ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.
കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ. കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന് ക്ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.
അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!
ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?
കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?
എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള് പഠിയ്ക്കും. നമ്മള് കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള് വളരുന്നത് തന്നെ!
കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…
തുണിസഞ്ചികള്‍ വില്‍ക്കാനുണ്ട് എന്ന് അമ്മിണിയാമ
കൂവാന്‍ തോന്നിയാല്‍പ്പിന്നെ കൂവാതിരിയ്ക്കുമോ കുറുക്കന്മാര്? ചന്തുക്കുറുക്കന് നല്ല ഒച്ചയില്‍ നിര്‍ത്താതെ കൂവാന്‍ തോന്നി.ഇന്നിത്ര നേരമെത്തിയിട്ടും ഒരു തരി മാംസമെങ്കിലും തിന്നാന്‍ കിട്ടാത്തതിന്റെ ദേഷ്യത്തിലാണ് ചന്തു കൂവാന്‍ തീരുമാനിച്ചത്.
ഒരു കോഴി പോയിട്ട് ഒരു പുല്‍ച്ചാടി പോലും ഈ വഴി വരാത്തതെന്താണവോ! ആകെ തിന്നാന്‍ കിട്ടിയത് ഒരു കുല ചാമ്പയ്ക്കയും ഒരു മാങ്ങയും. ഇറച്ചി കിട്ടാതിരുന്നിട്ട് വയറിനകത്ത് കുടല് ബഹളം തന്നെ ബഹളം, പരാതിതന്നെ പരാതി!
‘മിണ്ടാതിരി,’ എന്നു രണ്ടു കൈയും വയറിനു മീതെ വച്ച് വയറിനോടു വഴക്കുകൂടിപ്പറഞ്ഞതിനുശേഷമാണ് ഒരു മാറ്റത്തിനു വേണ്ടി കുറച്ചു തവണ കൂവിയേക്കാം എന്നവന് തീരുമാനിച്ചത്.
അവനങ്ങനെ നല്ല ഒച്ചയില്‍ ഓരിയിട്ടു ദേഷ്യം തീര്ത്തുതിമര്ക്കുമ്പോഴാണ് അമ്മിണി ആമ അതു വഴി ഇഴഞ്ഞിഴഞ്ഞുവന്നത്. അവളുടെ കൈയില്‍ ഒരു സഞ്ചിയുണ്ടായിരുന്നു. നല്ല മുഴുത്ത ഞണ്ടുകളുടെ പടമുള്ള ഒരു നല്ല ചുവന്ന തുണിസഞ്ചിയും തൂക്കിപ്പിടിച്ച് അവള് പോകുന്നത് കണ്ട് കുറുക്കന് ചന്തു കൂവല്‍ നിര്‍ത്തി.
അവന് കൂവിത്തകര്ത്തുകൊണ്ടിരുന്ന ഇടത്തുനിന്ന് ‘എങ്ങോട്ടാ, ഇതെന്താ കൈയില്‍,’ എന്നൊക്കെ ചോദിച്ച് അവനിറങ്ങി വന്നു.
‘ഞണ്ടിന്റെ പടം കണ്ട് കൊതി പിടിച്ചിറങ്ങിവന്നതാ നീ എന്ന് എനിയ്ക്ക് മനസ്സിലായി,’ എന്ന് അമ്മിണി ആമ ,വായ പൊത്തിപ്പിടിച്ച് അവനെ കളിയാക്കി ഒരു ചിരി പാസ്സാക്കി.
‘നിനക്ക് രണ്ടു മൂന്നു ഞണ്ടുകളെ പിടിച്ചു സഞ്ചിയില്‍ ഇട്ടോണ്ടുവരാന് പാടില്ലായിരുന്നോ പെണ്ണേ, കുറുക്കന്മാരെ കൊതിപ്പിക്കാനായിട്ട് ഞണ്ടുകളുടെ പടമുള്ള തുണിയും വീശി വന്നിരിക്കുന്നു പെണ്ണ്,’ എന്ന് ചന്തു അമ്മിണിയെ ശകാരിച്ചു.
‘ഇത് തുണിയല്ല സഞ്ചിയാ,’ എന്നു പറഞ്ഞു അമ്മിണ് ആമ. എന്നിട്ട് രണ്ടു തുണിപ്പിടികളുള്ള സഞ്ചി വിടര്‍ത്തിക്കാണിച്ചു.
‘ഇതെന്താനാ മഴ വരുമ്പോ തലേലിടാനോ,’ എന്നു ‘ഹോ ഹോ’ എന്ന ഒച്ചയില്‍ ചിരിച്ചു കുറുക്കച്ചാര്.
