ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം, എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

പ്ലേ സ്‌കൂൾ

പ്ലേ സ്‌ക്കൂളായിരുന്നു.
പേര് ലിറ്റില്‍ ഹാര്‍ട്‌സ് എന്നായിരുന്നു.

അമ്മുവും ലിനിയും ഹരീഷും ഹിബയും ജോണും ജോസഫും അബുവും ബിപിനും മാളവികയും താഴെ നിലത്ത് പുല്‍പ്പായിലിരുന്ന്, കുഞ്ഞിക്കളിക്കാറുകള്‍ ‘പോം പോം’ എന്നോടിച്ച് കളിക്കുകയായിരുന്നു.

കളിച്ചു മടുത്തു മാളവികയ്ക്ക്. ‘എനിയ്ക്ക് വീട്ടില്‍പ്പോണം,’ എന്നു സുമറ്റീച്ചറുടെ അടുത്തു ചെന്നു പറഞ്ഞു മാളവിക.

‘അമ്മ വരണ്ടേ, എന്നാലല്ലേ വീട്ടില്‍ പോകാന്‍ പറ്റൂ,’ എന്നു പറഞ്ഞ് റ്റീച്ചര്‍ മാളവികയെ മടിയിലിരുത്തി കൊഞ്ചിച്ചു.

‘അമ്മ ഓഫീസു വിട്ട് ഈ വഴി വന്ന് മാളവികയെ എടുത്തു കാറിലേക്കു കയറ്റിയിരുത്തി ഡ്രൈവ് ചെയ്ത് കൊണ്ടു പോകാന്‍ ഇനി ഇത്തിരി സമയം കൂടെയുണ്ടല്ലോ, അതുവരെ മോള്‍ എന്തെങ്കിലും വരയ്ക്ക്,’ എന്നായി സുമറ്റീച്ചര്‍.

മാളു ക്രയോണും പേപ്പറും എടുക്കുന്നതു കണ്ട് എല്ലാവരും കളി നിര്‍ത്തി. എല്ലാവരും ചെന്ന് റ്റീച്ചറിന്റെ അടുത്തുനിന്ന് ക്രയോണും പെന്‍സിലും വാങ്ങി.

മാളവിക ഒരു വീട് വരയ്ക്കാന്‍ തുടങ്ങിയിരുന്നു. നല്ല മഴവില്‍നിറങ്ങളുള്ള ഒരു വീട്.
അതുകണ്ട് അവരെല്ലാവരും വീടു തന്നെ വരയ്ക്കനാന്‍ തുടങ്ങി.

മാളുവിന്റെ വീടു കണ്ടാണ് വരയ്ക്കാന്‍ തുടങ്ങിയതെങ്കിലും വരച്ചു കഴിഞ്ഞപ്പോള്‍ അവരോരുത്തരുടെയും വീട് പല മാതിരിയായി.

ഒരു നീളന്‍ വീടും, വീടിനടുത്തൊരു കുളവും തെങ്ങും വരച്ചു ഹിബ.

അപ്പോള്‍ മനുവോ, വീടിനടുത്ത് നാലഞ്ച് കോഴിക്കുഞ്ഞുങ്ങളെയും വെയിലു കായാന്‍ കിടക്കുന്ന ഒരു പട്ടിയെയും വരച്ചു.

അമ്മു വരച്ച വീടിന് പുല്‍ത്തകിടിയും കാര്‍ഷെഡും കാര്‍ഷെഡില്‍ രണ്ടു കാറുമുണ്ടായിരുന്നു.priya as, childrens stories, iemalayalam
ജോണിന്റെ വീട്ടില്‍ മുറ്റത്ത് പായില്‍ വിരിച്ച് നെല്ലുണക്കുകയായിരുന്നു.

റ്റീച്ചര്‍ക്കു മാത്രമേ അതു നെല്ലാണെന്ന് മനസ്സിലായുള്ളു. ബാക്കിയുള്ളവരാരും നെല്ലു കണ്ടിരുന്നില്ല.

