Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

പിസ തിന്നുന്ന മാന്‍കുട്ടി: കഥ വായിക്കാം, കേള്‍ക്കാം

മാനസാ എന്ന പെൺകുട്ടിയ്ക്ക് മാൻ കുട്ടി എന്ന പേരെങ്ങനെ കിട്ടി എന്നറിയേണ്ടേ?

ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

പിസ തിന്നുന്ന മാന്‍കുട്ടി

മാനസ എന്നു പേരുള്ള കുട്ടിയുണ്ടായിരിുന്നു ഒരിടത്ത്. അവള്‍ക്കാ പേരിട്ടത് അമ്മാവനാണ്.
അവള്‍ ഇത്തിരിഇത്തിരി കഞ്ഞായിരുന്നപ്പോള്‍ , അവള്‍ ജനിച്ച് ഇരുപത്തിയെട്ടാം ദിവസം അവളെ മടിയില്‍ കിട്ത്തി അവളുടെ ചെവിയിലേയ്ക്ക് അമ്മാവന്‍ മൂന്നുപ്രാവശ്യം, ‘മാനസ’ എന്നു മന്ത്രിച്ചപ്പോഴാണ് അവള്‍ മാനസയായത്.

കുഞ്ഞല്ലേ അവള്‍, വര്‍ത്തമാനം പറാന്‍ തുടങ്ങിയിട്ടും അവള്‍ക്ക് ‘മാനസ’ എന്നു പറയാന്‍ കിട്ടുമായിരുന്നില്ല.

പലപ്പോഴും അവള്‍ ‘മാന്‍ശ’ എന്നും ‘മാന്‍’ എന്നുമൊക്കെ അവളുടെ പേര് തെറ്റിപ്പറഞ്ഞു.
അവളെ നോക്കി, അപ്പോഴൊക്കെ അമ്മാവന്‍, ‘മാനേ മാനേ വിളി കേള്‍ക്കൂ’ എന്നു പാടാനും അവളെ പുള്ളിമാന്‍ എന്നും വിളിയ്ക്കാനും തുടങ്ങി.

ആരാണ് ഈ പുള്ളിമാന്‍ എന്ന് ഒരു ദിവസം അമ്മാവന്‍ അവളെ സൂ വില്‍ കൊണ്ടു പോയപ്പോഴാണ് അവള്‍ക്കാദ്യമായി മനസ്സിലായത്. പുള്ളിമാന്റൈ ദേഹത്തുള്ള പുള്ളികള്‍ അവളെണ്ണാന്‍ നോക്കി.

അവളെണ്ണി രണ്ടു വരെയാവുമ്പോഴേയ്ക്ക് അത് കുത്തിമറിഞ്ഞു ചാടിയോടും, അവളുടെ എണ്ണം തെറ്റും. അപ്പോഴൊക്കെ അവള്‍ പുള്ളിമാനോട് ,ഞാനിനി നിന്നോട് മിണ്ടൂല്ല, നിന്നോടുള്ള കൂട്ടുവെട്ടി എന്നൊക്കെ പറഞ്ഞു.

മാന്‍ അപ്പോഴൊക്കെ അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

priya as , childrens stories, iemalayalam
പുള്ളികളുള്ള ഒരുടുപ്പ് വേണം എനിയ്ക്ക് എന്നായി സൂ വില്‍ നിന്നു മടങ്ങുമ്പോള്‍ അവളുടെ നിര്‍ബന്ധം. അമ്മാവന്‍ ഒരു കടയില്‍ കയറി ഒരു മഞ്ഞത്തുണി അളന്നുമുറിച്ച വാങ്ങി.
അമ്മ അത് മാനസയ്ക്ക് ഉടുപ്പായി തുന്നി, പിന്നെ അമ്മാവന്‍ അതിലൊക്കെ പുള്ളിക്കുത്ത് പെയിന്റു ചെയ്തു.

അതവളിട്ടു നോക്കിയപ്പോഴോ, നല്ല ചേര്‍ച്ച. ഇപ്പോ ശരിയ്ക്കും പുള്ളിമാന്‍ തന്നെ എന്നു പറഞ്ഞ് അമ്മയവളെ ഉമ്മ വച്ചു.

അമ്മാവന്‍ വീണ്ടും ‘മാനേ, മാനേ വിളി കേള്‍ക്കൂ,’ എന്ന് പാടി.

അയ്യോ എനിയ്ക്ക് പുള്ളിമാനിന്റ കൊമ്പില്ലല്ലോ എന്നായി അവളുടെ പരിഭവം.
പുള്ളിമാന്‍കുഞ്ഞല്ലേ, കൊമ്പും വാലുമൊക്കെ കിളിര്‍ത്തു വരുന്നതേയുള്ളു എന്നമ്മാവന്‍ പറഞ്ഞത് അവള്‍ക്കു നന്നായി ബോധിച്ചു.

‘മാന്‍കുട്ടീ നിനക്കിനി ഏതു പുല്ലാ തിന്നാന്‍ വേണ്ടത്,’ എന്നു അമ്മ ചോദിച്ചപ്പോ മാനസ ഇത്തിരി നേരം ആലോചിച്ചു.

‘ഇത് ന്യൂ ജെന്‍ മാന്‍കുട്ടിയാണമ്മേ, പിസയാണ് തിന്നുക,’ എന്നു പറഞ്ഞ് നിന്നു അവള്‍.

‘ഇപ്പോള്‍ മാന്‍കുട്ടി തത്ക്കാലം മസാല ദോശ തിന്ന്, വൈകിട്ട് പുറത്തു പോവകുമ്പോള്‍ മാനസാ മാന്‍കുട്ടിയ്ക്ക് പിസ വാങ്ങിത്താരാം,’ എന്നു പറഞ്ഞു അമ്മയും അമ്മാവനും.priya as , childrens stories, iemalayalamമാന്‍കുട്ടി അവളുടെ ഉടുപ്പിലെ പുള്ളികളില്‍ തൊട്ടുനിന്ന് അതു സമ്മതിച്ചു.
എന്നിട്ട് ഡൈനിങ് റ്റേബിളിനരികെ ഇരുന്ന് മസാലദോശ, തിന്നാന്‍ തുടങ്ങി .

‘മാനസാവയറ്, പിസ, പിസ എന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിയ്ക്കുന്നത് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ,’ എന്ന് അടുത്തിരുന്ന് മസാല ദോശ തട്ടിവിടുന്ന അമ്മാവനോട് ചോദിയ്ക്കാന്‍ അവള്‍ മറന്നില്ല.

അമ്മാവന്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു  ‘മാന്‍കുട്ടികള്‍ പോലും പിസ തിന്നാന്‍ തുടങ്ങിയിരിക്കുന്നല്ലോ ദൈവമേ!’

അപ്പോ മാനസ പറഞ്ഞു, ‘കുട്ടികളുടെ ദൈവം ഇപ്പോള്‍ പിസ തിന്ന് കസേരയില്‍ നിന്ന് എഴുന്നേറ്റ് വാഷ്ബേസിനരികെ കൈ കഴുകാന്‍ നില്‍ക്കുകയാണ്.’

പിന്നെ മാനസ, അമ്മാവനെ കെട്ടിപ്പിടിച്ച്, പിസ തിന്നുന്ന ദൈവത്തെ ഓര്‍ത്താവണം കുടുകുടാ ചിരിക്കാന്‍ തുടങ്ങി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

 

 

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audiobook audible pizza thinnuna maankutty

Next Story
കളിയും പാട്ടും
The moderation of comments is automated and not cleared manually by malayalam.indianexpress.com