അപ്പോ ആമ നിര്‍ത്താതെ ചിരിച്ചുകൊണ്ട് ചോദി്ചു, ‘കോഴി വരുന്നുണ്ടോ, ആട് വരുന്നുണ്ടോ എന്നൊക്ക പാത്തും പതുങ്ങീം നോക്കി നീ ഇങ്ങനെ ഓരോ ഇടത്ത് ഇരിപ്പുറപ്പിച്ചിരിയ്ക്കുന്നതു കൊണ്ടാ ലോകകാര്യങ്ങള്‍ അറിയാതെ പോകുന്നത്. പ്ളാസ്റ്റിക് കവര്‍ നിരോധിച്ച കാര്യം നീ എങ്ങനെ അറിയാനാ അല്ലേ? നിനക്ക് ചന്തേപ്പോക്കൊന്നും തീരെ ഇല്ലല്ലോ അല്ലേ!’
‘എല്ലാ ഞായറാഴ്ചയും ഞാന്‍ എല്ലുവാങ്ങാന് പോകാറുണ്ടായിരുന്നു, ഇപ്പോ എനിയ്ക്ക് എല്ല് തിന്നാലൊന്നും വിശപ്പുമാറാതായി . അതാ ചന്തേപ്പോക്കു നിര്‍ത്തിയത്. തന്നേമല്ല എല്ലിനൊക്കെ ഇപ്പോ എന്നാ വിലയാ ആ എരുമവര്ക്കി വാങ്ങുന്നത്,’ എന്ന് പരിഭവിച്ചുനിന്നു കുറുക്കച്ചന്.
‘അപ്പോ നീ അറിഞ്ഞില്ലായിരുന്നോ, പ്ളാസ്റ്റിക് കവറിലോരോ പൊതിഞ്ഞു വഴീലിട്ട പഴത്തൊലി തിന്ന് എരുമ വര്‍ക്കി ചത്തുപോയത്,’ എന്നായി അപ്പോ അമ്മിണി.
‘എന്ന്, എപ്പോ, എങ്ങനെ’ എന്ന് അന്തം വിട്ടു ചന്തുക്കുറുക്കന്.
‘പ്ളാസ്റ്റിക് ഉള്ളില്‍ ചെന്നാലേ ഞാനും നീയും കോഴീം എരുമേം ഞണ്ടും മീനും ഒക്കെ ചത്തുപോകും, കുടലിന് അതൊന്നും ദഹിപ്പിക്കാനുള്ള കഴിവില്ല,’ എന്നു പറഞ്ഞു അമ്മിണി ആമ.
‘നമ്മള് ജന്തുജാലങ്ങളുടെ ഉള്ളിലത് പോയാല്‍ നമ്മടെ കാര്യം തീര്‍ന്നതു തന്നെയാ… അതുകൊണ്ടാ ആനസര്ക്കാര് അത് നിരോധിച്ചത്,’ എന്നു പറഞ്ഞു അമ്മിണി.
‘അങ്ങനാണേല്‍ എനിയ്ക്കും വേണേ ഒരു തുണിസഞ്ചി,’ എന്നായി അപ്പോ ചന്തുക്കുറുക്കന്.
‘എനിയ്ക്ക് തുണിസഞ്ചി ബിസിനസ് ഉണ്ട് ഇപ്പോള്‍, നീവേണേല് ഒരെണ്ണം ഓഡര്‍ ചെയ്തോ ഇപ്പോത്തന്നെ, നാളെ ഈ വഴി പോകുമ്പോത്തരാം,’ എന്നു പറഞ്ഞു അമ്മിണി.
‘ഏതു ഡിസൈനാ നിനക്ക് സഞ്ചിയില്‍ വേണ്ടത്,’ എന്നവള്‍ ചോദിച്ചപ്പോ കുറുക്കന് ആകെ കണ്‍ഫ്യൂഷനായി.
നല്ല കൊഴുത്തു മുഴുത്ത കോഴി വേണോ? പെടക്ക്ണ മീന്‍ വേണോ? മാര്‍ച്ച് ചെയ്ത് പോകുന്ന ഞണ്ടിന്‍കൂട്ടം വേണോ തുണിസഞ്ചിയിലെ ഡിസൈനായി എന്നാലോചിയ്ക്കാന്‍ സമയം വേണം എന്നവന് പറഞ്ഞു.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
‘നീ ചന്തേല്പ്പോയി തിരിച്ചുവരുമ്പോ ഞാന്‍ പറയാം, അതുവരെ ഞാനൊനാനാലോചിയ്ക്കട്ടെ,’ എന്ന പറഞ്ഞ് കുറുക്കന് ചന്തു പാറപ്പുറത്തേയ്ക്ക് തിരിച്ചുപോയി. എന്നിട്ട് പിന്നെയും കൂവല്‍ തുടങ്ങി. അങ്ങനെ കൂവിത്തിമര്ത്താലേ എനിയ്ക്ക് നല്ല നല്ല ഐഡിയാ വരൂ എന്നവന് ആമയമ്മിണിയോട് വിളിച്ചുപറഞ്ഞു.
‘ശരി, ശരി,’ എന്നു പറഞ്ഞ് അമ്മിണിയാമ പൊടിമീന്‍ വാങ്ങാന്‍ ചന്തയിലേയ്ക്കു നട നടോ എന്നു സഞ്ചിയും വീശി നടന്നു.