നെല്ലു കുത്തിയുണ്ടാക്കുന്ന അരി വേവിച്ചാണ് ചോറുണ്ടാക്കുന്നതെന്ന് സുമറ്റീച്ചര്‍ പറഞ്ഞു.
പാടത്താണ് നെല്‍ച്ചെടി നടുക, അത് കൊയ്തു കൊണ്ടുവന്ന് മെതിക്കുമ്പോഴാണ് നെല്ലു കിട്ടുക എന്നൊക്കെ റ്റീച്ചര്‍ പറഞ്ഞു.

റ്റീച്ചറിന്റെ വീട്ടിലെ പാടത്തിന്റെ ഫോട്ടോ അവരെ റ്റീച്ചര്‍ ഫോണില്‍ നിന്ന് കാണിച്ചു കൊടുത്തു. അവരെയെല്ലാം ഒരു ദിവസം വലിയ ഒരു വാന്‍ ബുക് ചെയ്ത് ഒരു ടൂര്‍ പ്രോഗ്രാം പോലെ വീട്ടില്‍ കൊണ്ടുപോകാം, പാടം കാണിയ്ക്കാം, നെല്ലും കൊയ്ത്തും മെതിയും കാണിയ്ക്കാം എന്നു റ്റീച്ചര്‍ പറഞ്ഞു.

അപ്പോള്‍ അവര്‍ പടം വരയ്ക്കുന്നത് നിര്‍ത്തി. നെല്ലും കൊയ്ത്തും പാടവും കളിക്കാന്‍ തുടങ്ങി. അവിടെ ചിതറിക്കിടന്ന വീടുകളെല്ലാം അടുക്കിപ്പെറുക്കി റ്റീച്ചര്‍ ഒരു ഫയലില്‍ സൂക്ഷിച്ചുവച്ചു.

 

അപ്പോഴേയ്ക്ക് മാളവികയുടെ അമ്മ വന്ന് ‘മാളൂ, പോകാം’ എന്നു വിളിച്ചു, നെല്ലു മെതിയ്ക്കുന്നത് മുഴുവനാക്കിയിട്ട് വരാം എന്നു പറഞ്ഞവള്‍ അമ്മയെ കാത്തുനിര്‍ത്തിച്ചു.

അമ്മയോട് റ്റീച്ചര്‍ ക്‌ളാസിലെ കൊയ്ത്തു വീശേഷവും കളിവിശേഷവും എല്ലാം പറഞ്ഞു കേള്‍പ്പിയ്ക്കുന്നതിനിടയില്‍ മാളുവിന്റെ കൊയ്ത്തുകളി തീര്‍ന്നു.

priya as, childrens stories, iemalayalam

‘വാ, പോകാം,’ എന്നവള്‍ പറഞ്ഞു അമ്മയുടെ ദേഹത്തേയ്ക്ക് പാഞ്ഞുകയറി. വീടെത്തുവോളവും അവള്‍ കാറിലിരുന്ന് അമ്മയോട്, നെല്‍പ്പാടം കാണാന്‍ റ്റീച്ചര്‍ വീട്ടില്‍ കൊണ്ടുപോകാമെന്നു പറഞ്ഞകാര്യമെല്ലാം വിസ്തരിച്ചു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അപ്പോള്‍ അമ്മ പറഞ്ഞു, ‘നമുക്കങ്ങ് നാട്ടില്‍ പാടമുണ്ട്. മുത്തച്ഛനാണത് നോക്കിനടത്തുന്നത്. ഇനി നാട്ടില്‍ പോകുമ്പോള്‍ മാളുവിനെ മുത്തച്ഛന്റെ കൂടെ പാടം കാണാന്‍ വിടാം.’

പാടത്തേയ്ക്ക് മുത്തച്ഛന്റെ വിരലില്‍ പിടിച്ചു പോകുന്നത് സ്വപ്‌നം കണ്ട് മാളു, കാറിന്റെ സീറ്റില്‍ കിടന്ന് ഉറങ്ങിപ്പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook