമ്മയുടെ മടിയില്‍ എഴുന്നേറ്റുനിന്ന് ഒരു കുഞ്ഞന്വാവ അമ്മിണിയെ നോക്കി കൈവീശി വീശി കാണിക്കാന്‍ തുടങ്ങി അതിനിടെ.
അമ്മിണിയും കൈ വീശിക്കാണിച്ചു. അപ്പോ ആ കുഞ്ഞന്‍ വാവ അമ്മിണിക്ക് നിറയെ ഫ്ളൈയിങ് കിസ് കൊടുത്തു.
അമ്മിണി അവനെ, വാ വാ എന്ന് കൈ കാട്ടി വിളിച്ചപ്പോ അവന് അവളുടെ നേര്‍ക്ക് ചാടാന്‍ ഭാവിച്ചു. ചാടല്ലേ, വീഴും എന്നു പറഞ്ഞാവും അപ്പോ അവന്റെ അമ്മ അവനെ അടക്കിപ്പിടിച്ചു.

ഇടയ്ക്ക് കുഞ്ഞന്‍ വാവയുള്ള ആ നീല കാറ്, അമ്മിണിയുടെ ചുവന്ന കാറിനെ ഓവര്‍ ടേക്ക് ചെയ്തു വളരെ മുമ്പിലായി. അപ്പോ അമ്മിണിക്കും കുഞ്ഞന്‍ വാവയ്ക്കും തമ്മില്‍ത്തമ്മില്‍ കാണാന്‍ പറ്റാതായി.
പിന്നെ പെട്രോള്‍ പമ്പില്‍ കയറിയത് അവരുടെ രണ്ടു കാറുകളും ഒന്നിച്ച്.
അമ്മിണിയുടെ കാര്‍ മുമ്പില്‍, കുഞ്ഞന്‍ വാവയുടെ കാര്‍ പുറകില്‍. കുഞ്ഞന്‍ വാവയുടെ കാര്‍ ഓടിക്കുന്നത് അവന്റെ അച്ഛന്. അവനെ പിടിച്ചിരിക്കുന്നത് അവന്റെ അമ്മ. അമ്മിണിയുടെ കാര്‍ ഓടിക്കുന്നത് അവളുടെ അമ്മ.
പെട്രോളടിക്കുന്നത് കാണണം എനിക്ക് എന്നു പറഞ്ഞു അമ്മിണി. അവളുടെ അമ്മ കാര്‍ ഓഫാക്കിയിട്ട് അമ്മിണിയെയും കൊണ്ട് പുറത്തിറങ്ങി. കാറിന്റെ ഗ്ലാസൊക്കെ താഴ്ത്തി കുഞ്ഞന്‍ വാവയെ കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയായിരുന്നു വാവയുടെ അമ്മ. അമ്മിണിയെ കണ്ടപ്പോള്‍ വാവ കൈ നീട്ടി ചിരിച്ചു. അമ്മിണിയും അമ്മയും ആ വാവയുടെ കാറോളം നടന്ന് അമ്മയുടെ കൈയിലിരിക്കുന്ന കുഞ്ഞന്‍ വാവയുടെ കൈ തൊട്ടു. അമ്മിണി അവന്റെ കുഞ്ഞിക്കൈ യില്‍ ഒരുമ്മയും കൊടുത്തു.
ഇവര്‍ കാറിലിരുന്ന് കൈ വീശിക്കാട്ടിയും ഫ്ളൈയിങ് കിസു കൊടുത്തും കൂട്ടാവുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു എന്നു പറഞ്ഞു കുഞ്ഞന്‍ വാവയുടെ അച്ഛന്.
വാവയുടെ പേര് നീല്‍. നിലോല്‍പ്പല്‍.
അമ്മിണി അവളെ വീട്ടില്‍ വിളിക്കുന്ന അമ്മിണി എന്ന പേരും സ്കൂളിലെ ചാരു നൈനിക എന്ന പേരും വാവയുടെ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു.
വാവയ്ക്ക് അതൊക്കെ പറഞ്ഞു കൊടുത്തിട്ട് കാര്യമില്ലല്ലോ. അവന് വല്ല ഒരു വയസുമേ കാണുള്ളൂ. അവനതൊക്കെ കേട്ടാല്‍ ഒന്നും മനസ്സിലാവില്ല.
വാവയുടെ കാര്‍ കൊട്ടാരക്കരയ്ക്കാണ് പോകുന്നതെന്നും അമ്മിണിയുടെ കാര്‍ തിരുവനന്തപുരത്തേയ്ക്കാണ് പോകുന്നതെന്നും അമ്മിണിയുടെ അമ്മയും വാവയുടെ അച്ഛനുമമ്മയും തമ്മില്‍ത്തമ്മില്‍ വര്‍ത്തമാനം പറഞ്ഞു.
അമ്മിണി അതിനിടെ വിശക്കുന്നു എന്നു പറഞ്ഞപ്പോള്‍ അമ്മിണിയുടെ അച്ഛന് ഇനി കാണുന്ന ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ കയറാം നമുക്കെന്നു പറഞ്ഞു.
ഞങ്ങള്‍ക്കും വിശക്കുന്നുണ്ട്.ഞങ്ങളും അവിടൈ നിന്നാണ് പതിവായി യാത്രയില്‍ ആഹാരം കഴിക്കുന്നത്. നമുക്ക് അപ്പോ കൂടുതല്‍ പരിചയപ്പെടാം എന്നു പറഞ്ഞു വാവയുടെ അച്ഛന്.
അപ്പോഴേയ്ക്കും അമ്മിണിയുടെ കാറില്‍ പെട്രോളടിച്ചു കഴിഞ്ഞ് വാവയുടെ കാറിന്റെ ഊഴമായിക്കഴിഞ്ഞിരുന്നു.
അമ്മിണി വാവനെറ്റിയില് ഒരുമ്മ വച്ച് ബൈ പറഞ്ഞു.

വയറു നിറയെ പെട്രോളടിച്ച് രണ്ടു കാറുകളും സന്തോഷക്കാറുകളായി പിന്നെയും കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.
വാവ അപ്പോഴും എഴുന്നേറ്റു നിന്ന് അമ്മിണിയെത്തന്നെ നോക്കിക്കൊണ്ടിിരുന്നു.
അവനെ കോഫീഹൗസില്‍ വച്ച് ഇനി നമ്മള് കൂടുതല്‍ നേരം കാണില്ലേ , അപ്പോ അവനെ എടുക്കാന്‍ സമ്മതിക്കുമോ അമ്മേ എന്നു ചോദിച്ചു അമ്മിണി.
ഓ, അതിനെന്താ എന്നു ചോദിച്ചു അമ്മിണിയുടെ അമ്മ.
അവനെ അമ്മിണിയുടെ മടിയില്‍ വച്ചു തരാം എന്നു കൂടി അമ്മ പറഞ്ഞതു കേട്ടപ്പോള്‍ അമ്മിണിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി.
ഇനി പത്തു കിലോമീറ്ററേ ഉള്ളൂ കോഫീ ഹൗസിലേയ്ക്ക് എന്നവളുടെ അച്ഛന് പറഞ്ഞു.
അതിനിടെ ഭയങ്കര മഴ പെയ്തു. കാറിന്റെ ചില്ലില്‍ കട്ടിയായി വെള്ളം വീണ് വാവയുടെ മുഖം ശരിക്കങ്ങ് കാണാന്‍ പറ്റാതായി.
അമ്മിണി ഡ്രൈവിങ് സീറ്റിലേക്കെത്തി നോക്കി 10 കിലോമീറ്ററാവുന്നുണ്ടോ എന്നു തന്നെ നോക്കിയിരിപ്പ് തുടങ്ങി.
അവള് പറഞ്ഞു, നമുക്കവരുടെ ഫോണ്‍ നമ്പറും വാങ്ങാം.
അച്ഛന് അവളെ കെട്ടിപ്പിടിച്ച് ചോദിച്ചു, അത്രയക്കങ്ങ് ഇഷ്ടമായോ മോള്‍ക്ക് വാവയെ?
എനിക്ക് ആകാശത്തോളം കടലോളം ഇഷ്ടമായി അവനെ എന്നു പറഞ്ഞു അമ്മിണി.
അമ്മിണി പിന്നെ അച്ഛന്റെ മടിയില്‍ കിടന്ന് ഒന്നുറങ്ങിപ്പോയി.
ഇപ്പോഴവരുടെ രണ്ടാളുടെയും കാറുകള്‍ കോഫീ ഹൗസിലെത്തിക്കാണും അല്ലേ ? അവര്‍ കുട്ടികള്‍, കൂടുതല്‍ കൂട്ടായും കാണും അല്ലേ?
കുഞ്ഞന്‍ വാവ, അമ്മിണിയുടെ മടിയിലിരുന്ന് അവളുടെ നീണ്ട തലമുടി വിരലില്‍ ചുറ്റിക്കളിക്കുകയായിരിക്കും ഇപ്പോ. ഇത്തിരിയൊക്കെ നൊന്ത് , വിടൂ വിടൂ കള്ളക്കുട്ടി എന്റെ തലമുടീന്ന് എന്നു പറയുകയാവുമോ അവളിപ്പോ? അതോ അവളുടെ അച്ചു ആനയെ വച്ചായിരിക്കുമോ അവന് കളിയ്ക്കുന്നത്? അച്ചു ആനയ്ക്കതിഷ്ടമായിക്കാണുമോ?
Read More: ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു